‘ഷാൽ ഐ റിമൈൻഡ് യൂ സംതിങ് ’

എന്‍ എസ് സജിത്
Published on Oct 12, 2025, 09:56 PM | 2 min read
മാത്തുട്ടീ ജ്ജ് ബമ്പനാടാന്ന് ആദ്യം സർട്ടീറ്റ് ഒപ്പിട്ട് കൊടുത്തത് ഷാജിക്കാക്യാണ്. മൈക്കിന് മുന്നിൽ അങ്ങനെ വിയർത്തൊഴുകാണ് മൂപ്പര്. ഇഞ്ചിക്കാട്ടിലിറങ്ങിയ കാട്ടുപന്നീന്റെ ചേല്‌ക്ക് സിപിഎമ്മിനേം പിണറായി വിജയനേം മുയ്‌മനും കുത്തിമറിക്കാനുള്ള തണ്ടും തടിയുമുണ്ട് ഷാജിക്ക്. ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലെങ്കിലും, ഇഡിയെപ്പോലും പേടിക്കാത്ത അപ്പർ ബോഡി തെക്കോട്ടും വടക്കോട്ടും ആട്ടിക്കൊണ്ട് അഴീക്കോട് മുന്നെമ്മെല്ലെ ഷാജിക്ക മാത്തുട്ടീനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ‘ഓനെപ്പോലൊരു സുജായീനെ കേരളം കണ്ട്‌ക്ക്‌ണോ? സിപ്പീയെമ്മുകാരേ നിങ്ങൾ കാണുന്ന ആപ്പഉൗപ്പ വക്കീലൊന്നുമല്ല ഓൻ. ഹൗ.. എന്താ ഓന്റൊരു കിബറ്. ഒരു വക്കീലാപ്പീസ് തന്നെ കൗത്തില് കെട്ടിനടക്കണോനോ ഓൻ. സുപ്രീംകോടതിയിലെ പുലി. നോട്ട് ദ പോയന്റ് യുവറോണർ എന്ന് ചെറുവിരലുയർത്തി ഓന്റൊരു ചേറ്യ വാദത്തിന് മുന്നിൽ എൽഡിഎഫിന്റെ സർക്കാരും ഓലെ മുഖ്യമന്ത്രി പിണറായി വിജയനും തവിടുപൊടി. കണ്ടോളിങ്ങള്.’ താമരശേരി ചുരത്ത്‌മ്മ്‌ന്ന് ബ്രെയ്‌ക്ക് പോയ വണ്ടി ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ തെറ്റിപ്പോയാൽ ഞാനും എൻജിനും തവിടുപൊടി എന്ന് കുതിരവട്ടം പറഞ്ഞ അതേ ഇൗണം. ഷാജിക്കായല്ലേ പറഞ്ഞത്. എല്ലാരും ഒന്നു ഞെട്ടി.
എജ്ജാതി ബിൽഡപ്പ്. നരസിംഹത്തിൽ ഇന്ദുചൂഡൻ ഒരു വക്കീലിനെപ്പറ്റി പറയുന്നില്ലേ. നന്ദഗോപാൽ മാരാർ. വോ തന്നെ തന്നെ.. സുപ്രീംകോടതിയിലെ റോറിങ് ലയൺ അഥവാ ഗർജിക്കുന്ന സിങ്കം എന്നായിരുന്നല്ലോ മാരാരെക്കുറിച്ച് ആ ലക്കം ഇന്ത്യാ ടുഡേ കവർ സ്റ്റോറിയുടെ തലക്കെട്ട്. എത്രയോ കേസിൽ എതിർകക്ഷികളെ ചെണ്ട കൊട്ടിച്ചു. ഒരു സിറ്റിങ്ങിന് രണ്ടും മൂന്നും ലക്ഷമാണ് മാരാർക്ക് ഫീസ്. (ഇന്നത്തെ രണ്ടു ലക്ഷമല്ല, 20 കൊല്ലം മുമ്പത്തെ പൈശ. പക്ഷേ പഴയ ദോസ്‌ത് ഇന്ദുചൂഡനോട് ഫീസ് വാങ്ങില്ല) മൂപ്പരാണ് ഷാൽ ഐ റിമൈൻഡ് യൂ സംതിങ് എന്നൊക്കെ പറഞ്ഞ് ഇന്ദുചൂഡന്റെ അച്ഛനെ കൊലക്കേസിൽനിന്ന് ട്രയൽ പൂർത്തിയായ അന്നുതന്നെ റിലീസാക്കുന്നത്. ഹോ...ഗൂസ്‌ബംബ്‌സ്. കൈകാലുകളിലെ ശ്‌മശ്രു മക്കളേ പ്ലീസ് ഒന്ന് പൊടിക്കടങ്ങ്. കാര്യവട്ടത്തിലേക്ക് തിരിച്ച് വരട്ടെ. അങ്ങനെ അച്ചേല്‌ക്ക് പിണറായി വിജയനെ കുടുംബത്തോടെ തീർക്കാൻ ഒരുമ്പെട്ട് അവതരിച്ചവനാണ് ഷാജിക്കാന്റെ മാത്യു കുഴൽനാടൻ. മാരാര് വക്കീല് കുറിച്ച് നൽകിയ വലിയ ചന്ദനാദി എണ്ണ തലയിൽ തേച്ച് കുളിക്കാൻ മറന്നവർക്കുപോലും അതൊക്കെ ഇപ്പോഴും നല്ല ഓർമണ്ട്.
ചെക്കന്റെ പ്രാന്തിന് കുറവുണ്ടോ? ഓ... പ്രാന്തൊക്കെ ശരിക്കും മാറി. ഇപ്പോൾ ഒലക്ക കൊണ്ടാണ് കോണകമുടുക്കുന്നത് എന്ന പോലെയായി ഒടുക്കം കാര്യങ്ങൾ. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ മനോരമ ഡൽഹി ബ്യൂറോയിലെ ആസ്ഥാന ഷെർലക് ഹോംസ് കൊടുത്ത വാർത്ത തെളിവാക്കി വ്യവഹാരം നടത്തിയപ്പോൾ വിജിലൻസ് കോടതി, ഹൈക്കോടതി, അതുക്കും മേലെ സുപ്രീംകോടതിയിൽനിന്നുവരെ കോമ്പലയായി അടിതന്നെ അടി. എത്ര കാലം കുഴലിലിട്ടാലും വാൽ നിവരില്ല. എത്ര അടികിട്ടിയാലും കുഴൽനാടൻ തളരില്ല. ഒലക്ക കൗപീനമാക്കുക മാത്രമല്ല, അതുകെട്ടാനുള്ള ചരട് ഒലക്കേമ്‌ന്ന് ചീന്തിയെടുക്കാൻ ശേഷിയുള്ള ഉഗ്രമൂർത്തി. സുപ്രിംകോടതിയിൽ തോറ്റാലെന്താ? ഹേഗിൽ അന്താരാഷ്‌ട്ര നീതിന്യായ കോടതിയുണ്ട്. അവിടെ പോകും. അവിടെയും നീതി കിട്ടിയില്ലെങ്കിൽ പിന്നെയാണ് അവസാനത്തെ കടുംകൈ. ഹരിയാനയിൽ ഖാപ് പഞ്ചായത്തുകളുണ്ട്. എന്താ മോശാണോ?.
പണ്ട് യൂണിവേഴ്‌സിറ്റി പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിന് കൈയോടെ പിടിച്ച് ഡീബാർ ചെയ്‌തപ്പോൾ കുലുങ്ങിയിട്ടില്ല കേളൻ. ആരാന്റെ ഭൂമി വെട്ടിപ്പിടിച്ച് സ്വന്തം ഭൂമിയോട് കൂട്ടിച്ചേർത്തപ്പോൾ കുലുങ്ങിയിട്ടില്ല കുഴൽനാടൻ. എന്തുതിരിച്ചടിയുണ്ടായാലും പത്ത് ഏഫോർ കള്ളാസ് കൂട്ടിപ്പിടിച്ചൊരു പെർഫോമൻസുണ്ട്. അതിലത്രയും മുഖ്യമന്ത്രിയെ കുടുക്കാനുള്ള രേഖയാണ്. ചാനലുകളെയും മനോരമയെയും വിശ്വസിപ്പിക്കാൻ അതൊക്കെ മതി. തെളിവായി ഉയർത്തിപ്പിടച്ച ആ കടലാസിൽ എന്തുണ്ടെന്ന് കുഴൽനാടൻ വക്കീലിനോ അത് അന്തംവിട്ട് കേട്ടിരിക്കുന്ന മനോരമയിലെയും ചാനലുകളിലെയും അന്വേഷണാത്മക ഹോംസുമാർക്ക് അറിയില്ല. എന്നാലും വാർത്തയ്‌ക്കുണ്ടോ വല്ല പഞ്ഞവും. അതുംകൊണ്ട് സുപ്രീംകോടതിയിൽ ചെന്നാൽ എന്താവും കഥ. കുഴൽനാടൻ ഇടതുകൈയിൽ ഉയർത്തിപ്പിടിക്കുന്ന രേഖകൾ ഒന്നും മനസ്സിലായില്ലെങ്കിലും എന്തെങ്കിലുമൊക്കെ ഉണ്ടെന്ന് അക്ഷരസ്‌നേഹികളായ മാധ്യമപ്രവർത്തകർ വിശ്വസിക്കും. അതുപോലെ ഓണറബിൾ ജസ്‌റ്റിസുമാർ വിശ്വസിക്കണമെന്ന് വാശിപിടിക്കാൻ വയ്യല്ലോ. എതായാലും അതിലെ മണ്ടത്തരം സഹിക്കാതെ ബഹുമാനപ്പെട്ട കോടതി എടുത്തെറിഞ്ഞ കടലാസുകൾക്ക് മഥുര റോഡും പ്രഗതി മൈതാനും കടന്ന് യമുനാജിയിലെ മലിനജലത്തിൽ ജ്‌ഞാനസ്‌നാനം ചെയ്യാനുള്ള യോഗഭാഗ്യമുണ്ടായി. ജസ്റ്റിസുമാരുടെ പരിഹാസം നിറഞ്ഞ മുഖത്തെഴുത്ത് ശിരസ്‌തദാർ ഇങ്ങനെ വായിച്ചെടുത്തു: ‘‘ലവന്റെ നിയമബിരുദം സ്‌ക്രാച്ച് ആൻഡ് വിന്നിലൂടെ കിട്ടിയതാണോ അതോ ഹോർലിക്‌സ് വാങ്ങിയപ്പോൾ ഫ്രീ കിട്ടിയതോ?.’’













