ഇരപിടിയൻമാർക്ക് തണൽ വിരിക്കുന്നവർ


വി കെ സനോജ്
Published on Aug 24, 2025, 10:51 PM | 3 min read
ഭരണം നഷ്ടപ്പെട്ട കേരളത്തിലെ കോൺഗ്രസിന് അതിന്റെ തീവ്രവലതു പക്ഷ സ്വഭാവം പുറത്തെടുക്കാതെ പിടിച്ചു നിൽക്കാനാകില്ലെന്ന ഘട്ടത്തിലാണ് രാഹുലിനെപോലൊരു സംസ്കാരശൂന്യനായ ഒരാൾ നേതാവായി വളരുന്നത്. ലക്ഷങ്ങൾ മുടക്കി സോഷ്യൽ മീഡിയ പ്രചാരണം വഴിയുള്ള മുഖം മിനുക്കൽ പരിധി വിട്ടപ്പോഴാണ് കോൺഗ്രസിനകത്ത് തന്നെ രാഹുൽ-ഷാഫി ദ്വയത്തിന്റെ റീൽസ് രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർന്നത്. അത്തരം വ്യാജ ബിംബനിർമിതിക്കൊന്നും കേരളത്തിന്റെ രാഷ്ട്രീയ മണ്ണിൽ അധികം ആയുസ്സില്ല എന്നുകൂടിയാണ് രാഹുൽ‐ ഷാഫി-‐വി ഡി സതീശൻ സിൻഡിക്കറ്റിന്റെ ഈ പതനം സൂചിപ്പിക്കുന്നത്
യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിഗൗരവതരമായ വെളിപ്പെടുത്തലുകളാണ് തെളിവുകൾ സഹിതം കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്. രണ്ട് നിർബന്ധിത ഗർഭഛിദ്രം അടക്കം ഏതാണ്ട് പതിനാല് പരാതികളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ഈ പരാതികളിൽ പലതും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഷാഫി പറമ്പിൽ എംപിയെയും നേരത്തെ അറിയിച്ചിരുന്നുവെന്നും രാഹുലിനെ സംരക്ഷിക്കുന്ന സമീപനം ഇവർ കൈക്കൊണ്ടുവെന്നതുമാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത. അതുകൊണ്ട് ഈ പ്രശ്നം കേവലം രാഹുൽ മാങ്കൂട്ടത്തിൽ എന്നൊരു വ്യക്തിയുടെ ക്രിമിനൽ സ്വഭാവത്തിനപ്പുറം കേരളത്തിലെ കോൺഗ്രസ് പാർടിയെ സംബന്ധിച്ച് ഗൗരവമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. രാഷ്ട്രീയമായി ഭിന്നാഭിപ്രായമുള്ളവരോട് സാമാന്യമര്യാദപോലും ഇല്ലാതെ വ്യക്തിയധിക്ഷേപം നടത്തുകയും യുക്തിക്ക് നിരക്കാത്ത നുണകൾ ആധികാരികമായി പറയുകയും സ്ത്രീകളോട് അങ്ങേയറ്റം മോശമായി പെരുമാറുകയും ചെയ്യുന്ന നേതാക്കൾ ലോകരാഷ്ട്രീയത്തിലുണ്ടായിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ വലതുപക്ഷ രാഷ്ട്രീയം പിന്തുണ ഉറപ്പിച്ചെടുക്കാൻ സ്വീകരിക്കുന്ന പലവിധ വഴികളിലൊന്നാണ് അത്തരം നേതാക്കളുടെ ഉദയം. ചുരുങ്ങിയകാലം കൊണ്ട് കോൺഗ്രസ് പാർടിയിലെ പ്രധാനിയായി രാഹുൽ മാങ്കൂട്ടത്തിൽ പ്രതിഷ്ഠിക്കപ്പെട്ടതും സമാനമായ വഴികളിലും സാഹചര്യത്തിലുമാണ്.

ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ എന്ന വിദ്യാർഥിയെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊലപ്പെടുത്തിയതിനെ ചാനൽ മുറിയിലിരുന്ന് ഒരു സങ്കോചവുമില്ലാതെ ന്യായീകരിച്ചയാളാണ് രാഹുൽ. കേരളത്തിന്റെയെന്നല്ല ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം യൂത്ത് കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച ഘട്ടത്തിലാണ് ഈ വിദ്വാന്റെ കുടിലതയറിഞ്ഞ് കേരളം ആദ്യം ഞെട്ടിയത്. സംഘടനാ തെരഞ്ഞെടുപ്പിലെ അധാർമികമായ ആ വഴികളെക്കുറിച്ച് നിരവധി പരാതികൾ പ്രവർത്തകർ നൽകിയിട്ടും തിരുത്താൻ കോൺഗ്രസിന്റെ സംസ്ഥാന–ദേശീയ നേതൃത്വം തയ്യാറായില്ല. നാക്കിന് എല്ലില്ലാത്തവിധം ഇടതുപക്ഷ പ്രവർത്തകരെ ഹീനമായ നിലയിൽ അധിക്ഷേപിക്കുന്നു എന്നതായിരുന്നു അന്ന് കോൺഗ്രസും കേരളത്തിലെ മാധ്യമങ്ങളും രാഹുൽ മാങ്കൂട്ടത്തിലിൽ കണ്ട മേന്മ.
ലൈംഗികാരോപണം മാത്രമല്ല, വയനാട് ചൂരൽമല ദുരിത ബാധിതർക്ക് വീട് വച്ച് നൽകാൻ എന്ന പേരിൽ പിരിച്ചെടുത്ത ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടും രാഹുൽ പ്രതിസ്ഥാനത്താണ്. മുപ്പത് വീട് വച്ച് നൽകുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ്, ദുരന്തം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ അതിന്റെ പേരിൽ പിരിച്ചെടുത്ത കോടികളുടെ കണക്ക് ബോധിപ്പിക്കാനാകാതെ ഇരുട്ടിൽത്തപ്പുകയാണ്. യൂത്ത് കോൺഗ്രസിൽ നിന്നുയർന്ന ഈ പരാതികളും ഷാഫി-‐വി ഡി സതീശൻ സഖ്യത്തിന്റെ പിന്തുണയോടെ ഒതുക്കിത്തീർത്തു.
ഹൃദയപൂർവം പൊതിച്ചോറ് പദ്ധതി പോലെ ഡിവൈഎഫ്ഐ ഏറ്റെടുക്കുന്ന മാതൃകാപ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസ് കണ്ടു പഠിക്കണമെന്ന് പ്രമുഖ കോൺഗ്രസ് നേതാക്കൾ പറഞ്ഞ ഘട്ടത്തിലാണ് ഏറ്റവും വൃത്തികെട്ട പരാമർശം രാഹുൽ നടത്തിയത്. കക്ഷിരാഷ്ട്രീയത്തിനപ്പുറം അപരസ്നേഹത്തിൽ ചോറ് കെട്ടിത്തന്ന മനുഷ്യരെയും ജീവിതത്തിന്റെ അല്ലലിൽ ഇത്തിരി ആശ്വാസത്തിനായി ഒരുനേരം അതേറ്റു വാങ്ങിയ മനുഷ്യരെയും ഒരുപോലെ അവഹേളിക്കുന്ന പരാമർശമായിരുന്നു അത്. ആ പരാമർശത്തിന് കേരളം ഒരുകാലവും മാപ്പ് കൊടുക്കില്ല.

എന്തെങ്കിലും ജനകീയ പ്രശ്നങ്ങളിൽ ഗുണപരമായി ഇടപെട്ട് നേതൃഗുണം കൊണ്ട് ആ പദവിയിൽ എത്തുന്നവർ കോൺഗ്രസ് പാർടിയിൽ ഇല്ല എന്നുതന്നെ പറയാം. കേരളത്തിലെ മാധ്യമങ്ങളിൽ സായാഹ്‌ന ചർച്ചകളിൽ ഇടതുപക്ഷത്തിനെതിരെ ആക്രോശിച്ചു കൊണ്ടാണ് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷപദവിയിൽവരെ എത്തുന്നത്. ഭരണം നഷ്ടപ്പെട്ട കേരളത്തിലെ കോൺഗ്രസിന് അതിന്റെ തീവ്രവലതുപക്ഷ സ്വഭാവം പുറത്തെടുക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്ന ഘട്ടത്തിലാണ് രാഹുലിനെപോലൊരു സംസ്കാരശൂന്യനായ ഒരാൾ നേതാവായി വളരുന്നത്. ലക്ഷങ്ങൾ മുടക്കി സോഷ്യൽ മീഡിയ പ്രചാരണം വഴിയുള്ള മുഖം മിനുക്കൽ പരിധിവിട്ടപ്പോഴാണ് കോൺഗ്രസിനകത്ത് തന്നെ രാഹുൽ-–ഷാഫി ദ്വയത്തിന്റെ റീൽസ് രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർന്നത്. അത്തരം വ്യാജ ബിംബനിർമിതിക്കൊന്നും കേരളത്തിന്റെ രാഷ്ട്രീയ മണ്ണിൽ അധികം ആയുസ്സില്ല എന്നുകൂടിയാണ് രാഹുൽ‐ -ഷാഫി-‐ വി ഡി സതീശൻ സിൻഡിക്കറ്റിന്റെ ഈ പതനം സൂചിപ്പിക്കുന്നത്.
വ്യാജ തിരിച്ചറിയൽ കാർഡ് കേസിലും ഫണ്ട് വെട്ടിപ്പിലും കോൺഗ്രസും കേരളത്തിലെ മാധ്യമങ്ങളും രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണവലയം തീർത്തെങ്കിലും കെണിയൊരുക്കി സ്ത്രീകളെ വീഴ്‌ത്താൻ കാത്തിരുന്ന രാഹുൽ ഒടുവിൽ പിടിക്കപ്പെട്ടു. കാരണം എന്തുതന്നെയായാലും ഇക്കുറി മാധ്യമങ്ങൾ ഈ കോൺഗ്രസ് ക്രിമിനലിനുവേണ്ടി കളത്തിലിറങ്ങിയില്ല.
ഒരു ഇരപിടിയൻ സൈക്കോ പാത്തിനെ പോലെ പെൺവേട്ട നടത്തുന്ന രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണമൊരുക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. ആ പാർടിയുടെ ജനിതകത്തിലുള്ള അധികാര ഗർവിന്റെയും സ്ത്രീവിരുദ്ധതയുടെയും ഭാഗം തന്നെയാണത്. തെളിവുകളോടെ ഇത്രയേറെ കേസുകൾ പുറത്തുവന്ന ഘട്ടത്തിലും നേതൃത്വത്തിന്റെ പിന്തുണയോടെ കോൺഗ്രസിന്റെ സൈബർ വെട്ടുകിളിക്കൂട്ടം തുറന്നുപറച്ചിലുകൾ നടത്തിയ സ്ത്രീകളെ വീണ്ടും ആക്രമിക്കുകയാണ്. രാഹുലിന്റെ കുറ്റകൃത്യത്തെ ന്യായീകരിച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശവും നാം കേട്ടതാണ്. രാഷ്ട്രീയമായി എതിർചേരിയിൽ ഉള്ളവരോട് മാത്രമല്ല സഹപ്രവർത്തകരായ സ്ത്രീകളോട് പോലുമുള്ള കോൺഗ്രസ് നേതാക്കളുടെ സമീപനമാണിത്. 2015ൽ നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ ജീവനക്കാരി രാധയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ടത് കോൺഗ്രസ് നേതാക്കളായിരുന്നു എന്നതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. അതുകൊണ്ടു തന്നെ യൂത്ത് കോൺഗ്രസ് നേതാവിന്റെ ലൈംഗിക കുറ്റകൃത്യവാസന ആ പാർടിയിലുള്ള ആശയ പരിസരത്തിന്റെകൂടി സൃഷ്ടിയാണ്. കേരളം അടിച്ചുപുറത്താക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിലിനെ മാത്രമല്ല കോൺഗ്രസിനെയും അതിന്റെ മലീമസ രാഷ്‌ട്രീയ സംസ്‌കാരത്തെയുമാണ്.














