‘ സലിൽദായും ഞാനും ഞങ്ങളുടെ പാട്ടുകളും ’


ശ്രീകുമാരൻ തമ്പി
Published on Nov 18, 2025, 10:51 PM | 4 min read
മുപ്പത്തൊമ്പത് സംഗീതസംവിധായകർക്കൊപ്പം പാട്ടുകളൊരുക്കാൻ എനിക്ക് അവസരം ലഭിച്ചു. ഒരു ചിത്രത്തിൽമാത്രം ഒരുമിച്ച കനുഘോഷ് (ചിത്രം–നാഴികക്കല്ല്), വേദ്‌പാൽ വർമ (കാട്), ഭാസ്കർ ചന്ദവർക്കർ (നിന്റെ രാജ്യം വരേണമേ ) തുടങ്ങിയവർപോലും മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സലിൽ ചൗധരി ‘ചെമ്മീൻ’ സിനിമയിലൂടെ മലയാളത്തിൽ പ്രവേശിച്ചതിനുശേഷമാണ് ‘കാട്ടുമല്ലിക’യിലൂടെ ഞാൻ സിനിമയിലെത്തിയത്. വിദ്യാർഥിയായിരുന്ന കാലത്തുതന്നെ ദോ ബീഗാ സമീൻ (1953), മധുമതി (1958) തുടങ്ങിയ സിനിമകളിലൂടെ ഞാൻ സലിൽ ചൗധരിയുടെ ആരാധകനായി മാറി. ‘മധുമതി’യിലെ ചില പാട്ടുകളുടെ ഈണങ്ങളിൽ എന്റേതായ വരികളുണ്ടാക്കി സ്വയം പാടുമായിരുന്നു. ‘ദിൽ ധടപ്പ് ധടപ്പ് കെ കഹ് രഹാഹേ’ എന്ന പാട്ടിന്റെയും ‘ആജാരെ പരദേശി’ എന്ന പാട്ടിന്റെയും ഈണത്തിൽ ഞാനെഴുതിയ വരികൾ ഇപ്പോഴും ഓർമയിലുണ്ട്. ഫീസ് കൊടുക്കാൻപോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന ആ കാലത്ത് ഒരിക്കൽ സലിൽ ചൗധരിയെ പരിചയപ്പെടുമെന്നോ അദ്ദേഹം തരുന്ന ഈണങ്ങളിൽ പാട്ടുകളെഴുതുമെന്നോ സ്വപ്‌നത്തിൽപ്പോലും കരുതിയിരുന്നില്ല.
‘ഇത് വളരെ ടഫായ ട്യൂണാണ്. പല്ലവി വളരെ ദീർഘമാണ്. നിങ്ങൾ എഴുതാൻ ശ്രമിക്കൂ. പറ്റുന്നില്ലെങ്കിൽ പ്രയാസം കുറഞ്ഞ ഒരു ലളിതമായ ട്യൂൺ തരാം.’’ എന്നെ പരീക്ഷിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് ബോധ്യമായി
മലയാളത്തിൽ ആദ്യകാലത്ത് വയലാറും പിന്നീട് ഒ എൻ വിയുമാണ് സലിൽ ചൗധരിയോടൊപ്പം പ്രവർത്തിച്ചത്. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) എന്ന സംഘടനയിൽ അവർ മൂവരും പ്രവർത്തിച്ചിരുന്നു. കമ്യൂണിസ്റ്റ് വിശ്വാസികളെന്ന നിലയിൽ നേരത്തേതന്നെ പരിചിതരായിരുന്നു എന്നു സാരം. എന്നാൽ, 1976ൽ ‘വിഷുക്കണി’ സിനിമയ്ക്ക് ഒരുമിച്ച് പ്രവർത്തിച്ചപ്പോഴാണ് ആദ്യമായി അദ്ദേഹത്തെ കണ്ടത്. ആ ചിത്രത്തിന്റെ രചന ഞാനായിരുന്നു. നിർമാതാവായ ആർ എം സുന്ദരവും ശശികുമാറും ചേർന്ന് അദ്ദേഹത്തെ കണ്ടപ്പോൾ, ആരാണ് പാട്ടുകളെഴുതുന്നതെന്ന് അന്വേഷിച്ചു. അവർ എന്റെ പേര് പറഞ്ഞപ്പോൾ, അയാൾ വേണ്ട; ഒ എൻ വിതന്നെ എഴുതണമെന്ന് സലിൽദാ നിർബന്ധിച്ചു. എന്നാൽ, തിരക്കഥയെഴുതിയത് ശ്രീകുമാരൻ തമ്പിയായതുകൊണ്ട് പാട്ടുകളും അദ്ദേഹത്തെക്കൊണ്ട് എഴുതിച്ചേ മതിയാകൂ എന്ന് നിർമാതാവ് ഉറപ്പിച്ചുപറഞ്ഞു. അങ്ങനെ മനസ്സില്ലാമനസ്സോടെയാണ് എന്നോടൊപ്പം പ്രവർത്തിക്കാൻ അദ്ദേഹം സമ്മതിച്ചത്. പാട്ടുകളെഴുതാൻ മുറിയിലെത്തിയ എന്നോട് അദ്ദേഹം ഗുഡ് മോർണിങ് പോലും പറഞ്ഞില്ല. ഒരു മന്ദഹാസംപോലും പകർന്നില്ല. നിരാശയോടെയാണ് അദ്ദേഹം പാടിത്തന്ന ട്യൂൺ കേട്ടത്. ചിത്രത്തിലെ പ്രധാന ഗാനമായ താരാട്ടാണ് ആദ്യം ഒരുക്കിയത്. പല്ലവിയുടെ ട്യൂൺ പാടിത്തന്നിട്ട് അദ്ദേഹം പറഞ്ഞു: ‘‘ഇത് വളരെ ടഫായ ട്യൂണാണ്. പല്ലവി വളരെ ദീർഘമാണ്. നിങ്ങൾ എഴുതാൻ ശ്രമിക്കൂ. പറ്റുന്നില്ലെങ്കിൽ പ്രയാസം കുറഞ്ഞ ഒരു ലളിതമായ ട്യൂൺ തരാം.’’ എന്നെ പരീക്ഷിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് ബോധ്യമായി.
‘‘ഞാൻ കണ്ട കവികളുടെ കൂട്ടത്തിൽ ഏറ്റവും പെട്ടെന്ന് വരികൾ എഴുതുന്നയാൾ നിങ്ങളാണ്.’’ എനിക്ക് ഗാനരചനയ്ക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്കാരമാണ് ഈ വാക്കുകൾ
അദ്ദേഹം പാടിയ ദീർഘമായ പല്ലവിയുടെ ഈണം ഞാൻ ടേപ്പിൽ പകർത്തി പെട്ടെന്നുതന്നെ. അതുകേട്ട് പല്ലവിയെഴുതി. ‘മലർക്കൊടിപോലെ... വർണത്തുടിപോലെ മയങ്ങൂ നീയെൻ മടിമേലേ...’ ഇത് ഞാൻതന്നെ പാടി ടേപ്പ് ചെയ്ത് കേൾപ്പിച്ചു. അറിയാവുന്ന ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിച്ച് വരികളുടെ അർഥവും പറഞ്ഞുകൊടുത്തു. അദ്ദേഹത്തിന്റെ മുഖത്ത് പെട്ടെന്നുവന്ന പ്രകാശം എനിക്ക് ധൈര്യം നൽകി. തുടർന്ന് രണ്ടു ചരണങ്ങളും പാടിത്തന്നു. അധികം സമയമെടുക്കാതെതന്നെ ആ വരികളും എഴുതി പാടിക്കേൾപ്പിച്ചു. എനിക്ക് കൈ തന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘‘ഞാൻ കണ്ട കവികളുടെ കൂട്ടത്തിൽ ഏറ്റവും പെട്ടെന്ന് വരികൾ എഴുതുന്നയാൾ നിങ്ങളാണ്.’’ എനിക്ക് ഗാനരചനയ്ക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്കാരമാണ് ഈ വാക്കുകൾ. പൂവിളി പൂവിളി പൊന്നോണമായി, രാപ്പാടി പാടുന്ന രാഗങ്ങളിൽ, പൊന്നുഷസ്സിൻ ഉപവനങ്ങൾ പൂവിടും, കണ്ണിൽ പൂവ് ചുണ്ടിൽ പാല് തേന് തുടങ്ങി ‘വിഷുക്കണി’യിലെ എല്ലാ പാട്ടുകളും ഹിറ്റുകളായി. പിന്നീട് രണ്ട് സിനിമകളിൽക്കൂടി ഞങ്ങളൊരുമിച്ചു. രണ്ടിന്റെയും എഴുത്തുകാരനും സംവിധായകനും ഞാൻതന്നെയായിരുന്നു.
കെ സുരേന്ദ്രന്റെ ‘ഭിക്ഷാംദേഹി’ എന്ന നോവലിനെ അവലംബമാക്കി ഞാൻ നിർമിച്ച ‘ഏതോ ഒരു സ്വപ്‌നം’ എന്ന സിനിമ തുടങ്ങുമ്പോൾ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംഗീതസംവിധാനം നിർവഹിക്കാമോ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു.‘ഞാനൊരു ചെറിയ നിർമാതാവാണ്. ഒരു വലിയ പ്രതിഫലം എന്നിൽനിന്ന് പ്രതീക്ഷിക്കരുത് ’ എന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘‘നീയെന്റെ അനുജൻ. ജ്യേഷ്ഠനാണ് ഞാൻ. അനുജൻ നിർമിക്കുന്ന സിനിമയ്ക്ക് ജ്യേഷ്ഠൻ സംഗീതം നൽകുന്നു. അവിടെ പ്രതിഫലം പ്രശ്നമല്ല. നിന്റെ സിനിമയുടെ ബജറ്റ് അനുസരിച്ച് എന്ത് തരാൻ പറ്റുമോ, അത് തരൂ...’’
ഞങ്ങൾ പാട്ടുകളൊരുക്കിയത് ബോംബെ ബദ്ദർ റോഡിലുള്ള സലിൽദായുടെ ഫ്ലാറ്റിൽവച്ചായിരുന്നു. സലിൽദായുടെ ഭാര്യയും പ്രശസ്ത ഗായികയുമായ സബിത ചൗധരി വിളമ്പിത്തന്ന ഭക്ഷണമാണ് ഞാനും കഴിച്ചത്. ഒരുദിവസംകൊണ്ട് ഞങ്ങൾ നാലു പാട്ടുകൾ തീർത്തു
ചെലവ് കുറയ്ക്കാൻവേണ്ടി അദ്ദേഹം ഒരു നിർദേശവും നൽകി. മദ്രാസിൽ റെക്കോഡിങ് വച്ചാൽ പണച്ചെലവ് കൂടും. സലിൽദായുടെയും സംഘത്തിന്റെയും വിമാനക്കൂലി, ഫൈവ് സ്റ്റാർ ഹോട്ടലിലെ താമസം തുടങ്ങിയവ ഒഴിവാക്കാം. നിർമാതാവും സംവിധായകനും എഴുത്തുകാരനും ഞാനായതുകൊണ്ട് തനിച്ച് ബോംബെയിൽ ചെന്നാൽ മതി. പാട്ടുകൾ ബോംബെയിൽ റെക്കോഡ് ചെയ്യാം. പാടുന്നത് യേശുദാസാണ്. അദ്ദേഹം ഹിന്ദിയിൽ പാടുന്ന കാലമായിരുന്നു അത്. അദ്ദേഹം എല്ലാ മാസവും കുറച്ചുദിവസം ബോംബെയിലുണ്ടാകും. അങ്ങനെ ബോംബെയിൽ വെസ്റ്റേൺ ഔട്ഡോർ എന്ന സ്റ്റുഡിയോയിലാണ് ‘ഏതോ ഒരു സ്വപ്‌നം’ എന്ന ചിത്രത്തിലെ പാട്ടുകളുടെ ശബ്ദലേഖനം നടന്നത്. അതുകൊണ്ട് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴലും ശിവകുമാർ ശർമയുടെ സന്തൂറും എന്റെ സിനിമയ്ക്ക് അലങ്കാരമായി. ഞങ്ങൾ പാട്ടുകളൊരുക്കിയത് ബോംബെ ബദ്ദർ റോഡിലുള്ള സലിൽദായുടെ ഫ്ലാറ്റിൽവച്ചായിരുന്നു. സലിൽദായുടെ ഭാര്യയും പ്രശസ്ത ഗായികയുമായ സബിത ചൗധരി വിളമ്പിത്തന്ന ഭക്ഷണമാണ് ഞാനും കഴിച്ചത്. ഒരുദിവസംകൊണ്ട് ഞങ്ങൾ നാലു പാട്ടുകൾ തീർത്തു.
ഞാൻ സലിൽദായുടെ അനുജനാണ്. അങ്ങ് എന്റെ ജ്യേഷ്ഠനും. അതുകൊണ്ട് ആ പണം തിരിച്ചയക്കുന്ന പ്രശ്നമില്ല.’ പിന്നെ ഞങ്ങൾ ആ കാര്യം സംസാരിച്ചിട്ടില്ല
അടുത്തദിവസം ആവശ്യമായ തിരുത്തലുകൾ വരുത്തി. പൂമാനം പൂത്തുലഞ്ഞേ, ഒരു മുഖംമാത്രം കണ്ണിൽ, ശ്രീപദം വിടർന്ന സരസീരുഹത്തിൽ, പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം എന്നീ പാട്ടുകൾ പ്രചുരപ്രചാരം നേടി.
ജയനെ നായകനും ശ്രീവിദ്യയെയും ജയഭാരതിയെയും നായികമാരുമാക്കി ഞാൻ സംവിധാനം ചെയ്‌ത ‘പുതിയ വെളിച്ചം’ എന്ന ചിത്രത്തിനും സലിൽദാ തന്നെ സംഗീതം നൽകി. ജിൽ ജിൽ ജിൽ ചിലമ്പനങ്ങി ചിരിയിൽ, പൂ വിരിഞ്ഞല്ലോ അത് തേൻ ചൊരിഞ്ഞല്ലോ, മനസ്സേ നിൻ പൊന്നമ്പലം, ആറാട്ടുകടവിൽ അന്നുരാവിൽ തുടങ്ങിയ ഗാനങ്ങൾ ഈ സിനിമയിലേതാണ്. ബോംബെ കേന്ദ്രീകരിച്ച് ‘അവളും നഗരവും’ എന്ന പേരിൽ ഞാൻ നിർമിക്കാൻ തീരുമാനിച്ച സിനിമയുടെ സംഗീതസംവിധായകനും സലിൽദാ ആയിരുന്നു. നിർഭാഗ്യവശാൽ ആ സ്വപ്‍നം സഫലമായില്ല. ആ പടത്തിനുള്ള പ്രതിഫലം അഡ്വാൻസായി നൽകി (സലിൽദായുടെ മകളുടെ വിവാഹസമയമായിരുന്നു അത്). മാസങ്ങൾക്കുശേഷം സലിൽദാ ഫോണിൽ വിളിച്ച് ആ പണം തിരിച്ചയക്കട്ടെയെന്ന് ചോദിച്ചു. ഒരിക്കൽ എന്നോട് പറഞ്ഞ വാക്കുകൾ ഞാൻ അങ്ങോട്ടും പറഞ്ഞു. ‘ഞാൻ സലിൽദായുടെ അനുജനാണ്. അങ്ങ് എന്റെ ജ്യേഷ്ഠനും. അതുകൊണ്ട് ആ പണം തിരിച്ചയക്കുന്ന പ്രശ്നമില്ല.’ പിന്നെ ഞങ്ങൾ ആ കാര്യം സംസാരിച്ചിട്ടില്ല.
ആർക്കും അനുകരിക്കാൻ കഴിയാത്ത സംഗീതസംവിധാനശൈലിയാണ് സലിൽദായുടേത്. ബംഗാളിലെ പരമ്പരാഗത നാടൻസംഗീതവും ഉത്തരേന്ത്യൻ സംഗീതവും പാശ്ചാത്യസംഗീതശൈലിയും സംഗമിക്കുന്ന ഒരു പ്രവാഹിനിയാണ് അത്. അദ്ദേഹം ഒരു സംഗീതജ്ഞൻമാത്രമായിരുന്നില്ല. ബംഗാളിഭാഷയിൽ ഗാനങ്ങൾ രചിക്കുന്ന കവിയുമായിരുന്നു. ‘ദോ ബീഗാ സമീൻ’ എന്ന ബിമൽറോയ് ചിത്രത്തിന് കഥയെഴുതുമ്പോൾ കേവലം 27 വയസ്സായിരുന്നു. സലിൽചൗധരി എന്ന ജീനിയസ്സിന് മരണമില്ല.














