വിദ്യാർത്ഥികളെ മൗനത്തിൽ തള്ളാനാകില്ല

1920 ഡിസംബർ 25. നാഗ്‌പുരിൽ അഖിലേന്ത്യ കോളേജ് വിദ്യാർഥി സമ്മേളനം നടക്കുന്നു. ആ സമ്മേളനത്തിൽ ലാലാ ലജ്പത് റായ്, വിദ്യാർഥികൾ രാഷ്‌ട്രീയത്തിൽ ഇടപെടുന്നതിനെതിരെ തന്റെ അധ്യക്ഷപ്രസംഗത്തിൽ വാദിച്ചു. വിപ്ലവബോധമുള്ള ഒരുകൂട്ടം വിദ്യാർഥികൾ ഇന്ത്യക്ക് പൂർണസ്വാതന്ത്ര്യം വേണമെന്ന പ്രമേയം അവതരിപ്പിച്ചു. അധ്യക്ഷൻ അതിനെ വീറ്റോ ചെയ്‌ത് പരാജയപ്പെടുത്തി. പിന്നീട് നടന്ന സമ്മേളനം വിദ്യാർഥികളോട് സ്‌കൂളുകളും കോളേജുകളും വിട്ടിറങ്ങാൻ ആഹ്വാനം ചെയ്തു. കമ്യൂണിസ്റ്റ് പാർടി പിറവികൊള്ളുന്നതിന്റെയും നിസ്സഹകരണപ്രസ്ഥാനത്തിന്റെയും കാലത്താണ് ഈ സംഭവം. ഇപ്പോൾ ഇതോർക്കാൻ കാരണമായത്, കേരളത്തിലെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കാൻ പോകുന്നു എന്ന വാർത്തയാണ്.
ഇതു വല്ലതും നടക്കുന്ന കാര്യമാണോ? ഇങ്ങനെയൊക്കെ കേൾക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യവുമല്ല. എത്രയോ കാലമായി നമ്മുടെ ജീവിതാന്തരീക്ഷത്തിനു മുകളിലേക്ക് ആരൊക്കെയോ മനഃപൂർവമായി ഇടയ്ക്കിടെ ഊതിപ്പറപ്പിക്കുന്ന അർഥശൂന്യമായ ഫാസിസ്റ്റ് ഉള്ളടക്കമാണ് ഇതിനുള്ളിൽ നിറഞ്ഞുകിടക്കുന്നത്. ഫാസിസ്റ്റുകൾപോലും അവരുടെ ദർശനത്തെ പിൻപറ്റുന്ന വിദ്യാർഥിനിരയെ നിർമിച്ചെടുത്തതിന് നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. കുറെനാൾ മുമ്പ് നമ്മുടെ കോടതിതന്നെ ഇങ്ങനെയൊരു കാര്യം തുറന്നുവിട്ടിരുന്നു. എല്ലാം ശൂന്യതയിൽ വീണ് മുഴങ്ങാതെ പോയി.
രാജ്യത്തിന്റെ തെക്കേയറ്റത്ത് കിടക്കുന്ന, നന്മകൾ നിറഞ്ഞ പരിഷ്‌കൃത സവിശേഷതകളുള്ള നാടാണ് കേരളം. ഈ വളർച്ചയ്ക്കുപിന്നിൽ എല്ലാ ഘട്ടങ്ങളിലും യൗവനരാഷ്ട്രീയത്തിന്റെ തിരയിളക്കം കാണാം. വീണ്ടും അരാഷ്‌ട്രീയഭൂമികയെ പൊടിനീക്കി തുടച്ച് പുതിയ തുറസ്സുകളിലേക്ക് വിടുകയാണ് ഇതിനുപിന്നിലുള്ള ദുരുദ്ദേശ്യം. രാഷ്‌ട്രീയം എന്ന പരികൽപ്പന ജനാധിപത്യത്തിന്റെ ഉള്ളടക്കമാണ്. അത് ഏതെങ്കിലും വിഭാഗത്തിനു മാത്രമുള്ളതല്ല, ജനതയ്ക്കാകെ അവകാശപ്പെട്ടതാണ്. അതിന്മേലുള്ള ഏത് വിലക്കുകളും ജനാധിപത്യത്തിന്റെ നിരാസത്തിലേ കലാശിക്കൂ. നമ്മുടെ ജനാധിപത്യവ്യവസ്ഥയ്ക്കുമേൽ ഇരുൾവീണുകിടക്കുന്ന നടപ്പുകാലത്ത് രാഷ്ട്രീയം പിന്മാറിയ ശൂന്യസ്ഥലങ്ങളിലേക്ക് സ്വാഭാവികമായി വംശത്തിന്റെയും ദേശത്തിന്റെയും ബഹുസ്വരതാനിഷേധത്തിന്റെയും ഫാസിസ്റ്റ് രാഷ്ട്രീയം വന്നുനിറയും. അത് അറിയാത്തവരൊന്നുമല്ല വിദ്യാർഥിരാഷ്ട്രീയ നിരോധനത്തിനുപിന്നിലുള്ളതും.
വിദ്യാർഥികളെ ഫാസിസ്റ്റ് ശക്തികൾ പുരോഗമനപ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റുകാർക്കും എതിരെ ഉപകരണങ്ങളാക്കിയതിന് എത്രയോ തെളിവുകൾ ചരിത്രത്തിലുണ്ട്. ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും തവിട്ടുകുപ്പായക്കാരിലും കരിംകുപ്പായക്കാരിലും നിറയെ വിദ്യാർഥികളായിരുന്നു. ഇന്തോനേഷ്യയിൽ സുഹാർത്തൊയുടെ സൈനികവാഴ്ചയിൽ അഞ്ചുലക്ഷം കമ്യൂണിസ്റ്റുകാരെയാണ് കൊന്നുതള്ളിയത്. ആ മഹാപാതകങ്ങൾക്കുപിന്നിലും വിദ്യാർഥികളെ കാണാം. എന്തിനധികം, കേരളത്തിൽ നടന്ന കുപ്രസിദ്ധിയാർജിച്ച വിമോചനസമരത്തിൽ പ്രതിലോമകാരികൾ വിദ്യാർഥികളെ പുരോഗമനസർക്കാരിനെതിരെ അണിനിരത്തിയതും ഈ വഴിയിൽത്തന്നെ.
നിരോധന നിയമത്തിന്റെ വേലിക്കെട്ടുകൾക്കകത്ത് ഒതുങ്ങിപ്പോയ വിദ്യാർഥിസമൂഹത്തിന്റെ ചരിത്രം ഏറെയൊന്നും നമുക്ക് വായിച്ചെടുക്കാനാകില്ല. അതിനുമപ്പുറത്തേക്ക് ഒഴുകിപ്പരന്ന വിദ്യാർഥിമുന്നേറ്റത്തിന്റെ എത്രയോ തെളിവുകൾ നമുക്കു മുന്നിലുണ്ട്. ചൈനയിലെ മെയ് നാല് കലാപം, അറുപതുകളിലെ ഫ്രഞ്ച് വിദ്യാർഥി കലാപം, വിയറ്റ്നാം വിമോചനപോരാട്ടത്തിലെ വിദ്യാർഥിപങ്കാളിത്തം. വർണവിവേചനത്തിനെതിരെ നടന്നിട്ടുള്ള അസംഖ്യം വിദ്യാർഥികലാപങ്ങൾ, ക്യൂബൻ വിപ്ലവത്തെ അഗാധമായി സ്വാധീനിച്ച ഹവാന സർവകലാശാല. ഇനി സമകാല കാഴ്ചകളിലേക്ക് നോക്കാം. ശ്രീലങ്ക, ബംഗ്ലാദേശ്, ടുണീഷ്യ, ലിബിയ, ഒടുവിലായി നടന്ന ഇറാനിലെ വിദ്യാർഥിപ്ര ക്ഷോഭം.
ഇവിടെ നിന്നുകൊണ്ട് വിദ്യാർഥിരാഷ്‌ട്രീയം നിരോധിക്കണമെന്ന് നിലവിളിക്കുന്നവർ സംവത്സരങ്ങൾക്കപ്പുറത്ത് നടന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിദ്യാർഥിപങ്കാളിത്തത്തെക്കുറിച്ച് തിരക്കിയിട്ടുണ്ടോ. 200 വർഷം നീണ്ട ബ്രിട്ടീഷ് വാഴ്ചക്കെതിരെ ഇന്ത്യൻ ജനത നടത്തിയ സുദീർഘപോരാട്ടം, ലോകം അറിഞ്ഞ ഏറ്റവും വലിയ സാമ്രാജ്യവിരുദ്ധ സമരങ്ങളിലൊന്നായിരുന്നു. ഒരുപാട് വിദ്യാലയങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് സ്വാതന്ത്ര്യപോരാട്ടത്തിന്റെ നിർണായക നേരങ്ങളിലെല്ലാം വെള്ളഭീകരതയ്ക്കെതിരെ വിദ്യാർഥികളും തോൾചേർന്ന് പൊരുതിമുന്നേറിയിരുന്നു. എത്രയോ സംഘടനകൾ, കൂട്ടായ്മകൾ. 1875ൽ ആനന്ദ് മോഹൻ ബോസ് രൂപീകരിച്ച സ്റ്റുഡന്റ്‌സ് അസോസിയേഷൻ, 10 വർഷം കഴിഞ്ഞ് ബോംബെയിൽ രൂപംകൊണ്ട സ്റ്റുഡന്റ്‌സ് ബ്രദർഹുഡ്, ഒരുവർഷം കഴിയുന്നതിനുമുമ്പ് ബോംബെയിൽത്തന്നെ മുസ്ലിം സ്റ്റുഡന്റ്‌സ് യൂണിയൻ.
ബംഗാൾ വിഭജനത്തോടെ വിദ്യാർഥികളുടെ സ്വാതന്ത്ര്യബോധത്തിന്റെ ഗതി മാറി. അക്കാലത്താണ് സിവിൽ സർവീസ് പരീക്ഷയിൽ പ്രായപരിധി കുറച്ചതിനെതിരെ വിദ്യാർഥികൾ സമരം നടത്തിയത്. 1905 നവംബർ ഏഴിന് വിദേശവസ്തുക്കൾ ബഹിഷ്‌കരിക്കുക എന്ന മുദ്രാവാക്യമുയർത്തി നടത്തിയ സമരത്തിൽ ആയിരത്തിലധികം വിദ്യാർഥികൾ അണിചേർന്നു. 1905ൽ രബീന്ദ്രനാഥ ടാഗോറിന്റെയും ബിപിൻ ചന്ദ്രപാലിന്റെയും നേതൃത്വത്തിൽ ചേർന്ന വിദ്യാർഥിസമ്മേളനം സമാന്തരവിദ്യാഭ്യാസത്തിനുള്ള വഴിതുറന്നു. പുറത്താക്കപ്പെട്ട വിദ്യാർഥികൾ അവിടെ ചേർന്നാണ് പഠിച്ചത്. 1910ൽ പട്‌നയിൽവച്ച് ബിഹാർ സ്റ്റുഡന്റ്‌സ് കോൺഫറൻസ് എന്ന സംഘടന രൂപപ്പെട്ടു. റൗലത് ആക്ടിനെതിരെ ലാഹോറിൽ നടന്ന വിദ്യാർഥിസമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്‌പിൽ കുഷിറാം എന്ന വിദ്യാർഥി കൊല്ലപ്പെട്ടു. സ്വാതന്ത്ര്യസമരത്തിലെ ആദ്യ വിദ്യാർഥിരക്തസാക്ഷി. കുഷിറാമിന്റെ വിലാപയാത്രയിൽ പതിനായിരങ്ങൾ അണിചേർന്നു.
പഴയ ഉത്തര പ്രദേശം, 1920 നവംബർ 10. ആഗ്ര– അവിടെയായിരുന്നു ആ പ്രവിശ്യയിലെ ആദ്യ വിദ്യാർഥിസമ്മേളനം. അടുത്തമാസംതന്നെ ഹിന്ദു വിദ്യാർഥിസഭയും. 1921ൽ നിസ്സഹകരണപ്രസ്ഥാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് രണ്ടാം അഖിലേന്ത്യ കോളേജ് വിദ്യാർഥി സമ്മേളനം സമാപിച്ചത്. തുടർന്ന് ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്താൻ വിദേശികൾക്ക് അവകാശമില്ലെന്നും സൈമൺ കമീഷനെ ബഹിഷ്‌കരിക്കുന്നുവെന്നും പ്രഖ്യാപിച്ചു. അപ്പോഴേക്കും റഷ്യൻ വിപ്ലവം തുറന്നുവിട്ട കാറ്റ് ഇന്ത്യയിലേക്കും വീശാൻ തുടങ്ങി.
ഇവിടംമുതൽ 10–15 വർഷം രാജ്യത്തെ നാനാദേശങ്ങളിൽ ഉരുവംകൊണ്ട വിദ്യാർഥിസംഘടനകൾക്കും പ്രക്ഷോഭങ്ങൾക്കും കണക്കുപറയാനാകില്ല. 1936ൽ അഖിലേന്ത്യ വിദ്യാർഥി ഫെഡറേഷൻ രൂപീകരിച്ചതോടെ വ്യത്യസ്‌ത ദേശങ്ങളിൽ ചിതറിക്കിടന്നിരുന്ന സമരശക്തിക്ക് ഏകരൂപമായി. ഈ ഘട്ടത്തിൽ സിഖ് വിദ്യാർഥി ഫെഡറേഷനും മുസ്ലിം വിദ്യാർഥി ഫെഡറേഷനും നിലവിൽവരുന്നുണ്ട്. ഇത്രയും വിശദീകരിച്ചത് 1947 ആഗസ്‌ത് 15 വരെയുള്ള സാമ്രാജ്യവിരുദ്ധ സമരത്തിൽ എല്ലാം സഹിച്ച് ജനതയോടൊപ്പംനിന്ന് പൊരുതിയ വിദ്യാർഥിരാഷ്ട്രീയത്തിന്റെ ഉൾക്കനം വെളിപ്പെടുത്താനാണ്. കേരളത്തിലെ വിദ്യാർഥിസമരശക്തിയുടെ വലിപ്പം ഇതിനു സമാന്തരവും അതിനുമപ്പുറവുമാണ്.
കോളനിവിദ്യാഭ്യാസത്തിനെതിരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയും 50 ശതമാനംപേരെ പരീക്ഷയിൽ തോൽപ്പിക്കുന്നതിനെതിരെയും നിർബന്ധ ബൈബിൾ ക്ലാസിനെതിരെയും– ഇങ്ങനെ എത്രയോ പ്രക്ഷോഭങ്ങൾ. ഇതിനെല്ലാം മുകളിൽ സാമ്രാജ്യത്വം തുലയട്ടെ എന്ന് അവരെപ്പോഴും വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ അനുബന്ധം എന്ന നിലയിൽനിന്ന് കുതറിമാറി വിദ്യാർഥികളുടെ സവിശേഷപ്രശ്നങ്ങളെക്കൂടി സ്വാതന്ത്ര്യസമരത്തിലേക്ക് ചേർത്തതായിരുന്നു അന്നത്തെ വിദ്യാർഥിരാഷ്ട്രീയം.
വിദ്യാർഥിരാഷ്ട്രീയം നിരോധിക്കാനുള്ള ഓരോ ശ്രമവും ചരിത്രസ്‌മൃതിയെ മായ്ച്ചുകളയാനുള്ള ശ്രമംകൂടിയാണ്. രാഷ്ട്രീയബോധം ശൂന്യമാകുന്നിടത്താണ് ജനാധിപത്യത്തിന്റെ ഇടങ്ങൾ ഇരുണ്ടുപോകുന്നത്; ആ ശൂന്യതയിൽ അധികാരത്തിന്റെ ഏകാധിപത്യബോധം വേരൂന്നുകയും ചെയ്യും. അതുകൊണ്ട് വിദ്യാർഥികളെ രാഷ്ട്രീയത്തിൽനിന്ന് അകറ്റുകയല്ല, ജനാധിപത്യത്തിന്റെ മൂല്യങ്ങളിലേക്കും സാമൂഹിക ഉത്തരവാദിത്വത്തിലേക്കും അവരെ കൂടുതൽ ആഴത്തിൽ ചേർത്തുനിർത്താനാണ് കാലം ആവശ്യപ്പെടുന്നത്. വിദ്യാർഥിയുടെ ശബ്ദം അടയ്ക്കുന്ന സമൂഹം, നാളെയുടെ ജനാധിപത്യത്തിന്റെ ശബ്ദംതന്നെയാണ് അടയ്ക്കുന്നത്. നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനായി ജീവനും യൗവനവും സമർപ്പിച്ച വിദ്യാർഥികളുടെ ചരിത്രം നമ്മെ ഓർമിപ്പിക്കുന്നത്, അവരുടെ ശബ്ദം മൗനത്തിലാക്കേണ്ടതല്ല, കാലത്തിന്റെ ഓരോ വഴിത്തിരിവിലും കൂടുതൽ കരുത്തോടെ മുഴങ്ങേണ്ടതാണെന്നാണ്.














