സുപ്രീംകോടതി ആശങ്കപ്പെടുത്തുന്നുവോ

supreme court rules on legislative bills presidential reference
avatar
എ കെ ബാലന്‍

Published on Nov 22, 2025, 12:40 AM | 4 min read

അടുത്തകാലത്തുണ്ടായ ചില കോടതിവിധികളും അഭിപ്രായങ്ങളും ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന ആശങ്ക ശക്തിപ്പെടുത്തുന്നതാണ് സുപ്രീംകോടതിയുടെ കഴിഞ്ഞദിവസത്തെ സുപ്രധാന പരാമര്‍ശങ്ങള്‍. ഈ പരാമര്‍ശങ്ങള്‍ വേണമെങ്കില്‍ നാളെ ഉത്തരവായി, വിധിയായി മാറും.


രാഷ്‌ട്രപതി 14 ചോദ്യങ്ങളാണ് വ്യക്തതയ്‌ക്കുവേണ്ടി സുപ്രീംകോടതിയോട് ഏപ്രിൽ 13-ന് ചോദിച്ചത്. ചുരുക്കം ഇതായിരുന്നു. നിയമസഭകൾ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാന്‍ രാഷ്‌ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും കഴിയുമോ? ഇതിന് ഉത്തരം രണ്ടംഗ ബെഞ്ച് ഏപ്രില്‍ എട്ടിന് വ്യക്തമാക്കിയിരുന്നു. അനന്തമായി സമയം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. മൂന്നുമാസത്തിനുള്ളില്‍ ഗവര്‍ണര്‍മാര്‍ തീര്‍പ്പാക്കണം. ഇത് രാഷ്‌ട്രപതിക്കും ബാധകമാണ്. ഇതിലാണ് രാഷ്‌ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം തേടിയത്.


ഇവിടെ ഭരണഘടനാ ബെഞ്ചിലെ അഞ്ചു ജഡ്ജിമാരും ഒരേ അഭിപ്രായക്കാരായതുകൊണ്ട് ഇത് അന്തിമ നിഗമനമായി കാണാന്‍ കഴിയുമോ? നമ്മുടെ ഭരണഘടന വ്യാഖ്യാനിക്കുമ്പോള്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നിയമസഭയെയും ഗവണ്‍മെന്റിനെയും മറക്കരുത്


സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി ഭരണഘടനാവിരുദ്ധമാണെന്നും സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും വ്യക്തമാക്കി. അങ്ങനെയാണെങ്കില്‍ ഭരണഘടനയുടെ സത്ത മനസ്സിലാക്കാന്‍ കഴിയാത്തവരാണോ സുപ്രീംകോടതിയുടെ രണ്ടു ജഡ്ജിമാര്‍? അവര്‍ ആ സ്ഥാനത്തിരിക്കാന്‍ പറ്റാത്തവരാണോ? ജഡ്ജിമാരുടെ എണ്ണത്തിന്റെ വലിപ്പത്തില്‍ വിധിപ്രസ്താവന വരുമ്പോള്‍ കുറവ് ജഡ്ജിമാരുടെ അഭിപ്രായത്തിന് എവിടെയും വിലയില്ല. ഇവിടെ ഭരണഘടനാ ബെഞ്ചിലെ അഞ്ചു ജഡ്ജിമാരും ഒരേ അഭിപ്രായക്കാരായതുകൊണ്ട് ഇത് അന്തിമ നിഗമനമായി കാണാന്‍ കഴിയുമോ? നമ്മുടെ ഭരണഘടന വ്യാഖ്യാനിക്കുമ്പോള്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നിയമസഭയെയും ഗവണ്‍മെന്റിനെയും മറക്കരുത്.


തമിഴ്‌നാട് നിയമസഭ പാസാക്കിയ പത്തു ബില്ലുകളാണ് ഗവര്‍ണര്‍ അംഗീകരിക്കാതിരുന്നത്. പത്തിന്റെ സ്ഥാനത്ത് ഇരുപതോ അതില്‍ കൂടുതലോ ആകാമല്ലോ. ഒരു ഗവണ്‍മെന്റിന്റെ കാലഘട്ടം അഞ്ചുവര്‍ഷമാണല്ലോ. ഈ ഘട്ടത്തില്‍ ഒറ്റ ബില്ലും ഗവര്‍ണര്‍ പാസാക്കാതിരുന്നാല്‍ ഗവണ്‍മെന്റിന്റെ അര്‍ഥം എന്താണ്.


ചുരുങ്ങിയപക്ഷം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് ഒരു കാര്യം ചെയ്യാമായിരുന്നുവല്ലോ. ‘സമയപരിധി തങ്ങള്‍ നിശ്ചയിക്കുന്നില്ല, പാര്‍ലമെന്റാണല്ലോ പരമോന്നത നിയമനിര്‍മാണസഭ; പാര്‍ലമെന്റ്‌ പരിധി നിശ്ചയിച്ച് നിയമം പാസാക്കട്ടെ’. ഇങ്ങനെ പരാമര്‍ശം വന്നിരുന്നെങ്കില്‍ ഇലയ്‌ക്കും മുള്ളിനും പോറലേല്‍പ്പിക്കാതെ സുപ്രീംകോടതിക്ക് തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകളോട് നീതി ചെയ്യാന്‍ കഴിയുമായിരുന്നു.


ഭരണഘടനയിലെ 142 എന്താണെന്ന് പഠിപ്പിക്കണോ. ജുഡീഷ്യറിയോ എക്സിക്യൂട്ടീവോ അല്ല വലുത്, മറിച്ച് ഭരണഘടനയാണ്. അത്‌ മറക്കരുത്. ഭരണഘടനയുടെ അനുച്ഛേദം 142 പറയുന്നത് കോടതിവിധി നിയമത്തിന്റെ ഭാഗമാണ് എന്നാണ്‌. വിധി എല്ലാവര്‍ക്കും ബാധകവുമാണ്


ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് അധികാരത്തില്‍ വന്നശേഷം മഹാരാഷ്ട്രയില്‍ ഒരു സ്വീകരണയോഗത്തില്‍ പങ്കെടുത്തത് ഓര്‍മ വരുന്നു. സംസ്ഥാന ഗവണ്‍മെന്റിന്റെ ചീഫ് സെക്രട്ടറിയോ ഡിജിപിയോ ഇതില്‍ താഴെത്തട്ടിലുള്ള ഒരു ഉദ്യോഗസ്ഥനോ അദ്ദേഹത്തെ സ്വീകരിച്ചില്ല. അപമാനിതനും പ്രകോപിതനുമായ ചീഫ് ജസ്റ്റിസ് പറഞ്ഞത് ഇങ്ങനെ: ‘‘ഭരണഘടനയിലെ 142 എന്താണെന്ന് പഠിപ്പിക്കണോ. ജുഡീഷ്യറിയോ എക്സിക്യൂട്ടീവോ അല്ല വലുത്, മറിച്ച് ഭരണഘടനയാണ്. അത്‌ മറക്കരുത്. ഭരണഘടനയുടെ അനുച്ഛേദം 142 പറയുന്നത് കോടതിവിധി നിയമത്തിന്റെ ഭാഗമാണ് എന്നാണ്‌. വിധി എല്ലാവര്‍ക്കും ബാധകവുമാണ്. രാഷ്‌ട്രപതി അല്ലെങ്കില്‍ ഗവര്‍ണര്‍ ഒപ്പിട്ട് പാസാക്കുന്ന നിയമത്തിന് തുല്യമാണ് സുപ്രീംകോടതി വിധിയും’ എന്നാണ്.


അതുകൊണ്ട് പാര്‍ലമെന്റിനോട് ഇത്ര ആദരവുള്ള ചീഫ് ജസ്റ്റിസ് നേതൃത്വം കൊടുക്കുന്ന ഭരണഘടനാ ബെഞ്ചിന് സമയപരിധി നിശ്ചയിക്കാന്‍ പാര്‍ലമെന്റിനോട് നിയമനിര്‍മാണത്തിന് പെട്ടെന്ന് നേതൃത്വം കൊടുക്കണമെന്ന് പറഞ്ഞാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന് മുതല്‍ക്കൂട്ടാകുമായിരുന്നു.


ജുഡീഷ്യറിയുടെ ചാഞ്ചാട്ടം പ്രകടമാകുന്ന എത്രയോ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ബാബ്‌റി മസ്ജിദ് പ്രശ്നത്തില്‍ സുപ്രീംകോടതി പറഞത് ഓര്‍ക്കുമല്ലോ. ‘‘ബാബ്‌റി മസ്ജിദ് ഉണ്ടായിരുന്ന സ്ഥലത്ത് അമ്പലം ഉണ്ടായിരുന്നില്ല. അയോധ്യാഭൂമിയാണെന്ന് തെളിയിക്കാന്‍ തെളിവുമില്ല. പക്ഷേ, നല്ലത് പള്ളി പൊളിച്ച സ്ഥലത്ത് അമ്പലം പണിയുന്നതാണ്. പള്ളി മറ്റൊരു സ്ഥലത്ത് പണിയാം’ ഇവിടെയാണ് പ്രധാനമന്ത്രിയുടെ കാര്‍മികത്വത്തില്‍ അമ്പലം പണി പൂര്‍ത്തിയാക്കിയതും പ്രതിഷ്ഠാകര്‍മങ്ങള്‍ നടത്തിയതും. മതനിരപേക്ഷ ഇന്ത്യ കാട്ടിയ നല്ല മനസ്സാണ് മറ്റൊരു കലാപത്തിന് ഇടയാക്കാതിരുന്നത്.


വര്‍ഗീയത ഉയര്‍ത്തുന്ന ഫാസിസ്റ്റ് വെല്ലുവിളിയെ തകര്‍ക്കാന്‍ ഏറ്റവും ശക്തമായ വിധിയായിരുന്നു 1973-ലെ കേശവാനന്ദ ഭാരതി കേസ്. ഈ കേസ് വഴിയാണ് മതനിരപേക്ഷത ഭരണഘടനയുടെ മൗലികഘടനയുടെ ഭാഗമായതും അടിസ്ഥാനഘടന മാറ്റാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന ചരിത്രവിധി ഉണ്ടായതും


ഭരണഘടനയുടെ ആമുഖത്തിൽനിന്ന് മതനിരപേക്ഷത, സോഷ്യലിസം എന്നിവ ഒഴിവാക്കി ആമുഖത്തിൽ ഭേദഗതി വരുത്തണമെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പൊതുതാല്‍പ്പര്യഹര്‍ജിയില്‍ സുപ്രീംകോടതി പറഞ്ഞത് ആമുഖം മാറ്റാന്‍ പാര്‍ലമെന്റിന്‌ അധികാരമുണ്ടല്ലോ, കോടതിവിധിയുടെ ആവശ്യമില്ലല്ലോ എന്നാണ്. ഇതിന്റെ പരോക്ഷധ്വനി ഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നാണ്. വര്‍ഗീയത ഉയര്‍ത്തുന്ന ഫാസിസ്റ്റ് വെല്ലുവിളിയെ തകര്‍ക്കാന്‍ ഏറ്റവും ശക്തമായ വിധിയായിരുന്നു 1973-ലെ കേശവാനന്ദ ഭാരതി കേസ്. ഈ കേസ് വഴിയാണ് മതനിരപേക്ഷത ഭരണഘടനയുടെ മൗലികഘടനയുടെ ഭാഗമായതും അടിസ്ഥാനഘടന മാറ്റാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്ന ചരിത്രവിധി ഉണ്ടായതും.


ഇതിനെ അട്ടിമറിക്കാന്‍ ഒരു 15 അംഗ ഭരണഘടനാ ബെഞ്ചില്‍ എട്ടു ജഡ്‌ജിമാർ കേന്ദ്രത്തിന് അനുകൂലമായാല്‍ മതി (കേശവാനന്ദ ഭാരതി കേസില്‍ 13 അംഗ ഭരണഘടനാ ബെഞ്ചായിരുന്നു) അപ്പോൾ നില്‍ക്കും ഇന്ത്യയുടെ മതനിരപേക്ഷത. ഇന്ത്യന്‍ പാര്‍ലമെന്റ്‌ കാണാതെതന്നെ ഫാസിസത്തിന്റെ വാതില്‍ തുറക്കപ്പെടും. അപ്പോള്‍ ഒരു കാര്യം തീര്‍ച്ച. ഇന്ത്യന്‍ ജുഡീഷ്യറി നിര്‍ണായക ശക്തിയാണ്; ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുന്ന കാര്യത്തില്‍.


തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ പ്രൊമോട്ട് ചെയ്യാന്‍ സീനിയോറിറ്റി പരിഗണിക്കാതിരിക്കാന്‍ ഈ അടുത്തകാലത്ത് സ്വീകരിച്ച വഴിവിട്ട സംഭവം ഓര്‍ക്കുമല്ലോ. സമ്മര്‍ദം ഉപയോഗിച്ച് ജുഡീഷ്യറിയെ വരുതിയിലാക്കുക എന്നതാണ് അജൻഡ


കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപനം ജുഡീഷ്യറിയെ വരുതിയില്‍ കൊണ്ടുവരികയെന്നതാണ്. തെരഞ്ഞെടുപ്പ്‌ കമീഷനെ വരുതിയിലാക്കാനാണല്ലോ കമീഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന മൂന്ന് അംഗ സമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റിയത്. അതിനുവേണ്ടി പാര്‍ലമെന്റില്‍ നിയമനിര്‍മാണംതന്നെ കൊണ്ടുവന്നു. ഫലം എസ്ഐആറിന്റെ പേരില്‍ ഇപ്പോള്‍ അനുഭവിക്കുന്നു. ‘ഞങ്ങള്‍ക്ക് വോട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് വോട്ട് വേണ്ടെന്ന’ നിലപാട്. ജുഡീഷ്യറിക്കെതിരായ നീക്കത്തിന്റെ ഭാഗമാണ് ജുഡീഷ്യറിയുടെ സ്വതന്ത്ര നിലനില്‍പ്പിനെ ഇല്ലാതാക്കുക എന്നത്. കൊളീജിയം ശുപാര്‍ശ അവഗണിക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ പ്രൊമോട്ട് ചെയ്യാന്‍ സീനിയോറിറ്റി പരിഗണിക്കാതിരിക്കാന്‍ ഈ അടുത്തകാലത്ത് സ്വീകരിച്ച വഴിവിട്ട സംഭവം ഓര്‍ക്കുമല്ലോ. സമ്മര്‍ദം ഉപയോഗിച്ച് ജുഡീഷ്യറിയെ വരുതിയിലാക്കുക എന്നതാണ് അജൻഡ.


മോദിയുടെ കാലത്തുതന്നെയാണ് സുപ്രീംകോടതിയുടെ അഞ്ചു ജഡ്ജിമാര്‍ റോഡില്‍ കുത്തിയിരുന്ന് ഡൽഹിയില്‍ സത്യഗ്രഹം നടത്തിയത്. ചുരുക്കത്തില്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ചരമഗീതം പാടുകയാണ്. അതാണ് ഗവര്‍ണര്‍മാരെ ഉപയോഗിച്ച് നടത്തുന്ന നടപടികള്‍. വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ പേരില്‍ 62 ലക്ഷംപേരാണ് ബിഹാറില്‍ വോട്ടര്‍പ്പട്ടികയില്‍നിന്ന്‌ പുറത്തുപോയത്. നാളെ പൗരത്വം ഇല്ലാതാക്കുന്നതിന് ഇത് വഴിയൊരുക്കും. അതാണ് പൗരത്വ നിയമത്തി(സിഎഎ )ന്റെ ഉദ്ദേശ്യം.


25 ശതമാനം വോട്ട് കിട്ടിയ പ്രതിപക്ഷപാര്‍ടിയായ ആര്‍ജെഡിക്ക് 25 സീറ്റും 20 ശതമാനം വോട്ട് കിട്ടിയ ഭരണപാര്‍ടിയായ ബിജെപിക്ക് 89 സീറ്റും, 19.25 ശതമാനം വോട്ട് കിട്ടിയ ഭരണകക്ഷിയായ ജനതാദളി (യു)ന് 85 ഉം. ഇതാണ് ഇന്നത്തെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പുതിയ രൂപം. ഇതിന്റെ തുടര്‍ച്ചയായി ജുഡീഷ്യറിയുടെ സ്വതന്ത്രമുഖം മാറ്റാന്‍ അനുവദിച്ചുകൂടാ.​



deshabhimani section

Dont Miss it

Recommended for you

Home