ad
Deshabhimani

Articles

വികസനമുരടിപ്പിന്റെ ഗ്യാരന്റി

വികസനമുരടിപ്പിന്റെ ഗ്യാരന്റി

V D Satheesan Kerala Budget 2026 Cartoon
avatar
ഡോ. ടി എം 
തോമസ് ഐസക്

Published on Jun 19, 2026, 10:43 PM | 4 min read

വികസനമുരടിപ്പ്, -അതാണ് 2026–-27-ലെ പുതുക്കിയ ബജറ്റ് കേരളത്തിന്‌ നൽകുന്ന ഗ്യാരന്റി. വികസന ആശയങ്ങളുടെ നീണ്ട വിഷ്-ലിസ്റ്റായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റ് പ്രസംഗം. പക്ഷേ പ്രശ്നം ഇതാണ്,- ഈ സ്വപ്‌നപദ്ധതികൾക്കുള്ള പണം ബജറ്റിൽ ഇല്ല. കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ മൊത്തം ചെലവ് 2.18 ലക്ഷം കോടി രൂപയാണ്. പുതുക്കിയ ബജറ്റിൽ ഇത് 2.05 ലക്ഷം കോടി രൂപയായി കുറഞ്ഞു,- ഏതാണ്ട് 13,000 കോടി രൂപ.

പൊള്ളയായ വാഗ്‌ദാനങ്ങൾ


ബജറ്റ് പ്രസംഗത്തിന് അവസാനം നൽകിയിരിക്കുന്ന പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിൽ പുതിയ പ്രഖ്യാപനങ്ങൾക്ക് അധികച്ചെലവായി വകയിരുത്തിയിട്ടുള്ളത് 1080 കോടി രൂപമാത്രമാണ്. പണം ഇല്ലാത്തതുകൊണ്ട് വമ്പൻ പ്രഖ്യാപനങ്ങൾക്ക് പലതിനും ടോക്കൺ പ്രൊവിഷനാണ് വച്ചിട്ടുള്ളത്. ഉദാഹരണത്തിന് ഒരു കുടുംബത്തിന് 25 ലക്ഷം രൂപവച്ച് നൽകാൻ ഉദ്ദേശിക്കുന്ന ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 7500 കോടി രൂപയെങ്കിലും ഇതിന്‌ വേണ്ടിവരും. തിരുവനന്തപുരത്തും ഹരിപ്പാട്ടും പുതിയ മെഡിക്കൽ കോളേജുകൾക്ക് 100 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കോട്ടയം മെഡിക്കൽ കോളേജിൽ ഈയിടെ ഉദ്ഘാടനം ചെയ്ത സർജിക്കൽ ബ്ലോക്കിന്റെ ചെലവ് 375 കോടി രൂപയാണെന്ന് ഓർക്കണം. ഇങ്ങനെയാണ് പലതും.

നികുതി കുടിശ്ശിക പിരിവ്


കേരളത്തിലെ ധനപ്രതിസന്ധിക്ക് പ്രതിവിധിയായി തെരഞ്ഞെടുപ്പുകാലത്ത് വി ഡി സതീശൻ പറഞ്ഞിരുന്നത് മൂന്നു കാര്യങ്ങളാണ്.

(1) 25,000 കോടി രൂപയുടെ നികുതി കുടിശ്ശിക ഉണ്ടെന്നും അവ പിരിക്കാൻ കുറ്റകരമായ അനാസ്ഥ എൽഡിഎഫ് സർക്കാർ കാണിച്ചെന്നുമായിരുന്നു ആക്ഷേപം. എന്നാൽ, ഈ ഇനത്തിൽ നേരത്തേ ബജറ്റിൽ വകയിരുത്തിയതിനേക്കാൾ കൂടുതലൊന്നും പുതുക്കിയ ബജറ്റ് പ്രതീക്ഷിക്കുന്നില്ല. കുടിശ്ശിക പിരിക്കുന്നതിനുപകരം 2017–-18-നുമുമ്പ് നികുതി നിർണയം നടത്തിയ രണ്ടുലക്ഷം രൂപവരെയുള്ള എല്ലാ കുടിശ്ശികയും ഒഴിവാക്കിയിരിക്കുന്നു. എന്താണോ പറഞ്ഞത് അതിന്‌ നേർവിപരീതമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. പ്രളയ സെസിനും ആംനസ്റ്റി പ്രഖ്യാപിച്ചു.

ജിഎസ്ടി വരുമാനം


(2) സ്വർണത്തിൽനിന്ന് 15,000 കോടി രൂപയെങ്കിലും പിരിച്ചെടുക്കാനാകുമെന്നാണ് വി ഡി സതീശൻ വാദിച്ചുകൊണ്ടിരുന്നത്. ഈവർഷം എത്ര കോടി രൂപ സ്വർണത്തിൽനിന്ന്‌ പിരിച്ചെടുക്കും? ഈ ബജറ്റ് പ്രസംഗത്തിൽ അതിനെക്കുറിച്ച് ഒരു മിണ്ടാട്ടവുമില്ല.

(3) സംസ്ഥാന സർക്കാരിന്‌ കാര്യക്ഷമത ഇല്ലാത്തതുകൊണ്ട് 25,000 കോടി രൂപ ഐജിഎസ്ടി കേരളത്തിന് നഷ്ടപ്പെട്ടുവെന്നതാണ് മറ്റൊരു വിമർശം. ഐജിഎസ്ടി ഫലപ്രദമായി പിരിച്ചെടുക്കാൻ എന്തു നടപടിയാണ് സ്വീകരിക്കാൻ പോകുന്നത്? ഒരു നിർദേശവും ബജറ്റിൽ ഇല്ല.

അഴിമതിയുടെ മണം


കഴിഞ്ഞ സർക്കാർ കൃഷിക്കാരന്റെ വൈൻ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹോർട്ടി വൈൻ എന്ന പ്രത്യേക വിഭാഗം സൃഷ്ടിച്ചു. ഇവയുടെ മേലുള്ള നികുതി 86 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തു. ബക്കാർഡി കമ്പനി ഈ ആനുകൂല്യം തങ്ങളുടെ വീര്യം കുറഞ്ഞ മദ്യത്തിനും (ലോ ആൾക്കഹോളിക് ബിവറേജ്) വേണമെന്നു പറഞ്ഞ് സമീപിച്ചിരുന്നു. എന്നാൽ, ജിഎസ്ടി കമീഷണർ അവരുടെ അപേക്ഷ നിരസിച്ചു. ഹോർട്ടി വൈൻ ഒരു പ്രത്യേക കാറ്റഗറിയാണെന്നും ലോ ആൾക്കഹോളിക് ബിവറേജസിന് കേരളത്തിൽ നികുതി നിശ്ചയിച്ചിട്ടില്ലെന്നതുമായിരുന്നു പറഞ്ഞ കാരണം.​


ഇന്നിപ്പോൾ ബജറ്റ് പ്രസംഗത്തിലെ ഖണ്ഡിക 309-ൽ കോർപറേറ്റ് മദ്യക്കമ്പനിക്കാരുടെ ആവശ്യം അംഗീകരിച്ചുകൊടുത്തിരിക്കുകയാണ്. 10 ശതമാനത്തിൽ താഴെ വീര്യമുള്ള മദ്യത്തിന് 120 ശതമാനം വിൽപ്പന നികുതി നിരക്കും 10-നും 20-നും ഇടയ്ക്ക് വീര്യമുള്ളവയ്ക്ക് 175 ശതമാനം വിൽപ്പന നികുതി നിരക്കുമായി നിശ്ചയിച്ചിരിക്കുകയാണ്. ഇത് മദ്യക്കമ്പനികളെ സഹായിക്കാനുള്ള വ്യക്തമായ നീക്കമാണ്. അഴിമതിയാണ്. ഇത്തരത്തിൽ അഴിമതി ആരോപണം ഉന്നയിക്കുന്നതിന്റെ അടിസ്ഥാനം ഖണ്ഡിക 307 ആണ്. അതിൽ ഇടതുപക്ഷ സർക്കാർ വിദേശമദ്യചട്ടങ്ങളിൽ ലോ ആൾക്കഹോളിക് ബിവറേജസ് എന്നൊരു പ്രത്യേക വിഭാഗം കൊണ്ടുവന്നുവെന്നും 0.5 ശതമാനംമുതൽ 20 ശതമാനംവരെ വീര്യമുള്ള ബിയർ, വൈൻ ഒഴികെയുള്ള മദ്യ ഉൽപ്പന്നങ്ങളെ ഇതിൽ ഉൾപ്പെടുത്തിയെന്നും പറഞ്ഞിരിക്കുന്നു. ഇത് തികച്ചും തെറ്റിദ്ധാരണാജനകമാണ്. ഹോർട്ടി വൈൻ ഒരു പ്രത്യേക കാറ്റഗറിയാണ്. കൃഷിക്കാരെ സഹായിക്കാൻ കൊണ്ടുവന്ന ഈ നടപടി, 1000 കോടി രൂപയുടെയെങ്കിലും കോർപറേറ്റ് വിൽപ്പനയായി മാറ്റുന്ന ഈ തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ നിലപാട് വ്യക്തമാക്കണം.

പട്ടികവിഭാഗ ഫണ്ട്


എൽഡിഎഫ് സർക്കാർ പട്ടികജാതി-–വർഗ ഫണ്ട് വെട്ടിക്കുറച്ചുവെന്നുള്ള ധവളപത്രനുണ ബജറ്റും ആവർത്തിച്ചിട്ടുണ്ട്. കെ എൻ ബാലഗോപാൽ കഴിഞ്ഞവർഷം അവസാനം അവതരിപ്പിച്ച ബജറ്റിൽ പട്ടികജാതി ഉപപദ്ധതിക്ക് 9.81 ശതമാനം (3507 കോടി രൂപ), പട്ടികവർഗ ഉപപദ്ധതിക്ക് 2.83 ശതമാനം (1012 കോടി രൂപ) പ്ലാനിൽ വകയിരുത്തിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ പുതുക്കിയ ബജറ്റിൽ ഈ ശതമാനത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. പക്ഷേ, പ്ലാൻ കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി എസ്‌സിപി- ടിഎസ്‌പി ഫണ്ട് കുറയും. അത് പുനഃസ്ഥാപിച്ചതാണ് പട്ടികജാതി-–വർഗ ഉപപദ്ധതികളിലെ അധിക വകയിരുത്തലായി വീമ്പിളക്കുന്നത്. ഇടതുപക്ഷ സർക്കാർ പട്ടികവിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചുവെന്ന നുണ ധവളപത്രവും വിളമ്പിയിട്ടുണ്ട്. ഇക്കണോമിക് റിവ്യൂവിന്റെ കണക്കുകൾമാത്രം പരിശോധിച്ചാൽ മതി സത്യം മനസ്സിലാക്കാൻ. തൊഴിലുറപ്പ് പദ്ധതിക്ക് 40 ശതമാനം പണം കേരള സർക്കാർ വകയിരുത്തണമെന്നതാണ് പുതിയ ചട്ടം. ഇപ്പോൾ കേന്ദ്രം അനുവദിച്ചിരിക്കുന്ന തുകവച്ച് കണക്കുകൂട്ടുമ്പോൾ 2222 കോടി രൂപ സംസ്ഥാനം മുതൽമുടക്കണം. പക്ഷേ, ഇപ്പോൾ വകയിരുത്തിയിരിക്കുന്നത് 1422 കോടി രൂപമാത്രമാണ്. ജീവനക്കാർക്ക് ശമ്പളപരിഷ്കരണവുമില്ല, അഷ്വോർഡ് പെൻഷനുമില്ല, കുടിശ്ശികയുടെ ഗഡുക്കളുമില്ല.

കേന്ദ്രവിമർശം ഇല്ല


കേരളത്തിലെ ധനപ്രതിസന്ധിയുടെ അടിസ്ഥാനകാരണം കേന്ദ്രവിവേചനമാണ്. കേന്ദ്രത്തിൽനിന്ന്‌ പ്രതീക്ഷിച്ചതിനേക്കാൾ 20,000 കോടി രൂപയാണ് ഈ വർഷം ബജറ്റ് വകയിരുത്തലിൽ കുറവ് ഉണ്ടായിട്ടുള്ളത്. അതേസമയം, തൊഴിലുറപ്പ് അടക്കമുള്ള മറ്റു പല കേന്ദ്രാവിഷ്‌കൃതപദ്ധതികൾക്കുവേണ്ടി നമ്മൾ കൂടുതൽ പണം ചെലവാക്കേണ്ടിയും വരും. കേന്ദ്ര–സംസ്ഥാന ധനകാര്യബന്ധത്തിലെ അസന്തുലിതാവസ്ഥയെക്കുറിച്ചോ കേരളത്തോടുള്ള വിവേചനത്തെക്കുറിച്ചോ ഒരു വാചകം നയപ്രഖ്യാപനത്തിലോ ബജറ്റ് പ്രസംഗത്തിലോ ഇല്ല. അതേസമയം, കിഫ്ബിയെക്കുറിച്ച് കേന്ദ്രസർക്കാർ നടത്തിയിട്ടുള്ള എല്ലാ വിമർശങ്ങളെയും കലവറയില്ലാതെ പിന്താങ്ങുകയാണ്. ഇത് കിഫ്ബിയുടെ അസ്തിത്വത്തെത്തന്നെ ബാധിച്ചിട്ടുണ്ട്.

കിഫ്ബിയുടെ വിശ്വാസ്യത


കിഫ്ബി നടപ്പാക്കിക്കൊണ്ടിരിക്കുന്ന 42,000 കോടി രൂപയുടെ പ്രോജക്ടുകളുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്ക ബജറ്റ് പ്രസംഗം ഉയർത്തുകയാണ്. കിഫ്ബി പൊളിച്ചെഴുതുമെന്നാണ് ബജറ്റ് പ്രഖ്യാപനം. മാറ്റങ്ങൾ വേണമെങ്കിൽ നിയമഭേദഗതി വരുത്തുക. അല്ലാതെ ധവളപത്രത്തിലും ബജറ്റ് പ്രസംഗത്തിലും ചെയ്യുന്നതുപോലെ വായിട്ടലയ്ക്കരുത്. കാരണം കിഫ്ബിപോലുള്ള ഒരു ധനകാര്യസ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയാണ് ഏറ്റവും പ്രധാനം. കിഫ്ബി നൽകുന്ന പലിശയെ സർക്കാരിന്റെ എസ്എൽആർ ബോണ്ടുമായി താരതമ്യപ്പെടുത്തുന്നത് അസംബന്ധമാണ്. ഇനി കിഫ്ബി മാർക്കറ്റിൽ വായ്പയെടുക്കാൻ ചെല്ലട്ടെ, ഒരു ശതമാനമെങ്കിലും പലിശ കൂടുതൽ കൊടുക്കേണ്ടി വരും. സർക്കാർ ധനകാര്യസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ഇങ്ങനെ തകർക്കരുത്.


നിയമവ്യവസ്ഥയ്ക്കുവിരുദ്ധമായി കിഫ്ബിയുടെ മാസാമാസമുള്ള ഗ്രാന്റ് നൽകില്ല. പകരം, ബിൽ വരുമ്പോൾ അതിന്റെ പണം നൽകാമെന്നു പറയുന്നത് അസംബന്ധമാണ്. ഈവർഷം 15,000 കോടി രൂപയിൽ താഴെ ബിൽ വന്നേക്കാം. എങ്ങനെയാണ് ബജറ്റിൽനിന്ന്‌ ഇത്രയും തുക നൽകാൻ കഴിയുക? പണം കിട്ടാനുള്ള അനിശ്ചിതാവസ്ഥ ഇതിനകംതന്നെ പ്രവൃത്തികളുടെ പുരോഗതിയെ ബാധിച്ചുകഴിഞ്ഞു. കിഫ്ബി പദ്ധതികളുടെ നടത്തിപ്പ് ഇതിനകം സ്തംഭനത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. എങ്ങനെയാണ് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന വമ്പൻ പദ്ധതികൾക്ക് പണം കണ്ടുപിടിക്കുകയെന്നത് വ്യക്തമാക്കണം.

സ്വകാര്യവൽക്കരണം


കിഫ്ബിയെ തകർത്ത് പശ്ചാത്തലസൗകര്യ വികസനത്തിന് പൂർണമായും സ്വകാര്യനിക്ഷേപകരെ ആശ്രയിക്കുന്ന സമീപനത്തിലേക്കുള്ള ചുവടുമാറ്റം വളരെ വ്യക്തമാണ്. കെഎംഎംഎല്ലി-നെ കേന്ദ്രീകരിച്ചുള്ള ഇടതുപക്ഷത്തിന്റെ റെയർ എർത്ത് ഇടനാഴി എന്ന ആശയത്തിനുപകരം സ്വകാര്യ കുത്തകകളെ ആശ്രയിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ റെയർ എർത്ത് നയത്തിലേക്ക് കേരളം നീങ്ങുകയാണ്. മിഷൻ സമുദ്രയും സ്വകാര്യപങ്കാളിത്തത്തിനാണ് ഊന്നൽ നൽകുന്നത്. ഹെൽത്ത് ആൻഡ്‌ സയൻസ് സിറ്റിയും ഇതേ മാതൃകയിലുള്ളതാണ്. രണ്ടാം ഭൂപരിഷ്കരണവും ഇതിന് അകമ്പടി സേവിക്കലാണ്. പ്ലാനിങ്‌ ബോർഡിനെ ഒരു തിങ്ക് ടാങ്കാക്കി മാറ്റാനാണ് ‘നെഹ്റുവിയൻ സോഷ്യലിസ്റ്റു’കളുടെ ശ്രമം. നെഹ്റു തുടങ്ങിവച്ച ആസൂത്രണസമ്പ്രദായം ഇന്ന് കേരളത്തിൽമാത്രമാണ് നിലനിൽക്കുന്നത്. അത് മോദിയുടെ നിതി ആയോഗ് രീതിയിലേക്ക് പരിവർത്തനം ചെയ്യുമെന്നാണ് ബജറ്റിന്റെ പ്രഖ്യാപനം.​



Deshabhimani
Home