പുസ്തകം തുറക്കുമ്പോൾ പ്രകാശം


പയ്യന്നൂർ കുഞ്ഞിരാമൻ
Published on Jun 18, 2026, 10:54 PM | 1 min read
ഇന്ന് ജൂൺ 19; വായനദിനം. വിദ്യാലയങ്ങളിലും ഗ്രന്ഥശാലകളിലും വായനവാരം ആരംഭിക്കുന്നു. സാംസ്കാരികരംഗത്തെ കർമയോഗിയെന്ന് വിശേഷിപ്പിക്കുന്ന പി എൻ പണിക്കരുടെ ചരമദിനമാണ് വായനദിനമായി ആചരിക്കുന്നത്. ജീവിതത്തിലെ വിലപ്പെട്ട മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനതയെ നേർവഴിക്ക് നയിക്കാൻ പുസ്തകങ്ങൾക്ക് കഴിയുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സാക്ഷരകേരളം എക്കാലവും ഓർമിക്കുന്ന അക്ഷരസ്നേഹിയായിരുന്നു പി എൻ പണിക്കർ. കേരളത്തിന്റെ ഗ്രാമചാരുതയിൽ തളിരിട്ടതാണ് ഗ്രന്ഥശാലാപ്രസ്ഥാനം. പി എൻ പണിക്കരും പി ടി ഭാസ്കരപ്പണിക്കരും തായാട്ട് ശങ്കരനും ഐ വി ദാസും ചേർന്ന് ഈ പ്രസ്ഥാനത്തെ പരിപോഷിപ്പിച്ചു. സമൂഹചേതനയെ ചലനാത്മകവും ചൈതന്യവത്തുമാക്കിത്തീർക്കാൻ പുസ്തകങ്ങൾ ഫലപ്രദമാണെന്ന് അവർ തെളിയിച്ചു.
പി എൻ പണിക്കർ കേരളമാകെ സഞ്ചരിച്ചു. നാട്ടുവഴികളിലെ ഇത്തിരിവെട്ടത്തിൽ വായനശാലകൾ തുടങ്ങാൻ പരിശ്രമിച്ചു. ഇന്ന് ഗ്രന്ഥശാലകൾ നാടിന്റെ സാംസ്കാരികകേന്ദ്രങ്ങളായി വളർന്നിരിക്കുന്നു. മനുഷ്യസ്നേഹത്തിന്റെ മധുരാനുഭവം പകരുന്ന മാനവീയ ഇടങ്ങളായി മാറിയിരിക്കുന്നു. പുസ്തകങ്ങൾ വിശാലമായ ലോകം തുറന്നിടുന്നു. ചിന്തകളെയും കർമങ്ങളെയും അവ നവീകരിക്കുന്നു. നിലപാടുകളിൽ വിട്ടുവീഴ്ച കൂടാതെ നിലയുറപ്പിക്കാൻ പ്രേരകമാകുന്നു. ഓരോ ചുവടും മാതൃകാപരവും അർഥവത്തുമായിത്തീരണമെന്നാണ് നവോത്ഥാനകേരളം ലക്ഷ്യംവച്ചത്. കേരളത്തിന്റെ പോരാട്ടവഴികളിലെല്ലാം പുസ്തകങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കരയാതെ മക്കളേ തമ്പുരാൻ കൽപ്പിച്ചു എന്ന കാലത്തിന്റെ കൽപ്പനകൾ തിരുത്തിക്കുറിക്കാൻ ആത്മബലം പകർന്നതും ഗ്രന്ഥങ്ങളാണ്. അയിത്തവും അടിമത്തവും ചൂഷണവും പറിച്ചെറിഞ്ഞ് നാളികേരത്തിന്റെ നാട് മനുഷ്യമോചനത്തിലേക്കും ജനാധിപത്യത്തിലേക്കും നടന്നുനീങ്ങിയത് വിസ്മയിപ്പിക്കുന്നതാണ്.
ലോകത്ത് വായിക്കുന്നത് മനുഷ്യൻമാത്രമാണ്. മാനവസഹജമായ വികാരമാണ് വായന. സാമൂഹ്യബന്ധങ്ങളെ അത് ഗുണപരമായി വിളക്കിച്ചേർക്കും. കാലത്തിന്റെ തിരുശേഷിപ്പാണ് പുസ്തകങ്ങൾ. പുസ്തകവായന ഇന്ന് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പാഠഭാഗങ്ങൾക്കപ്പുറത്തുള്ള അറിവും കഴിവും തിരിച്ചറിയാൻ വായന ഉപകരിക്കും. ബഷീറിന്റെ കഥാപാത്രമായ മജീദ് പറഞ്ഞതുപോലെ ഒന്നും ഒന്നും കൂടുമ്പോൾ സമത്വത്തിന്റെ വലിയ ഒന്നിലേക്ക് നീങ്ങാൻ പുസ്തകവായന സഹായിക്കും. ഇരുട്ടിലേക്കല്ല, പ്രകാശപ്രസരിപ്പിലേക്കാണ് പുതുതലമുറയെ നയിക്കേണ്ടത്.















