തീവ്ര പുനഃപരിശോധനയിലെ അപാകങ്ങൾ


പി ഡി ടി ആചാരി
Published on Nov 16, 2025, 11:06 PM | 4 min read
തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, പുതുച്ചേരി, ആൻഡമാൻ–നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിങ്ങനെ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാന സർക്കാരുകളിൽനിന്ന് ഉയരുന്നത്. ചില സംസ്ഥാനങ്ങൾ ഇതിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ബിഹാറിലും തെരഞ്ഞെടുപ്പ് കമീഷൻ ജൂൺ മുതൽ പ്രത്യേക തീവ്രപുനഃപരിശോധന നടത്തിയിരുന്നു. അവിടെ നിയമസഭാ തെരഞ്ഞെടുപ്പും പൂർത്തിയായി. ഇത്ര ബൃഹത്തായ പരിശോധന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ധൃതിപ്പെട്ട് നടത്തിയതിലെ അസാധാരണത്വം അടക്കം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. 2024ൽ വോട്ടർപ്പട്ടിക പരിശോധന നടന്ന സാഹചര്യത്തിൽ, വീണ്ടുമൊരു തീവ്ര പുനഃപരിശോധന നടത്താൻ കമീഷന് അധികാരമില്ലെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും അവർ കോടതിയിൽ ചൂണ്ടിക്കാട്ടി. വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സുപ്രീംകോടതി ചില ഇടക്കാല നിർദേശങ്ങൾ നൽകിയെങ്കിലും ഭരണഘടനാപരമായ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
2002–03 ലാണ് അവസാനമായി എസ്ഐആർ നടത്തിയതെന്നും, അതിനുശേഷം വൻതോതിലുള്ള നഗരവൽക്കരണം, കുടിയേറ്റം, മരണം എന്നിവമൂലം വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജനസംഖ്യാപരമായ സമകാലിക യാഥാർഥ്യം പ്രതിഫലിപ്പിക്കാൻ സമഗ്രമായ പുനഃപരിശോധന ആവശ്യമാണെന്നുമാണ് ബിഹാർ എസ്ഐആറിന് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ന്യായീകരണം.
സമയത്തിലെ പ്രശ്നം
വോട്ടർപ്പട്ടികയുടെ സമഗ്ര പുനഃപരിശോധന നടത്താൻ കമീഷന് നിയമപരമായി അധികാരം ഉണ്ടെന്നതിൽ തർക്കമില്ല. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ശേഷിക്കെ ഇത് എന്തിനു ചെയ്യണം എന്ന ചോദ്യത്തിനാണ് ഉത്തരം ഇല്ലാത്തത്. തീവ്ര പുനഃപരിശോധനയിൽ എന്യൂമറേറ്റർമാർ ഓരോ വീടും സന്ദർശിക്കണം, വിവരങ്ങൾ ശേഖരിക്കണം, എതിർപ്പുകളും തർക്കങ്ങളും പരിഹരിക്കണം, അപ്പീലുകൾ പരിഗണിക്കണം. അതിബൃഹത്തായ പ്രവർത്തനമാണത്. 2003 മുതൽ 2024 വരെ ലോക്‌സഭയിലേക്ക് അഞ്ചും അനേകം സംസ്ഥാന തെരഞ്ഞെടുപ്പുകളും നടന്നു. അപ്പോഴൊന്നും കമീഷൻ എസ്ഐആർ നടത്തിയിട്ടില്ല എന്നിരിക്കെ, ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ ബൂത്തിലേക്ക് നീങ്ങാൻ മാസങ്ങൾ മാത്രം ശേഷിക്കവെയും, എസ്ഐആർ നടത്താൻ തീരുമാനിച്ചത് സംശയകരമാണ്.
1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 21 പ്രകാരമാണ് വോട്ടർപട്ടികയുടെ തയ്യാറാക്കലും പുനഃപരിശോധനയും. ലോക് സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പായും, തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചാൽ ‘ഏതു വർഷം വേണമെങ്കിലും' പട്ടിക പുതുക്കാമെന്ന് ഈ വകുപ്പ് പറയുന്നു.

പുനഃപരിശോധനയും വോട്ടറുടെ പൗരത്വവും
ഒരു മണ്ഡലത്തിലോ അതിന്റെ ഒരു ഭാഗത്തോ പ്രത്യേകമായ പരിശോധന നടത്താനും ഈ വകുപ്പ് കമീഷന് അധികാരം നൽകുന്നുണ്ട്. ഒന്നുകൂടി ശ്രദ്ധിച്ചു വായിച്ചാൽ, പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള പട്ടിക പുതുക്കൽ നിർബന്ധമാണെന്നും മറ്റു പരിശോധനകൾ കമീഷൻ നിർദേശിക്കുമ്പോൾ നടത്തേണ്ടതാണെന്നും മനസ്സിലാകും. ഇത്തരം പ്രത്യേക പരിശോധനകൾ നിർദേശിക്കുമ്പോൾ, അതിനുള്ള കാരണംകൂടി കമീഷൻ രേഖപ്പെടുത്തണം എന്നും വ്യവസ്ഥ ചെയ്യുന്നു.
1960 ലെ രജിസ്‌ട്രേഷൻ ഓഫ് ഇലക്ടേഴ്‌സ് റൂൾസിന്റെ 25–ാം വകുപ്പ് കൂടുതൽ ആഴത്തിൽ പഠിച്ചാൽ, 21(2)(എ) പ്രകാരം തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്നത് വോട്ടർപ്പട്ടികയുടെ ഉള്ളടക്ക പരിശോധന ആണെന്നും 21(2)(ബി) പ്രകാരം ‘ഏതു വർഷവും' നടത്താവുന്നത് തീവ്ര പുനഃപരിശോധന ആണെന്നും വ്യക്തമാകും. തീവ്ര പുനഃപരിശോധന എന്നത് പുതിയ വോട്ടർപ്പട്ടിക തയ്യാറാക്കുന്നതിന് തത്തുല്യമാണ്.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, തീവ്ര പുനഃപരിശോധന എന്നത് സമഗ്രമായ, വളരെയേറെ സമയമെടുത്തു ചെയ്യേണ്ടതാണ്. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടാതെ, പൊതുതെരഞ്ഞെടുപ്പ് നടക്കാത്ത വർഷങ്ങളിൽ വേണം നടത്താൻ. വോട്ടെടുപ്പിന് രണ്ടുമാസം മാത്രം മുമ്പായി എസ്ഐആർ നടത്തിയത് 1950ലെ ജനപ്രാതിനിധ്യ നിയമവുമായി പൊരുത്തപ്പെടുന്നതല്ല.
എസ്ഐആർ ചർച്ചകളിൽ ഉയർന്ന മറ്റൊരു വിഷയം പൗരത്വം തെളിയിക്കാൻ കമീഷൻ ആവശ്യപ്പെട്ട രേഖകളുടെ സ്വഭാവമാണ്. ഭരണഘടനയുടെ 326–ാം വകുപ്പ് പ്രകാരം വോട്ടർ ഇന്ത്യൻപൗരൻ ആയിരിക്കണം. അതുകൊണ്ടുതന്നെ, വോട്ടർപ്പട്ടികയിൽ പേര് ചേർക്കുമ്പോൾ പൗരത്വം തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്. എസ്ഐആറിനായി തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ട രേഖകളിൽ ആധാർ ഉൾപ്പെട്ടിരുന്നില്ല. ആധാർ പൗരത്വത്തിന്റെ തെളിവല്ല എന്നാണ് കമീഷന്റെ വാദം.

ആധാർ തിരിച്ചറിയൽ രേഖയായി അംഗീകരിക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ കമീഷനോട് നിർദേശിച്ചു. എന്നാൽ, യഥാർഥ ചോദ്യം ഇതാണ്: ഇന്ത്യൻ ജനതയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ഏതൊക്കെയാണ് എന്ന് നിശ്ചയിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് എന്താണ് അധികാരം?
ഭരണഘടനയുടെ 5–11 വരെ അനുച്ഛേദങ്ങളും 1955 ലെ പൗരത്വ നിയമവുമാണ് പൗരത്വ മാനദണ്ഡങ്ങൾക്ക് അടിസ്ഥാനം. ജനനം, പിന്തുടർച്ച, രജിസ്ട്രേഷനും പൗരത്വസ്വാംശീകരണവും എന്നീ മാർഗങ്ങളിലൂടെയാണ് ഒരാൾക്ക് പൗരത്വം ലഭിക്കുക.
എസ്ഐആറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ശ്രദ്ധിക്കേണ്ട വിഷയം, തെരഞ്ഞെടുപ്പ് കമീഷൻ അല്ല, മറിച്ച് ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ സംബന്ധമായ നിയമം കൈകാര്യം ചെയ്യുന്നത് എന്നതാണ്. വോട്ട് ചെയ്യാൻ പൗരൻ ആയിരിക്കണം എന്നിരിക്കെ, വോട്ടർപ്പട്ടിക തയ്യാറാക്കുമ്പോൾ പൗരത്വം അതീവ പ്രധാനമാണ്. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടർപ്പട്ടിക തയ്യാറാക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷന് മാത്രവുമാണ്. എന്നാൽ, കമീഷൻ എങ്ങനെയാണ് പൗരത്വം നിശ്ചയിക്കുക? വോട്ടറുടെ പൗരത്വം തെളിയിക്കാനുള്ള രേഖകൾ നിശ്ചയിക്കാൻ കമീഷന് കഴിയുമോ?
ഉത്തരം ലളിതമാണ്. പൗരത്വം തെളിയിക്കുന്ന രേഖകൾ ഏതൊക്കെയെന്ന് നിശ്ചയിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മാത്രമാണ് ആ അധികാരം. സർക്കാർ വിജ്ഞാപനം ചെയ്ത രേഖകൾ പരിശോധിച്ചു സ്ഥിരീകരിക്കാൻ മാത്രമേ കമീഷന് കഴിയൂ. പൗരത്വം നിർണയിക്കാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്നും, അതിലേക്കായി ചില പ്രത്യേക രേഖകൾ സ്വീകരിക്കില്ലെന്നും പറയുന്നത് നിയമപരമായി ശരിയല്ല.
പ്രശ്നം എന്താണെന്നു വച്ചാൽ, പൗരത്വം തെളിയിക്കാൻ വോട്ടർമാർ സമർപ്പിക്കേണ്ട രേഖകളുടെ സമഗ്ര പട്ടിക ആഭ്യന്തര മന്ത്രാലയം ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല. സർക്കാർ ഇത്തരമൊരു പട്ടിക ഇറക്കണമെന്ന് 326–ാം അനുച്ഛേദം വ്യക്തമായി നിഷ്‌കർഷിക്കുന്നു. ഇത്തരമൊരു പട്ടികയുടെ അഭാവത്തിൽ, ഏതൊക്കെ രേഖകൾ വേണമെന്ന് നിശ്ചയിക്കാനുള്ള അധികാരം കമീഷൻ സ്വന്തം കൈയിൽ എടുത്തിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിൽ നിക്ഷിപ്‌തമായിരിക്കുന്ന ഈ അധികാരം കമീഷന് പ്രയോഗിക്കാനാകുന്നത് എങ്ങനെയാണ്?
നിർണായക വിധി
ബിഹാറിൽ 2024 വരെ വോട്ടർപ്പട്ടികയിൽ ഉണ്ടായിരുന്ന എത്ര പേരെ, പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാനായില്ല എന്ന ഒറ്റക്കാരണത്താൽ, എസ്ഐആറിലൂടെ ഒഴിവാക്കി എന്നത് ഇനിയും വ്യക്തമായിട്ടില്ല. 1995 ലെ ലാൽ ബാബു ഹുസൈൻ ആൻഡ് അദേഴ്‌സ് vs ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ ആൻഡ് അദേഴ്‌സ് കേസിലെ സുപ്രീംകോടതി വിധി ഇവിടെ പ്രസക്തമാകുന്നു. അത് ഇങ്ങനെയാണ്: “വോട്ടർപട്ടികയിൽ ഒരു വ്യക്തിയുടെ പേര് ഉണ്ടെങ്കിൽ, അയാളുടെ പേര് ചേർക്കും മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അതിന് ആവശ്യമായതും ചട്ടങ്ങൾ അനുശാസിക്കുന്നതുമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുള്ളതായി കണക്കാക്കണം.”
സർക്കാരോ സർക്കാർ ഏജൻസികളോ ഏകപക്ഷീയമായ നടപടികൾ എടുക്കരുതെന്ന് 14–ാം അനുച്ഛേദം കർശനമായി നിഷ്‌കർഷിക്കുന്നു. നീതിയുക്തമായ നടപടിക്രമങ്ങളില്ലാതെ ഒരാളുടെയും അവകാശങ്ങൾ ഹനിക്കാനാകില്ലെന്ന് 21–ാം അനുച്ഛേദം വ്യക്തമാക്കുന്നു. നിയമപരവും ഭരണഘടനാപരവുമായ അധികാരങ്ങൾ കൈയാളുന്ന എല്ലാ കേന്ദ്രങ്ങളും ഈ ഭരണഘടനാ നിർദേശങ്ങൾ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
(ദ ഹിന്ദുവിനോട് കടപ്പാട്)
(ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ് ലേഖകൻ)














