ad
Deshabhimani

Articles

ഒരു ഗ്രാമം ഒരു നോവൽ, ഒപ്പം ഇത്തിരി സാമ്പത്തിക ശാസ്ത്രവും

ഒരു ഗ്രാമം ഒരു നോവൽ, ഒപ്പം ഇത്തിരി സാമ്പത്തിക ശാസ്ത്രവും

Rumble in a Village jean dreze
avatar
ജി സാജൻ

Published on Jun 10, 2026, 10:31 AM | 5 min read

രു ഇന്ത്യൻ ഗ്രാമത്തിന്റെ സാമൂഹിക ശാസ്ത്ര പഠനം ഒരു നോവലിന്റെ രൂപത്തിൽ അവതരിപ്പിച്ചാൽ അതെങ്ങനെയിരിക്കും?


പ്രത്യേകിച്ച് ലോക പ്രശസ്തനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ നോവൽ എഴുതപ്പെട്ടിരിക്കുന്നത് എങ്കിലോ?


സാമ്പത്തിക ശാസ്ത്രജ്ഞന്മാരിലെ സന്യാസി എന്ന് വിശേഷിപ്പിക്കാവുന്ന ഴാങ് ഡ്രീസിനെ പഠനങ്ങളെ അവലംബിച്ചാണ് 'റംബ്ൾ ഇൻ എ വില്ലേജ്' എന്ന ഈ നോവൽ


ഇന്ത്യയുടെ പുറത്തുനിന്നു വന്നു ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ ജീവിച്ച ഒരു സാമൂഹിക വിദഗ്ധന്റെ കണ്ണിലൂടെ ഏകദേശം നൂറു വർഷത്തെ സാമൂഹിക പരിവർത്തനത്തിന്റെ ചരിത്രം പറയുകയാണ് ലുക്ക് ലറൂത് ഈ നോവലിലൂടെ.


പാലൻപൂർ എന്നൊരു ഗ്രാമത്തെക്കുറിച്ചു നമ്മളിൽ പലരും കേട്ടിട്ടുണ്ടാവില്ല


എന്നാൽ ലോകപ്രശസ്തരായ പല സാമ്പത്തിക ശാസ്ത്രജ്ഞന്മാർക്കും സാമൂഹിക ശാസ്ത്രജ്ഞന്മാർക്കും ഇന്ത്യയിൽ ഉത്തർ പ്രദേശിലുള്ള ഈ ഗ്രാമത്തോട് ഒരു പ്രത്യേക മമതയുണ്ട്. കാരണം ഇന്ത്യൻ വികസനത്തിന്റെ ഒരു പ്രക്രിയ പഠിക്കാൻ നാല്പതു വർഷത്തോളം ഒരു വലിയ സംഘം വിദഗ്‌ധർ താമസിക്കുകയും പഠിക്കുകയും ചെയ്ത ഒരു ഗ്രാമമാണിത്.


1973 ൽ ക്രിസ്റ്റഫർ ബ്ലിസ്, നിക്കോളാസ് സ്റ്റേണ് എന്നീ ചെറുപ്പക്കാരായ രണ്ടു ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്ര വിദഗ്‌ധർ ഈ ഗ്രാമം സന്ദർശിച്ചു. ഏറെക്കാലം അവിടെ താമസിച്ചു. പിന്നീട് പത്തു വര്ഷം തുടർച്ചയായി അവർ ആ ഗ്രാമത്തെക്കുറിച്ചു പഠിച്ചു. ഗ്രാമത്തിന്റെ ചരിത്രവും സമകാലിക സാമൂഹിക യാഥാർഥ്യവും അവർ പഠിച്ചു. പത്തുവർഷത്തിനു ശേഷം ആ ഗ്രാമത്തെക്കുറിച്ചു അവർ ഒരു പുസ്തകം പുറത്തിറക്കി. ഗ്രാമതല വികസനത്തെക്കുറിച്ചു വളരെ ശ്രദ്ധവന്ന ഒരു കാലമായിരുന്നു. അതുകൊണ്ടു തന്നെ ഈ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. അമർത്യ സെൻ, അശോക് രുദ്ര, പ്രണാബ് ബർദൻ, ജോസഫ് സ്റ്റിഗ്ലിറ്റ്‌ സ്, അമിത് ബാദുരി, ഡേവിഡ് ന്യൂബറി, കൗഷിക് ബാസു, ഴാങ് ഡ്രീസ് എന്നിങ്ങനെ ലോക പ്രശസ്തരായ സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞരെ ഈ പുസ്തകം ആകർഷിച്ചു.


അങ്ങനെ ഈ ഗവേഷണത്തിന്റെ ചരിത്രം തന്നെ മാറി. പാലൻപൂരിലേക്കു കൂടുതൽ ഗവേഷകർ വന്നുകൊണ്ടിരുന്നു. രണ്ടു വര്ഷം മുൻപ് പോലും ഈ ഗ്രാമത്തെക്കുറിച്ചു പുതിയൊരു പുസ്തകം വന്നു.


അൻപതുകളിലാണ് ഈ ഗ്രാമത്തെക്കുറിച്ചു ആദ്യ പഠനം വരുന്നത്. അങ്ങനെ നോക്കുമ്പോൾ ഏകദേശം എഴുപതോളം വര്ഷം ഒരു ഇന്ത്യൻ ഗ്രാമത്തിനുണ്ടായ മാറ്റങ്ങളുടെ കഥ ലോകമെമ്പാടുമുള്ള ഗവേഷകർ തുടർച്ചയായി പഠിച്ചുകൊണ്ടിരിക്കുന്നു എന്നർത്ഥം.

.

താരതമ്യേന വിരസം എന്ന് തോന്നാമെങ്കിലും ഓരോ ഗ്രാമത്തിലുമുണ്ട് നമുക്കറിയാത്ത ധാരാളം കഥകൾ ..ചരിത്ര കഥകളല്ല, സാധാരണ മനുഷ്യരുടെ കഥകൾ ..ഒരല്പം കൗതുകവും ജീവിതത്തെ പ്രസന്നമായി കാണാനുള്ള ഒരു മനോഭാവവും ഉണ്ടെങ്കിൽ ഒരു ഗ്രാമവും വിരസമല്ല എന്നാണു ഴാങ് ദ്രീസ് പറയുന്നത്


എന്നാൽ സ്ഥിരമായി കുറെ സായിപ്പന്മാർ കയറി ഇറങ്ങുന്ന ഒരു ഗ്രാമത്തിന്റെ അവസ്ഥ നോക്കൂ…


“എന്താ ഇതിന്റെയൊക്കെ അർത്ഥം ?” സാധാരണ ഗ്രാമീണർ ചോദിക്കും. എന്തായാലും ഇവർ അപകടകാരികൾ അല്ല എന്നും കുറച്ചു വട്ടന്മാരാണ് എന്നും മനസ്സിലായാൽ അവർ സഹകരിക്കുകയും ചെയ്യും.


ഇത്തരം വട്ടന്മാരിൽ പ്രമുഖൻ ആയിരുന്നു ഴാങ് ഡ്രീസ്.


ബെൽജിയത്തിൽ ആണ് ജനിച്ചതെങ്കിലും ഡൽഹിയിൽ പഠിക്കാൻ വന്ന കാലം മുതൽ അദ്ദേഹത്തിന് ഇന്ത്യ തന്നെയാണ് സ്വദേശം.


ഇദ്ദേഹം 84ൽ പാലൻപൂരിൽ എത്തി. ഒരു വര്ഷം ഇവിടെ താമസിച്ചു. ജനങ്ങളോട് ഇഴുകി ചേർന്ന് ജീവിച്ചു. ഇവിടെ മാത്രമല്ല ഇന്ത്യയിലെ ഏറെ ഉൾഗ്രാമങ്ങളിൽ ഴാങ് ജീവിച്ചു. ജീവിച്ചുകൊണ്ട് പഠിച്ചു. അദ്ദേഹത്തിന് സാധാരണ മനുഷ്യർ വെറുമൊരു പഠന വിഷയം മാത്രമല്ല. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഡൽഹിയിൽ സർവകലാശാല അധ്യാപകൻ ആയിരിക്കുമ്പോഴും ഴാങ് ഡ്രീസ് താമസിച്ചിരുന്നത് തൊട്ടടുത്തുള്ള ഒരു ചേരിയിലാണ്. ഇന്ത്യയിലെ ജീവിതത്തിന്റെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ അമർത്യ സെന്നിനോടൊപ്പം ധാരാളം പഠന ഗ്രൻഥങ്ങളും ഉണ്ടായി. തന്റെ പുസ്തകങ്ങളുടെ 99 ശതമാനവും ഴാങ് ദ്രീസിന്റെ സംഭാവന ആണെന്നാണ് അമർത്യ സെൻ ഒരിക്കൽ പറഞ്ഞത്.


ഇപ്പോൾ ഴാങ് ദ്രീസിന്റെ പാലൻപൂർ ജീവിതത്തെ ആധാരമാക്കി ഒരു നോവൽ പുറത്തു വന്നിരിക്കുന്നു. Rumble in the Village എന്ന പേരിൽ.


ഴാങ് ദ്രീസിന്റെ സഹായത്തോടെ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ ലൂക് ലറൂത് ആണ് ഈ നോവൽ എഴുതിയിരിക്കുന്നത്.


ലണ്ടനിൽ നിന്നും ഒരു പ്രത്യേക സാഹചര്യത്തിൽ പാലൻപൂരിൽ എത്തി ആ ഗ്രാമത്തെക്കുറിച്ചു ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു പുസ്തകം എഴുതുന്ന ബ്രിടീഷ് ഇന്ത്യക്കാരനായ അനിൽ സിംഗ് ആണ് ഇവിടെ കഥയുടെ ആഖ്യാതാവ്. അയാളുടെ ബ്രിട്ടീഷുകാരിയായ കാമുകിയും ഇങ്ങോട്ടു വരുന്നുണ്ട്.


ഈ കേന്ദ്ര കഥാപാത്രത്തെ താനായി തെറ്റിദ്ധരിക്കരുത് എന്ന് ഴാങ് ആമുഖമായി പറയുന്നുണ്ട്. തനിക്കു കാമറ ഉപയോഗിക്കാൻ പോലും അറിയില്ല. അതീന്ദ്രിയ ധ്യാനത്തിന് പോകുന്ന ആളല്ല തന്റെ ഗേൾ ഫ്രണ്ട് എന്നും ഴാങ് പറയുന്നു.


എന്തായാലും ഈ നോവൽ ഒരു സാമ്പ്രദായിക നോവലല്ല. നോവലിന്റെ ഘടനയിലുള്ള ഒരു അക്കാദമിക് രചനയാണ്‌. അതുകൊണ്ടു തന്നെ യാതൊരു വൈരസ്യവുമില്ലാതെ ഈ പഠന ഗ്രൻഥം നമുക്ക് വായിക്കാം.


ഇതൊരു ചെറിയ ഗ്രാമമാണ്. 2008 ലെ കണക്ക് വച്ച് 233 വീടുകളിലായി 1255 ജനങ്ങൾ. ഡൽഹിയിൽ നിന്ന് 220 കിലോമീറ്റർ മാത്രം അകലെ ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ ബില്ലാരി ബ്ളോക്കിലാണ് പാലൻപുർ എന്ന ഗ്രാമം.


ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടെങ്കിലും അതല്ലാതെ കാര്യമായ ഒരു പുരോഗതിയും ഈ ഗ്രാമത്തിൽ കാണാനില്ല. ഒരു വായനശാലയോ കളിസ്ഥലമോ പത്രങ്ങളോ സാംസ്കാരിക പരിപാടികളോ ഒന്നുമില്ല. പ്രേമങ്ങൾ പോലും സംഭവിക്കുന്നില്ല എന്നാണു ഴാങ് പറയുന്നത്. ഒരു സൂര്യോദയത്തിലോ അല്പം രുചികരമായ ഒരു ഭക്ഷണത്തിലോ ഒരു ചെറിയ തമാശയിലോ മാത്രം ഒതുങ്ങുന്നതാണ് അവരുടെ സുഖവും സന്തോഷവും സൗന്ദര്യവും പ്രതീക്ഷകളുമൊക്കെ എന്നും ഴാങ് സങ്കടപ്പെടുന്നു.


നൂറുവര്ഷത്തെ ഇടവേളയിലുള്ള രണ്ടു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി മുതലുള്ള ഈ ഗ്രാമത്തിന്റെ ചരിത്രം നമുക്കിവിടെ കിട്ടും,


1984ൽ പാലൻപൂരിൽ താമസിക്കാൻ ലണ്ടനിൽ നിന്നും വരുന്ന അനിലിന്റെ മുതു മുത്തശ്ശന്മാർ ആ ഗ്രാമത്തിലെ സമീന്ദാർമാർ ആയിരുന്നു. അവരുടെ ചരിത്രം പഠിച്ചുകൊണ്ടാണ് അനിൽ തനറെ ഗവേഷണം നടത്തുന്നത്.


അനിൽ ലണ്ടനിൽ ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത്. യാദൃച്ഛികമായി തന്റെ അച്ഛൻ ഉപേക്ഷിച്ചുപോന്ന ഒരു ഇന്ത്യൻ ഗ്രാമത്തിൽ തന്റെ അമ്മാവൻ കൊല്ലപ്പെട്ടുവെന്നും തനിക്കു പൈതൃകമായി കുറച്ചു ഭൂമി കിട്ടുന്നു എന്നും അറിയുമ്പോഴാണ് അനിൽ നാട്ടിലേക്ക് വരുന്നത്.


നാട്ടിലെത്തുന്ന അനിൽ അവിടെ ചെറിയ തോതിൽ കൃഷി ചെയ്യാൻ ആരംഭിക്കുകയും നാട്ടുകാരുമായി ചങ്ങാത്തം ഉണ്ടാക്കുകയും ചെയ്യുന്നു. അപ്പോഴാണ് അനിൽ തന്റെ അച്ഛന്റെ നൂറു വര്ഷം പഴക്കമുള്ള ചില ചരിത്ര രേഖകൾ കണ്ടെത്തുന്നത്. പിന്നീട് നൂറു വര്ഷം മുൻപും സമീപകാലവുമായുള്ള കഥകൾ മാറി മാറി പറഞ്ഞുകൊണ്ടാണ് നോവൽ വികസിക്കുന്നത്.


ഇന്ത്യൻ ഗ്രാമങ്ങളുടെ അടിസ്ഥാന സ്വഭാവമായ ജാതീയതയാണ് ഈ ഗ്രാമത്തിന്റെയും അടിസ്ഥാന പ്രശ്നം. ഥാക്കൂർ, മുറാവോ, ചമാർ എന്നിവയാണ് പ്രധാന ജാതികൾ. ചമാർ ദളിത് സമൂഹമാണ്.


അനിലിന്റെ അമ്മാവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നത് നീതു എന്നൊരു ദളിത് സ്ത്രീയാണ്. ഇവരല്ല യഥാർത്ഥത്തിൽ കൊല നടത്തിയത് എന്ന് നാട്ടുകാർക്കെല്ലാം അറിയാം. എന്നാൽ ഒരു ചമാർ സ്ത്രീയെ പ്രതിയാക്കുന്നതാണ് ഏറ്റവും എളുപ്പം. ഈ സ്ത്രീയുടെ മകൻ ബാബു അനിലിന്റെ സഹായിയായി വരുന്നുണ്ട്. ബാബുവിലൂടെ ഗ്രാമത്തിലെ ദളിത് ജീവിതത്തെക്കുറിച്ചു കുറെയേറെ അറിയാനും അനിലിന് കഴിയും.


ഗ്രാമത്തിന്റെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്നത് ഈ ജാതിഘടനയാണ്. നൂറു വർഷത്തിന് ശേഷവും ഇതിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നത് അനിലിനെ അമ്പരപ്പിക്കുന്നുണ്ട്.


ഏതു ഗ്രാമത്തിലും എന്ന പോലെ അധികാര ഘടനയുടെ ഭാഗമായി പോലീസ് സ്റ്റേഷനും ബ്ലോക്ക് ഓഫീസും പോസ്റ്റ് ഓഫിസും ഇവിടെയുമുണ്ട്. പകുതി പൊളിഞ്ഞു കിടക്കുന്ന ഒരു സ്കൂൾ, അടിയന്തിര സാഹചര്യത്തിൽ പ്രയോജനത്തിനെത്താത്ത ആശുപത്രി, മൃഗാശുപത്രി...ഇത്തരം സംവിധാനങ്ങൾ മനുഷ്യ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് വളരെ സരസമായി ഈ നോവൽ വിശദീകരിക്കുന്നുണ്ട്.


1870ൽ പാലൻപൂരിൽ ഒരു റെയിൽവേ സ്റ്റേഷൻ വരുന്നതോടെയാണ് ചരിത്രത്തിൽ ആദ്യമായി ഈ ഗ്രാമം ആധുനികതയെ അഭിമുഖീകരിക്കുന്നത്. തിരക്കും വിപണിയും മലിനീകരണവുമൊക്കെയായി ഈ സ്റ്റേഷൻ ഗ്രാമത്തിന്റെ സ്വഭാവത്തെ നിർണായകമായി സ്വാധീനിക്കുന്നുണ്ട്.


റെയിൽ പണിക്കായി വരുന്ന വിദേശികളും മറ്റു പണിക്കാരും ഗ്രാമത്തിന്റെ സ്വഭാവത്തിലും മാറ്റം വരുത്തും.പാലൻപൂരിൽ നിന്നും ഏറെപ്പേർ റെയിൽവേ ഡ്രൈവർമാരായി പോകും. അവരുടെ ജീവിതം ഈ വലിയ യന്ത്രവുമായി കെട്ടുപിണഞ്ഞുകിടക്കും.


അനിലിനെപ്പോലെ ഭൂതകാല ചരിത്രവുമായി അടുത്ത ബന്ധമുള്ള മറ്റൊരാളും ഏകദേശം ഇതേ സമയം ഈ ഗ്രാമത്തിലേക്ക് വരുന്നുണ്ട്. നൂറു വർഷം മുൻപ് ഗ്രാമത്തിൽ സന്ദർശിക്കാനെത്തിയ സായിപ്പിനെ വിനോദിപ്പിക്കാൻ നിയുക്തയായ ദുഃഖി എന്ന ദളിത് സ്ത്രീയുടെ ചെറുമകൾ സ്മിത. അവൾക്ക് കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീലിംഗ് ഉണ്ടാക്കുന്ന പേര് നൽകണം എന്ന് നിർബന്ധിച്ചത് അവളുടെ അമ്മാവനാണ്, അവളുടെ മുത്തശ്ശിയുടെ പേര് പോലെ ജീവിതവും ദുഃഖം നിറഞ്ഞതാവരുത് എന്ന് അമ്മാവന് തോന്നി.


ഗ്രാമത്തിൽ ഒരു സ്കൂൾ തുടങ്ങണം എന്നും അങ്ങനെ മാത്രമേ ദളിത് ജീവിതത്തിനു അർഥപൂർണമായ മാറ്റമുണ്ടാവൂ എന്നും സ്മിത കരുതുന്നു. എന്നാൽ അത്തരം ഒരു സ്കൂൾ ഉണ്ടാവാതിരിക്കാനുള്ള ഗൂഢ ശ്രമമാണ് സവർണ വിഭാഗം നടത്തുന്നത്


ഇത്തരത്തിൽ ഒരു സ്കൂൾ ഉണ്ടാക്കാൻ അനിലും സഹായിക്കുന്നുണ്ട്. പിന്നീട് അനിലിന്റെ ഒപ്പമെത്തുന്ന കാമുകിയും കൂടിയായ പാറ്റ് എന്ന വിദേശ വനിതയും ഈ സമൂഹത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്.


നിർഭാഗ്യവശാൽ അവർ ആഗ്രഹിച്ചത് പോലെയൊന്നുമല്ല കാര്യങ്ങൾ നടക്കുന്നത്. ജാതിയുടെയും വർഗത്തിന്റെയും പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനങ്ങളെ മറികടക്കാൻ ഗ്രാമത്തിലെ ഏറ്റവും ദുർബലരായ ജനതക്ക് ഇത്രകാലം കഴിഞ്ഞിട്ടും സാധിച്ചില്ല എന്നത് അനിലിനെ മാത്രമല്ല വായനക്കാരെയും ദുഖിപ്പിക്കുന്നുണ്ട്.


ഇന്ത്യൻ ഗ്രാമങ്ങളെക്കുറിച്ചു ഏറെ നോവലുകൾ എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽഅവയൊന്നും തന്നെ അവയൊന്നും വിവർത്തനത്തിലൂടെ വലിയ വായനാ സമൂഹത്തിൽ ലഭ്യമാവുന്നില്ല. ഏകദേശം അമ്പതു വര്ഷം മുൻപ് വന്ന റാഗ് ദർബാരി എന്ന നോവൽ പോലെ ഒരല്പം തമാശ കലർത്തിയാണ് ഈ കഥയും എഴുതപ്പെട്ടിരിക്കുന്നത്.


ഇന്ത്യൻ സമൂഹത്തെ ഇത്ര അനുതാപത്തോടെ കാണുന്ന ഗവേഷകർ ഴാങ് ഡ്രീസിനെപ്പോലെ ഏറെ കാണില്ല. അമർത്യ സെന്നിനൊപ്പം എഴുതിയ അനേകം പുസ്തകങ്ങൾക്ക് പുറമെ Sense and Solidarity എന്നൊരു പുസ്തകവും ഴാങ് ഡ്രീസ് എഴുതിയിട്ടുണ്ട്.


പൂർണമായും മനുഷ്യ പക്ഷത്തു നിന്ന് സമ്പത് വ്യവസ്ഥയെക്കുറിച്ചെഴുതുന്ന ഴാങ് ഡ്രീസിനെ ഇന്ത്യൻ സമൂഹം ഏറെ കേൾക്കുകയും കാണുകയും വേണം


അതിനൊരു പ്രചോദനമാവട്ടെ ഈ നോവൽ



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home