പുടിന് ശക്തിപകരുന്ന ഫലം

പുടിന് ശക്തിപകരുന്ന ഫലം

വി ബി പരമേശ്വരൻ
Published on Sep 24, 2026, 01:38 AM | 4 min read
റഷ്യൻ പാർലമെന്റിന്റെ (ഫെഡറൽ അസംബ്ലി) അധോസഭയായ ഡ്യൂമയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ പാർടിയായ യുണൈറ്റഡ് റഷ്യ വൻ വിജയം കൊയ്തു. സെപ്തംബർ 18 മുതൽ മൂന്നുദിവസമായി നടന്ന വോട്ടെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടും സീറ്റും ഭരണകക്ഷി വർധിപ്പിച്ചു. നാല് വർഷത്തിലധികമായി തുടരുന്ന ഉക്രയ്ൻ യുദ്ധത്തിൽ റഷ്യ കീഴ്പ്പെടുത്തിയ ഡോണറ്റ്സ്‌ക്, ലുഹാൻസ്ക്, ഖെർസോൺ, സപോറോഷിയ എന്നീ പ്രവിശ്യകളിലും ആദ്യമായി വോട്ടെടുപ്പ് നടന്നു.
450 അംഗ ഡ്യൂമയിൽ 57.83 ശതമാനം വോട്ടും 355 സീറ്റും യുണൈറ്റഡ് റഷ്യ നേടി. 2021ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 8.1 ശതമാനം വോട്ടും 31 സീറ്റും യുണൈറ്റഡ് റഷ്യ വർധിപ്പിച്ചു. വോട്ടിലും സീറ്റിലും കുറവുണ്ടായെങ്കിലും കമ്യൂണിസ്റ്റ് പാർടി ഓഫ് റഷ്യൻ ഫെഡറേഷൻ (സിപിആർഎഫ്) ആണ് രണ്ടാംസ്ഥാനത്ത്. 13.7 ശതമാനം വോട്ടും 40 സീറ്റുമാണ് ഗെന്നഡി ഷ്യുഗാനോവിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർടി നേടിയത്. 2021ൽ 18.93 ശതമാനം വോട്ടും 57 സീറ്റും കമ്യൂണിസ്റ്റ് പാർടി നേടിയിരുന്നു.
റഷ്യൻ വിപ്ലവനായകൻ വ്ളാദിമർ ലെനിന്റെ ജന്മദേശമായ ഉലിയാനോവ്‌സ്കിന്റെ ഗവർണറായി കമ്യൂണിസ്റ്റ് പാർടിയിലെ അലക്സി റുസ്കിഖ് വൻ ഭൂരിപക്ഷം നേടി വീണ്ടും വിജയിച്ചു. 77.05 ശതമാനം വോട്ട് നേടിയാണ് വിജയം. ലിബറൽ ഡെമോക്രാറ്റിക് പാർടിയിലെ സെർജി മാറിനിനെയാണ് റുസ്കിഖ് തോൽപ്പിച്ചത്. യുണൈറ്റഡ് റഷ്യക്കും കമ്യൂണിസ്റ്റ് പാർടിക്കും പുറമെ മൂന്ന് പാർടിക്കുകൂടി ഡ്യൂമയിൽ അംഗത്വം ലഭിച്ചു. തീവ്ര ദേശീയവാദ പ്രസ്ഥാനമായ ലിബറൽ ഡെമോക്രാറ്റിക് പാർടി ഓഫ് റഷ്യയും (എൽഡിപിആർ) മധ്യവലതുപക്ഷ കക്ഷിയായ ന്യൂ പീപ്പിൾസ് പാർടിയും വോട്ടും സീറ്റും വർധിപ്പിച്ച് യഥാക്രമം മൂന്നും നാലും സ്ഥാനത്തെത്തി.
ഈ രണ്ടു പാർടിയും കമ്യൂണിസ്റ്റ് പാർടിയേക്കാൾ മുന്നിലെത്തുമെന്ന് പ്രചരിപ്പിക്കപ്പെട്ടെങ്കിലും അവർക്ക് അതിന് കഴിഞ്ഞില്ല. വ്ളാദിമിർ ഷിരിനോസ്കിയുടെ മരണശേഷം ലിയോനിദ് സ്യൂട്സ്കി നയിക്കുന്ന ലിബറൽ ഡെമോക്രാറ്റിക് പാർടി 1.46 ശതമാനം വോട്ട് വർധിപ്പിച്ച് 9.01 ശതമാനം വോട്ടും നാല് സീറ്റ് വർധിപ്പിച്ച് 25 സീറ്റും നേടിയപ്പോൾ അലക്സി നെച്ചായേവ് നയിക്കുന്ന ന്യൂ പീപ്പിൾസ് പാർടി 2.64 ശതമാനം വോട്ടും ഏഴ് സീറ്റും വർധിപ്പിച്ച് യഥാക്രമം 7.96 ശതമാനം വോട്ടും 20 സീറ്റും നേടി. സെർജി മിറോനോവ് നയിക്കുന്ന എ ജസ്റ്റ് റഷ്യ പാർടി ഡ്യൂമയിലേക്ക് കടന്നുകൂടാൻ ആവശ്യമായ അഞ്ച് ശതമാനം വോട്ട് നേടി മുഖം രക്ഷിച്ചു. ഈ പാർടിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 2.46 ശതമാനം വോട്ട് കുറഞ്ഞു.
ഡ്യൂമയിലേക്ക് രണ്ട് രീതിയിലാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ആകെയുള്ള 450 ൽ 225 സീറ്റിലേക്ക് മണ്ഡലാടിസ്ഥാനത്തിൽ (സിംഗിൾ മാൻഡേറ്റ് മണ്ഡലങ്ങൾ) തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 225 സീറ്റിൽ പാർടി ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രാഷ്ട്രീയ പാർടികൾക്ക് ദേശീയതലത്തിൽ ലഭിക്കുന്ന വോട്ടിന്റെ ശതമാനത്തിന് ആനുപാതികമായാണ് പാർടിലിസ്റ്റിലുള്ള സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെടുക. 14 കോടി ജനസംഖ്യയുള്ള റഷ്യയിൽ 11.1 കോടി വോട്ടർമാരാണുള്ളത്. 18 വയസ്സ് പൂർത്തിയായവർക്കാണ് വോട്ടവകാശം. ഇക്കുറി 58 ശതമാനം പേർ സമ്മതിദാനാവകാശം ഉപയോഗിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 51.72 ശതമാനമായിരുന്നു പോളിങ്. ഉക്രയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ച (2022 ഫെബ്രുവരി)ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ യുദ്ധംതന്നെയായിരുന്നു പ്രധാന വിഷയം. യുദ്ധത്തിൽ അന്തിമ വിജയം നേടാൻ ഒരു വോട്ട് എന്ന മുദ്രാവാക്യമാണ് ഭരണകക്ഷിയും പ്രസിഡന്റും ഉയർത്തിയത്. മാതൃരാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന സൈനികർക്ക് രാജ്യം ഒറ്റക്കെട്ടായി പിന്തുണ നൽകണമെന്ന സന്ദേശമാണ് പുടിൻ നൽകിയത്. യുദ്ധത്തിൽ പങ്കെടുത്ത നിരവധി സൈനികരെ യുണൈറ്റഡ് റഷ്യ സ്ഥാനാർഥികളാക്കി. ഇതിൽ 49 പേർ ജയിച്ചു.
ലിബറൽ കക്ഷിയായ യാബ്ലോക്കോ ഒഴിച്ചുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉക്രയ്‌നെ മുൻനിർത്തി അമേരിക്കൻ നേതൃത്വത്തിലുള്ള ഉത്തര അത്-ലാന്തിക് സഖ്യം (നാറ്റോ) റഷ്യക്കെതിരെ നടത്തുന്ന യുദ്ധത്തിനെ പ്രതിരോധിക്കണമെന്ന പക്ഷക്കാരാണ്. എന്നാൽ യാബ്ലോക്കോ യുദ്ധത്തെ മാത്രമല്ല പ്രസിഡന്റ് പുടിനെയും നിശിതമായി വിമർശിച്ചു. ഇതിന്റെ ഫലമായി ഈ പ്രസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് സുപ്രീംകോടതി ബാലിശമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിലക്കുകയും ചെയ്തു. അതായത് പാർടി ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ മത്സരിക്കുന്നതിനാണ് യാബ്ലോക്കോയ്‌ക്ക് വിലക്ക്.
മണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇവർക്ക് സ്ഥാനാർഥികളെ നിർത്താനായി. നൂറിലധികം സ്ഥാനാർഥികളെ നിർത്തിയെങ്കിലും ഒരു സീറ്റിലും അവർക്ക് ജയിക്കാനായില്ല. യാബ്ലോക്കോ മാത്രമല്ല പുടിൻ സർക്കാരിന്റെ രോഷത്തിന് പാത്രമായത്. പ്രധാന പ്രതിപക്ഷമായ കമ്യൂണിസ്റ്റ് പാർടിയും വേട്ടയാടപ്പെട്ടു. നാറ്റോവിരുദ്ധ നീക്കത്തെ കമ്യൂണിസ്റ്റ് പാർടി പൊതുവെ പിന്തുണച്ചെങ്കിലും യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കാൻ പുടിൻ സർക്കാർ ശ്രമിക്കാത്തതിനെ കമ്യൂണിസ്റ്റ് പാർടി രൂക്ഷമായി വിമർശിച്ചിരുന്നു. അതോടൊപ്പം തന്ത്രപ്രധാന പ്രകൃതിവിഭവങ്ങൾ പൊതുമേഖലയിൽ സംരക്ഷിക്കണമെന്നും ആരോഗ്യ വിദ്യാഭ്യാസ മേഖല സൗജന്യമാക്കണമെന്നും പെൻഷൻ പ്രായം ഉയർത്തിയ നടപടി പിൻവലിക്കണമെന്നും കമ്യൂണിസ്റ്റ് പാർടി ആവശ്യപ്പെട്ടു.
ഇതോടെ മണ്ഡലാടിസ്ഥാനത്തിൽ വിജയസാധ്യതയുള്ള കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥികളെ അയോഗ്യരാക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുകയും ചെയ്തു. ഉദാഹരണത്തിന് കമ്യൂണിസ്റ്റ് പാർടിയുടെ ഏറ്റവും പ്രധാന ജനപ്രിയ മുഖങ്ങളിലൊന്നാണ് നിക്കോളെ ബൗദാരെങ്കോ. തെക്കു കിഴക്കൻ റഷ്യയിൽ വോൾഗ നദിയോട് ചേർന്നുകിടക്കുന്ന സെരടവ് പ്രവിശ്യയിലെ ജനനേതാവാണ് ബൗദാരെങ്കോ. ഡ്യൂമ സ്പീക്കർ വ്യാചെസ്ലാവ് വെളോഡിനെതിരെ മത്സരിക്കാൻ ഒരുങ്ങിയതാണ് ബൗദാരെങ്കോയെ അയോഗ്യനാക്കാൻ പ്രധാന കാരണം. 20 ലക്ഷം പേർ പിന്തുടരുന്ന യുട്യൂബറാണ് ഈ യുവകമ്യൂണിസ്റ്റ് നേതാവ്.
ഒരു സമൂഹമാധ്യമ പോസ്റ്റിൽ പുടിന്റെ രാഷ്ട്രീയ എതിരാളിയും ജയിലിൽ മരിച്ചയാളുമായ അലക്സി നവൽനിയുടെ പടം ടാഗ് ചെയ്തെന്ന കാരണത്താൽ ബൗദാരെങ്കോയെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്‌ക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർടിയുടെ എട്ടോളം നേതാക്കളെ ഇതുപോലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തടഞ്ഞതായി മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്തു. എ ജസ്റ്റ് റഷ്യപോലുള്ള സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ച് കമ്യൂണിസ്റ്റ് പാർടിയെ ദുർബലമാക്കുകയെന്ന തന്ത്രവും പുടിൻ പയറ്റി. എന്നിട്ടും കമ്യൂണിസ്റ്റ് പാർടിതന്നെ രണ്ടാം സ്ഥാനത്ത് വന്നുവെന്നത് യുദ്ധം സൃഷ്ടിച്ച സാമ്പത്തിക വിഷമതകളും തകർന്നടിയുന്ന ജീവിതനിലവാരവും ജനങ്ങൾ പ്രധാന വിഷയമായി കാണുന്നെന്നതിന് തെളിവാണെന്ന് റഷ്യൻ രാഷ്ട്രീയ നിരീക്ഷകനായ അലക്സാണ്ടർ ബ്രേയ്റ്റേഴ്സ് അൽ ജസീറയോട് പ്രതികരിക്കുകയുണ്ടായി.
ക്രംലിനെ പൂർണമായും പിന്തുണയ്‌ക്കാതെ സ്വതന്ത്രമായി നിലപാടുകൾ പറയുന്ന പാർടിയാണ് സിപിആർഎഫ് എന്ന് ഇക്കോണമിസ്റ്റ് വാരികപോലും അഭിപ്രായപ്പെടുന്നു. പുടിനെ പൂർണമായും പിന്തുണയ്‌ക്കുകയാണ് കമ്യൂണിസ്റ്റ് പാർടി എന്ന മാധ്യമപ്രചാരണം ശരിയല്ലെന്ന് ഇതിൽനിന്ന് വ്യക്ത മാകും. പ്രധാന പ്രതിപക്ഷമായി തുടരാൻ കമ്യൂണിസ്റ്റ് പാർടിക്ക് കഴിഞ്ഞെന്നത് ചെറിയ കാര്യമല്ല. ഇലക്ട്രോണിക് ഡിജിറ്റൽ വോട്ടിൽ കൃത്രിമം നടന്നെന്ന ആരോപണവും വിവിധ കോണുകളിൽനിന്നുയരുകയുണ്ടായി. പേപ്പർ ബാലറ്റ് വേണമെന്ന ആവശ്യം കമ്യൂണിസ്റ്റ് പാർടി ഉൾപ്പെടെ ശക്തമായി ഉയർത്തിയിട്ടുമുണ്ട്. ഉക്രയ്നെതിരെ യുദ്ധം തുടരുന്ന പുടിന് ശക്തിപകരുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. തന്റെ യുദ്ധനയത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് നാറ്റോ ശക്തികളോട് പറയാൻ ഇതോടെ പുടിന് കഴിയും. ഉക്രയ്നെതിരെ കൂടുതൽ ശക്തമായി നീങ്ങാൻ ഇത് പുടിന് കരുത്ത് പകരും.













