ഉലയുമോ ഉരുക്കുവനിത


വിജേഷ് ചൂടൽ
Published on Nov 18, 2025, 03:01 AM | 2 min read
1975 ആഗസ്‌ത് 15-ന് സൈനിക അട്ടിമറിയിൽ മാതാപിതാക്കളും സഹോദരങ്ങളും നഷ്ടമായ കൂട്ടക്കൊല നടക്കുന്പോൾ ഇരുപത്തെട്ടുകാരി ഹസീന വിദേശത്തായിരുന്നു. ആറുവർഷം ഇന്ത്യയിലെ അഭയത്തിനുശേഷം വീറോടെ തിരിച്ചെത്തി രണ്ടു പതിറ്റാണ്ട് നയിച്ച രാജ്യം,തന്നെ തൂക്കിലേറ്റാൻ വിധിച്ച വാർത്ത ബംഗ്ലാദേശിന്റെ ‘ഉരുക്കുവനിത’ അറിയുന്നത് അതിർത്തിക്കിപ്പുറത്തിരുന്നാണ്. 2024ലെ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം ഉപേക്ഷിക്കേണ്ടിവന്ന ഷെയ്‌ഖ് ഹസീന ഇന്ത്യയിലാണുള്ളത്. 20 വർഷത്തോളം പ്രധാനമന്ത്രിക്കസേരയിലിരുന്ന് ലോകചരിത്രത്തിന്റെ ഭാഗമായ വനിതയാണ് വീണ്ടും മരണം ഭയന്ന് അഭയാർഥിയായിരിക്കുന്നത്.
2024 ജൂലൈ-–ആഗസ്ത് മാസങ്ങളിലെ പ്രതിഷേധത്തിനിടെ നടന്ന വംശഹത്യയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തരമന്ത്രി അസദുസ്‌മാൻ ഖാൻ കമാലിനെയും തൂക്കിലേറ്റാൻ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ- തിങ്കളാഴ്ച ഉത്തരവിട്ടത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ, 2024 ജൂലൈ–-ആഗസ്ത് മാസങ്ങളിലെ അക്രമത്തിനിടെ നടന്ന വംശഹത്യക്ക് അവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് ഉത്തരവിട്ടത്. ഹസീനയ്‌ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. ആയിരംവട്ടം തൂക്കിലേറ്റിയാലും മതിയാകില്ലെന്ന് തെരുവുകളിലിറങ്ങിയ എതിരാളികളും വിളിച്ചുപറഞ്ഞു. അതേസമയം, ഇന്ത്യ കൈമാറാൻ തയ്യാറാകാത്തിടത്തോളം കാലം ബംഗ്ലാദേശിൽ ഹസീനയുടെ ആരാച്ചാർ കാത്തിരുന്ന് നിരാശപ്പെടും.

ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്രമായതിന് തൊട്ടടുത്തമാസം 1947 സെപ്‌തംബർ 28നാണ് അന്നത്തെ കിഴക്കൻ പാകിസ്ഥാനിലെ തുംഗിപരയിൽ ഹസീനയുടെ ജനനം. പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാൻ 1971ൽ ഇന്ത്യയുടെ സഹായത്തോടെ ബംഗ്ലാദേശിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്പോൾ ഹസീനയ്‌ക്ക് 24 വയസ്സ്. ബംഗ്ലാദേശിന്റെ സ്വത്വത്തെത്തന്നെ നിർവചിച്ച കുടുംബത്തിലെ അംഗമായ അവർ, പിന്നീട് നാലുവട്ടം ബംഗ്ലാദേശിന്റെ ഭരണസാരഥ്യത്തിലെത്തി ലോകത്ത് ഏറ്റവും കൂടുതൽ കാലം രാഷ്‌ട്രഭരണാധികാരിയായ വനിതയെന്ന റെക്കോഡും സ്വന്തമാക്കി. ധാക്ക സർവകലാശാലയിൽനിന്ന് ബംഗാളിസാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയ ഹസീന, വിദ്യാർഥിരാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്. അച്ഛനും അമ്മയും മൂന്ന് സഹോദരന്മാരും മറ്റു നിരവധി കുടുംബാംഗങ്ങളും കൊല്ലപ്പെട്ട 1975 ആഗസ്തിലെ സൈനിക അട്ടിമറിക്കുശേഷം ഹസീനയുടെ ജീവിതം പ്രതിസന്ധിയിലായി.
വിദേശത്തായിരുന്നതിനാൽ മാത്രമാണ് ഹസീനയും ഇളയസഹോദരി റെഹാനയും കൊല്ലപ്പെടാതിരുന്നത്. ഇന്ത്യ അവർക്ക് അഭയം നൽകി. ആറുവർഷത്തിനുശേഷം, 1981 മേയിൽ ബംഗ്ലാദേശിലേക്ക് മടങ്ങിയ ഹസീനയെ അവാമി ലീഗ് പാർടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അതേവർഷമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി സ്ഥാപകനായ പ്രസിഡന്റ് സിയാവുർ റഹ്‌മാൻ കൊല്ലപ്പെടുന്നത്. റഹ്‌മാന്റെ ഭാര്യ ഖാലിദ സിയയുമായി സെെനികഭരണത്തിനെതിരെ ഒരേ നിലപാടിലായിരുന്നെങ്കിലും നേർക്കുനേർ ഏറ്റുമുട്ടലായി പിന്നീട് ഹസീനയുടെ രാഷ്‌ട്രീയജീവിതം. ‘ബാറ്റ്‌ലിങ് ബീഗങ്ങൾ' മൂന്നുപതിറ്റാണ്ടിലേറെ ബംഗ്ലാദേശി രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുക്കളായി.
കടുത്ത മത്സരം നടന്ന 1996-ലെ തെരഞ്ഞെടുപ്പിലാണ് ഖാലിദ സിയയെ പരാജയപ്പെടുത്തി ഹസീന ആദ്യമായി പ്രധാനമന്ത്രിയായത്. 2001-ൽ പരാജയപ്പെട്ടെങ്കിലും 2008-ൽ വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തി. തുടർന്ന് 2014, 2018, 2024 വർഷങ്ങളിൽ വൻ ഭൂരിപക്ഷത്തോടെയാണ് ഹസീനയുടെ നേതൃത്വത്തിൽ അവാമി ലീഗ് സഖ്യം ബംഗ്ലാദേശിൽ അധികാരം നിലനിർത്തിയത്. തുടർച്ചയായി 16 വർഷത്തോളം ഹസീന ബംഗ്ലാദേശിന്റെ ചോദ്യംചെയ്യപ്പെടാത്ത നേതാവായി തുടർന്നു. ഇക്കാലത്ത് ബംഗ്ലാദേശ് ദ്രുതഗതിയിലുള്ള സാമ്പത്തികവളർച്ചയും അടിസ്ഥാനസൗകര്യ വികസനവും കൈവരിച്ചു. ദാരിദ്ര്യനിർമാർജനത്തിലും പുരോഗതിയുണ്ടായി. അതേസമയം വിമർശകർക്കെതിരായ നടപടികൾ, മാധ്യമനിയന്ത്രണം, പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്, സുരക്ഷാസേനയുടെ അധികാരം വർധിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഹസീനയ്‌ക്കെതിരെ ഉയർന്നു.
സ്വാതന്ത്ര്യസമരസേനാനികളുടെ മക്കൾക്ക് സർക്കാർജോലിയിൽ സംവരണം ഏർപ്പെടുത്തുന്നതിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രകടനങ്ങളാണ് ഹസീനയുടെ സർക്കാരിനെതിരായ രാജ്യവ്യാപക പ്രക്ഷോഭമായി ആളിപ്പടർന്നത്. സുരക്ഷാസേനയെ ഉപയോഗിച്ചുള്ള അടിച്ചമർത്തലിന് സർക്കാർ ഒരുന്പെട്ടതോടെ സംഘർഷം വ്യാപിച്ചു. 2024 ജൂലൈ 15നും ആഗസ്‌ത് 15നുമിടയിൽ നടന്ന പ്രക്ഷോഭത്തിൽ 1400 പേർ കൊല്ലപ്പെട്ടതായാണ് യുഎൻ റിപ്പോർട്ട്. 2024 ആഗസ്ത് അഞ്ചിന് അധികാരത്തിൽനിന്ന് പുറത്തായ ഹസീനയ്‌ക്ക് ജീവനുംകൊണ്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഹസീനയെ പുറത്താക്കിയതിനെ തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നിലവിൽവന്നു. യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാൻ ഹസീന ഉപകരണമാക്കിയ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ (ഐസിടി) 2024-ലെ അടിച്ചമർത്തലുമായി ബന്ധപ്പെട്ട് ഹസീനയെ അവരുടെ അഭാവത്തിൽ വിചാരണ ചെയ്യുകയും തൂക്കുകയർ വിധിക്കുകയുമാണ് ചെയ്‌തത്.














