ad
Deshabhimani

‘മങ്കി ബ്രാഞ്ചിങ് ’അഥവാ 
ഒരിടത്തും അധികമിരിക്കില്ല...

rahul mamkoottathil case
avatar
എൻ എസ്‌ സജിത്‌

Published on Aug 23, 2025, 12:13 AM | 2 min read

logoകുക്കുടം പതിവില്ലാതെ ഉച്ചത്തിൽ മുക്തകണ്‌ഠം കൂവി. ശ്രവണസുഭഗമായ ആ സംഗീതത്തിന്‌ കാത്തിരുന്നപോലെ സൂര്യഭഗവാൻ പൂർവദിങ്‌മുഖത്തിൽ പ്രസന്നവദനനായി കാണപ്പെട്ടു. ചാനൽ മൈക്കുകൾ കാമറാസമേതരായി അടൂരിലേക്ക്‌ ഗമിച്ചു. കഥാനായകന്റെ വീട്ടിൽ ഹാജർവച്ച്‌ നീട്ടിയൊരു ശൂ വരച്ചു. കേരള രാഷ്‌ട്രീയത്തിലെ ഉജ്വലനായ സൂര്യതേജസ്സേ, നിന്റെ മൊഴിമുത്തുകൾ ഒന്നൊഴിയാതെ വാരിയെടുക്കാൻ ഞങ്ങൾ വന്നതാണെന്ന ഭാവം. നായകന്റെ മുടി പതിവുപോലെ പാറിപ്പറന്ന ചേല്‌ക്കല്ല. വാസനജെല്ലിന്റെ മിനുക്കത്തിൽ ഓരോ ഇഴയും ശാന്തഭാവത്തിൽ തലയോട്ടിയിൽ പതിഞ്ഞു കിടക്കുന്നു. കഥാനായകൻ പാലക്കാട്‌ മത്സരിച്ചപ്പോൾ തങ്ങളെ മഥിച്ച ഒരു മഹത്തായ പ്രഹേളികയെക്കുറിച്ച്‌ ചാനലുകാർ ഒരുവേള ഓർത്തുപോയി. എന്നായിരിക്കും ഭാവി എംഎൽഎയുടെ കല്യാണം? വധു പാലക്കാടൻ ഗ്രാമസുന്ദരിയാണോ, അതോ ഹൈറേഞ്ചുകാരിയോ? കേരളത്തെ പുളകിതമാക്കുന്ന ഉത്തരംതേടി അമ്മയെ കണ്ട്‌ ബൈറ്റെടുത്തിട്ട് വർഷമൊന്ന്‌ തികയാറായി. ഇതുവരേക്കും ഇ‍ൗ നവയ‍ൗവനത്തിന്‌ മംഗല്യയോഗമായില്ലല്ലോ എന്ന മനോവ്യഥ കർക്കടകക്കരിമുകിൽ കണക്കെ അവരെയാകെ മൂടിനിന്നു.


എന്തിന്റെ കുറവായിരുന്നു നായകന്‌. ജ്വലിക്കുന്ന യ‍ൗവനം. ഇരുതലമൂർച്ചയുള്ള കായംകുളം വാൾ പോലെ വാഗ്‌ധോരണി. ചാനൽ ചർച്ചകളിൽ എതിരാളികളാരെന്ന്‌ നോക്കാതെ തലങ്ങും വിലങ്ങും വെട്ടിക്കളിക്കും. ‘കൈക്കോട്ടിനെ കൈക്കോട്ടെന്ന്‌ തന്നെ വിളിക്കുക’ എന്ന ആംഗലേയമൊഴി ഓർമിപ്പിച്ചുകൊണ്ട്‌ ഒട്ടകത്തെ ഒട്ടകമെന്ന്‌ വിളിക്കും. തിരിച്ച്‌ കോഴിയെന്ന വിളി കേട്ടാലും പ്രശ്‌നമില്ല. ആരെയും വില വയ്‌ക്കാത്തതാണ്‌ ശീലം. പുച്ഛിസ്‌റ്റ്‌. ഇരട്ടിയിലേറെ വയസ്സുള്ള മുഖ്യമന്ത്രിയെ ഉപ്പുപോലും കൂട്ടാതെ വിജയാ എന്നേ വിളിക്കൂ. ഗോവിന്ദൻ മാഷോട്‌ അതിലേറെ കലിപ്പ്. മുരളീധരൻ കോൺഗ്രസിലുണ്ടെന്ന്‌ കൂസാതെ കരുണാകരന്റെ മകളെ തന്തയ്‌ക്ക്‌ വിളിക്കാൻ ധൈര്യമുള്ള ഏക നേതാവ്‌. പറഞ്ഞാലും പറഞ്ഞാലും തീരില്ല രാഹുൽജിയുടെ പോരിശ.


ഖദറെങ്കിൽ ഖദർ. കളറെങ്കിൽ കളർ, ഫ്‌ളോറലെങ്കിൽ അത്‌. വേഷത്തിലും ട്രെന്റി. സതീശന്റെ ബ്ലൂഐഡ്‌ ബോയ്‌. ഷാഫിക്ക്‌ കൂടപ്പിറപ്പ്‌


കിയാരഥത്തിൽ ഏതു യുദ്ധഭൂമിയിലും വന്ന്‌ അടരാടുന്ന അർജുനൻ, വിജയൻ, പാർഥൻ, കിരീടി... കേരളത്തിന്റെ ഭാവിമുഖ്യമന്ത്രി. എല്ലാ യോഗ്യതയും പത്തിൽ പത്ത്‌ പൊരുത്തവും തികഞ്ഞവൻ. വ്യാജ വോട്ടർ കാർഡിന്റെ കാര്യത്തിൽ ഗ്യാനേഷ്‌ കുമാർ വരെ ശിഷ്യപ്പെട്ടുപോകും. വയനാട്‌ ഫണ്ട്‌ വെട്ടിപ്പിന്റെ കാര്യത്തിൽ ഹം കിസിസേ കംനഹി. സദ്‌ഗുണസമ്പന്നൻ. അതിപ്രതാപഗുണവാൻ. എതിരാളിക്കൊരു പോരാളി. ഖദറെങ്കിൽ ഖദർ. കളറെങ്കിൽ കളർ, ഫ്‌ളോറലെങ്കിൽ അത്‌. വേഷത്തിലും ട്രെന്റി. സതീശന്റെ ബ്ലൂഐഡ്‌ ബോയ്‌. ഷാഫിക്ക്‌ കൂടപ്പിറപ്പ്‌.


പിന്തുണയുടെ കാര്യം പറയണ്ട. ലീഗാരുടെ പൊന്നോമന. ജമാഅത്തെക്കാരുടെ ബർക്കത്ത്‌. സിപിഐ എമ്മിന്‌ മുസീബത്തുണ്ടാക്കാൻ വേണ്ടി രാഹുലിന്റെ പേരിൽ പ്രസ്‌താവന വെള്ളിമാടുകുന്നിറങ്ങിവരും. വെള്ളിപറമ്പ്‌ കേറി അത്‌ മീഡിയവണ്ണിന്റെ വാർത്തയാകും. കോൺഗ്രസുകാരെ ബിസ്‌മയിപ്പിച്ച്‌ എസ്‌ഡിപിഐയുടെ കൈവെട്ട്‌ ടീം പാലക്കാട്ട്‌ വിജയത്തിൽ കന്നിപ്രകടനം നടത്തും. അങ്ങനെ ഭാവികേരളത്തിനായി കരുതിവച്ച മുതലാണ്‌ ഇങ്ങനെ പട്ടാപ്പകൽ കൊത്തിക്കൊണ്ടു പോയത്‌. അങ്ങനെ കണ്ണ‍ീർ വാർത്ത്‌ അടൂരിലെ വീട്ടുമുറ്റത്തിരിക്കുമ്പോൾ ദേ വരുന്നു രാഹുൽജി. ഒട്ടും ഉലയാതെ തുടങ്ങി: ‘‘രാജിവച്ചെന്ന്‌ ആര്‌ പറഞ്ഞു? ഹൈക്കമാൻഡ്‌ സമ്മർദം ചെലുത്തിയിട്ടില്ല. എനിക്കെതിരെ കേസില്ല, പരാതിയില്ല.’’ ഒടുവിൽ രാജിപ്രഖ്യാപനം. ‘‘കോൺഗ്രസ്‌ പ്രവർത്തകർ എന്നെ സംരക്ഷിച്ച്‌ സമയം പാഴാക്കരുത്.’’ എന്തൊരു ധീരോദാത്തമായ നിലപാട്‌. രാജിയെങ്കിലും അത്‌ വീരോചിതമായി പ്രഖ്യാപിക്കണം. രാജിയും രാഷ്‌ട്രീയപ്രവർത്തനമാണ്‌. ഏതു കോൺഗ്രസുകാരനുണ്ട്‌ ഇങ്ങനെ രാജിവച്ച ചരിത്രം? എൻഎസ്‌എസ്‌ ആസ്ഥാനത്തെ സന്ദർശനരേഖയുടെ ചരടിൽതൂങ്ങി കേസിൽനിന്ന്‌ രക്ഷപ്പെട്ട നേതാവോ? രാമനിലയത്തിലെയും ഇന്ദിരാ ഭവനിലെയും രാസലീലകളുടെ പേരിൽ കീർത്തിപത്രങ്ങൾ വാരിക്കൂട്ടിയ കിങ്ങിണിക്കുട്ടനോ? മഞ്ചേരി സന്ദർശനത്തിനിടെ മുഖത്ത്‌ നിലാവ്‌ വീണ ഉണ്ണിക്കുട്ടനോ? കൂട്ടുകാരി കോവളത്ത്‌ കടലിൽ വീഴുമ്പോൾ രക്ഷപ്പെടുത്തിയതിൽ കേസിൽപ്പെട്ട എംഎൽഎയോ? കോവളത്തെ സ്‌ത്രീ വോട്ടറോട്‌ ക്ഷേമാന്വേഷണം നടത്തി ജയിലിൽ പോയ എംഎൽഎയോ? സർവോപരി സോളാർ കൂട്ടുകാരായ ഹരിത എംഎൽഎമാരോ, എംപിമാരോ? അവരൊക്കെ കണ്ടുപഠിക്കട്ടെ.


ഏതായാലും രാഹുൽജിയുടെ ചാറ്റിങ്ങും ചീറ്റിങ്ങും ലൈംഗികസാഹസങ്ങളും വഴി മലയാളികൾക്ക്‌ കുറേ ‘ജെൻ സീ’ വാക്കുകൾ പഠിക്കാനായി. 1: സെക്‌സ്‌റ്റിങ്‌ അഥവാ ലൈംഗികോദ്ദേശ്യത്തോടെയുള്ള ചാറ്റിങ്‌, രണ്ട്‌: ഷാഫിച്വൽ ഒഫൻഡർ അഥവാ ഷാഫിയുടെ കൂടപ്പിറപ്പായ പതിവു കുറ്റവാളി (ഹാബിച്വൽ ഒഫൻഡർ), മൂന്ന്‌: മങ്കി ബ്രാഞ്ചിങ്‌. ഇതിന് മാങ്കൂ ബ്രാഞ്ചിങ് എന്നൊരു പാഠഭേദമുണ്ട്‌. എല്ലാ കൊമ്പിലും ചാടിമറിയുന്ന മർക്കടൻ എന്നാണ്‌ വാഗർഥമെങ്കിലും ‘ജെൻ സീ’ മക്കൾ പിറക്കും മുമ്പ്‌ ദ‍ീർഘദർശനംചെയ്‌ത്‌ ഒരു കവി ഇ‍ൗ പ്രയോഗം മുൻകൂറായി വിവർത്തനം ചെയ്‌ത്‌ ഒരർധ ശ്ലോകം ചമച്ചിട്ടുണ്ട്‌: ‘ഒരിടത്തും അധികമിരിക്കില്ല’ എന്നാണ് ഏകദേശ അർഥം.



Deshabhimani
Home