ഇന്ത്യക്ക് ലെനിൻ ആരായിരുന്നു

പി എസ് പൂഴനാട്
Published on May 08, 2026, 09:53 PM | 4 min read
“ലെനിനെപ്പോലുള്ള മഹാത്മാക്കളുടെ ത്യാഗങ്ങൾകൊണ്ട് പവിത്രീകരിക്കപ്പെട്ട ഒരാശയം നിഷ്‌ഫലമാകുകയില്ല. അവരുടെ ത്യാഗത്തിന്റെ ശ്രേഷ്ഠമായ മാതൃകകൊണ്ട് അതെന്നും ഉജ്വലമായിത്തന്നെ നിലകൊള്ളും. കാലം കഴിയുംതോറും ഈ ആശയത്തിന് വേഗവും പരിശുദ്ധിയും ഏറുകയും ചെയ്യും.’’ - ഗാന്ധിജി, 1928 നവംബർ 15
“സൈബീരിയയിലെ മൈനുകൾക്ക് റഷ്യൻ വിപ്ലവത്തിന്റെ ജ്വാലയെ കെടുത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൽപ്പനകൾക്കും മർദനങ്ങൾക്കും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ജ്വാലകളെയും കുത്തിക്കെടുത്താനാകില്ല.”- ഭഗത്‌സിങ്, 1929
“ഈ ഭൂഗോളത്തിന്റെ എല്ലാ മൂലയിലും ലെനിന്റെ കാലൊച്ച കേൾക്കുന്നു... ലെനിൻ ഇന്ന് എന്റെ രക്തമാണ്. ഞാനിന്ന് അശക്തനല്ല. എന്റെ ഹൃദയത്തിൽ കലാപം തുടികൊട്ടുന്നു. ഞാൻതന്നെ ലെനിനാണെന്ന് എനിക്ക് തോന്നിപ്പോകുന്നു.’’ - സുകാന്ത ഭട്ടാചാര്യ, 1943
ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ചുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ എക്കാലത്തെയും കത്തിജ്വലിക്കുന്ന പ്രതീകമായ ഭഗത്‌സിങ് കഴുമരത്തിലേക്ക് നടന്നുനീങ്ങിയത് വിപ്ലവത്തിന്റെ തീനാളമായ വ്ലാദിമിർ ഇല്ലിച്ച് ലെനിന്റെ ‘വിപ്ലവവും ഭരണകൂടവും’ എന്ന പുസ്‌തകം വായിച്ചുകൊണ്ടായിരുന്നു! കൊലക്കയറും പ്രതീക്ഷിച്ച് ജയിലറകളിൽ കഴിയുമ്പോഴും ഭഗത്‌സിങ് എന്ന വിപ്ലവകാരിയുടെ മനസ്സുനിറയെ സോവിയറ്റ് സോഷ്യലിസ്റ്റ് വിപ്ലവവും അതിന് നേതൃത്വം കൊടുത്ത ലെനിനുമായിരുന്നു. ഇന്ത്യയിലും സോവിയറ്റ് രീതിയിലുള്ള ഒരു മഹാവിപ്ലവം കത്തിപ്പടരുന്നതിനെക്കുറിച്ചായിരുന്നു ഭഗത്‌സിങ്ങും കൂട്ടുകാരും സ്വപ്‌നം കണ്ടിരുന്നത്. മാർക്സിന്റെയും എംഗൽസിന്റെയും ലെനിന്റെയും കിട്ടിയ പുസ്‌തകങ്ങളെല്ലാം അവർ ആവേശത്തോടെ അകത്താക്കുമായിരുന്നു. സാമ്രാജ്യത്വത്തിന്റെ പതനം അനിവാര്യമാണെന്ന ലെനിന്റെ ആശയപരിസരം ഭഗത്‌സിങ്ങിനെയും ആവേശഭരിതനാക്കി. സാമ്രാജ്യത്വത്തിനെതിരെ ജീവൻകൊടുത്ത് പൊരുതാൻ ഭഗത്‌സിങ്ങിനും കൂട്ടുകാർക്കും ഉൾക്കരുത്ത് നൽകിയതും ലെനിന്റെ ആശയപ്രപഞ്ചമായിരുന്നു. ലെനിന്റെ ചരമദിനമായിരുന്ന 1930 ജനുവരി 21ന് ഭഗത്‌സിങ്ങും സഖാക്കളും ചുവന്ന ഉറുമാൽ കഴുത്തിൽ കെട്ടിക്കൊണ്ടാണ് സാമ്രാജ്യത്വക്കോടതിക്കുമുന്നിൽ ഹാജരായത്. പ്രതിക്കൂട്ടിൽ കയറിയ ഉടനെ ‘ഞങ്ങളുടെ ഹൃദയങ്ങൾ നിറയെ ഞങ്ങളുടെ ശിരസ്സുകൾ വിൽക്കാനുള്ള അഭിലാഷമാണ് നിറഞ്ഞൊഴുകുന്നത്’ എന്ന പ്രസിദ്ധമായ കവിത അവർ കൂട്ടത്തോടെ ഏറ്റുപാടി. തുടർന്ന് മൂന്നാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിന് അയക്കാൻവേണ്ടി തയ്യാറാക്കിവച്ചിരുന്ന കമ്പിസന്ദേശം ഉച്ചത്തിൽ വായിച്ചു: ‘‘മഹാനായ ലെനിന്റെ ആശയങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ പൊരുതുന്ന ഏവർക്കും ഈ ലെനിൻദിനത്തിൽ ഞങ്ങളുടെ ഹൃദയത്തിൽ തൊട്ട അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങൾക്ക് ഞങ്ങൾ വിജയം ആശംസിക്കുന്നു. ഞങ്ങൾ സാർവദേശീയ തൊഴിലാളിവർഗത്തോടൊപ്പം ഞങ്ങളുടെ ശബ്ദവും ഉച്ചത്തിൽ ഉയർത്തുന്നു. തൊഴിലാളിവർഗം വിജയിക്കട്ടെ. മുതലാളിത്തം തകരട്ടെ. സാമ്രാജ്യത്വം തുലയട്ടെ.’’
1931 മാർച്ച് 23-ന് ഭഗത്‌സിങ്ങിനെയും സഖാക്കളെയും തൂക്കിലേറ്റി. ഭഗത്‌സിങ്ങിന്റെ അവസാനനിമിഷങ്ങളെ ജയിൽവാർഡൻമാരിൽ ഒരാൾ പിന്നീട് ഇങ്ങനെ രേഖപ്പെടുത്തി: ‘‘ഭഗത്‌സിങ്ങിന് മാറ്റിവയ്ക്കാൻ സമയമുണ്ടായിരുന്നില്ല. ഭഗത്‌സിങ്ങിന്റെ ഏറ്റവും വലിയ സുഹൃത്തിനെ കാണുകയായിരുന്നു. തനിക്ക് കിട്ടിയ ലെനിന്റെ പുസ്‌തകം വായിക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് തടവറയുടെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു. അദ്ദേഹം ഏതാനും പേജുകളേ വായിച്ചുതീർന്നിരുന്നുള്ളൂ. ജയിലുദ്യോഗസ്ഥൻ ഭഗത്‌സിങ്ങിനുമുന്നിൽ വന്നുനിന്നു. ‘സർദാർജീ, താങ്കളെ തൂക്കിക്കൊല്ലാനുള്ള കൽപ്പന വന്നുകഴിഞ്ഞു. പെട്ടെന്ന് തയ്യാറായിക്കൊള്ളൂ.’ ഭഗത്‌സിങ്ങിന്റെ വലത്തെ കൈയിലായിരുന്നു ലെനിന്റെ പുസ്‌തകം. പുസ്‌തകത്തിൽനിന്ന് കണ്ണെടുക്കാതെ തന്റെ ഇടത്തെ കൈ നീട്ടിക്കൊണ്ട് ഭഗത്‌സിങ് പറഞ്ഞു: ‘ഒരു വിപ്ലവകാരി മറ്റൊരു വിപ്ലവകാരിയെ കണ്ടുകൊണ്ടിരിക്കുകയാണ്!’ ഏതാനും വരികൾകൂടി വായിച്ചതിനുശേഷം ഭഗത്‌സിങ് തുടർന്നു: ഇനി പോകാം.’’ ലെനിനും സോവിയറ്റ് യൂണിയനും എത്ര അഗാധമായ നിലകളിലാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ സ്വാധീനിച്ചിരുന്നതെന്ന് ഭഗത്‌സിങ്ങിന്റെ വായനയിൽനിന്ന് വ്യക്തമാണ്.
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽത്തന്നെ ഇന്ത്യൻ ജനജീവിതത്തിനുള്ളിലേക്ക് മാർക്സിന്റെയും എംഗൽസിന്റെയും ആശയലോകങ്ങൾ കടന്നുവരാൻ തുടങ്ങി. ആദ്യകാല സ്വാതന്ത്ര്യസമരപോരാളിയായിരുന്ന ലാലാ ഹർദയാൽ "ആധുനികയുഗത്തിലെ ഋഷി’ എന്നാണ് കാൾ മാർക്‌സിനെ വിശേഷിപ്പിച്ചത്. ‘ഞാനൊരു സോഷ്യലിസ്റ്റാണ്’ എന്ന് 1902നുമുമ്പുതന്നെ സ്വാമി വിവേകാനന്ദൻ പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽ ലെനിനും സഖാക്കളും നടത്തിക്കൊണ്ടിരുന്ന തീപാറുന്ന പോരാട്ടങ്ങളെക്കുറിച്ചും വിവേകാനന്ദന് അറിയാമായിരുന്നു. അത്തരമൊരു ആശയക്കരുത്തിൽ നിന്നുകൊണ്ടാണ് ലോകത്തിലെ ആദ്യത്തെ തൊഴിലാളിവർഗവിപ്ലവം റഷ്യയിലോ ചൈനയിലോ ആയിരിക്കും അരങ്ങേറുന്നതെന്ന് സ്വാമി വിവേകാനന്ദൻ പ്രഖ്യാപിച്ചത്.
ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ബാലഗംഗാധരതിലകന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്‌വിരുദ്ധ സ്വദേശിപ്രസ്ഥാനം ശക്തമായിരുന്നു.
ബോംബെയിലെ തൊഴിലാളിവർഗം ആവേശത്തോടെയായിരുന്നു ഈ പ്രസ്ഥാനത്തിൽ അണിചേർന്നത്. സ്വാഭാവികമായും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നോട്ടപ്പുള്ളിയായി തിലകൻ മാറി. സ്വാതന്ത്ര്യസമരചരിത്രത്തിലെ ആവേശം ജ്വലിക്കുന്ന സാന്നിധ്യമായിരുന്നു ഖുദിറാം ബോസ് എന്ന ബംഗാളി യുവാവ്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ ഖുദിറാം ബോസ് തൂക്കിലേറ്റപ്പെട്ടു. തിലകനും അദ്ദേഹത്തിന്റെ പത്രവും ഖുദിറാം ബോസിനും വിപ്ലവകാരികൾക്കുമൊപ്പം അണിചേർന്നു. തിലകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. തുടർന്ന് തിലകന് ബർമയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. തിലകന്റെ വിമോചനത്തിനായി ബോംബെയിലെ തൊഴിലാളിവർഗം ശക്തിയായ പ്രക്ഷോഭങ്ങൾ കെട്ടഴിച്ചുവിട്ടു. ഇങ്ങനെ വിവിധ ഭാഗങ്ങളിൽ കത്തിപ്പടർന്നുകൊണ്ടിരുന്ന കൊളോണിയൽവിരുദ്ധ പോരാട്ടങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് 1908-ൽ ലെനിൻ ഇങ്ങനെ എഴുതി: ‘‘അവസാനമില്ലാത്ത ഹിംസകളുടെയും കൊള്ളകളുടെയും പര്യായമാണ് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം. റഷ്യയിലൊഴികെ ലോകത്തിന്റെ മറ്റൊരിടത്തും ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന തരത്തിലുള്ള അത്യഗാധമായ പട്ടിണിയും വിശപ്പും നിങ്ങൾക്ക് കാണാനാകില്ല. തിലകൻ ഉൾപ്പെടെയുള്ള ഇന്ത്യൻ ജനാധിപത്യവാദികൾക്കെതിരെയുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കുപ്രസിദ്ധമായ ശിക്ഷാനടപടികൾക്കെതിരെ ഇന്ത്യൻ തെരുവോരങ്ങൾ ഉണർന്നെഴുന്നേൽക്കാൻ തുടങ്ങിയിട്ടുണ്ട്. തൊഴിലെടുക്കുന്ന മഹാഭൂരിപക്ഷം മനുഷ്യർ രാഷ്ട്രീയബോധ്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതാൻ തുടങ്ങി. അതികിരാതമായ ഈ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു.’’ (Inflammable Material in World Politics, August 1908)’.
1917-ൽ ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ അരങ്ങേറിയ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം ഇന്ത്യൻ രാഷ്ട്രീയഭാവനയെ അഗാധതലങ്ങളിൽ സ്വാധീനിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടപരിസരങ്ങളെ പുതിയൊരു ദിശയിലേക്ക് തിരിച്ചുവിടുകയും ചെയ്‌തു. ജവാഹർലാൽ നെഹ്റു പിന്നീട് ഇങ്ങനെ എഴുതി: ‘‘മഹാനായ ലെനിന്റെ നേതൃത്വത്തിൽ (The Great Lenin) ഒക്ടോബർ വിപ്ലവം നടക്കുമ്പോൾ ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ പുതിയൊരു ദശാസന്ധിയിലേക്ക് കടക്കുകയായിരുന്നു. ധീരതയോടെ ത്യാഗസന്നദ്ധരായി ജനത ആ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. എന്നാൽ, ഗാന്ധിജിയുടെ നേതൃത്വത്തിൽ നമ്മൾ മറ്റൊരു മാർഗമാണ് തെരഞ്ഞെടുത്തതെങ്കിലും ലെനിന്റെ മാതൃക ഞങ്ങളെ സ്വാധീനിച്ചുകൊണ്ടേയിരുന്നു.’’
ബ്രിട്ടീഷ് സാമ്രാജ്യത്വം റഷ്യൻ വിപ്ലവത്തിനും ലെനിനും എതിരെ അവരുടെ മാധ്യമസന്നാഹങ്ങളെ അണിനിരത്തി കള്ളക്കഥകൾ പ്രചരിപ്പിച്ചു. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വവും തുടർന്ന് ശീതയുദ്ധകാലത്ത് അമേരിക്കൻ സാമ്രാജ്യത്വവും പ്രചരിപ്പിച്ച കള്ളക്കഥകളിലൂടെയാണ് സംഘപരിവാർ ഉൾപ്പെടെയുള്ള സർവവിധ പ്രതിവിപ്ലവശക്തികളും ഇന്നും ലെനിനെ വ്യാഖ്യാനിക്കുന്നത്. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചാരന്മാരായും ഇന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വിശ്വസ്തദാസന്മാരായും രംഗം കൊഴുപ്പിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറുകാർക്ക് ലെനിനും കമ്യൂണിസ്റ്റുകാരും വെറുക്കപ്പെടേണ്ടവരും കൊന്നുതള്ളേണ്ടവരും വിദേശികളുമായിത്തീരുന്നതിൽ അത്ഭുതപ്പെടാനില്ല.
1917-ലെ സോവിയറ്റ് സോഷ്യലിസ്റ്റ് വിപ്ലവമായിരുന്നു ഇരുപതാംനൂറ്റാണ്ടിന്റെ ഗതിവേഗത്തെ മാറ്റിമറിച്ചത്. അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ വിമോചനസ്വപ്‌നങ്ങൾക്ക് തീകൊടുത്ത സൈദ്ധാന്തികവും പ്രായോഗികവുമായ വിപ്ലവാവിഷ്കാരമായിരുന്നു അത്. അതുകൊണ്ടുതന്നെ, സോവിയറ്റ് യൂണിയന്റെ ഉദയം സാമ്രാജ്യത്വചേരിയെ ഞെട്ടിപ്പിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാംലോകരാജ്യങ്ങൾക്ക് സാമ്രാജ്യത്വാധിനിവേശത്തിൽനിന്ന് സ്വാതന്ത്ര്യം കിട്ടുന്നതിനുള്ള മുഖ്യ രാസത്വരകമായി പ്രതിപ്രവർത്തിച്ചത് റഷ്യൻ വിപ്ലവവും സോവിയറ്റ് യൂണിയനുമായിരുന്നു. ഒരുപക്ഷേ റഷ്യൻ വിപ്ലവം നടന്നില്ലായിരുന്നുവെങ്കിൽ, സോവിയറ്റ് യൂണിയൻ ഉയർന്നുവന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാംലോകരാജ്യങ്ങൾ ഇന്നും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള അധിനിവേശത്തിൻ കീഴിൽ ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുമായിരുന്നു. ഈയൊരു ബാലപാഠംപോലും മനസ്സിലാക്കാൻ ശേഷിയില്ലാത്ത സംഘപരിവാർ ഫാസിസ്റ്റുകളാണ് ഇന്ത്യയിൽനിന്ന് ലെനിന്റെ ഓർമകളെപ്പോലും ബുൾഡോസർവച്ച് ഇടിച്ചുനിരത്താൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
മുതലാളിത്തവും സാമ്രാജ്യത്വവും അതിന്റെ കൂട്ടുകക്ഷികളായ സംഘപരിവാർ ഉൾപ്പെടെയുള്ള മതരാഷ്ട്രവാദപ്രസ്ഥാനങ്ങളുമാണ് റഷ്യൻ വിപ്ലവത്തിന്റെയും ലെനിന്റെയും ഓർമകളെ ഭയക്കുന്നത്. കാരണം അത് ലോകത്താകമാനമുള്ള തൊഴിലെടുക്കുന്ന മനുഷ്യരുടെ വിമോചനത്തിന്റെ ഓർമകളാണ്. ആ ഓർമകൾ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും സർവവിധ മതമൗലികവാദങ്ങൾക്കും എതിരെ മുഷ്ടിചുരുട്ടിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ, മനുഷ്യരെ പരസ്പരം വെറുക്കാൻ പഠിപ്പിക്കുന്ന മനുഷ്യവിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിലധിഷ്‌ഠിതമായ സംഘപരിവാർ ഫാസിസ്റ്റുകൾക്ക് ലെനിനെയും റഷ്യൻ വിപ്ലവത്തെയും പൊറുക്കാനാകില്ല.
അതുകൊണ്ടാണ് അവർക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാലുനക്കികളായി കമിഴ്‌ന്നുകിടക്കേണ്ടിവന്നത്. അതുകൊണ്ടാണ് ഭഗത്‌സിങ്ങും കൂട്ടരും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിപ്ലവകാരികൾ പ്രാണൻ പറിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയപ്പോൾ ഒരൊറ്റ സംഘപരിവാറുകാരനെയും കാണാതെപോയത്. ആ പഴയ സാമ്രാജ്യത്വസേവയുടെ പുതുരൂപങ്ങൾക്കുവേണ്ടിയാണ് ഇന്ത്യയിൽനിന്ന് ചുവപ്പിനെ നിഷ്കാസനം ചെയ്യുമെന്ന് അവരിപ്പോഴും അലറുന്നത്. മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാലുനക്കികളായിട്ടാണ് കാലം കഴിച്ചുകൂട്ടിയതെങ്കിൽ, ഇപ്പോൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇസ്രയേൽ സയണിസത്തിന്റെയും വാലാട്ടികളായിട്ടാണ് അവർ വാഴുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇസ്രയേൽ സയണിസത്തിന്റെയും കോർപറേറ്റ് പരവതാനി ഒരെതിർപ്പും കൂടാതെ ഇന്ത്യയിൽ വിരിക്കുന്നതിനുള്ള ഭൗതികപരിസരം ഒരുക്കുന്നതിനുവേണ്ടിയാണ് ഇന്ത്യയിൽനിന്ന് ചുവപ്പന്മാരെ നിഷ്കാസനം ചെയ്യേണ്ടത് സംഘപരിവാറിന് അനിവാര്യമായിത്തീരുന്നത്. എന്നാൽ, എത്രതന്നെ തുടച്ചുനീക്കാൻ നോക്കിയാലും ചൂഷണവും അസമത്വവും നിലനിൽക്കുന്നിടത്തോളം കാലം, മുതലാളിത്തവും സാമ്രാജ്യത്വവും അതിന്റെ സഖ്യകക്ഷികളും നിലനിൽക്കുന്നിടത്തോളം കാലം, ചുവപ്പിനും നിലനിന്നേ പറ്റൂ എന്ന യാഥാർഥ്യം ചരിത്രംതന്നെ സംഘപരിവാറിനെ ബോധ്യപ്പെടുത്തിക്കൊള്ളും. 1940-കളിൽ സുകാന്ത ഭട്ടാചാര്യ എന്ന യുവകവി സ്വന്തം ജീവരക്തംകൊണ്ട് കുറിച്ചിട്ട ആ വരികൾ ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാവുകയാണ്:
‘‘ഇന്ത്യയിലന്ധകാരമാണ്,
തെരുവുകളിൽ മൃതദേഹങ്ങൾ;
പട്ടിണി ഞെളിഞ്ഞുനടക്കുന്നു! രാജ്യത്തിൽ അനൈക്യം, ആവശ്യമില്ലാത്ത സംശയം,
രാത്രികൾ ആലസ്യമാണ്ടതാണ്,
നമ്മുടെ ശരീരങ്ങളിൽ അടിമച്ചങ്ങല, ഇവിടെയും മൂകനായും ശാന്തനായും ലെനിൻ അരങ്ങൊരുക്കുന്നുണ്ട്.’’














