​ബില്ലിന്റെ സമയപരിധി ; ബാക്കിയാകുന്നത്‌ അവ്യക്തത

supreme court rules on legislative bills presidential reference
avatar
പി ഡി ടി ആചാരി

Published on Nov 20, 2025, 11:03 PM | 4 min read

ഭരണഘടനയുടെ അനുച്ഛേദം 200, 201 പ്രകാരം ബില്ലുകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് രാഷ്ട്രപതിയുടെയും ഗവർണറുടെയും തീരുമാനങ്ങൾക്ക് സമയപരിധി നിശ്ചയിക്കാൻ കഴിയില്ലെന്ന സുപ്രീംകോടതി ബെഞ്ചിന്റെ അഭിപ്രായം ചർച്ചയാകുകയാണല്ലോ. സമയപരിധി ലംഘിച്ചാൽ ബില്ലുകൾ അംഗീകരിച്ചതായി പ്രഖ്യാപിക്കുന്നത്‌ ഗവർണറുടെ ചുമതലകൾ കോടതി ഏറ്റെടുക്കുന്നതിനു തുല്യമാണെന്നും ബെഞ്ച്‌ നിരീക്ഷിച്ചു. എന്നാൽ, ഗവർണർ ബില്ലുകൾ അനന്തമായി വൈകിച്ചാൽ, അത് നിയമനിർമാണപ്രക്രിയയെ തടസ്സപ്പെടുത്തുന്നുവെങ്കിൽ ബില്ലിന്റെ ഉള്ളടക്കം പരിഗണിക്കാതെ, സമയബന്ധിതമായി തീരുമാനമെടുക്കാൻ ഗവർണറോട്‌ നിർദേശിക്കാൻ കഴിയുമെന്ന് കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരം രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ റഫറൻസിന്‌ മറുപടി നൽകുകയായിരുന്നു ചീഫ്‌ ജസ്റ്റിസ്‌ ബി ആർ ഗവായ്‌, ജസ്റ്റിസുമാരായ സൂര്യകാന്ത്‌, വിക്രം നാഥ്‌, പി എസ്‌ നരസിംഹ, എ എസ്‌ ചന്തുർകർ എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ച്‌.


സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകൾ അനന്തമായി പിടിച്ചുവയ്‌ക്കാൻ ഗവർണർക്ക്‌ അധികാരമില്ലെന്നും മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും തമിഴ്‌നാട്‌ സർക്കാരിന്റെ ഹർജിയിൽ ജസ്റ്റിസ്‌ ജെ ബി പർദിവാല, ജസ്റ്റിസ്‌ ആർ മഹാദേവൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെ മുൻനിർത്തിയാണ്‌ രാഷ്‌ട്രപതിയുടെ റഫറൻസ്‌. ഇതിൽ ഭരണഘടനാ ബെഞ്ചിന്റെ അഭിപ്രായമാണ്‌ ഇപ്പോൾ ഉണ്ടായിരിക്കുന്നത്‌. ജുഡീഷ്യൽ ഒപ്പീനിയനും ജുഡീഷ്യൽ ഡിസിഷനും (വിധി) രണ്ടും രണ്ടാണ്‌. ജുഡീഷ്യൽ ഒപ്പീനിയൻ; ജുഡീഷ്യറിയുടെ അഭിപ്രായമാണ്‌.


ജുഡീഷ്യൽ ഒപ്പീനിയൻ എന്നത്‌ എൻഫോഴ്‌സബിൾ അല്ല. അതുകൊണ്ട്‌ ഒരു തീരുമാനമായി എടുക്കാൻ കഴിയില്ല. എങ്ങനെയാണ്‌ കൈകാര്യം ചെയ്യുക എന്നത്‌ ഗവൺമെന്റ്‌ തീരുമാനമെടുക്കട്ടെ


ഒരു ഗവർണറുടെ കൈയിൽ അസംബ്ലി പാസാക്കിയ ബിൽ കിട്ടിയാൽ അദ്ദേഹം മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും അത്‌ റിജെക്‌ട്‌ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കാരണം അറിയിക്കണമെന്നും ജസ്റ്റിസ്‌ പർദിവാല ബെഞ്ച്‌ വിധിച്ചിരുന്നു. അപ്പോൾ സ്‌റ്റേറ്റുകൾക്ക്‌ സുപ്രീംകോടതിയെ സമീപിക്കാം. രാഷ്‌ട്രപതിക്കും ഗവർണർക്കും, ഇ‍ൗ രണ്ടു ഭരണഘടനാ അധികാരികൾക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള വിധിന്യായമായിരുന്നു അത്. ഈ വിഷയത്തിലാണ് ‌ ജുഡീഷ്യറിയുടെ ലാർജർ ബെഞ്ചിന്റെ അഭിപ്രായം തേടുന്നത്‌. ജുഡീഷ്യൽ ഒപ്പീനിയൻ എന്നത്‌ എൻഫോഴ്‌സബിൾ അല്ല. അതുകൊണ്ട്‌ ഒരു തീരുമാനമായി എടുക്കാൻ കഴിയില്ല. എങ്ങനെയാണ്‌ കൈകാര്യം ചെയ്യുക എന്നത്‌ ഗവൺമെന്റ്‌ തീരുമാനമെടുക്കട്ടെ.


ആർട്ടിക്കിൾ 200ൽ ആസ്‌ സൂൺ ആസ്‌ പോസിബിൾ എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. അതിനർഥം കഴിയുന്നത്ര വേഗത്തിൽ എന്നാണ്‌. അത്‌ മൂന്നുവർഷമോ നാലുവർഷമോ എന്നാണോ ?


ഇതിനകത്തെ പ്രശ്‌നം, ഇ‍ൗ മൂന്നുമാസത്തെ സമയപരിധി എന്നത്‌ നിശ്ചയിക്കാൻ സാധ്യമല്ല, അതിന്‌ അധികാരമില്ല എന്ന അർഥത്തിൽ കോടതി തീരുമാനമെടുക്കുന്നത്‌ എത്രത്തോളം ശരിയാണ്‌ എന്നതാണ്. കാരണം ജസ്റ്റിസ്‌ പർദിവാലയുടെ തീരുമാനം ആർട്ടിക്കിൾ 200ന്റെ സാധ്യതകളെ മുഴുവൻ കണക്കിലെടുത്തും ഇന്നത്തെ സാഹചര്യംകൂടി പരിഗണിച്ചുമാണ്‌. ഗവർണർമാർ ഓരോ സംസ്ഥാനത്തും ചെയ്യുന്ന ഭരണഘടനാവിരുദ്ധമായ ചിലതുണ്ട്‌– അതായത്‌ ബില്ലുകളിൽ അനാവശ്യമായ കാലതാമസം വരുത്തുക, ബില്ലിൽ അടയിരിക്കുക തുടങ്ങിയവ. അതൊക്കെ മനസ്സിൽ വച്ചാണ്‌ ഡിവിഷൻ ബെഞ്ചിന്റെ വിധിയുണ്ടായത്‌. അസംബ്ലി നിയമം പാസാക്കിയാൽ അതിന്‌ അംഗീകാരം നൽകുക എന്നത്‌ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്‌. ആ ഉത്തരവാദിത്വം നിറവേറ്റാതെ, ബില്ലിൽ ഒരു തീരുമാനവുമെടുക്കാതെ മൂന്നുവർഷമോ നാലുവർഷമോ ഇരിക്കുന്ന അവസ്ഥ കണ്ടുകൊണ്ടാണ്‌ മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നു പറഞ്ഞത്‌. ആർട്ടിക്കിൾ 200ൽ ആസ്‌ സൂൺ ആസ്‌ പോസിബിൾ എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. അതിനർഥം കഴിയുന്നത്ര വേഗത്തിൽ എന്നാണ്‌. അത്‌ മൂന്നുവർഷമോ നാലുവർഷമോ എന്നാണോ? അതു പാടേ മറന്നുള്ള നടപടിയാണ്‌ ഗവർണർമാരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുന്നത്‌. അതൊക്കെ കണക്കിലെടുത്താണ്‌ രണ്ടംഗബെഞ്ച് സമയപരിധി നിശ്ചയിച്ചത്‌. ഗവർണർ തീരുമാനമെടുക്കാതിരിക്കുന്നത് ഭരണഘടനാപരമായി എത്രത്തോളം ശരിയാണെന്നും പരിശോധിച്ചു.


നിയമസഭ പാസാക്കുന്ന ബില്ലുകളിന്മേൽ അനാവശ്യമായ കാലതാമസം വരുത്തുക, ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ ചെയ്യുക എന്നൊക്കെയുള്ളതിന്‌ അഞ്ചംഗ ബെഞ്ചിന്റെ അഭിപ്രായം പരിഹാരമല്ല. അതിനൊരു പരിഹാരം ബെഞ്ച്‌ നിർദേശിക്കുന്നില്ല എന്നത്‌ വളരെയധികം ദുഃഖകരമാണ്‌


ഇപ്പോൾ സുപ്രീംകോടതി പറഞ്ഞ അഭിപ്രായം സമയപരിധി നിശ്ചയിക്കാൻ പാടില്ല എന്നാണ്‌. എങ്കിൽ പിന്നെ എന്താണ്‌ ചെയ്യുക. എത്ര സമയം ഒരു ബില്ലിന്റെ പുറത്തുകയറി ഇരുന്നാലും അതിൽ കുഴപ്പമൊന്നുമില്ല എന്നാണോ. റീസണബിൾ ടൈം എന്നു പറയുന്നുണ്ട്‌. പക്ഷേ, റീസണബിൾ ടൈം എന്നാൽ എന്താണ്‌. ആറുമാസം അല്ലെങ്കിൽ ഒരുവർഷം വേണം ഇത്‌ പഠിക്കാൻ എന്നു ഗവർണർ പറഞ്ഞാൽ എന്താണ്‌ കോടതി തീരുമാനിക്കുക. അത്‌ റീസണബിൾ ടൈം ആണോ അല്ലയോ എന്ന്‌ കോടതി തീരുമാനിക്കുമോ. എന്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. അതുകൊണ്ടാണ്‌ ജസ്റ്റിസ്‌ പർദിവാലയുടെ ബെഞ്ച്‌, മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന്‌ വിധിച്ചത്‌. അത്‌ ഇ‍ൗ ബെഞ്ചിന്‌ അംഗീകരിക്കാൻ കഴിയാത്ത സാഹചര്യമാണ്‌. അത്‌ എന്തുകൊണ്ടാണെന്ന്‌ മനസ്സിലാകുന്നില്ല. ആ ഒരു കാര്യത്തിൽ വ്യക്തമായി തീരുമാനമെടുക്കാതെ ഗവർണർക്ക്‌, രാഷ്‌ട്രപതിക്ക്‌ അങ്ങനെ സമയപരിധി നിശ്ചയിക്കാൻ കോടതിക്ക്‌ അധികാരമില്ല എന്ന അഭിപ്രായം പ്രശ്‌നത്തിന്‌ പരിഹാരമല്ല. ഇത്‌ വളരെ ഗ‍ൗരവമായ വിഷയമാണ്‌. നിയമസഭ പാസാക്കുന്ന ബില്ലുകളിന്മേൽ അനാവശ്യമായ കാലതാമസം വരുത്തുക, ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ ചെയ്യുക എന്നൊക്കെയുള്ളതിന്‌ അഞ്ചംഗ ബെഞ്ചിന്റെ അഭിപ്രായം പരിഹാരമല്ല. അതിനൊരു പരിഹാരം ബെഞ്ച്‌ നിർദേശിക്കുന്നില്ല എന്നത്‌ വളരെയധികം ദുഃഖകരമാണ്‌.


സുപ്രീംകോടതി ചിന്തിക്കാതെ, ഗവർണർക്കുള്ള അധികാരങ്ങൾ തുടങ്ങി പൊതുവായിട്ടുള്ള കാര്യങ്ങൾ പറഞ്ഞ്‌, വ്യക്തത വരുത്താതെ പോകുകയാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇ‍ൗ വിഷയത്തിൽ ഒരു പരിഹാരമുണ്ടാക്കാൻ സുപ്രീംകോടതിയുടെ ഇ‍ൗ ബെഞ്ചിന്റെ അഭിപ്രായത്തിന്‌ കഴിഞ്ഞിട്ടില്ല


ജസ്റ്റിസ്‌ പർദിവാലയുടെ ബെഞ്ച്‌ തീരുമാനിക്കുന്നതിനുമുന്പ്‌ പഞ്ചാബ്‌ നൽകിയ ഒരു കേസിൽ ജസ്റ്റിസ്‌ ചന്ദ്രചൂഡ്‌ ചീഫ്‌ ജസ്റ്റിസായിരുന്ന സമയത്ത്‌ പുറപ്പെടുവിച്ച വിധിന്യായമുണ്ടായിരുന്നു. അതിൽ ഗവർണർക്ക്‌ ഒരു ബിൽ പിടിച്ചുവയ്‌ക്കാൻ അധികാരമില്ല എന്നുള്ള വ്യക്തമായ തീരുമാനമുണ്ടായിരുന്നു. ഒപ്പിട്ടില്ലെങ്കിൽ ആ ബിൽ തിരിച്ച്‌ അസംബ്ലിക്ക്‌ അയച്ചുകൊടുക്കണം. അസംബ്ലി അത്‌ പരിഗണിച്ച്‌ പിന്നീട്‌ പാസാക്കുകയോ പാസാക്കാതിരിക്കുകയോ ചെയ്യാം. പാസാക്കാതിരുന്നാലും പാസാക്കിയാലും അതായത്‌ ഗവർണറുടെ അഭിപ്രായം സ്വീകരിക്കാതെ നേരത്തേ പാസാക്കിയതുപോലെ ഗവർണർക്ക്‌ അയച്ചുകൊടുത്താൽ ഗവർണർ അതിന്‌ അംഗീകാരം കൊടുക്കാൻ ബാധ്യസ്ഥനാണെന്ന്‌ ഭരണഘടനയിൽ പറയുന്നുണ്ട്‌. അതുതന്നെയാണ്‌ ചന്ദ്രചൂഡിന്റെ ബെഞ്ച്‌ വ്യക്തമായി പറഞ്ഞത്‌. ആ ബെഞ്ചിന്റെ തീരുമാനം ബിൽ പിടിച്ചുവയ്‌ക്കാൻ ഗവർണർക്ക്‌ അധികാരമില്ല എന്നതായിരുന്നു. അതിന്റെ തുടർച്ചയായിരുന്നു പർദിവാലയുടെ ബെഞ്ച്‌ പറഞ്ഞത്‌. ഇ‍ൗ രണ്ടു തീരുമാനങ്ങളാണ്‌ നമുക്കുമുന്നിലുള്ളത്‌. അതൊക്കെ പാടേ നിരാകരിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ അഭിപ്രായം എത്രത്തോളം ശരിയാണ്‌. ഏതായിരുന്നാലും ഇ‍ൗ പ്രശ്‌നം കഴിഞ്ഞ കുറെ കാലമായി ഓരോ സംസ്ഥാനവും അഭിമുഖീകരിക്കുന്നു. ഇത്‌ പരിഹരിക്കേണ്ട ബാധ്യത സുപ്രീംകോടതിക്കുണ്ട്‌. ആ വഴിക്ക്‌ സുപ്രീംകോടതി ചിന്തിക്കാതെ, ഗവർണർക്കുള്ള അധികാരങ്ങൾ തുടങ്ങി പൊതുവായിട്ടുള്ള കാര്യങ്ങൾ പറഞ്ഞ്‌, വ്യക്തത വരുത്താതെ പോകുകയാണ്‌ ഉണ്ടായിട്ടുള്ളത്‌. ഇ‍ൗ വിഷയത്തിൽ ഒരു പരിഹാരമുണ്ടാക്കാൻ സുപ്രീംകോടതിയുടെ ഇ‍ൗ ബെഞ്ചിന്റെ അഭിപ്രായത്തിന്‌ കഴിഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണർ ബില്ലിൽ കാലതാമസം വരുത്തിയാൽ എന്തായിരിക്കും അവസ്ഥ. ഏതെങ്കിലും സംസ്ഥാനത്തിന്‌ നീതി കിട്ടുമോ എന്നതാണ്‌ ചോദ്യം.


(ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ്‌ ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Home