ഓഡിഷൻ സ്‌റ്റാർ ടു റിയൽ ആക്ടർ


ശ്രീരാജ് ഓണക്കൂർ [email protected]
Published on Apr 18, 2026, 11:12 PM | 3 min read
അമ്പലത്തിൽ പോയപ്പോൾ ഒരു കൊച്ചുകുട്ടി സുധി കോപ്പയുടെ അടുത്തെത്തി. കുട്ടിയുടെ അമ്മൂമ്മയും ഒപ്പമുണ്ടായിരുന്നു. കുട്ടി സുധി കോപ്പയെ ചൂണ്ടിക്കാണിച്ചിട്ട് ഇതാരാണെന്ന് മനസ്സിലായോ എന്ന് ചോദിച്ചു. അമ്മൂമ്മ ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ ഡയലോഗ്– അമ്മൂമ്മേ ഇത് നമ്മുടെ കഞ്ചാവ് സോമനാ. അമ്മൂമ്മയും സുധിയും ഒരുമിച്ച് ഞെട്ടി. ആട് ഒരു ഭീകരജീവിയാണ്, ആട്–2 എന്നീ സിനിമകളിൽ ‘കഞ്ചാവ് സോമൻ’ എന്ന കഥാപാത്രമായി മലയാളികളെ ചിരിപ്പിച്ച സുധി കോപ്പ, തന്നെ ചിരിപ്പിച്ച അനുഭവം പറയുന്നു.
കഞ്ചാവ് സോമൻ എന്ന കഥാപാത്രം വീണ്ടും ആട്–3യിലും മലയാളികൾക്കുമുന്നിൽ എത്തുകയാണ്. ആട്–3 സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പള്ളുരുത്തി സ്വദേശിയായ സുധി കോപ്പ പറയുന്നു. ഇതിനൊപ്പം ‘ഐ നോബഡി’ എന്ന പൃഥ്വിരാജ് ചിത്രം പുതുതായി ഇറങ്ങുന്നുണ്ട്. സുഗീത് സംവിധാനം ചെയ്യുന്ന ബിജു മേനോൻ ചിത്രവും വരുന്നുണ്ട്.
ഓഡിഷൻ സ്റ്റാർ
സിനിമ ഓഡിഷൻ എവിടെയുണ്ടെന്ന് അറിഞ്ഞാലും പോയി പങ്കെടുത്തിരുന്ന കാലമുണ്ടായിരുന്നു സുധിക്ക്. അന്ന് എറണാകുളം രവിപുരത്താണ് കൂടുതൽ ഓഡിഷൻ നടന്നിരുന്നത്. അവിടെ പോകുന്പോൾ പുതിയ ഓരോരുത്തരെ പരിചയപ്പെടും. അവർവഴി മറ്റ് സ്ഥലത്ത് നടക്കുന്ന ഓഡിഷനെക്കുറിച്ച് അറിയാം. അങ്ങനെ പോയി പോയി ഓഡിഷൻ എക്‌സ്‌പർട്ടായി. നല്ല ഓഡിഷനാണോ തട്ടിപ്പാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാനായി.
അങ്ങനെ സിനിമ കന്പനിയുടെ ഓഡിഷൻ അവസാന റൗണ്ടിൽ എത്തി. ബാബുരാജിനൊപ്പം ചെറിയ റോൾ. സിനിമയുടെ നിർമാതാവ് ഫരീദ് ഖാൻ തന്റെ ഓഡിഷൻ കണ്ടിരുന്നു. അദ്ദേഹം വന്ന് കാണാൻ പറഞ്ഞു. ‘ആമേൻ’ സിനിമയെടുക്കുന്ന സമയമായിരുന്നു അത്. ബാൻഡ് വായിക്കുന്നവരുടെ വേഷമായിരുന്നു കൂടുതൽ. അതെല്ലാം ഓരോരുത്തർക്ക് കൊടുത്തിരുന്നു. അതിൽ ഒരു നടന്റെ ഡേറ്റ് പ്രശ്‌നമായി. അങ്ങനെ ആ കഥാപാത്രം എനിക്ക് കിട്ടി. സിനിമ തിയറ്ററിൽ ഹിറ്റായില്ല. എന്നാൽ, തന്റേതടക്കം സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.
ചരിത്രത്തിൽ ആദ്യമായി ആടിലേക്കുള്ള വഴി
സപ്‌തമശ്രീ തസ്‌കര സിനിമയ്‌ക്കുശേഷമാണ് മിഥുൻ മാനുവൽ തോമസ് ആട് സിനിമയിലേക്ക് ക്ഷണിക്കുന്നത്. ജയസൂര്യ ചെയ്യുന്ന ‘ഷാജി പാപ്പൻ’ എന്ന കേന്ദ്രകഥാപാത്രത്തിന്റെ സംഘത്തിലുള്ള ഒരാളുടെ വേഷമായിരുന്നു ആദ്യം പറഞ്ഞുവച്ചത്. എന്നാൽ, ചെറിയ ട്വിസ്റ്റുണ്ടായി. കഞ്ചാവ് സോമന്റെ വേഷം ചെയ്യാനിരുന്ന നടന്റെ ഡേറ്റ് പ്രശ്‌നമായി. ഉടനെ മിഥുൻ തന്നെ ഇൗ റോളിലേക്ക് മാറ്റി. കഥാപാത്രം ക്ലിക്കാവുകയും ചെയ്‌തു. നാടകമേ ഉലകം
അമച്വർ നാടകങ്ങളിൽ നിരവധി വേഷങ്ങൾ ചെയ്‌തു. സിനിമയ്‌ക്കുവേണ്ടി ഭാഷ രൂപപ്പെടുത്താൻ നാടകങ്ങൾ സഹായിച്ചു.
സി എൻ ശ്രീകണ്‌ഠൻനായരുടെ കാഞ്ചനസീത അടക്കം നിരവധി നാടകങ്ങൾ ചെയ്‌തു. സിനിമ എന്ന ആഗ്രഹമാണ് തന്നെ നാടകത്തിലേക്ക് നയിച്ചത്. തുടർന്നും നാടകങ്ങൾ ചെയ്യണമെന്നുണ്ട്. സിനിമാനടൻ അഭിനയിച്ചാൽ നാടകം കാണാൻ കൂടുതൽ പേർ വരുമെന്ന് അറിയാം. താൻവഴി നാടകത്തിന് ഗുണം ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. ഇലവീഴാപൂഞ്ചിറ, ജോസഫ് സിനിമയിൽ സൈബർ സെല്ലിലെ പൊലീസുകാരന്റെ വേഷം ലഭിച്ചത് നടൻ ജോജു ജോർജ് വഴിയാണ്.
പടയോട്ടം, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾ അതിനുമുന്പ് ചെയ്‌ത സമയമാണ്. കൂടുതൽ കോമഡി കഥാപാത്രങ്ങൾ ചെയ്യുന്ന സമയത്തായിരുന്നു ഇത്. ജോജുവിനൊപ്പം പൊറിഞ്ചു മറിയം ജോസിൽ അതിനുമുന്പ് അഭിനയിച്ചിരുന്നു. ‘പൈപ്പിൻചോട്ടിലെ പ്രണയം’ സിനിമയിൽ താൻ ചെയ്‌ത ഇമോഷണൽ രംഗങ്ങൾ കണ്ടശേഷമാണ് പൊറിഞ്ചു മറിയം ജോസിൽ അവസരം ലഭിക്കുന്നത്. ഇലവീഴാപൂഞ്ചിറയിലേത് നെഗറ്റീവ് കഥാപാത്രമായിരുന്നു. മൂന്ന് ഷേഡുള്ള കഥാപാത്രം. സിനിമയിൽ ഡയലോഗ് ഇല്ലാത്ത പല സന്ദർഭങ്ങളുമുണ്ട്. നോട്ടവും ഇമേഷൻസും മാത്രം. സൗബിൻ അന്ന് എക്‌സ്‌റ്റാബ്ലിഷായ നടനാണ്. അദ്ദേഹത്തിനൊപ്പം തനിക്ക് മികച്ച കഥാപാത്രത്തെ ചെയ്യാനായത് ഭാഗ്യമായി കരുതുന്നു.
തിരിച്ചറിയാത്ത നടൻ
പലപ്പോഴും തന്നെ പുറത്തുവച്ച് കണ്ടാൽ പലരും തിരിച്ചറിയാറില്ല. നാട്ടിൽത്തന്നെ അനുഭവങ്ങളുണ്ട്. രാവിലെ നടക്കാൻ പോകുന്പോൾ എന്നും കാണുന്ന ഒരു നാട്ടുകാരനുണ്ടായിരുന്നു. എന്നും ചിരിക്കും കുശലം പറയും. ഒരു ദിവസം അയാൾ ചോദിച്ചു– ചേട്ടനെപ്പോലെ ഒരാൾ സിനിമയിലുണ്ട്. ആദ്യം വിചാരിച്ചു എന്നെ കളിയാക്കുകയാണെന്ന്. പിന്നീടാണ് സത്യമാണെന്ന് മനസ്സിലായത്.
സിനിമയിൽ എപ്പോഴും എല്ലാം പുതിയതാണ്. പുതിയ സ്ഥലം, പുതിയ കഥാപാത്രം, പുതിയ ഡയലോഗുകൾ. മറ്റുള്ള ജോലികളിൽ 80 ശതമാനവും ഒരു കാര്യംതന്നെയായിരിക്കും. എല്ലാ സിനിമയും തനിക്ക് പുതിയതുപോലെയാണ്. ആദ്യമായി സിനിമ ചെയ്യാൻ പോകുന്ന അതേ ടെൻഷൻ. സിനിമ ഒരു യാത്രപോലെയാണ്. എല്ലാ ദിവസവും അന്വേഷണത്തിലാണ്. ഇപ്പോഴും താൻ ചാൻസ് ചോദിക്കാറുണ്ട്. വലിയ കന്പനികൾവരെ പരസ്യം ചെയ്യാറുണ്ട്. ഉദാഹരണത്തിന് ഐ ഫോൺ. ആൾക്കാർ വാങ്ങാൻ ക്യൂ നിൽക്കുകയാണെങ്കിലും ഐ ഫോൺ പരസ്യം നൽകാറുണ്ട്. അപ്പോൾ നമ്മൾ ചാൻസ് ചോദിക്കുന്നതിൽ കുഴപ്പമുണ്ടോ. ചോദിക്കാൻ പറ്റുന്നവരോട് അവരെ ബുദ്ധിമുട്ടിക്കാതെയാണ് ചാൻസ് ചോദിക്കാറുള്ളത്.















