ഷാജി എൻ കരുൺ യാത്രയാകുമ്പോൾ

ഷാജി എൻ കരുൺ - ഫോട്ടോ: ബി ജയചന്ദ്രൻ
എംബിബിഎസ് പഠനത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ച ഷാജി എൻ കരുൺ അതുപേക്ഷിച്ച് ഫോട്ടോഗ്രഫി പഠിക്കാൻ പൂണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ചേരാൻ തീരുമാനിച്ചത് യാദൃച്ഛികമായിരുന്നില്ല. ഒരിക്കൽ ഈ തെരഞ്ഞെടുപ്പിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മറുപടിയായി പറഞ്ഞത് അദ്ദേഹത്തിന്റെ ജീവിതദർശനവും കർമപഥവും തിരിച്ചറിയാൻ കഴിയുന്നതായിരുന്നു.
‘‘ഒരു ഡോക്ടർ ആയി മാറുമ്പോൾ നമ്മൾക്കു നൽകാൻ കഴിയുന്ന ശുശ്രൂഷയും കരുണയും നമ്മൾ തെരഞ്ഞെടുക്കുന്ന മറ്റൊരു മാധ്യമത്തിലൂടെയും നൽകാൻ കഴിയും, അല്ലെങ്കിൽ കഴിയണം. എന്നെ സംബന്ധിച്ചിടത്തോളം സിനിമകൊണ്ട് അങ്ങനെ ചെയ്യാൻ കഴിയുമെന്ന ധാരണ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ സിനിമാട്ടോഗ്രഫി തെരഞ്ഞെടുന്നത്.’’
മേൽ സൂചിപ്പിച്ച വാക്കുകളിലൂടെ ഷാജിയുടെ കലയെയും പ്രവർത്തനത്തെയും സമീപിക്കുമ്പോൾ അവിടെയെല്ലാം ഒരു ഭിഷഗ്വരന് സ്വായത്തമാകേണ്ട സഹജീവിസ്‌നേഹവും പ്രതിബദ്ധതയും വ്യാപരിച്ചു നിൽക്കുന്നതുകാണാം. സിനിമയെന്നാൽ സമീപകാലം വരെ 'ഫിലിമും സെല്ലുലോയ്‌ഡു’മായിരുന്നപ്പോൾ ഫോട്ടോഗ്രഫി സർഗാത്മകതയും എൻജിനിയറിങ്ങും ചേർന്ന അത്യധികം കണിശത ആവശ്യപ്പെടുന്ന മേഖലയായിരുന്നു.
ഫിലിം എന്ന പദാർഥത്തിന്റെ ദൈർഘ്യത്തിനനുസരിച്ച് ചലച്ചിത്രത്തിന്റെ സാമ്പത്തിക ചെലവ് നിർണയിക്കപ്പെട്ടിരുന്ന അക്കാലത്ത് ഓരോ ഷൂട്ടിങ്ങുകളും ക്യാമറാ കേന്ദ്രീകൃതമായിരുന്നു. ഏതെങ്കിലുമൊരു ഭാഗം കൂട്ടിച്ചേർക്കുകയോ വീണ്ടും ഷൂട്ടു ചെയ്യുകയോ വേണമങ്കിൽ സിനിമയുടെ വിവിധ പ്രവർത്തനങ്ങളെയും ബജറ്റിനെയും നിർണായകമായി ബാധിക്കുകയും ചെയ്യുമായിരുന്നു.
ഭാരിച്ച ബജറ്റില്ലാതെ നിർമിക്കപ്പെടുന്ന നല്ല സിനിമകൾക്ക് ഉത്തരവാദിത്വവും പ്രതിബദ്ധതയുമുള്ള ഛായാഗ്രാഹകൻ അത്യന്താപേക്ഷിതവുമായിരുന്നു. ഷാജി എൻ കരുൺ ഛായാഗ്രാഹകനായി എത്തിച്ചേരുന്ന കാലം മലയാളത്തിലെ നവസിനിമയുടെ ആരംഭകാലമായിരുന്നെന്നു പറയാം. അടൂരിന്റെ സ്വയംവരം, എം ടിയുടെ നിർമാല്യം, പിന്നീട് അരവിന്ദന്റെ ഉത്തരായനം എന്നീ ചലച്ചിത്രങ്ങൾ എഴുപതുകളുടെ ആദ്യപകുതിയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.
മധു അമ്പാട്ട് 'ഞാവൽപ്പഴങ്ങൾ’ എന്ന ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം ആരംഭിച്ചിരിക്കെ നെല്ലിയാമ്പതിയിൽവച്ച് അസുഖബാധിതനായതിനെത്തുടർന്ന് പകരം ഒരാളെ നിർദേശിച്ചത്, അന്ന് പൂണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന് പാസായി വന്ന ഷാജി എന്ന യുവാവിനെയായിരുന്നു.
മധു അമ്പാട്ട്
പരിചയസമ്പന്നനും പ്രശസ്‌തനുമായ മധു അമ്പാട്ട് അന്നുവരെ ഒരു ഫീച്ചർ ഫിലിം ചെയ്‌തിട്ടില്ലാത്ത ഒരു യുവാവിനെ നിർദേശിച്ചത് അൽപ്പം ആകാംക്ഷയോടെയാണ് ‘ഞാവൽപ്പഴങ്ങളു’ടെ നിർമാണ പ്രവർത്തകർ ഉൾക്കൊണ്ടതെങ്കിലും വിശ്വാസവും പ്രതീക്ഷയും ജനിപ്പിക്കുന്ന ഒരു ഛായാഗ്രാഹകന്റെ അരങ്ങേറ്റമായി ആ ചലച്ചിത്രം മാറി.
തുടർന്ന് ജനറൽ പിക്ചേഴ്സിനു വേണ്ടി അരവിന്ദൻ സംവിധാനം ചെയ്‌ത ‘കാഞ്ചനസീത’യുടെ ക്യാമറാമാനായി ക്ഷണിക്കപ്പെടുമ്പോൾ വിചിത്രമായ സവിശേഷതകൾ നിറഞ്ഞ ഒരു സിനിമയുടെ സംരംഭത്തിലേക്കായിരുന്നു കടന്നുചെല്ലുന്നതെന്ന് ഷാജിക്ക് അറിയാമായിരുന്നു. ആന്ധ്രാപ്രദേശിലെ ഗോദാവരീതീരത്തുള്ള വനാന്തരങ്ങളിൽ അഭിനേതാക്കളാരുമില്ലാതെ ചിത്രീകരിച്ച ഈ സിനിമയിൽ സംഭാഷണം വളരെ കുറവും ചലനാത്മകമായ ദൃശ്യവിന്യാസങ്ങൾ സമൃദ്ധവുമായിരുന്നു.
ഈ ചലച്ചിത്രത്തിന്റെ നിർമാണത്തെക്കുറിച്ച് നിരവധി ഓർമക്കുറിപ്പുകളും അഭിമുഖങ്ങളും ഇതിനകം (നമ്പൂതിരി, രവീന്ദ്രൻ, എൻ എൽ ബാലകൃഷ്‌ണൻ) പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാങ്കേതികമായ എടുത്തുചാട്ടങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു സംശയം.
ഒന്നാമതായി ഈ ചലച്ചിത്രം നിർമിച്ചത് ഓർ വോ കളർ ഫിലിമിലായിരുന്നു. അന്നുവരെ ഇന്ത്യയിൽ ഓർവോ കളറിൽ നിർമിക്കപ്പെട്ട എല്ലാ ചലച്ചിത്രങ്ങളം ദൃശ്യഭംഗിയിൽ പരാജയപ്പെടുകയുണ്ടായതിനാൽ ഓർവോ എന്ന ബ്രാന്റിന് സിനിമാലോകം അയിത്തം കൽപ്പിച്ചിരിക്കുകയായിരുന്നു. ഒരു സോഷ്യലിസ്‌റ്റ് രാജ്യ ഉൽപ്പന്നമെന്ന നിലയിൽ ഈ അയിത്തം പെട്ടെന്ന് വ്യാപനം ചെയ്യപ്പെടുകയുമുണ്ടായി.
‘കാഞ്ചനസീത’യിൽ നിന്ന്
താൻ പഠിക്കുകയും പ്രചോദിതനാവുകയും ചെയ്‌ത ക്ലാസിക്കുകളെല്ലാം പിറവികൊണ്ടത് സോഷ്യലിസ്‌റ്റ് രാജ്യങ്ങളിലാണെന്നും അവയെല്ലാം ഓർവോയിൽ നിർമിച്ചവയാണെന്നുമറിയാമായിരുന്ന ഷാജി അതുതന്നെ തെരഞ്ഞെടുക്കുകയും അരവിന്ദൻ അംഗീകരിക്കുകയും ചെയ്‌തു. 10 OASA യുള്ള ഈസ്‌റ്റ്‌മാൻ ഫിലിമിനോട് േനർപകുതി ASA യുള്ള ഓർ വോ ഫിലിം ഷൂട്ട് ചെയ്യുന്നതിനു മുമ്പ് അദ്ദേഹം നിരവധി ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തി.
ഓർവോ കളർ സ്‌റ്റോക്കുപയോഗിച്ച് 100 ASA ഫിലിം ഷൂട്ട് ചെയ്യുന്നതിനെക്കാളും എക്‌പോഷർ ചെയ്‌തുകൊണ്ടും പിന്നീട് ഷൂട്ട് ചെയ്‌ത ഫിലിം പ്രൊസസിങ്ങിൽ ഇരട്ടി സമയം കൊടുത്തും വിവിധ പ്രിന്റുകൾ തയ്യാറാക്കിയ ശേഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ‘കാഞ്ചനസീത’യുടെ ഷൂട്ടിങ് ആരംഭിച്ചതെന്ന് അദ്ദേഹം ഒരിക്കൽ സൂചിപ്പിക്കുകയുണ്ടായി. നിശ്ചല ഛായാഗ്രഹണം വഴി ഇങ്ങനെ നിരവധി എക്‌സ്‌പോഷർ പരീക്ഷണങ്ങളുടെ ഫലം (result) മനസ്സിലാക്കിയ ശേഷമായിരുന്നു സിനിമാ ഷൂട്ടിങ്ങിന് തയ്യാറായത്.
‘കാഞ്ചനസീത’യിൽ ഉപയോഗിച്ചിരുന്ന വർണവിന്യാസവും മിതത്വം കലർന്നതും mystic എന്നു തോന്നിപ്പിക്കാവുന്നതുമായിരുന്നു. അരവിന്ദന് സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ഷാജിക്ക് ഛായാഗ്രഹണത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിക്കുമ്പോൾ ‘കാഞ്ചനസീത’ ഇന്ത്യൻ സിനിമയുടെ ശക്തമായ ഒരു സംവിധായക‐ഛായാഗ്രാഹക കൂട്ടുകെട്ടിന്റെ ആരംഭം കുറിക്കുകയായിരുന്നു.
‘കാഞ്ചനസീത’യിൽ ഉപയോഗിച്ചിരുന്ന വർണവിന്യാസവും മിതത്വം കലർന്നതും mystic എന്നു തോന്നിപ്പിക്കാവുന്നതുമായിരുന്നു. അരവിന്ദന് സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ഷാജിക്ക് ഛായാഗ്രഹണത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിക്കുമ്പോൾ ‘കാഞ്ചനസീത’ ഇന്ത്യൻ സിനിമയുടെ ശക്തമായ ഒരു സംവിധായക‐ഛായാഗ്രാഹക കൂട്ടുകെട്ടിന്റെ ആരംഭം കുറിക്കുകയായിരുന്നു.
തുടർന്ന് ഇരുവരുടേയും കൂട്ടുകെട്ടിൽ രൂപപ്പെട്ട ‘തമ്പ്' ബ്ലാക്ക് ആൻഡ് വൈറ്റിലെ മറ്റൊരു വിസ്മയമായി മാറി. കൂട്ടുകെട്ട് എന്നിവിടെ ഉപയോഗിക്കാൻ കാരണം ഇരുവരുടെയും സംവേദനരീതി സമാനതകളില്ലാത്തതായിരുന്നതിനാലാണ്. വളരെ നിശ്ശബ്ദമായി പരസ്‌പരം സംസാരിക്കുന്നവരായിരുന്നു,
അരവിന്ദനും ഷാജിയും. ഷൂട്ടിങ്ങിന് മുമ്പ് അരവിന്ദൻ സൂചിപ്പിക്കുന്ന സങ്കൽപ്പനത്തെ ഉൾക്കൊണ്ടു കൊണ്ട് സാക്ഷാത്കരിക്കുക എന്ന ഛായാഗ്രാഹകന്റെ കർമം വളരെ സമർഥമായി നിർവഹിച്ചിരുന്ന ഷാജിക്ക് ഒരു ഛായാഗ്രാഹകന്റെ എല്ലാ സ്വാതന്ത്ര്യങ്ങളും അരവിന്ദൻ നൽകിയിരുന്നു.
അരവിന്ദനും ഷാജി എൻ കരുണും
ഷാജിയുടെ തോളിൽ ഒന്നു സ്‌പർശിക്കുന്നതിലൂടെ ക്യാമറ ചലിക്കുകയും വീണ്ടും സ്‌പർശിക്കുന്നതിലൂടെ അത് നിലയ്‌ക്കുകയും പിന്നീട് ഇരുവരും ചേർന്ന് പോസ്‌റ്റ് പ്രൊഡക്ഷൻ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്യുന്ന ഒരു പ്രവർത്തന കൂട്ടായ്‌മ രൂപപ്പെടുകയും ചെയ്‌തു.
'തമ്പി’ലൂടെ ഏറ്റവും നല്ല ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയതോടെ ഇന്ത്യയിലെ മുൻനിര ഛായാഗ്രാഹകരിലൊരാളായി ഷാജി മാറിക്കഴിഞ്ഞു.
ഈ കാലഘട്ടത്തിൽ തന്നെ ഹിന്ദിയിലും മലയാളത്തിലുമുള്ള മുഖ്യധാരാ സിനിമയിൽനിന്ന് ഛായാഗ്രഹണത്തിനുള്ള അനേകം ക്ഷണങ്ങൾ ലഭിച്ചുവെങ്കിലും അവയുടെ ഭാഗമാകാതെ അദ്ദേഹം മാറിനിന്നു. അരവിന്ദന്റെ 'എസ്‌തപ്പാൻ’, 'കുമ്മാട്ടി’, 'പോക്കുവെയിൽ’, 'ചിദംബരം’, 'ഒരിടത്ത്’ തുടങ്ങിയ അഞ്ചു ചിത്രങ്ങളിലെ സവിശേഷമാർന്ന ഛായാഗ്രഹണം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.
'പോക്കുവെയിൽ’
മുഖ്യധാരാ സിനിമയിൽ പത്മരാജന്റെയും ഹരിഹരന്റെയും കെ ജി ജോർജിന്റെയും ആഘോഷിക്കപ്പെട്ട സിനിമകൾക്ക് ഛായാഗ്രഹണം ചെയ്‌തതൊഴിച്ചാൽ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം കഴിഞ്ഞുവന്ന നവാഗതർക്കും സഹപ്രവർത്തകർക്കും അവസരം നൽകിക്കൊണ്ട് അദ്ദേഹം മാറിനിന്നു.
സഹകരിച്ച സിനിമകളിൽ തന്നെ അക്രമവും ജുഗുപ്സാവഹകവുമായ രംഗങ്ങൾ ചിത്രീകരിക്കാൻ തനിക്കുള്ള ബുദ്ധിമുട്ടുകൾ വിയോജിപ്പ് കൂടാതെ അദ്ദേഹം സംവിധായകനോട് തുറന്നുപറഞ്ഞ സന്ദർഭങ്ങൾ ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്.
‘പഞ്ചാഗ്നി'യുടെ ചിത്രീകരണസമയത്ത് ഗീത അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ ആക്രമണകാരികളായ നായകളെ അഴിച്ചുവിട്ട് പീഡനത്തിനു മുതിരുന്ന ഒരു രംഗമുണ്ട്. ഈ രംഗം ഷൂട്ട് ചെയ്യാനുള്ള വിസമ്മതം ഹരിഹരനോട് പറഞ്ഞുകൊണ്ട് അതിനുമാത്രമായി ജെ വില്യംസിനെ ശുപാർശ ചെയ്യുകയും ചെയ്‌തു. ജെ വില്യംസ് അതു സമർഥമായി ചിത്രീകരിക്കുകയും ചെയ്‌തു. എം ടി ‐ ഹരിഹരൻ ‐ ഷാജി ടീം മുഖ്യധാരയിലെ എക്കാലത്തെയും മനോഹരമായ മൂന്ന് ചലച്ചിത്രങ്ങൾ‐ പഞ്ചാഗ്നി, നഖക്ഷതങ്ങൾ, സർഗം ‐ അവതരിപ്പിച്ചു.
അന്തരീക്ഷത്തിന്റെയും കഥാപാത്രങ്ങളുടേയും ശക്തമായ പ്രതിനിധാനങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ഈ ചിത്രങ്ങളിലെ ഗാനചിത്രീകരണത്തിന്റെ മികവ് എക്കാലവും ഓർമിക്കപ്പെടുന്നതായി മാറി. സർഗത്തിലെ ‘ആന്ദോളനം’ എന്ന ഒരൊറ്റ ഗാനത്തിന്റെ ദൃശ്യവൽക്കരണം മാത്രമെടുത്താൽ അതു വ്യക്തമാകും.
ഒരേസമയം ശബ്ദവും ഭാവചലനങ്ങളും സമർഥമായി വിന്യസിച്ച സർഗത്തിലെ 'ആന്ദോളനം' എന്ന് തുടങ്ങുന്ന ഗാനത്തിൽ യേശുദാസ് മുതൽ ഹരിഹരൻ വരെയുള്ളവരുടെ ആത്മാർഥമായ സംഭാവനകൾ അടങ്ങിയിരിക്കുന്നു വെന്ന് പലരും സൂചിപ്പിച്ചിട്ടുണ്ട്.
മുറുക്കാൻ വായിലിട്ടുകൊണ്ട് നെടുമുടി വേണുവിന്റെ കഥാപാത്രത്തിനനുയോജ്യമായി യേശുദാസ് പാടുന്നതും അത് ക്ലോസ്, മിഡിൽ ഷോട്ടുകളായി ഛായാഗ്രഹണം ചെയ്‌തിരിക്കുന്നതും സർവോപരി ഈ സന്ദർഭങ്ങളെയെല്ലാം സംയോജിപ്പിച്ച് സംവിധാനം ചെയ്‌തിരിക്കുന്നതും ‘ആന്ദോളന’ത്തെ എക്കാലത്തെയും ഇന്ത്യൻ സിനിമയിലെ മികച്ച ഗാനചിത്രീകരണമാക്കി മാറ്റി.
ഷാജി എൻ കരുൺ എന്ന സംവിധായകൻ
അത്രയൊന്നും പ്രചാരമില്ലാതെയും അറിയപ്പെടുന്ന നടീനടൻമാരില്ലാതെയും നിശ്ശബ്ദമായി ഷൂട്ടിങ് ആരംഭിച്ച ചലച്ചിത്രമായിരുന്നു, ഷാജി എൻ കരുണിന്റെ ആദ്യ ചലച്ചിത്രമായ ‘പിറവി.’ ഡൽഹിയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ ആദ്യം പ്രദർശിപ്പിക്കപ്പെട്ട ‘പിറവി’ പിന്നീട് ആരംഭിക്കുവാൻ പോകുന്ന വിഖ്യാതമായ മേളകളിലേക്ക് ക്ഷണിക്കപ്പെടുകയും ചലച്ചിത്രവൃത്തങ്ങളിൽ സംസാരവിഷയമാവുകയും ചെയ്‌തു.
എന്നാൽ അതിലുപരി യൂറോപ്യൻ രാജ്യങ്ങളിലെത്തിച്ചേർന്ന ‘പിറവി' 1988‐89 വർഷങ്ങളിലെ ഏറ്റവും മഹത്തായ പുരസ്‌കാരങ്ങൾ സ്വായത്തമാക്കുകയായിരുന്നു. ലൊക്കാർണോ ഇന്റർനാഷണൽ ഫെസ്‌റ്റിവലിലെ ഗ്രാൻഡ് ജൂറി (സിൽവർലെപ്പോഡ്) അവാർഡ്, കാൻ ഫിലിം ഫെസ്‌റ്റിവലിലെ ക്യാമാറ ഡി വോർ, ചിക്കാഗോ ഫിലിം ഫെസ്‌റ്റിവലിലെ സിൽവർ ഹ്യൂഗോ, എഡിൻബെറോ ഫെസ്‌റ്റിവലിലെ ആദ്യ ചാർലി ചാപ്ലിൻ അവാർഡ് തുടങ്ങി മുപ്പത്തിനാലോളം അന്തർദേശീയ‐ ദേശീയ അവാർഡുകൾ ഏറ്റവും നല്ല ചിത്രത്തിനും വിവിധ വിഭാഗങ്ങൾക്കുമായി ‘പിറവി’ നേടുകയുണ്ടായി. സത്യജിത് റായിയ്‌ക്കുശേഷം അത്യപൂർവമായാണ് ഇത്രയും ബഹുമതികൾ ഒരിന്ത്യൻ സംവിധായകനെ തേടിയെത്തുന്നത്‐ അതും ആദ്യ ചിത്രത്തിലൂടെ.
പച്ചയും നീലയും ഇടകലർന്ന ഇരുണ്ട പകലുകളിലെ തോരാത്ത മഴയും ഉൾനാടൻ അന്തരീക്ഷവും തനി പ്രാദേശികമനുഷ്യരുടെ കഥയുമുള്ള ‘പിറവി’ യൂറോപ്യൻ, ഈസ്‌റ്റ് യൂറോപ്യൻ രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ടത് അതിന്റെ ഹൃദയസ്‌പൃക്കായ പ്രമേയവും ആഖ്യാനവും കൊണ്ടായിരുന്നു.
പച്ചയും നീലയും ഇടകലർന്ന ഇരുണ്ട പകലുകളിലെ തോരാത്ത മഴയും ഉൾനാടൻ അന്തരീക്ഷവും തനി പ്രാദേശികമനുഷ്യരുടെ കഥയുമുള്ള ‘പിറവി’ യൂറോപ്യൻ, ഈസ്‌റ്റ് യൂറോപ്യൻ രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ടത് അതിന്റെ ഹൃദയസ്‌പൃക്കായ പ്രമേയവും ആഖ്യാനവും കൊണ്ടായിരുന്നു.
രണ്ടാം ലോക മഹായുദ്ധശേഷം മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളും അച്ഛനമ്മമാർ നഷ്ടപ്പെട്ട മക്കളും നിറഞ്ഞ യൂറോപ്യൻ സമൂഹത്തിന് ‘പിറവി’യിലെ കാത്തിരിപ്പ് എന്ന രൂപകം ഉള്ളിൽ തട്ടുന്നതായിരുന്നിരിക്കാം. ദേശീയ, പ്രാദേശിക വ്യത്യാസങ്ങൾ മറന്ന് സിനിമയുടെ ഭാഷയിലൂടെ അനന്തമായ കാത്തിരിപ്പിനെ ഉൾക്കൊള്ളുകയും പ്രതികരിക്കുകയും ചെയ്‌തതുമാകാം.
‘പിറവി’ക്കുശേഷം അദ്ദേഹം സംവിധാനംചെയ്‌ത ‘സ്വം’ എന്ന ചിത്രവും പ്രത്യേകതകൾ ഉൾക്കൊള്ളുന്നതായിരുന്നു. അപൂർവം ചില സന്ദർഭങ്ങളിലൊഴികെ, പ്രത്യേകിച്ച് ഭൂതകാലസ്മരണകൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിർമിച്ച ഈ ചിത്രം കേരള അതിർത്തിയിലെ തെന്മല റെയിൽവേ സ്‌റ്റേഷനടുത്ത് ചായക്കട നടത്തുന്ന ഒരു കുടുംബത്തെയും റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ മനുഷ്യരെയും ചുറ്റിപ്പറ്റിയായിരുന്നു. കാൻ ഫിലിം ഫെസ്‌റ്റിവലിൽ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘സ്വം’ വീണ്ടും ഷാജിയെന്ന ചലച്ചിത്രകാരനെ അംഗീകരിക്കുകയായിരുന്നു.
മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘സ്വം’ പ്രദർശിപ്പിക്കാൻ 1994ലെ കാൻ ഫെസ്‌റ്റിവലിൽ എത്തിയ ഷാജി എൻ കരുൺ
‘സ്വം’ കാൻ ഫിലിം ഫെസ്‌റ്റിവലിന്റെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുമ്പോൾ ഷാജി, പിക്കാസോയും ഹെമിങ്‌വേയുമൊക്കെ സമയം ചെലവഴിച്ചിരുന്ന പാരീസിലെ കഫേ ഡി ഫ്ലോറാ സന്ദർശിച്ചതും അവിടെ വച്ച് ഗബ്രിയേൽ ഗാർസിയ മാർ കേസിനെ കണ്ടതുമായ വിശേഷങ്ങൾ അക്കാലത്ത് മലയാള മനോരമ വാരാന്തപ്പതിപ്പിൽ എം എസ് ദിലീപ് സംഗ്രഹിച്ച് പ്രസിദ്ധികരിച്ചിരുന്നു. മാർകേസ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം കാനിൽ അയച്ചിരുന്നതും അദ്ദേഹത്തിന്റെ ചിത്രത്തിന് മത്സരത്തിന് സെലക്ഷൻ ലഭിച്ചിരുന്നില്ലെന്നും അടങ്ങുന്ന വിവരങ്ങൾ അവരിരുവരും സംസാരിച്ചതും ഈ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.
മാർകേസ്
ആരംഭിച്ചതിൽനിന്നു മാറി കുറേക്കൂടി വിശാലമായ ക്യാൻവാസിലേക്കും താരനിരയിലേക്കും വ്യാപിപ്പിച്ചുകൊണ്ട് പിന്നീട് സംവിധാനം ചെയ്‌ത 'വാനപ്രസ്ഥം’, 'കുട്ടിസ്രാങ്ക്’ എന്നീ ചിത്രങ്ങൾ ആഖ്യാനത്തിലും പ്രമേയത്തിലും നൂതനമായ കാൽവയ്‌പുകൾ സൃഷ്ടിച്ചു. ആദ്യത്തെ ഇൻഡോ‐ഫ്രഞ്ച് സംരംഭമായ ‘വാനപ്രസ്ഥ’ത്തിന്റെ ഛായാഗ്രാഹകനായി ഷാജി തെരഞ്ഞെടുത്തത് വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരനായ ഫാസ്ബിന്ററുടെ സിനിമകളുടെ ക്യാമറാമാനായിരുന്ന റെനെറ്റോ ബെർതോയെ ആയിരുന്നു.
സാങ്കേതികമായ ബുദ്ധിമുട്ടുകൾ കാരണം ഷൂട്ടിങ് പൂർത്തിയാക്കാതെ റെനെറ്റോ ബെർതോ ക്യാമറ സന്തോഷ് ശിവന് കൈമാറുകയും അങ്ങനെ രണ്ട് പ്രഗത്ഭ ഛായാഗ്രാഹകർ ‘വാനപ്രസ്ഥ’ത്തിന്റെ നിർമാണത്തിൽ ഭാഗഭാക്കാകുകയും ചെയ്‌തു.
സാക്കിർ ഹുസൈൻ
മഹാനായ സംഗീതജ്ഞൻ പണ്ഡിറ്റ് സാക്കിർ ഹുസൈൻ പശ്ചാത്തല സംഗീതമൊരുക്കിയ അപൂർവം സിനിമ എന്ന ഖ്യാതിയും ‘വാനപ്രസ്ഥ’ത്തിനുണ്ട്. ഈ ചലച്ചിത്രത്തിന്റെ നിർമാണഘട്ടത്തിൽ വച്ചാണ് സാക്കിർ ഹുസൈൻ അഭിനയിക്കാൻ വന്ന മട്ടന്നൂർ ശങ്കരൻകുട്ടിയെ പരിചയപ്പെടുന്നതും കേരളീയ വാദ്യകലകളിൽ ആകൃഷ്ടനാകുന്നതും ഒരു ജുഗൽബന്ദി പരീക്ഷിച്ചുനോക്കുന്നതും.
അങ്ങനെ ലോകമാസകലമുള്ള സാക്കിർ ഹുസൈന്റെ വേദികളിലേക്ക് കേരളീയ വാദ്യകലയും മട്ടന്നൂർ ശങ്കരൻകുട്ടിയുടെ താളവാദ്യവും പ്രചരിക്കുന്നതിനും ‘വാനപ്രസ്ഥം’ ഒരു നിമിത്തമായി മാറി. കലാമണ്ഡലം ഗോപിയാശാൻ, കീഴ്പാടം കുമാരൻ നായർ, കലാമണ്ഡലം ഹരിദാസ്, കുടമാളൂർ കരുണാകരൻ നായർ തുടങ്ങി എക്കാലത്തെയും കഥകളി ലെജൻഡുകളെ ഈ ചലച്ചിത്രത്തിൽ അഭിനയിപ്പിച്ചതുതന്നെ അവരുടെ സാന്നിധ്യവും ഛായകളും രേഖപ്പെടുത്തുകകൂടി ചെയ്യാനാണെന്ന് ഷാജി സൂചിപ്പിക്കാറുണ്ടായിരുന്നു. ‘വാനപ്രസ്ഥ’ത്തിന്റെ നായകൻ മോഹൻലാൽ ആയിരുന്നുവെന്നതും അതിനായി അദ്ദേഹം കഥകളി പഠനം നടത്തിയിരുന്നതും ഒക്കെ ധാരാളം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളാണ്.
‘വാനപ്രസ്ഥ’ത്തിൽ മോഹൻലാൽ
‘വാനപ്രസ്ഥം’ പോലെ വിപുലമായ ക്യാൻവാസിൽ സങ്കീർണമായ മറ്റൊരു വ്യക്തിത്വത്തെ അവതരിപ്പിച്ച ചലച്ചിത്രമായിരുന്നു 'കുട്ടിസ്രാങ്ക്.’ മമ്മൂട്ടി നായകനായി വന്ന ഈ ചലച്ചിത്രം ആദിമധ്യാന്തങ്ങളില്ലാത്ത വ്യത്യസ്‌തമായ ആഖ്യാനഘടന നിറഞ്ഞതായിരുന്നു.
(ഒരു നടനെന്ന നിലയിൽ സിദ്ധിക്കിന്റെ കഴിവുകൾ ‘കുട്ടിസ്രാങ്കി’ലെ ചെറിയ റോളിൽനിന്നാണ് തനിക്കു മനസ്സിലായതെന്നും അതുകൊണ്ടുകൂടി പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ 'സ്വപാന’ത്തിൽ അദ്ദേഹത്തിനു നൽകിയെന്നും അസാധാരണമായ സാധ്യതകളുള്ള നടനാണ് സിദ്ധിക്കെന്നും ഷാജി സൂചിപ്പിച്ചിരുന്നു.)
രണ്ടു ചിത്രങ്ങളും ദേശീയമായി നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നെങ്കിലും ഇവയ്‌ക്കിടയിൽ അദ്ദേഹം സംവിധാനംചെയ്‌ത മനോഹരമായ ഹിന്ദി ചിത്രം ‘നിഷാദ്’ അധികമാരും ചർച്ച ചെയ്യപ്പെടാതെ പോയി.
കഥാചിത്രങ്ങളോടൊപ്പം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രണ്ട് ഡോക്യുമെന്ററികളും പരാമർശിക്കേണ്ടതുണ്ട്.
'ഷംസ് വിഷൻ’ (Shams Vision) എന്ന പേരിൽ ആഗ്രയിൽ താമസിച്ചിരുന്ന ഷംസുദ്ദീൻ എന്ന തുന്നൽ ചിത്രകാരനെക്കുറിച്ച് നിർമിച്ച ലഘുബയോഗ്രഫിക്കൽ ചിത്രം (1996) നിരവധി ലഘുചലച്ചിത്ര മേളകളിൽ പ്രശംസിക്കപ്പെട്ടിരുന്നു. മെത്ത പോലുള്ള ചിത്ര പ്രതലങ്ങൾ തുന്നി ബൃഹത്തായ രൂപങ്ങൾ സൃഷ്ടിക്കുന്ന ഈ കലാകാരൻ കാഴ്‌ച നഷ്ടപ്പെട്ടുവെങ്കിലും സ്വന്തം തുന്നലുമായി മുന്നോട്ടുപോയി.
കവിത നാഗ്പാൽ രചിച്ച ഷംസുദ്ദീന്റെ ജീവിതരേഖ ചലച്ചിത്രമാക്കുമ്പോൾ ഇരുട്ടിൽ പ്രകാശിച്ചുവരുന്ന ഒരു ടോർച്ചിന്റെ വെട്ടത്തിൽ ബിംബങ്ങൾ ഓരോന്നായി തെളിഞ്ഞുവരുന്ന രീതിയാണ് ഷാജി ക്യാമറയിലൂടെ സൃഷ്ടിച്ചതെന്നു കാണാം. വാതായനത്തിലൂടെ ദൂരെക്കാണുന്ന താജ്മഹലിന്റെ കാവ്യാത്മകമായ പശ്ചാത്തലത്തിൽ സൂഫി ഗാനത്തിന്റെ ശബ്ദമിശ്രണത്തിലൂടെ ഷംസുദ്ദീൻ എന്ന വയോധിക കലാകാരനെ അവതരിപ്പിക്കുന്ന ‘ഷംസ് വിഷൻ’ ഒരു കലാകാരന് ചലച്ചിത്രത്തിലൂടെ നൽകാവുന്ന ഉന്നതമായ ട്രിബ്യൂട്ട് ആയി അവശേഷിക്കുന്നു.
മൂവിങ് ഫോക്കസ്: എ വോയേജ് വിത്ത് കെ ജി സുബ്രഹ്‌മണ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ ഷാജി എൻ കരുണും കെ ജി സുബ്രഹ്‌മണ്യനും
കൈരളി ടിവിയ്‌ക്കുവേണ്ടി ബെറ്റി ലൂയിസ് ബേബി നിർമിച്ച ‘‘Moving Focus: A voyage with K G Subramanian’ (47 min) നാൽപ്പത് വർഷത്തിനുശേഷം കേരളത്തിൽ എത്തിച്ചേരുന്ന കെ ജി സുബ്രഹ്‌മണ്യൻ എന്ന കലാകാരന്റെ കലയും ജീവിതവും അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്‌തുകൊണ്ട് രേഖപ്പെടുത്തുന്ന ആദിമധ്യാന്ത രഹിതമായ ഒരു യാത്രാ ദൃശ്യാവിഷ്‌കാരമാണ്.
കടലും കരയും കായലും വയലുകളും കുന്നും മലകളും കലർന്ന ഭൂപ്രദേശ ദൃശ്യങ്ങളിലൂടെ കെ ജി സുബ്രഹ്‌മണ്യന്റെ സംഭാഷണം സംയോജിപ്പിച്ചുകൊണ്ട് ഘട്ടംഘട്ടമായി വികസിക്കുന്ന ഈ ചിത്രം തിരക്കഥയില്ലാതെ ആസൂത്രണം ചെയ്‌തു നിർമിച്ച അപൂർവമായ ഒരു ഡോക്യുമെന്ററിയാണ്.
ഷാജി എൻ കരുൺ എന്ന സംഘാടകൻ
1997‐ലെ സഫ്ദർ ഹാഷ്‌മി ദേശീയ കലോത്സവം തിരുവനന്തപുരത്തുവച്ച് സംഘടിപ്പിക്കുവാൻ ഡൽഹിയിലെ സഫ്ദർ ഹാഷ്‌മി ട്രസ്‌റ്റ് തീരുമാനിക്കുകയും അതിന്റെ ചുമതല പുരോഗമന കലാസാഹിത്യ സംഘത്തിനെ ഏൽപ്പിക്കുകയും ചെയ്യുമ്പോൾ അതെങ്ങനെയായിരിക്കണം എന്നൊരു ധാരണയും ആർക്കുമുണ്ടായിരുന്നില്ല.
സഫ്ദർ ഹാഷ്‌മി
97‐ന് തൊട്ടുമുമ്പത്തെ ഹാഷ്‌മി ഫെസ്‌റ്റിവൽ യമുനയുടെ തീരത്തുവച്ചായിരുന്നുവെന്നും ഭാരതത്തിലെ വിവിധ രംഗങ്ങളിലെ കലാ സാംസ്‌കാരിക പ്രയോക്താക്കൾ ഒരു പകലും രാത്രിയും യമുനയുടെ തീരത്തും സമീപസ്ഥാപനങ്ങളിലും ഒത്തുചേർന്ന് കലാവതരണങ്ങളും സെമിനാറുകളും നടത്തിയെന്നും രാജ്യവ്യാപകമായി കേട്ടറിവുണ്ടായിരുന്നുവെന്നു മാത്രം.
കടമ്മനിട്ട രാമകൃഷ്‌ണനും ഷാജി എൻ കരുണും ഈ ഫെസ്‌റ്റിവലിൽ പങ്കെടുത്തിരുന്നതിനാൽ പ്രാഥമിക ചർച്ചകളിൽ അവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ശംഖുംമുഖം കടൽത്തീരത്തുവച്ച് ഈ കലോത്സവം സംഘടിപ്പിക്കാമെന്നും സെമിനാർ പ്രഭാഷണങ്ങൾക്കായി സെനറ്റ് ഹാൾ കേന്ദ്രീകരിക്കാമെന്നും ഷാജി സൂചിപ്പിക്കുമ്പോൾ കടൽത്തീരത്ത് എങ്ങനെ രാത്രിയിൽ ഇത് സാധ്യമാകുമെന്ന സംശയം പല കോണിൽനിന്നുമുയർന്നു.
പത്ത് വേദികളിലായി യഥാക്രമം ശാസ്‌ത്രീയ സംഗീതം, ഹിന്ദുസ്ഥാനി, കർണാട്ടിക്, തിയറ്റർ, കഥകളി, വാദ്യസംഗീതം, കവിത, പ്രഭാഷണം തുടങ്ങി കടലിന്റെ പശ്ചാത്തലത്തിൽ മൺതിട്ടകൾ ഉയർത്തി പ്ലാറ്റ്ഫോം നിർമിച്ച് അവതരിപ്പിക്കാമെന്ന് വിശദീകരിക്കുന്ന ഒരു പദ്ധതി ഷാജി ആസൂത്രണം ചെയ്യുകയുണ്ടായി.
ഓരോ വേദിയിലേക്കും സന്ധ്യയാകുമ്പോൾ തെളിഞ്ഞുവരുന്ന വെളിച്ചത്തിനാവശ്യമായ പ്രകാശസജ്ജീകരണങ്ങൾ ഉൾപ്പെടുന്ന ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ അന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന ടി കെ രാമകൃഷ്‌ണനും പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റായിരുന്ന എം എൻ വിജയനും പി ഗോവിന്ദപ്പിള്ളയും പിന്തുന്ന നൽകുകയും ചെയ്‌തു.
ആർത്തലയ്‌ക്കുന്ന കടലിന്റെ പശ്ചാത്തലത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച വാദ്യമേളവും അന്തരീക്ഷത്തിൽ വീഴുന്ന അസ്‌തമയ സൂര്യന്റെ അവസാനത്തെ കിരണങ്ങളും, തുടർന്ന് വേദികളിലേക്കു മാത്രം തെളിയുന്ന വെളിച്ചവും അവാച്യമായ ഒരനുഭൂതിയായി മാറിയതോടെ കാണാനും കേൾക്കാനും ആളുകൾ തടിച്ചുകൂടിത്തുടങ്ങി.
മട്ടന്നൂർ ശങ്കരൻകുട്ടി
തിരകൾ കരയിലേക്ക് പടരുന്നതിനു തൊട്ടുമുകളിലുള്ള മൺതിട്ടയിൽ ഒളിച്ചുവച്ച സ്‌പോട്ട് ലൈറ്റുകളിൽനിന്നടിക്കുന്ന നേരിയ പ്രകാശത്തിൽ ഉയർന്നുവരുന്ന തിരകളുടെ കാഴ്‌ച മാസ്മരികമായിരുന്നു. ഒരു സമ്പൂർണ എൻവയോൺമെന്റൽ ഡിസൈൻ തീർത്ത ഷാജി എൻ കരുൺ സംഗീതത്തിനും ചവിട്ടുനാടകത്തിനു മുൾപ്പെടെയുള്ള കലാരൂപങ്ങൾക്ക് പുതിയൊരു വേദിയൊരുക്കുകയായിരുന്നു.
ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന കലാവതരണങ്ങൾ പിറ്റേദിവസം വിഷുപ്പുലരിയിൽ അവസാനിക്കുമ്പോൾ പച്ചക്കറികളും പഴക്കുലകളും കലപ്പ തുടങ്ങിയ അധ്വാനോപകരണങ്ങളും വിഷുക്കണിയായി നിരന്നു. വിഖ്യാത ഹിന്ദുസ്ഥാനി ഗായിക ശുഭാ മുദ്‌ഗലിന്റെ പ്രഭാതരാഗാലാപനത്തോടെ അവസാനിച്ച 97‐ലെ സഫ്ദർ ഹാഷ്മി കലോത്സവം ഷാജി എൻ കരുണിലെ സംഘാടകന്റെ ആത്മവിശ്വാസത്തിന്റെ ഉൽപ്പന്നമായിരുന്നുവെന്ന് പറയാം.
ടി കെ രാമകൃഷ്‌ണൻ, എം എൻ വിജയൻ, പി ഗോവിന്ദപ്പിള്ള തുടങ്ങിയവരടങ്ങുന്ന സാംസ്‌കാരിക ഉന്നതസമിതി ഷാജി എൻ കരുണിന്റെ സഹകരണം തുടർന്നും സാംസ്‌കാരിക രംഗത്തുണ്ടാവണമെന്ന സമീപനം കൈക്കൊണ്ടു. ചലച്ചിത്രത്തിന് ഇന്ത്യയിൽ ആദ്യമായി ഒരു അക്കാദമി, കേരള ചലച്ചിത്ര അക്കാദമി രൂപംകൊള്ളുന്നത് ഈ പശ്ചാത്തലത്തിലായിരുന്നു.
സഫ്ദർ ഹാഷ്‌മി ഫെസ്‌റ്റിവലിന്റെ പ്രചോദനത്തിൽ കേരളത്തിലും തുടർച്ചയായി സാംസ്‌കാരിക സംഗമങ്ങൾ ആരംഭിക്കാനുള്ള സാധ്യതയെപ്പറ്റി ആലോചനകൾ ആരംഭിച്ചു. ഒരു ആഘോഷം എന്നതിനുപുറമേ സർഗാത്മകമായ ഉൽപ്പന്നങ്ങൾ (creative production) സൃഷ്ടിക്കുക എന്ന ആശയമാണ് ഷാജി മുന്നോട്ടുവച്ചത്.
'കേരളീയം’ എന്ന് നാമകരണം ചെയ്‌തുകൊണ്ട് ആവിഷ്‌കരിച്ച പദ്ധതി ജലം, വായു, അഗ്നി എന്നീ പഞ്ചഭൂത സങ്കൽപ്പങ്ങളെ അസ്‌പദമാക്കിയുള്ളതായിരുന്നു. ജലത്തെ ആസ്‌പദമാക്കിക്കൊണ്ട് ഷാജി തയ്യാറാക്കിയ പദ്ധതി ഭാരതപ്പുഴയിലും തീരത്തും വിവിധങ്ങളായ സർഗാവിഷ്‌കാരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മാതൃകാരൂപമായിരുന്നു.

ജലത്തിന്റെ ഭൗതികവും രാഷ്‌ട്രീയവും ആത്മീയവുമായ തലങ്ങളെക്കുറിച്ചുള്ള വിവിധങ്ങളായ ആവിഷ്‌കാരങ്ങളും പാരസ്‌പര്യങ്ങളും ലക്ഷ്യമാക്കിയുള്ള ഈ പദ്ധതി നടപ്പിലാക്കാനും ഏകോപിപ്പിക്കാനും എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങൾക്കും ചുമതല നൽകുകയുണ്ടായി.
കൂടുതൽ ആലോചനകൾക്കായി വിവിധ വിദഗ്‌ധരുമായി ചർച്ച ചെയ്‌ത കൂട്ടത്തിൽ ഷാജി എൻ കരുണും ഈ ലേഖകനും പ്രശസ്‌ത നർത്തകിയായ ചന്ദ്രലേഖയുമായി ചെന്നൈയിൽ പോയി ചർച്ച നടത്തുകയും ജലത്തെ ആസ്‌പദമാക്കിയിട്ടുള്ള അവരുടെ പ്രശസ്‌തമായ നാട്യകൃതി ഭാരതപ്പുഴയിൽ അവതരിപ്പിച്ചുകൊണ്ട് ‘കേരളീയം' ആരംഭിക്കാമെന്ന് അഭിപ്രായപ്പെടുകയും ചെയ്‌തു.

എം ടി വാസുദേവൻ നായർ, തിക്കോടിയൻ, ഒ എൻ വി കുറുപ്പ്, ആർട്ടിസ്‌റ്റ് നമ്പൂതിരി, ഷാജി എൻ കരുൺ തുടങ്ങിയവർ നേതൃത്വം നൽകിയ സാംസ്‌കാരികസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ‘കേരളീയം’ അരങ്ങേറിയതെങ്കിലും ഒരു പദ്ധതിയെന്ന നിലയിൽ അതൊരു പരാജയമായിരുന്നു. ജലം എന്ന സങ്കൽപ്പനത്തിന്റെ വിവിധവശങ്ങൾ ഉൾക്കൊള്ളുന്നതിലും സർഗാത്മകമായി ആവിഷ്‌കരിക്കുന്നതിലും ‘കേരളീയം’ പിന്നോട്ടു പോയി. മറ്റൊരു സാംസ്‌കാരിക മേള മാത്രമായി എന്നും പറയാം.
സി എൻ കരുണാകരൻ, ആർട്ടിസ്‌റ്റ് നമ്പൂതിരി, വി കലാധരൻ, അജയകുമാർ, സത്യപാൽ, ഷാജി എൻ കരുൺ
ഒരു സംഘാടകനെന്ന നിലയിലും സർഗാത്മകമായ സ്ഥാപനങ്ങൾക്കു രൂപരേഖ നൽകുന്ന വ്യക്തിയെന്ന നിലയിലും ഷാജിയുടെ ആസൂത്രണത്തിൽ രൂപംകൊണ്ട നിരവധി സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കോട്ടയത്തെ കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്.
ഒരു സംഘാടകനെന്ന നിലയിലും സർഗാത്മകമായ സ്ഥാപനങ്ങൾക്കു രൂപരേഖ നൽകുന്ന വ്യക്തിയെന്ന നിലയിലും ഷാജിയുടെ ആസൂത്രണത്തിൽ രൂപംകൊണ്ട നിരവധി സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കോട്ടയത്തെ കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആ സ്ഥാപനം വിഷ്വൽ സയൻസ് എന്ന പേരിനെ അന്വർഥമാക്കുന്ന ഏതെങ്കിലും തരത്തിൽ പ്രവർത്തിച്ചുതുടങ്ങിയോ എന്ന് ആലോചിക്കേണ്ടുന്ന അവസ്ഥപോലുമില്ല.
വലിയ സങ്കൽപ്പങ്ങളുടെയും വിഭാവനകളുടെയും മഹാകലാകാരൻമാർ യാത്രയാകുന്നത് രണ്ടുതരത്തിലാണെന്നു കാണാം. ഒരു കൂട്ടർ എല്ലാ പ്രവർത്തനങ്ങളും സാക്ഷാത്ക്കരിച്ച് വിടപറയുന്നു. മറ്റൊരു വിഭാഗം പേർ ഇനിയും വരാനിരിക്കുന്ന കൃതികളുടെ രൂപരേഖ സാക്ഷാത്കരിക്കാതെ അകാലത്തിൽ വിടപറയുന്നു.
പൂർത്തിയാക്കാത്ത അനേകം സ്വപ്‌നപദ്ധതികൾ രൂപരേഖയായി ഉപേക്ഷിക്കപ്പെട്ടുകൊണ്ട് ഷാജി വിട പറഞ്ഞു പോയി; അതും ചികിത്സകൊണ്ട് തുടക്കത്തിൽ ഉന്മൂലനം ചെയ്യാമായിരുന്ന രോഗത്താൽ.
നീണ്ട ജീവിതംകൊണ്ട് സർഗ സാക്ഷാത്‌കാരം നടത്തിയ വിഖ്യാത കലാകാരൻ എം എഫ് ഹുസൈന്റെയും സ്വപ്‌നപദ്ധതി ഷാജിഎൻ കരുൺ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്ന ജീവചരിത്ര ചലച്ചിത്രമായിരുന്നു. 2010‐11 കാലത്ത് എം എഫ് ഹുസൈന്റെ ക്ഷണപ്രകാരം അദ്ദേഹം ഖത്തറിൽ ചെന്നിരുന്നു.
എം എഫ് ഹുസൈൻ
കുറേ ദിവസങ്ങൾ അവരൊന്നിച്ച് റെസ്‌റ്റോറന്റുകളിലും വാഹനങ്ങളിലും ചെലവഴിച്ചു. ഊഷ്‌മളമായ ചർച്ചകൾ നടത്തി.
നാല് രാജ്യങ്ങളിൽവച്ച് നിർമിക്കാൻ തീരുമാനിച്ച ആ ചലച്ചിത്ര പദ്ധതി എം എഫ് ഹുസൈന്റെ മരണത്തോടെ ഷാജിക്ക് ഉപേക്ഷിക്കേണ്ടിവന്നു. ലോകമെമ്പാടുമുള്ള എം എഫ് ഹുസൈൻ ആരാധകർ പ്രതീക്ഷിച്ചിരുന്ന ആ ചലച്ചിത്രം ആരംഭിക്കാൻ തന്നെ കഴിയാതിരുന്നത് നമ്മുടെയുംകൂടി തീരാനഷ്‌ടമായി അവശേഷിക്കുന്നു.
നാല് രാജ്യങ്ങളിൽവച്ച് നിർമിക്കാൻ തീരുമാനിച്ച ആ ചലച്ചിത്ര പദ്ധതി എം എഫ് ഹുസൈന്റെ മരണത്തോടെ ഷാജിക്ക് ഉപേക്ഷിക്കേണ്ടിവന്നു. ലോകമെമ്പാടുമുള്ള എം എഫ് ഹുസൈൻ ആരാധകർ പ്രതീക്ഷിച്ചിരുന്ന ആ ചലച്ചിത്രം ആരംഭിക്കാൻ തന്നെ കഴിയാതിരുന്നത് നമ്മുടെയുംകൂടി തീരാനഷ്‌ടമായി അവശേഷിക്കുന്നു.
ദേശാഭിമാനി വാരികയിൽ നിന്ന്














