ad
Deshabhimani

Articles

കരുത്തോടെ ക്യൂബയ്‌ക്കൊപ്പം

കരുത്തോടെ ക്യൂബയ്‌ക്കൊപ്പം

CUBA
avatar
എ കെ രമേശ്‌

Published on Apr 26, 2026, 10:04 PM | 3 min read

ഡോണൾഡ്‌ ട്രംപിന് മുമ്പും വമ്പന്മാർ പലരും പഴുത്ത പഴം കണക്കെ, ക്യൂബ തങ്ങളുടെ കൈയിലേക്ക് വന്നുവീഴുമെന്ന് സ്വപ്‌നം കണ്ടിട്ടുണ്ട്‌. ‘ബേ ഓഫ് പിഗ്സി’ൽ നാണംകെട്ട് വാലുംമടക്കി ഓടിയത് കെന്നഡിയുടെ കാലത്താണ്. കുത്തിത്തിരുപ്പുകൾ, അട്ടിമറി ശ്രമങ്ങൾ, ഭീകരപ്രവർത്തനങ്ങൾ തുടങ്ങിയവ നിരന്തരം നടത്തി പരാജയപ്പെട്ടതാണ് അമേരിക്കൻ സാമ്രാജ്യത്വം. അന്ന് ക്യൂബയ്ക്ക് കൂട്ടുണ്ടായിരുന്ന സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ബ്ലോക്കും ഇല്ലാതായതോടെ വർധിത വീര്യത്തോടെ ക്യൂബയ്ക്കുനേരെ നീങ്ങാൻ തുടങ്ങിയതാണവർ. സാമ്പത്തികമായി ഞെരുക്കാൻ നിരന്തര ഉപരോധങ്ങളും ഒപ്പം അട്ടിമറിശ്രമങ്ങളും പിന്നെയും തുടർന്നു. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് പലതവണ പറന്ന വിമാനങ്ങളെ വെടിവച്ചിടാൻ ക്യൂബ നിർബന്ധിതമായി. പിന്നെ അതിന്മേലായി പുക്കാറ്. ക്യൂബൻ അതിർത്തി തൊട്ടിട്ടേയില്ല തങ്ങളുടെ വൈമാനികർ എന്നായി വാദം. അതിന്റെ പേരിൽ ഫ്ലോറിഡയിലെ കോടതിയിൽ കേസിനുപോയി 490 ലക്ഷം ഡോളർ നഷ്ടപരിഹാരം അമേരിക്ക പിടിച്ചെടുത്തു. അമേരിക്കൻ ബാങ്കുകളിലുള്ള; ക്ലിന്റൺ മരവിപ്പിച്ച ക്യൂബൻ നിക്ഷേപങ്ങളിൽനിന്ന് ഊറ്റിയെടുത്ത പണമാണ് വൈമാനികരുടെ കുടുംബത്തിന് നൽകിയത്.


​ക്യൂബയ്ക്ക് പിഴ ലൈംഗികാതിക്രമത്തിന്!


​ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച്, ഒരു രാത്രിമുഴുവൻ ഗ്വാണ്ടനാമോ ഉൾക്കടൽ നീന്തിയാണ്‌ പാബ്ലോ റോക്ക് എന്ന പൈലറ്റ് അമേരിക്കയിൽ അഭയം തേടുന്നത്‌. ക്യൂബയിൽനിന്ന്‌ അമേരിക്കൻ സൈനികത്താവളത്തിലേക്ക് കടന്ന്‌, അവിടെനിന്ന് പറന്നുയർന്നാണ് അയാൾ യുഎസിലെ കാസ്‌ട്രോ വിരുദ്ധ ഗ്രൂപ്പിൽ ചേരുന്നത്. ഏറെക്കഴിയും മുമ്പ്‌ ഇയാൾ അമേരിക്കൻ സുന്ദരി അന്ന മാർഗറിറ്റയെ സ്വന്തമാക്കി. അത്യാഡംബര വിവാഹച്ചടങ്ങിൽ, കാസ്ട്രോയ്ക്കുശേഷം ക്യൂബൻ പ്രസിഡന്റാകാൻ കുപ്പായം തുന്നിച്ച ധനാഢ്യനടക്കം അതിസമ്പന്നർ പങ്കെടുത്തു. വിവാഹ പാർട്ടി സ്‌പോൺസർ ചെയ്തത് ലൂയിസ് അലക്സാണ്ടറെന്ന ലക്ഷാധിപതി. വിവാഹശേഷം, 40-–ാം പിറന്നാൾ ദിനത്തിന് വിരുന്നും എന്തുകൊണ്ട് താൻ ക്യൂബ വിട്ടുവെന്ന് വിശദീകരിക്കുന്ന പുസ്‌തക പ്രകാശനവും നടന്നു. ഇതേ കക്ഷി വർഷങ്ങൾക്കുശേഷം, ക്യൂബൻ ജീവിതമാണ് നല്ലതെന്ന ബോധ്യത്തിൽ അമേരിക്കയെയും പുതിയ ഭാര്യയെയും ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുപോയി.


​ഇതിനെതിരെ അന്ന മാർഗറിറ്റ കൊടുത്ത കേസിൽ 1999ൽ വന്ന വിധിയാണ്‌ ഏറെ വിചിത്രം. ലൈംഗികാതിക്രമ പരാതി പരിഗണിച്ച ഫ്ലോറിഡ കോടതി കുറ്റം തെളിഞ്ഞതായി കണ്ടെത്തി. എന്നാൽ, ഭർത്താവായ റോക്കല്ല പ്രതി, ക്യൂബയാണ്. റോക്കിന്റെ ഭാര്യ അനുഭവിച്ച ലൈംഗികാതിക്രമത്തിന് ക്യൂബയെന്ന രാഷ്ട്രം നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. ഭർത്താവുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമായിരുന്നില്ല, വിവാഹംതന്നെ ക്യൂബ നടത്തിയ തട്ടിപ്പായിരുന്നു എന്നാണ് അമേരിക്കൻ കോടതിയിൽ അന്യായക്കാരി വാദിച്ചത്. ശാരീരിക ഉപദ്രവം, വൈകാരിക വീണ്ടെടുപ്പിനുള്ള വൈദ്യചികിത്സ, ജീവിതം ആസ്വദിക്കാനുള്ള കെൽപ്പ് തകർക്കൽ എന്നിങ്ങനെ ഓരോന്നിനും വിലയിട്ട്‌, അന്ന കോടതിയിൽ ആവശ്യപ്പെട്ടത് 410 ലക്ഷം ഡോളർ. അന്യായക്കാരിക്ക് 270 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. ചെയ്സ് മാൻഹാറ്റൻ ബാങ്കിലെ മരവിപ്പിക്കപ്പെട്ട ക്യൂബൻ നിക്ഷേപത്തിൽനിന്ന് അത് പിടിച്ചെടുത്ത് കൊടുക്കുകയും ചെയ്തു.


​സമാധാനപരമായ സഹവർത്തിത്വം


​സമാധാനപരമായ സഹവർത്തിത്വമെന്നത് ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ മുന്നോട്ടുവച്ച ആശയമാണ്. വ്യത്യസ്‌ത സാമൂഹികക്രമത്തിലുള്ള രാജ്യങ്ങൾ തമ്മിലുള്ള സഹവർത്തിത്വം, അങ്ങേയറ്റം അക്രമാസക്തവും ലാഭമാത്രപ്രചോദിതവുമായ മുതലാളിത്തത്തിന് സ്വീകാര്യമാകില്ലല്ലോ. കോവിഡ് കാലത്ത് രാജ്യാന്തരീയമായി ഓടിനടന്ന് രോഗത്തോട് യുദ്ധം ചെയ്യാൻ ഇറങ്ങിത്തിരിച്ച ക്യൂബൻ വൈദ്യസംഘത്തെ പ്രത്യയശാസ്ത്ര കടുംപിടിത്തം നടത്തി നാടുകടത്തിയ ബ്രസീലിലെ ബൊൾസനാരോയുടെ ഒക്കച്ചങ്ങായിയാണ് ട്രംപ്‌. ബെന്യമിൻ നെതന്യാഹുവിനെയും ബൊൾസനാരോയെയുംപോലുള്ള അഴിമതിവീരന്മാർ തങ്ങളുടെ നാട്ടിൽ വിചാരണ നേരിടുമെന്നായപ്പോൾ അതിൽനിന്ന് അവർക്ക് പരിരക്ഷ നൽകണമെന്ന് വാദിച്ച ആളാണ് ട്രംപ്‌. വിയറ്റ്നാം യുദ്ധത്തിനുശേഷം സാമ്രാജ്യത്വം ഇല്ലാതായെന്ന് സിദ്ധാന്തം ചമച്ചവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് അക്രമാസക്തമായ കടന്നാക്രമണം തുടരുകയാണ് അമേരിക്ക. അതിന് നടുക്ക് ഒരെടങ്ങേറാണ് സോഷ്യലിസ്റ്റ് രാഷ്ട്രമായ ക്യൂബ.


​ഉപരോധങ്ങളുടെ ഘോഷയാത്ര


​കടുത്ത സാമ്പത്തിക ഉപരോധം അടിച്ചേൽപ്പിച്ച് ക്യൂബൻ ജനതയെ പൊറുതിമുട്ടിച്ച്, അസംതൃപ്തി വളർത്തി അത് മുതലെടുത്ത് പാവസർക്കാരിനെ തട്ടിക്കൂട്ടാം എന്നായിരുന്നു ട്രംപിന്റെ മോഹം. ജനങ്ങളെ രാഷ്‌ട്രീയവൽക്കരിച്ച് സാമ്രാജ്യത്വത്തിനെതിരെ അണിനിരത്താൻ ക്യൂബയ്ക്ക് കഴിഞ്ഞതിനാലാണ്‌ അമേരിക്കൻ നീക്കം നടക്കാത്തത്‌. ഇപ്പോൾ ഉപരോധം കടുപ്പിച്ച് കടുപ്പിച്ച് ജനജീവിതം തീർത്തും ദുസ്സഹമാക്കിയിരിക്കുകയാണ് അമേരിക്ക.

​1962ലെ ‘ക്യൂബൻ അസെറ്റ്‌സ്‌ കൺട്രോൾ റെഗുലേഷൻസ്‌’ (CACR) വഴിയാണ് അമേരിക്കയിലുള്ള ക്യൂബൻ ആസ്‌തികളെല്ലാം മരവിപ്പിച്ചത്. ക്യൂബയുമായുള്ള ധനപരവും വാണിജ്യപരവുമായ ഇടപാടുകളെല്ലാം അതുവഴി നിരോധിച്ചു. അമേരിക്കയിലേക്കുള്ള ക്യൂബൻ കയറ്റുമതി അപ്പാടെ തടഞ്ഞു. ക്യൂബയുമായി ഡോളറിൽ ഇടപാട് നടത്തുന്നതിൽനിന്ന് അമേരിക്കക്കാരെയും അല്ലാത്തവരെയും തടഞ്ഞു. അമേരിക്കൻ ഘടകസാമഗ്രികളോ സാങ്കേതികവിദ്യയോ പേറ്റന്റ്‌ അവകാശമോ 10 ശതമാനത്തിലേറെയുള്ള ചരക്കുകളൊന്നും ക്യൂബയിലേക്ക് കയറ്റുമതി ചെയ്യരുത് എന്നായി നിരോധനം. 1982ൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്‌ ക്യൂബയെ ഭീകരരാഷ്‌ട്രമായി പ്രഖ്യാപിച്ചു. 2021ലും 2025ലും ഇത് ആവർത്തിച്ചു.


​അതിന്റെ ഭാഗമായി, പാലും പാലുൽപ്പന്നങ്ങളും ബീഫും പന്നിയുമടക്കം മിക്ക ഭക്ഷ്യസാധനങ്ങളുടെയും ഇറക്കുമതി ഗണ്യമായി കുറഞ്ഞു. പവർ പ്ലാന്റുകളും ശുദ്ധജല പദ്ധതികളും റോഡുകളും കെട്ടിടങ്ങളുമെല്ലാം നവീകരണത്തിന്റെ അഭാവത്തിൽ തകർച്ച നേരിടുകയാണ്. 18 മണിക്കൂർ ‘ലോഡ് ഷെഡിങ്ങിന് നിർബന്ധിതരാകുന്നു ക്യൂബ. പെട്രോൾ ലഭ്യത തടസ്സപ്പെട്ടതിനാൽ വിമാനത്താവളങ്ങളിൽപ്പോലും ടാക്സികളില്ല. കുടിവെള്ള ലഭ്യതയും തടസ്സപ്പെടുന്നു. ഇതിന്റെ നടുക്കാണ് നിരാശരായ സാങ്കേതിക വിദഗ്ധരുടെ ഒന്നിച്ചുള്ള കുടിയൊഴിഞ്ഞുപോക്കും മസ്‌തിഷ്‌ക ചോർച്ചയും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ മൂന്നിലൊന്ന് തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു.


​ക്യൂബയെന്ന സോഷ്യലിസ്റ്റ് രാഷ്ട്രത്തെ നിലനിൽക്കാൻ അനുവദിക്കില്ലെന്ന അമേരിക്കൻ സാമ്രാജ്യത്വഭീകരതയുടെ ധാർഷ്‌ട്യത്തിനെതിരെ പ്രതിരോധങ്ങൾ ഉയരണം. ലോകത്തെന്പാടുമുള്ള ജനാധിപത്യ വിശ്വാസികൾ ഒന്നിക്കേണ്ട നേരമാണിത്‌. ക്യൂബയിലേക്ക് സാമ്പത്തികസഹായങ്ങൾ ഒഴുകണം. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആക്രമണങ്ങളും ഉപരോധങ്ങളും അതിജീവിക്കാൻ കൂടുതൽ കരുത്തോടെ ക്യൂബയ്ക്കൊപ്പം അണിനിരക്കാം.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home