Articles

special intensive revision

എസ്ഐആറും കേരളവും

sir in kerala
avatar
എം വി ഗോവിന്ദൻ

Published on Nov 19, 2025, 10:24 PM | 4 min read

nervazhiനിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ധൃതിപിടിച്ച് ബിഹാറിൽ ആരംഭിച്ച വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന കേരളത്തിലും ആരംഭിച്ചിരിക്കുന്നു. അതിസങ്കീർണമായ പ്രക്രിയയായിട്ടും അത് ദിവസങ്ങൾക്കകം പൂർത്തിയാക്കണമെന്ന തിടുക്കമാണ് ബിഹാറിലെന്നതുപോലെ കേരളത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കേരളത്തിനൊപ്പം എസ്ഐആർ നടപ്പാക്കുന്ന 12 സംസ്ഥാനങ്ങളിൽ (കേന്ദ്രഭരണപ്രദേശം ഉൾപ്പെടെ)നിന്നും അശുഭവാർത്തകളാണ് വരുന്നത്.


പയ്യന്നൂരിലെ കാങ്കോൽ -ആലപ്പടമ്പ് പഞ്ചായത്തിലെ ഏറ്റുകുടുക്ക 18–-ാംബൂത്ത് ബിഎൽഒ അനീഷ് ജോർജ് എന്ന നാൽപ്പത്തിനാലുകാരൻ ജോലിസമ്മർദം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തതാണ് അതിലൊന്ന്. കുന്നരു എയുപി സ്കൂളിലെ ഓഫീസ് അറ്റൻഡന്റാണ് നവംബർ 16ന് രാവിലെ വീട്ടിൽ തൂങ്ങിമരിച്ചത്. അനീഷിനുമേൽ സമ്മർദമൊന്നും ഉണ്ടായിട്ടില്ലെന്ന് കണ്ണൂർ കലക്ടർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയെങ്കിലും മേലുദ്യോഗസ്ഥർ സമ്മർദം ചെലുത്തിയതിന്റെ തെളിവുകൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ഇതോടെ കേരളത്തിലെ ബിഎൽഒമാർ ഒരുദിവസം ജോലി ബഹിഷ്കരിച്ച് വൻപ്രതിഷേധം ഉയർത്തുന്ന സ്ഥിതിയും സംജാതമായി.


Special Intensive Revision in bihar


എസ്ഐആറിന്റെ ആദ്യത്തെ രക്തസാക്ഷിയായാണ് കേരളത്തിലെ മാധ്യമങ്ങൾ അനീഷ് ജോർജിനെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻ കാട്ടുന്ന അമിതധൃതിയും മനുഷ്യത്വമില്ലായ്മയുമാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നാണ് പൊതുവെ മാധ്യമങ്ങളുടെ വിലയിരുത്തൽ. ജനാധിപത്യത്തെ കൊല ചെയ്യുന്ന കുറ്റവാളിയുടെ മുഖമാണ് തെരഞ്ഞെടുപ്പ് കമീഷനെന്നുപോലും ചില പത്രങ്ങൾ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. എന്നാൽ, കേന്ദ്രസർക്കാരിന്റെ വിഭാഗീയ അജൻഡ നടപ്പാക്കുന്ന തെരഞ്ഞെടുപ്പ് കമീഷനെ പ്രതിസ്ഥാനത്ത് നിർത്തുന്നത് കേരളത്തിലെ പ്രതിപക്ഷനേതാവിന് ഒട്ടും ദഹിക്കുന്നില്ല. അതിനാൽ ബിഎൽഒയുടെ ആത്മഹത്യയുടെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെ തലയിലിട്ട് മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെയും മോദി–അമിത്‌ ഷാ കൂട്ടുകെട്ടിനെയും രക്ഷിച്ചെടുക്കാനാണ് വി ഡി സതീശന്റെയും കോൺഗ്രസിന്റെയും ശ്രമം. ഗോൾവാൾക്കറുടെ ചിത്രത്തിനുമുമ്പിൽ വിളക്കുകൊളുത്തി വണങ്ങിനിൽക്കുന്ന ആളിൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലല്ലോ.


കേരളത്തിൽമാത്രമല്ല, എസ്ഐആർ നടപ്പാക്കുന്ന രാജസ്ഥാനിലും സ്കൂൾ അധ്യാപകൻ സമ്മർദം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലത്തിലെ മൈക്കയം 124–-ാംവാർഡ് ബിഎൽഒ എൻ ശ്രീജ ജോലിഭാരം കാരണം തളർന്നുവീണു. പശ്ചിമബംഗാളിലും രണ്ടു ബിഎൽഒമാർ കുഴഞ്ഞുവീണു. ഇതെല്ലാം വിരൽചൂണ്ടുന്നത് ഉദ്യോഗസ്ഥർക്ക് വേണ്ടത്ര സമയം നൽകാതെ ധൃതിപിടിച്ച് എസ്ഐആർ നടപ്പാക്കുന്നതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ്.


supreme court warns election commission


വോട്ടർപ്പട്ടിക തീവ്രപരിശോധനയ്‌ക്ക് വിധേയമാക്കുന്നതിലൊന്നും ആർക്കും എതിർപ്പില്ല. എന്നാൽ, ധൃതിപിടിച്ച് അത് നടപ്പാക്കുന്നതിലാണ് എതിർപ്പ്. കേരളത്തിന്റെ കാര്യംതന്നെ എടുക്കാം. സംസ്ഥാനം ഒരു തെരഞ്ഞെടുപ്പിന്റെ നടുക്കാണുള്ളത്. ഏറ്റവും കൂടുതൽ ജനങ്ങൾ നേരിട്ട് പങ്കെടുക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ നടക്കുകയാണ്. അതിന്റെ പ്രചാരണവും വോട്ടെടുപ്പിന്റെ തയ്യാറെടുപ്പും നടത്തുമ്പോൾത്തന്നെ എസ്ഐആർ നടത്തണമെന്നു പറയുന്നതാണ് മനസ്സിലാക്കാൻ കഴിയാത്തത്. മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പിനുപിന്നാലെ കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകും. ഇതിനിടയിൽത്തന്നെ തീവ്രപരിശോധനയും നടത്തണമെന്നു പറയുന്നതാണ് പ്രശ്നം. എസ്ഐആർ പ്രക്രിയ നീട്ടിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതാണ്. സംസ്ഥാന ചീഫ് ഇലക്‌ടറൽ ഓഫീസർ ഒന്നിലധികംതവണ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ ബിജെപി ഒഴിച്ചുള്ള എല്ലാ കക്ഷികളും തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഇടയിൽ എസ്ഐആർ നടത്തരുതെന്ന് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പുഡ്യൂട്ടി ഉള്ളവർതന്നെ എസ്ഐആർ പ്രക്രിയയിലും ഭാഗഭാക്കാണ്. സ്വാഭാവികമായും ഈ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പുഡ്യൂട്ടിയിലും എസ്ഐആർ പ്രക്രിയയിലും ഒന്നിച്ച്‌ മുഴുകേണ്ടിവരുന്നത് ഭരണസ്തംഭനത്തിനും കാരണമാകും. ഇത്‌ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ തീവ്ര പുനഃപരിശോധന നീട്ടിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഈ ഹർജി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


sir


സിപിഐ എമ്മും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മഹാരാഷ്ട്രയിൽ എസ്ഐആർ നീട്ടിവയ്‌ക്കാൻ തയ്യാറായ തെരഞ്ഞെടുപ്പ് കമീഷൻ കേരളത്തിൽ അതിന് തയ്യാറാകാത്തതിന് എന്ത് ന്യായീകരണമാണുള്ളത്. മാത്രമല്ല, കേരളത്തിൽ ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒന്പതിനുതന്നെ കരടുപട്ടിക പ്രസിദ്ധീകരിക്കുമെന്ന പിടിവാശിയിലാണ് കമീഷൻ. ബിജെപിയുടെ കൈയിലെ പാവയായി തെരഞ്ഞെടുപ്പ് കമീഷൻ അധഃപതിക്കുന്നത് പ്രതിഷേധാർഹമാണ്. തീരുമാനം പുനഃപരിശോധിക്കാൻ കമീഷൻ തയ്യാറാകാത്തത് ജനാധിപത്യവിരുദ്ധമായ സമീപനംമാത്രമല്ല, മനുഷ്യത്വരഹിതമായ സമീപനംകൂടിയാണ്. രാഷ്ട്രീയപാർടികളുടെ വികാരം മാനിക്കാൻ കഴിയാത്ത കമീഷൻ, ജനാധിപത്യത്തിന് ഭൂഷണമല്ല.


ഉദ്യോഗസ്ഥരെമാത്രമല്ല, വോട്ടർപ്പട്ടികയിൽനിന്ന്‌ വോട്ടർമാരെയും കൂട്ടക്കൊല ചെയ്യാനുള്ള ശ്രമമാണ് എസ്ഐആർ പ്രക്രിയയിലൂടെ നടക്കുന്നതെന്ന് ബിഹാർ തെളിയിച്ചു. 68 ലക്ഷത്തോളംപേരുടെ വോട്ടാണ് ഇല്ലാതാക്കിയത്. പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞ കണക്കനുസരിച്ച് 80 ലക്ഷംപേർക്കാണ് വോട്ടവകാശം നിഷേധിച്ചത്. ഇതിലധികവും സ്ത്രീകളും ദുർബല ജനവിഭാഗങ്ങളും ന്യൂനപക്ഷവുമാണ്. പശ്ചിമബംഗാൾ, കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ഈ രീതി ആവർത്തിക്കാനായിരിക്കാം തിരക്കിട്ട് എസ്ഐആർ നടപ്പാക്കുന്നത്. പ്രതിപക്ഷ സർക്കാരുകളാണ് യഥാർഥലക്ഷ്യമെന്ന വിശകലനങ്ങൾ തള്ളിക്കളയാനാകില്ല.


2002ലെ വോട്ടർപ്പട്ടികയിൽ വോട്ടറുടെയോ രക്ഷിതാക്കളുടെയോ പേര് ഉണ്ടെങ്കിൽമാത്രമേ എസ്ഐആർ കടമ്പ കടക്കാൻ കഴിയൂ എന്നു പറയുന്നതിന്റെ അർഥമെന്താണ്. 2002നുശേഷം നടന്ന അഞ്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിലും നാലു നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത വോട്ടറെ എങ്ങനെയാണ് 2002ലെ പട്ടികയിൽ ഇല്ലെന്ന കാരണത്താൽ ഒഴിവാക്കുക


1950ലെ ജനപ്രാതിനിധ്യനിയമത്തിലെ 21–-ാംവകുപ്പ് അനുസരിച്ചാണ് വോട്ടർപ്പട്ടിക തയ്യാറാക്കേണ്ടതും പുനഃപരിശോധിക്കേണ്ടതും. മുൻ ലോക്‌സഭാ സെക്രട്ടറി ജനറലായ പി ഡി ടി ആചാരി എഴുതിയതുപോലെ ‘വോട്ടർപ്പട്ടികയുടെ തീവ്രപരിശോധന എന്നത് സമഗ്രമായ, വളരെയേറെ സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടാതെ, പൊതുതെരഞ്ഞെടുപ്പ് നടക്കാത്ത വർഷങ്ങളിൽ വേണം നടത്താൻ.’ ഇത്തരം അഭിപ്രായങ്ങളൊന്നും മാനിക്കാതെ, നിയമസഭയുടെ ആവശ്യംപോലും പരിഗണിക്കാതെ കമീഷൻ എസ്ഐആർ നടപ്പാക്കുന്നതിന്റെ ഉദ്ദേശ്യം മറ്റൊന്നാണ്. നേരത്തേ, കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിച്ചതും വൻപ്രതിഷേധം ഉയർന്നതിനെ തുടർന്ന് മാറ്റിവയ്‌ക്കേണ്ടി വന്നതുമായ ദേശീയ പൗരത്വപട്ടിക വളഞ്ഞ വഴിയിൽ തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് നടപ്പാക്കാനാണ് മോദി–അമിത്ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നത്. തീവ്രപുനഃപരിശോധനയ്‌ക്ക് കമീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡോ റേഷൻ കാർഡോ പാൻ കാർഡോ ആധാർ കാർഡോ അംഗീകരിക്കാൻ കമീഷൻ തയ്യാറായിരുന്നില്ല. കമീഷൻ നൽകിയ കാർഡിനെപ്പോലും അവിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സുപ്രീംകോടതി ഇടപെട്ട് ആധാർ കാർഡ് 12–-ാമത്തെ രേഖയായി ഉൾപ്പെടുത്തിയെങ്കിലും ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കമീഷൻ വാദിക്കുന്നത് എന്തുകൊണ്ടാണ്. 2002ലെ വോട്ടർപ്പട്ടികയിൽ വോട്ടറുടെയോ രക്ഷിതാക്കളുടെയോ പേര് ഉണ്ടെങ്കിൽമാത്രമേ എസ്ഐആർ കടമ്പ കടക്കാൻ കഴിയൂ എന്നു പറയുന്നതിന്റെ അർഥമെന്താണ്. 2002നുശേഷം നടന്ന അഞ്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിലും നാലു നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത വോട്ടറെ എങ്ങനെയാണ് 2002ലെ പട്ടികയിൽ ഇല്ലെന്ന കാരണത്താൽ ഒഴിവാക്കുക. എന്തുകൊണ്ട് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുസമയത്ത്‌ തയ്യാറാക്കിയ വോട്ടർപ്പട്ടിക അടിസ്ഥാനമാക്കുന്നില്ല -തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് കമീഷൻ ഉത്തരം നൽകേണ്ടതുണ്ട്.


ഭരണഘടനയിലെ 326–-ാംവകുപ്പ്‌ അനുസരിച്ച് വോട്ടർമാർ ഇന്ത്യൻ പൗരന്മാരായിരിക്കണം. എന്നാൽ, ആരാണ് പൗരൻ എന്നു നിശ്ചയിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷനില്ല. പൗരത്വം രജിസ്റ്റർ ചെയ്യാനും അത് പരിശോധിക്കാനുമുള്ള അധികാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ്. ഈ ചുമതല എന്തിനാണ് കമീഷൻ ഏറ്റെടുക്കുന്നത് എന്ന സംശയമാണ് ഉയരുന്നത്. ബിജെപിയുടെ വിജയം ഉറപ്പിക്കാൻ മുഴുവൻസമയവും പ്രവർത്തിക്കുന്ന അമിത് ഷായ്‌ക്ക് സമയക്കുറവ് ഉണ്ടാകുമെന്നതും സ്വാഭാവികം. ഏതായാലും അമിത് ഷായും തെരഞ്ഞെടുപ്പ് കമീഷനുമെല്ലാം ചേർന്ന് നശിപ്പിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെയാണ്.




deshabhimani section

Dont Miss it

Recommended for you

Home