രാഹുൽ ഗാന്ധിക്ക് അറിയാമോ കുന്ദൻ ചന്ദ്രാവത്തിനെ


എൻ എസ് സജിത്
Published on Mar 10, 2026, 11:34 PM | 3 min read
‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് നിയന്ത്രിക്കുന്നു, കേരള മുഖ്യമന്ത്രിയെ മോദി നിയന്ത്രിക്കുന്നു.’’ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിച്ച യാത്രയുടെ സമാപനത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് എത്തിയവരോട് ലോക്‌സഭയിലെ പ്രതിപക്ഷനേതാവും ഇന്ത്യ കൂട്ടായ്‌മയുടെ പ്രധാന നേതാക്കളിൽ ഒരാളുമായ രാഹുൽ ഗാന്ധി പറഞ്ഞതാണിത്. തീർന്നില്ല, ‘‘എന്നെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മണിക്കൂറുകളാണ് ചോദ്യംചെയ്‌തത്. എന്തുകൊണ്ട് പിണറായി വിജയനെതിരെ ഇഡി അനങ്ങുന്നില്ല. കേരളത്തിൽ ബിജെപി–സിപിഐ എം കൂട്ടുകെട്ടാണ്. യുഡിഎഫിനെ തോൽപ്പിക്കാൻ അവർ കൈകോർക്കുകയാണ്’’ എന്നുകൂടി പറഞ്ഞുവച്ചു രാഹുൽ ഗാന്ധി.
ഇതൊന്നും ഇന്ത്യ കൂട്ടായ്‌മ നേതാവ് സ്വയം മനസ്സിലാക്കി പറഞ്ഞതാകണമെന്നില്ല. വിദേശരാജ്യങ്ങളിലെ ഉല്ലാസയാത്രകൾക്കിടെ കാര്യങ്ങൾ മനസ്സിലാക്കാൻ നേരം കിട്ടിക്കാണില്ല. തെരഞ്ഞെടുപ്പുപ്രചാരണ വിദഗ്‌ധൻ കനുഗോലു തയ്യാറാക്കിയ കുറിപ്പടികളും കെ സി വേണുഗോപാൽ ചെവിയിൽ പറഞ്ഞതും മൈക്കിൽ വിളിച്ചുപറയുക എന്നതിൽ കവിഞ്ഞ് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല രാഹുലിന്.
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന സിപിഐ എമ്മും ആർഎസ്‌എസുമായി കൂട്ടുചേർന്നിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞാൽ അതിന് കൈയടിക്കാൻ കുറച്ച് കോൺഗ്രസുകാരെ കിട്ടും. മതനിരപേക്ഷതയുടെ രാഷ്‌ട്രീയത്തിൽ വിശ്വസിക്കുന്നവരോട് അത് പറഞ്ഞാൽ അവർക്കത് തൊണ്ട തൊടാതെ വിഴുങ്ങാൻ പ്രയാസമായിരിക്കും.
സമീപകാലത്തുമാത്രമാണ് സിപിഐ എമ്മിനെക്കുറിച്ച് പൊതുവിലും പിണറായിയെക്കുറിച്ച് സവിശേഷമായും ഇത്തരമൊരു ആഖ്യാനം ചമയ്‌ക്കപ്പെട്ടത്. കനുഗോലുവുമായി കച്ചവടമുറപ്പിക്കുംമുമ്പുതന്നെ ജമാഅത്തെ ഇസ്ലാമിയുടെ മൂശയിൽ വാർത്തെടുക്കപ്പെട്ടതാണ് ഇൗ ഉൽപ്പന്നം. കാരണം മുസ്ലിം ജനസാമാന്യത്തിൽ സിപിഐ എമ്മിന് സമീപകാലത്ത് കൈവരിക്കാനായ സ്വീകാര്യതയാണ്. അത് യുഡിഎഫിനെയും ജമാഅത്തെ ഇസ്ലാമിയെയും സദാ പൊള്ളിക്കുന്നുണ്ട്. അതിന് ചരിത്രപരമായ കാരണങ്ങളുമുണ്ട്. ബാബ്‌റി മസ്‌ജിദ് തകർത്തതോടെ അതിന് കൂട്ടുനിന്ന കോൺഗ്രസിന്റെ വിശ്വാസ്യത 1990കളുടെ മധ്യത്തോടെതന്നെ എല്ലാ സംസ്ഥാനങ്ങളിലും നഷ്‌ടപ്പെട്ടിരുന്നു.
40 ശതമാനത്തിലേറെ മുസ്ലിങ്ങളുള്ള അസമിലും മുസ്ലിം ഭൂരിപക്ഷമുള്ള യുപിയിലെ ജില്ലകളിലുംപോലും ബിജെപി വിജയിക്കുന്നത് പതിവായത് കോൺഗ്രസിനെ അവർക്ക് വിശ്വാസമില്ലാത്തതുകൊണ്ടാണ്. കേരളത്തിൽ മുസ്ലിം ന്യൂനപക്ഷം കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ഐക്യജനാധിപത്യമുന്നണിയിലെ മുസ്ലിംലീഗിന്റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്. കേരള മുസ്ലിങ്ങളിലെ വിവിധ ഗ്രൂപ്പുകളും വ്യക്തികളും എൽഡിഎഫുമായി അടുക്കുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് സിപിഐ എം–ബിജെപി സഖ്യമെന്ന ഉറുമിയെടുത്ത് വീശാൻ തുടങ്ങിയത്.
ഇന്നും സിപിഐ എമ്മിൽ പ്രവർത്തിക്കേണ്ട, സിപിഐ എമ്മിന്റെ നേതാക്കളായിരിക്കേണ്ട ഇരുനൂറിലധികം സഖാക്കൾ, മതനിരപേക്ഷതയുടെ മുദ്രാവാക്യം ഉറക്കെ വിളിച്ച കുറ്റത്തിന് ആർഎസ്‌എസിന്റെ കൊലക്കത്തിക്കുമുന്നിൽ പിടഞ്ഞുമരിച്ച ചരിത്രമൊന്നും തെരഞ്ഞെടുപ്പുകാലത്ത് ദേശാടനക്കിളിയെപ്പോലെ കേരളത്തിലെത്തി പഫ്‌സും പഴംപൊരിയും കഴിക്കുന്ന രാഹുൽ ഗാന്ധിക്ക് അറിയണമെന്നില്ല.
രാജ്യത്ത് ആർഎസ്‌എസിന് ഏറ്റവും കൂടുതൽ ശാഖകളുള്ള കേരളത്തിൽ ബിജെപിയോട് നേർക്കുനേർ നിന്ന് ഇഞ്ചോടിഞ്ച് പൊരുതുന്നതും അവരെ പൊതുധാരയിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതും സിപിഐ എമ്മും ഇടതുപക്ഷ പാർടികളുമാണെന്നും ഒളിഞ്ഞും തെളിഞ്ഞും കോലീബി കളിക്കുന്ന യുഡിഎഫ് അല്ലെന്നും രാഹുലിന് അറിയില്ലെങ്കിലും കേരളത്തിലെ ജനങ്ങൾക്കറിയാം.
തലശേരിയിൽ ആർഎസ്‌എസ് നേതൃത്വം നൽകിയ കലാപകാലത്ത് ശാന്തിയുടെ സന്ദേശവുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നതും ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം നൽകിയതും പിണറായി വിജയൻ എന്ന ഇന്നത്തെ മുഖ്യമന്ത്രിയാണെന്ന വസ്‌തുത എങ്ങനെയാണ് കേരളത്തിന്റെ ചരിത്രത്താളുകളിൽനിന്ന് മായ്‌ക്കാനാകുക. ആർഎസ്‌എസ് ശാഖയ്‌ക്ക് കാവൽനിന്നവരാണ് കോൺഗ്രസുകാരെന്ന് അഭിമാനപൂർവം പറഞ്ഞയാളുടെ പേര് പിണറായി വിജയൻ എന്നല്ല, കുന്പക്കുടി സുധാകരൻ എന്നാണ്. മുൻ കെപിസിസി പ്രസിഡന്റും ലോക്‌സഭാംഗവുമായ സുധാകരൻതന്നെയാണ് വേണമെങ്കിൽ ബിജെപിയിൽ പോകാൻ തയ്യാറാണെന്ന് പറഞ്ഞത്.
സംഘപരിവാർ തലയ്‌ക്ക് വിലയിട്ട ഒരേയൊരു നേതാവേ ഇന്ത്യയിലുള്ളൂ; അത് പിണറായി വിജയനാണ്. 2017ൽ മധ്യപ്രദേശിലെ ആർഎസ്‌എസ് നേതാവ് കുന്ദൻ ചന്ദ്രാവത്താണ് പിണറായി വിജയന്റെ തലകൊയ്യുന്നവർക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. അതിന് തൊട്ടുമുന്പാണ് പിണറായിക്കെതിരെ മധ്യപ്രദേശിലെതന്നെ സംഘപരിവാറുകാർ കായികാക്രമണത്തിന് മുതിർന്നത്. 2016 ഡിസംബർ 10ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ ഭോപാലിലെത്തിയ കേരള മുഖ്യമന്ത്രി മലയാളി സംഘടനയുടെ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ആക്രമണശ്രമം.
ഒടുവിൽ സംസ്ഥാന സർക്കാർ അഭ്യർഥിച്ചതിനെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. അങ്ങനെയുള്ള പിണറായി വിജയനെവിടെ, പറവൂരിലെ ആർഎസ്‌എസ് പരിപാടിയിൽ എം എസ് ഗോൾവാൾക്കറുടെ ഫോട്ടോയ്‌ക്കുമുന്നിൽ നട്ടെല്ല് വില്ലുപോലെ വളച്ച് വിളക്കുകൊളുത്തിയ പ്രതിപക്ഷനേതാവ് വി ഡി സതീശനെവിടെ. സംഘപരിവാർവിരുദ്ധ നിലപാടിന്റെ കാര്യത്തിൽ പിണറായിയും സതീശനുമായി ഇങ്ങനെയൊരു താരതമ്യംപോലും അർഹിക്കുന്നില്ല. ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജൻസിയായി അധഃപതിച്ച കോൺഗ്രസിന് എങ്ങനെയാണ് സിപിഐ എം–ബിജെപി ബാന്ധവം ആരോപിക്കാനാകുക? മകനെ ബിജെപിക്ക് നൽകിയ എ കെ ആന്റണിയുടെയും സഹോദരിയെ ബിജെപിക്ക് സംഭാവന ചെയ്‌ത കെ മുരളീധരന്റെയും പാർടിയാണത്.
ഇഡി എന്തുകൊണ്ട് പിണറായിയെ കുടുക്കുന്നില്ല എന്നതിലാണ് രാഹുൽ ഗാന്ധിയുടെ വേവലാതി. നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിൽ കേന്ദ്ര ഏജൻസികളെല്ലാം കുടുക്കാൻ ശ്രമിച്ചതാണ്. സിബിഐ, ഇഡി, ആദായനികുതിവകുപ്പ് തുടങ്ങിയവർ വന്നിട്ടും മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ എതിരെ തെളിവിന്റെ ഒരു തുണ്ടുപോലും കണ്ടെത്താനായില്ലെന്ന് രാഹുലിന് ഓർമവേണം. സഹോദരിയുടെ ഭർത്താവ് റോബർട്ട് വാധ്ര അഴിമതിക്കേസിൽ കുടുങ്ങുമെന്നായപ്പോൾ രക്ഷപ്പെട്ടത് ബിജെപിക്ക് ഇലക്‌ടറൽ ബോണ്ട് എന്ന പേരിൽ കൈക്കൂലി കൊടുത്താണ്. അത്രയും ഗതികേടൊന്നും സിപിഐ എമ്മിനില്ല.















