ad
Deshabhimani

തെക്കേ ഇന്ത്യയുടെ ജാലിയൻവാലാബാഗ്‌

salem martyrs
avatar
എൻ എസ്‌ സജിത്‌

Published on Feb 10, 2026, 10:50 PM | 2 min read

1947 ആഗസ്‌ത്‌ 14ന്‌ അർധരാത്രി കൈമാറിക്കിട്ടിയ കള്ളനാണയമാണ്‌ സ്വാതന്ത്ര്യമെന്ന്‌ രാജ്യത്തെ കർഷകരും തൊഴിലാളികളും തിരിച്ചറിഞ്ഞ കാലം. 1940കളുടെ അന്ത്യത്തിൽ ഭക്ഷണത്തിനും ഭൂമിക്കും വേണ്ടിയുള്ള കർഷകപോരാട്ടങ്ങളെ കോൺഗ്രസ്‌ സർക്കാരുകൾ കരിനിയമവും ലാത്തിയും തോക്കും ഉപയോഗിച്ച്‌ നേരിട്ടു. രാജ്യമൊട്ടുക്ക്‌ കമ്യൂണിസ്റ്റുകാരെയും കർഷകസംഘം നേതാക്കളെയും ജയിലിലടച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക്‌ പ്രവേശിച്ചപ്പോൾ എത്രയോ കമ്യൂണിസ്റ്റുകാർക്ക്‌ കാരാഗൃഹത്തിന്റെ കട്ടപിടിച്ച ഇരുട്ടിൽ കഴിയേണ്ടിവന്നു. ബ്രിട്ടീഷ്‌ കൊളോണിയൽ ശക്തിയിൽനിന്ന്‌ അധികാരം ഇന്ത്യൻ ബൂർഷ്വാസിയിലെത്തിയപ്പോൾ ക്രൂരമായ അടിച്ചമർത്തലിന്‌ ഇരയായത്‌ കമ്യൂണിസ്റ്റുകാരായിരുന്നു. 1940കളുടെ ഉത്തരാർധത്തിൽ നടമാടിയ നിർദയമായ കമ്യൂണിസ്റ്റ്‌ വേട്ടയുടെ ദീർഘചരിത്രത്തിലെ ചോരകിനിയുന്ന അധ്യായമാണ്‌ സേലം വെടിവയ്‌പ്.


അതേക്കുറിച്ച്‌ ഇ‍ എം എസ്‌ പറഞ്ഞതിങ്ങനെ: ‘‘ലോകത്തെവിടെയുള്ളതായാലുംവേണ്ടില്ല, ഹൃദയമുള്ള ഏതൊരാൾക്കും മറക്കാൻ കഴിയാത്ത സംഭവമാണ്‌ സേലം കൂട്ടക്കൊല. അവിടെ കണ്ണിൽ ചോരയില്ലാതെ, പട്ടികളെ തല്ലിക്കൊല്ലുന്ന വിധമാണ്‌ ധീരരായ നമ്മുടെ കർഷകനേതാക്കളെ കൊന്നത്‌. ജയിലിനുള്ളിൽ നിസ്സഹായരായ നൂറിലധികംപേരെ ഗ‍ൗരവതരമായ പരിക്കുകൾ ഏൽപ്പിച്ചു. 22 പേരെ കൊന്നു. ഞാൻ വളരെ ഗ‍ൗരവബോധത്തോടുകൂടിത്തന്നെ പറയുന്നു: ഇ‍ൗ സംഭവത്തിൽ മാധവമേനോന്‌ (കോഴിപ്പുറത്ത്‌ മാധവമേനോൻ– കോൺഗ്രസ്‌ നേതാവും അന്നത്തെ മദിരാശി സംസ്ഥാനത്തെ ജയിൽമന്ത്രിയും) വ്യക്തിപരമായ പങ്കുണ്ട്‌. കാരണം മലബാറിൽ വിശേഷിച്ച്‌ വടക്കേ മലബാറിൽ, ഒരു വന്പിച്ച കർഷകപ്രസ്ഥാനം കെട്ടിപ്പടുത്ത തളിയൻ രാമൻ നന്പ്യാർ നീലഞ്ചേരി എന്നിവരെപ്പോലുള്ളവരാണ്‌ സേലം ജയിലിലുണ്ടായിരുന്നത്‌. ഇവരുടെ സംഘടിതപ്രവർത്തനം കാരണം മാധവമേനോന്റെ സ്വന്തക്കാരായ ജന്മികൾക്കും മുതലാളിമാർക്കും കരിഞ്ചന്തക്കാർക്കും രക്ഷയുണ്ടായിരുന്നില്ല.


കണ്ണൂരിലെ പഴശ്ശിയിലെയും തില്ലങ്കേരിയിലെയും അയ്യല്ലൂരിലെയുമടക്കം കർഷകനേതാക്കളെ ജയിലിലടച്ചു. ഭക്ഷണവും പ്രാഥമികസൗകര്യങ്ങളും നിഷേധിച്ചു. ഇതിനെതിരെ ജയിലിനകത്ത്‌ പ്രതിഷേധമുയർന്നു. മാധവമേനോന്റെ കുപ്രസിദ്ധമായ കമ്യൂണിസ്റ്റ്‌ വിരോധം മറനീക്കി. പൊലീസും ഗുണ്ടകളും ജയിലിൽ അഴിഞ്ഞാടി


സേലം ജയിലിലെ സംഭവത്തോട്‌ താരതമ്യപ്പെടുത്താവുന്ന ഒരേ ഒരു സംഭവമുണ്ട്‌, നമ്മുടെ ദേശീയ പ്രസ്ഥാനത്തിൽ. അത്‌ ജനറൽ ഡയറുടെ നേതൃത്വത്തിൽ ജാലിയൻവാലാബാഗിൽ നടത്തിയ കൂട്ടക്കൊലയാണ്‌. ജനറൽ ഡയറിനെപ്പോലെ മനുഷ്യത്വഹീനമായ ഇ‍ൗ കൊല ചെയ്യിച്ച ആൾ കൊലയാളിയല്ലെങ്കിൽ മറ്റാരാണ്‌ ? കൊലയാളിമന്ത്രി എന്നു വിളിക്കുന്നതിൽ മാധവമേനോന്‌ വലിയ പരിഭവമായിരുന്നുവത്രേ!’’അന്ന്‌ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ. മലബാറിലും ആന്ധ്രയിലും തമിഴ്‌നാട്ടിലുമൊക്കെ കർഷകസമരം കരുത്താർജിച്ചപ്പോൾ പ്രക്ഷോഭകാരികളെ പിടികൂടി ജയിലിലടച്ചു. കോഴിപ്പുറത്ത്‌ മാധവമേനോന്റെ നിർദേശപ്രകാരമായിരുന്നു അറസ്റ്റും പീഡനവും. കണ്ണൂരിലെ പഴശ്ശിയിലെയും തില്ലങ്കേരിയിലെയും അയ്യല്ലൂരിലെയുമടക്കം കർഷകനേതാക്കളെ ജയിലിലടച്ചു. ഭക്ഷണവും പ്രാഥമികസൗകര്യങ്ങളും നിഷേധിച്ചു. ഇതിനെതിരെ ജയിലിനകത്ത്‌ പ്രതിഷേധമുയർന്നു. മാധവമേനോന്റെ കുപ്രസിദ്ധമായ കമ്യൂണിസ്റ്റ്‌ വിരോധം മറനീക്കി. പൊലീസും ഗുണ്ടകളും ജയിലിൽ അഴിഞ്ഞാടി.


1950 ഫെബ്രുവരി 11നായിരുന്നു ജയിലിനെ ചോരക്കളമാക്കിയ കൂട്ടക്കൊല. 17 പേർ തൽക്ഷണം മരിച്ചു. അഞ്ചുപേർ ആശുപത്രിയിലും മരിച്ചു. 22 രക്തസാക്ഷികൾ. ശരീരത്തിൽ വെടിച്ചില്ലുമായി ജീവിതാന്ത്യംവരെ വേദന തിന്ന ചെറൊട്ട കുഞ്ഞിക്കണ്ണനെപ്പോലുള്ള എത്രയോ ധീരന്മാർ. രക്തസാക്ഷികളിൽ 18 പേരും കണ്ണൂർ ജില്ലക്കാർ. തളിയിൽ രാമൻ നമ്പ്യാർ, നക്കായി കണ്ണൻ, ആശാരി അമ്പാടി, പുല്ലാഞ്ഞിയോടൻ കുഞ്ഞപ്പ നമ്പ്യാർ, പുല്ലാഞ്ഞിയോടൻ ഗോവിന്ദൻ നമ്പ്യാർ, കൊയിലോടൻ നാരായണൻ നമ്പ്യാർ, എൻ ബാലൻ, എൻ പത്മനാഭൻ, നീലഞ്ചേരി നാരായണൻനായർ, ആസാദ്‌ ഗോപാലൻനായർ, എം കോരൻ, മയിലപ്രവൻ നാരായണൻ നമ്പ്യാർ, പിലാട്ട്യാരൻ ഗോപാലൻ നമ്പ്യാർ, കോരൻ ഗുരുക്കൾ, അണ്ടലോടൻ കുഞ്ഞപ്പ, ഞണ്ടാടി കുഞ്ഞമ്പു, എ സി കുഞ്ഞിരാമൻ നമ്പ്യാർ, ഒ പി അനന്തൻ എന്നിവർ. കോഴിക്കോട്ടുകാരനായ കെ ഗോപാലൻകുട്ടിനായരും തമിഴ്‌നാട്ടുകാരനായ ആറുമുഖ നായ്‌ക്കറും കാവേരി മുതലിയാറും ആന്ധ്രപ്രദേശുകാരായ ഷെയ്‌ക്ക്‌ ദാവൂദുമാണ് മറ്റു രക്തസാക്ഷികൾ.


സേലം രക്തസാക്ഷിത്വത്തിന്‌ 76 വർഷം പിന്നിടുന്ന ഇ‍ൗ ഘട്ടത്തിൽ, ചൂഷകർക്കെതിരെ ശക്തമായ പോരാട്ടത്തിന്‌ ഒരുങ്ങുകയാണ്‌ രാജ്യത്തെ കർഷകർ. കേന്ദ്രം ഭരിക്കുന്ന കോർപറേറ്റ്‌–വർഗീയ സഖ്യത്തിനെതിരെ തൊഴിലാളികൾ വ്യാഴാഴ്‌ച നടത്തുന്ന അഖിലേന്ത്യ പണിമുടക്കിൽ കർഷകരും അണിചേരുകയാണ്‌. മൂന്നു കിരാതമായ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെയുള്ള ഐതിഹാസിക പോരാട്ടത്തിനൊടുവിൽ നൽകിയ ഉറപ്പുകളിൽനിന്ന്‌ പിൻവാങ്ങിയ കേന്ദ്രസർക്കാരിനെതിരെ തുടർസമരത്തിന്‌ ഒരുങ്ങുന്പോൾ സേലം രക്തസാക്ഷികളുടെ സ്‌മരണ പോരാട്ടവീറിനെ ജ്വലിപ്പിക്കുകതന്നെ ചെയ്യും.



Deshabhimani
Home