Articles

കൊടും വെട്ട്, കടും കൊള്ള !

കൊടും വെട്ട്, കടും കൊള്ള !

rbis-reserve-fund
എസ് എസ് അനിൽ

Published on Jul 02, 2025, 01:30 PM | 4 min read

2025 മെയ് 28നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ കൈയൊപ്പോടെ 2024-25 ലെ വാർഷിക റിപ്പോർട്ട് പുറത്ത് വിട്ടത്. അന്ന് തന്നെ രാജ്യത്തെ ദൃശ്യമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും പിറ്റേന്ന് പത്രങ്ങളും യൂണിയൻ സർക്കാരിന് റിസർവ് ബാങ്ക് കരുതൽ ധനത്തിൽ നിന്നും നൽകിയ സംഖ്യയുടെ കണക്ക് പുറത്ത് വിട്ടു. 2,68,594.07 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം റിസർവ് ഫണ്ടിൽ നിന്നും യൂണിയൻ സർക്കാരിന് ആർബിഐ നൽകിയത്.


യൂണിയൻ സർക്കാരിന് 'ബംപർ സർപ്ലസ്' എന്നതായിരുന്നു ഇതേ സംബന്ധിച്ച ഒരു മലയാളം പത്രത്തിൻ്റെ തലക്കെട്ട്. ഒരു ഇംഗ്ലീഷ് പത്രം 'റെക്കോർഡ് സർപ്ലസ്' എന്ന് തലക്കെട്ട് നൽകി. സമാനമായ തലക്കെട്ടുകളായിരുന്നു മറ്റ് പത്രങ്ങളിലും. കഴിഞ്ഞ വർഷം 2,10,877.99 കോടി രൂപ കൈമാറിയപ്പോഴും മാധ്യമ തലക്കെട്ടുകൾ ഇതേ രീതിയിലായിരുന്നു എന്നതാണ് ഏറെ രസകരം. എന്നാൽ വാർത്ത നൽകിയ മാധ്യമങ്ങളിൽ ഭൂരിപക്ഷവും, റിസർവ് ബാങ്കിനെയും യൂണിയൻ സർക്കാരിനെയും വെള്ളപൂശാൻ പരമാവധി ശ്രമിച്ചതായി കാണാനാകും. ആർബിഐയുടെ ബാലൻസ് ഷീറ്റിൽ നിന്നും 7.5 ശതമാനം കണ്ടിൻജൻസി ഫണ്ടിലേക്ക് (contingency fund) മാറ്റിയതിന് ശേഷമാണ് ഇത്രയും വലിയ സംഖ്യ കൈമാറാനായതെന്നും ശതമാന കണക്കിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കൂടുതലാണ് ഇതെന്നും മാധ്യമങ്ങൾ വാർത്തയിൽ സൂചിപ്പിച്ചു. കണ്ടിൻജൻസി ഫണ്ട് എന്താണ് എന്നോ മുൻ വർഷങ്ങളിൽ അത് എത്രയായിരുന്നു എന്നോ എന്താണ് റിസർവ് ബാങ്കിൻ്റെ ലാഭവിഹിതം എന്നോ പറയാതെ ഒഴുക്കൻ മട്ടിലുള്ള മേൽ റിപ്പോർട്ടിംഗ് സർക്കാരിൻ്റെയും ആർബിഐയുടെയും നേട്ടമായി ചിത്രീകരിക്കപ്പെട്ടേക്കാം.


കൊള്ള നടത്താൻ പുതു മാർ​ഗങ്ങൾ


റിസർവ് ബാങ്കിൻ്റെ ലാഭമാണ് കരുതൽ ധനമായി കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ/വിദേശ കടപത്രങ്ങൾ, വിദേശ നിക്ഷേപങ്ങൾ, ധനനയങ്ങൾ നടപ്പാക്കുമ്പോൾ നടക്കുന്ന പണമിടപാടുകൾ (റിപ്പോ, റിവേർസ് റിപ്പോ) എന്നിവയിൽ നിന്നും ലഭിക്കുന്ന പലിശയും വിദേശനാണ്യ ഇടപാടുകൾ, സർക്കാർ കടപ്പത്ര മൂല്യവർദ്ധന, കമീഷനുകൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന വരുമാനവുമാണ് റിസർവ് ബാങ്കിന് വരവ് ഇനത്തിൽ ലഭ്യമാകുന്നത്. കറൻസി നോട്ടുകളുടെ ഉൽപ്പാദനം, വിതരണം, (2016 നവംബർ എട്ടിന് നോട്ട് നിരോധന വേളയിൽ റിസർവ് ബാങ്ക് പറഞ്ഞിരുന്നത് വിനിമയത്തിലുള്ള കറൻസിയുടെ മൂല്യം 17.9 ലക്ഷം കോടി രൂപ എന്നായിരുന്നു. ഇപ്പോൾ പുറത്ത് വന്ന ബാലൻസ് ഷീറ്റിൽ അത് 36.87 ലക്ഷം കോടിയായി വർദ്ധിച്ചു) ഏജൻസി കമീഷൻ, ധനനയങ്ങൾ നടപ്പാക്കുമ്പോൾ നൽകേണ്ടി വരുന്ന പലിശ എന്നിവ ആർബിഐയുടെ ചിലവിനത്തിലും വരും. ഇത് കൂടാതെ റിസർവ് ബാങ്ക് രാജ്യത്തെ വ്യവസായങ്ങൾക്കും ഗ്രാമ വികസനത്തിനുമായി മാറ്റി വെക്കുന്ന പണവും വരവിൽ നിന്ന് കുറച്ച് ബാക്കി വരുന്ന സംഖ്യയാണ് ആർബിഐയുടെ മിച്ചവരുമാനമായി കണക്കാക്കുന്നത്. ഈ മിച്ച വരുമാനത്തിൽ നിന്ന് മാറ്റി വെക്കുന്ന പണമാണ് റിസർവ് ബാങ്കിൻ്റെ കരുതൽ ധനം അഥവാ രാജ്യത്തെ സമ്പദ് മേഖലയെ സംരക്ഷിക്കുന്നതിനുള്ള ധനം. അത് കൊണ്ട് തന്നെ ഏറെ സൂക്ഷ്മതയോടെ മാത്രമേ റിസർവ് ബാങ്ക് കരുതൽ ധനം കൈകാര്യം ചെയ്യുകയുള്ളൂ.


റിസർവ് ബാങ്കിൻ്റെ വാർഷിക റിപ്പോർട്ടുകളിലെ ബാലൻസ് ഷീറ്റിൽ ലാഭവിഹിതത്തിൽ നിന്ന് ഒരു നിശ്ചിത സംഖ്യ കണ്ടിൻജൻസി ഫണ്ട്, അസറ്റ് ഡെവലപ്മെൻ്റ് ഫണ്ട് (Asset development fund) എന്നിവയിൽ ഉൾപ്പെടുത്തുമായിരുന്നു. രാജ്യത്തെ സാമ്പത്തിക മേഖലയിലെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഭാവിയിൽ ഉണ്ടായേക്കാവുന്ന ആകസ്മിക പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള പണമാണ് കണ്ടിൻജൻസി ഫണ്ടായി മാറ്റി വെക്കപ്പെട്ടിരുന്നത്. അഥവാ രാജ്യത്തിൻ്റെ സമ്പദ് മേഖലയെ സംരക്ഷിക്കുന്നതിനുള്ള യഥാർത്ഥ കരുതൽ ധനമായിരുന്നു റിസർവ് ബാങ്കിൻ്റെ കണ്ടിൻജൻസി ഫണ്ട്. ഇത് കൂടാതെ നാലു കോടി രൂപ റിസർവ് ഫണ്ടായി നില നിർത്തും. അത് നാഷണൽ ഇൻഡസ്ട്രിയൽ ക്രെഡിറ്റ് ഫണ്ട്, നാഷണൽ ഹൗസിംഗ് ക്രെഡിറ്റ് ഫണ്ട്, നാഷണൽ റൂറൽ ക്രെഡിറ്റ് ഫണ്ട് എന്നിവക്ക് വേണ്ടിയാണ് ഉപയോഗിക്കുക. ബാക്കി വരുന്ന സംഖ്യയായിരുന്നു ആർബിഐ യൂണിയൻ സർക്കാരിന് കൈമാറാറുണ്ടായിരുന്നത്. ഇതായിരുന്നു റിസർവ് ബാങ്ക് ഏറെ നാളുകളായി നടപ്പിലാക്കിയിരുന്ന നയം.


എന്നാൽ 2019-20 സാമ്പത്തിക വർഷം മുതൽ അസറ്റ് ഡെവലപ്മെൻ്റ് ഫണ്ട് ബാലൻസ് ഷീറ്റിൽ നിന്നും പൂർണമായും ഒഴിവാക്കപ്പെട്ടു. കണ്ടിൻജൻസി ഫണ്ടിലും വെട്ടിക്കുറവ് വരുത്തി. അതോടെ കരുതൽ ധനത്തിൽ നിന്നും കേന്ദ്ര സർക്കാരിന് കൈമാറേണ്ട സംഖ്യയിലും വലിയ ഒരു വർദ്ധനവുണ്ടായി. ചുരുക്കത്തിൽ രാജ്യത്തെ സമ്പദ്മേഖലയെ സംരക്ഷിക്കുന്നതിനുള്ള യഥാർത്ഥ കരുതൽ ധനമാണ് പുതു മാർ​ഗങ്ങളിലൂടെ കൊള്ള നടത്തി, കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇപ്പോൾ റിസർവ് ബാങ്ക് കൈമാറിക്കൊണ്ടിരിക്കുന്നത്.


കൊള്ളക്ക് ചുട്ടു പിടിക്കുന്നവർ മേൽ തട്ടിൽ


2019ൽ, പൊതുതെരഞ്ഞെടുപ്പിന് മുൻപ്, കേന്ദ്ര സർക്കാർ റിസർവ് ബാങ്കിനോട് രണ്ട് ലക്ഷം കോടി രൂപ കരുതൽ ധനത്തിൽ നിന്നും കൈമാറാൻ ആവശ്യപ്പെട്ടു. എന്നാൽ ധന മേഖലയിൽ അതുണ്ടാക്കാനിടയുള്ള ചലനങ്ങൾ ചൂണ്ടിക്കാണിച്ച് ആർബിഐ ബോർഡ് അത് നിരസിച്ചു. തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വന്നതും അന്നത്തെ ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജി വച്ചതും ആർബിഐ 1,75,988 കോടി രൂപ കരുതൽ ധനത്തിൽ നിന്നും സർക്കാരിന് കൈമാറിയതുമെല്ലാം ചരിത്രം. 2014-15 സാമ്പത്തിക വർഷം മുതൽ ആർബിഐയുടെ ബാലൻസ് ഷീറ്റിലെ കണ്ടിൻജൻസി ഫണ്ടിൻ്റെയും യൂണിയൻ സർക്കാരിന് കൈമാറിയ ഫണ്ടിൻ്റെയും കണക്കുകൾ പരിശോധിച്ചാൽ സമ്പദ് മേഖലയെ കുത്തിച്ചോർത്തുന്ന കൊള്ളയുടെ യഥാർത്ഥ ചിത്രം വ്യക്തമാകും.


rbis-reserve-fund

മേൽ ചാർട്ടിൽ 2014-15 ൽ നിന്നും 2024-25ലേക്ക് എത്തുമ്പോൾ കണ്ടിൻജൻസി ഫണ്ടിലും യൂണിയൻ സർക്കാരിന് കൈമാറിയ ഫണ്ടിലും ഉണ്ടായ നേർവിപരീത ദിശയിലെ മാറ്റം വ്യക്തമാണ്. റിസർവ് ബാങ്കിൻ്റെ കഴിഞ്ഞ  പതിനൊന്ന് വർഷത്തെ പ്രവർത്തനം പരിശോധിച്ചാൽ അതിൻ്റെ മികവിന് ഒരു കുറവും ഉണ്ടായിട്ടില്ല എന്നത് വ്യക്തമാണ്. രാജ്യത്തെ സമ്പദ് മേഖലയിലെ ഓരോ ചലനവും വിലയിരുത്തുന്നതിനും വരവും ചിലവും കൃത്യതയോടെ പാലിക്കുന്നതിനും ഓരോ വർഷവും മിച്ചമുണ്ടാക്കുന്നതിനും റിസർവ് ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ മറ്റ് ഭരണഘടനാ സ്ഥാപനങ്ങളോടും പൊതുമേഖലയോടും,തലപ്പത്ത് ഭരണ രാഷ്ട്രീയ കക്ഷിയുടെ ശിങ്കിടികളെ അവരോധിച്ച്, സ്വീകരിക്കുന്ന അതേ നയം തന്നെയാണ് കേന്ദ്ര ഭരണാധികാരികൾ റിസർവ്വ് ബാങ്കിനോടും സ്വീകരിക്കുന്നത്.


രാജ്യത്തെ സമ്പദ് മേഖലയെ സംരക്ഷിക്കുക എന്നതാണ് റിസർവ് ബാങ്കിൻ്റെ കർത്തവ്യം. അതിനാണ് റിസർവ് ബാങ്ക് കണ്ടിൻജൻസി ഫണ്ട് എന്ന പേരിലും മറ്റും കരുതൽ ധനം സ്വരൂപിക്കുന്നത്. അത് കൊണ്ട് തന്നെ റിസർവ് ബാങ്കിൻ്റെ കരുതൽ ധനം രാജ്യത്തെ മുഴുവൻ പൗരൻമാർക്കും അവകാൾപ്പെട്ടതുമാണ്. ആ കരുതൽ ധനമാണ് ഇപ്പോൾ യൂണിയൻ സർക്കാർ കൊള്ള നടത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷം കോടികൾ ഇങ്ങനെ കൈക്കലാക്കുമ്പോഴും നികുതി ഇനത്തിൽ ലഭിക്കുന്ന പണം സംസ്ഥാനങ്ങൾക്ക് വീതം വെക്കുന്നതിൽ എന്തെങ്കിലും മാറ്റം വരുത്തി സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ ഒരു പദ്ധതിയും യൂണിയൻ സർക്കാർ കൈക്കൊള്ളുന്നില്ല. പൊതുമേഖലാ ബാങ്കുകളുടെ വരുമാനത്തിൻ്റെ ഒരു വിഹിതം എസ്എൽആർ (Statutory Liquidity Ratio) സിആർആർ (Cash Reserve Ratio) എന്നിങ്ങനെ റിസർവ് ബാങ്കിന് ലഭിക്കുന്നുണ്ട്. വൻകിട കുത്തകകളുടെ കടം എഴുതിതള്ളുന്ന നഷ്ടം നികത്താൻ സാധാരണ ഇടപാടുകാരുടെ കൈയിൽ നിന്നും ബാങ്കുകൾ പിടിച്ചു വാങ്ങുന്ന, മിനിമം ബാലൻസിൻ്റെയും എടിഎം ഉപയോഗത്തിൻ്റെയും പേരിലുള്ള ചാർജുകളും മറ്റ് പല ഇനത്തിൽ ഈടാക്കുന്ന കമീഷൻ എന്ന പേരിലുള്ള കൊള്ളയും അവസാനിപ്പിക്കാൻ ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന റിസർവ് ബാങ്ക് ഒരു നടപടിയും എടുക്കുന്നില്ല.


കാർഷിക മേഖലയെ സഹായിക്കാൻ രൂപീകരിച്ച നബാർഡിന് (National Bank for Agriculture and Rural Development- NABARD) സഹായം നൽകുന്നതിന് ഒരു വിഹിതവും റിസർവ് ബാങ്ക് നീക്കി വക്കുന്നതുമില്ല. ചുരുക്കത്തിൽ രാഷ്ട്രീയ ലക്ഷ്യത്തിനായി  ആർബിഐയുടെ കണ്ടിൻജൻസി ഫണ്ട് എന്ന കരുതൽ ധനത്തിൽ കൊടും വെട്ട് നടത്തിയിട്ട്, യൂണിയൻ സർക്കാരിനെ നയിക്കുന്നവർ നടത്തുന്നത് കടും കൊള്ളയാണ്. അതിന് ചൂട്ടു പിടിക്കുന്നവരെ മാത്രമേ ആർബിഐയുടെ തലപ്പത്ത് യൂണിയൻ സർക്കാർ പ്രതിഷ്ടിക്കുകയുമുള്ളു. രാജ്യത്തെ ധന മേഖലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഈ കൊടും കൊള്ളക്കെതിരെ ജനങ്ങൾ പ്രതികരിക്കേണ്ടിയിരിക്കുന്നു.




deshabhimani section

Dont Miss it

Recommended for you

Deshabhimani

Subscribe to our newsletter

Quick Links


Home