Articles

'സമന്വയ' വഴികൾ

പാവ കളിക്കാം, പഠനം ഉത്സവമാക്കാം

paava story.
അനിൽ ആയഞ്ചേരി

Published on Nov 22, 2025, 09:24 PM | 2 min read

നൂൽപ്പാവകളെ ഉപയോഗിച്ച് പാവനാടകങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുന്ന കേരളത്തിലെ ഏക സംഘമാണ് കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ പ്രവർത്തിക്കുന്ന സമന്വയ പാവനാടകസംഘം. ‘ഡൽഹിയിൽ സ്കൂൾ അധ്യാപകർക്കായി നടത്തിയ പപ്പട്രി ഫോർ എഡ്യുക്കേഷൻ വർക്‌ഷോപ്പിൽ പങ്കെടുത്ത വേളം ഹൈസ്കൂൾ ചിത്രകലാധ്യാപകനായ ടി പി കുഞ്ഞിരാമൻ മാസ്റ്റർ രൂപീകരിച്ച പാവനാടകസംഘമാണ് സമന്വയ. 1993ൽ ആരംഭിച്ച നാടകസംഘം കുട്ടികളുടെ പഠനം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ പാഠഭാഗങ്ങളെ പാവനാടകരൂപത്തിലാക്കി അവതരിപ്പിക്കുകയാണ് ആദ്യം ചെയ്തത്. അങ്ങനെ ഉറൂബിന്റെ ‘പടച്ചോന്റെ ചോറ്’ എന്ന കഥ നിരവധി സ്കൂളുകളിലും പൊതുവേദികളിലും അവതരിപ്പിച്ചു. പിന്നീട് ബീർബലിന്റെ സ്വർഗയാത്ര, കുറുക്കനും നായയും കുരങ്ങനും കഥാപാത്രങ്ങളായി വരുന്ന പഞ്ചതന്ത്രം കഥ, വടക്കൻപാട്ടിനെ ആസ്‌പദമാക്കി പുത്തരിയങ്കം, ബഷീറിന്റെ ഭൂമിയുടെ അവകാശികളുടെ നാടകരൂപം, വടക്കൻപാട്ടിലെ പൂമാതൈ പൊന്നമ്മയുടെ കഥ തുടങ്ങി നിരവധി പാവനാടകങ്ങൾ കേരളത്തിനകത്തും പുറത്തുമായി സമന്വയ അവതരിപ്പിച്ചു.


ബോധവൽക്കരണം


പൊതുജന ബോധവൽക്കരണത്തിനും പാവനാടകങ്ങളെ ഉപയോഗിക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ പാവനാടക കലാജാഥകൾ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തി. സ്കൂളുകളിലും പര്യടനം നടത്തി. എയ്ഡ്സിനെതിരെയുള്ള ബോധവൽക്കരണം, ശുചിത്വ മിഷനുവേണ്ടി ശുചിത്വപർവം എന്ന പാവനാടകം, തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട കർമഭൂമി എന്ന നാടകം സാക്ഷരതാപ്രവർത്തനത്തിനും സ്ത്രീശാക്തീകരണത്തിനുമായുള്ള നാടകങ്ങൾ, കോവിഡുകാലത്ത് ഓൺലൈൻ മാധ്യമങ്ങൾക്കായി നമുക്കും അതിജീവിക്കാം എന്ന നാടകം തുടങ്ങിയവ സമന്വയ ഒരുക്കി.


Screenshot from 2025-11-22 21-26-06


സഞ്ചാരികളേ ഇതിലേ


പാവകളിയെ ടൂറിസവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സമന്വയ. ‘കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ പദ്ധതിപ്രവർത്തനങ്ങളുടെ ഭാഗമായി 2000ൽ ആയഞ്ചേരിയിൽ സമന്വയക്ക് സ്വന്തം കെട്ടിടം നിർമിച്ചു. പാവനിർമാണത്തിലും നാടകാവതരണത്തിലും നിരവധി പരിശീലനപരിപാടികൾ സംഘടിപ്പിച്ചു. സാംസ്കാരികവകുപ്പ് സമന്വയയുടെ കെട്ടിടം നവീകരിക്കുന്നതിനും പാവനാടക തിയറ്റർ സജ്ജമാക്കുന്നതിനുമായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. അതിലുൾപ്പെടുത്തി തിയറ്റർ ഉൾപ്പെടെ നിർമിച്ചു. വടകര ഇരിങ്ങലിലെ സർഗാലയ ക്രാഫ്റ്റ് വില്ലേജ്, ലോകനാർകാവ് ക്ഷേത്രം, പയംകുറ്റിമല, പൊന്മേരി ശിവക്ഷേത്രം, കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം, പള്ളികൾ, കാവുകൾ, ആയഞ്ചേരിയിലെ പച്ചത്തുരുത്തുകൾ, പുതുപ്പണത്തെയും പരിസരപ്രദേശങ്ങളിലെയും ആയോധനകളരി പരിശീലനകേന്ദ്രങ്ങൾ, പ്രകൃതിരമണീയമായ വടകര സാന്റ്‌ ബാങ്ക്സ്, വടകര മാഹി കനാലിലൂടെ വരാൻ പോകുന്ന ജലപാത, നിരവധി കലാസാംസ്കാരികകേന്ദ്രങ്ങൾ, ലൈബ്രറികൾ തുടങ്ങി അതിസമ്പന്നമായ സാംസ്കാരിക ഇടങ്ങളുള്ള കടത്തനാട്ടിൽ സഞ്ചാരികളെ ആകർഷിക്കാൻ വ്യത്യസ്ത കലാരൂപമായ പാവനാടകത്തിനും കഴിയുമെന്ന ആശയമാണ് സമന്വയ മുന്നോട്ടുവച്ചത്. തിയറ്ററിൽ മാസത്തിൽ ഒരുദിവസം പാവകളി അരങ്ങേറാനും സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും താൽപ്പര്യമുള്ള മറ്റു കലാകാരന്മാർക്കും തുടർച്ചയായി പാവനിർമാണത്തിൽ പരിശീലനം നൽകാനുമാണ് സംഘം തീരുമാനിച്ചിരിക്കുന്നത്. ഒപ്പം കേരള സംഗീതനാടക അക്കാദമി, ഫോക്‌ലോർ അക്കാദമി, സർഗാലയ ക്രാഫ്റ്റ് വില്ലേജ് എന്നിവയുമായി സഹകരിച്ച് കേരളത്തിലുടനീളം പാവനാടകങ്ങൾ അവതരിപ്പിക്കാനും ആലോചനയുണ്ട്.


പാവനിർമാണം


ഒരു കഥ നാടകരൂപത്തിലാക്കിക്കഴിഞ്ഞാൽ അവയിലെ കഥാപാത്രങ്ങൾക്കനുയോജ്യമായ തരത്തിൽ പാവകളെ നിർമിക്കുന്നത് ടി പി കുഞ്ഞിരാമൻ മാസ്റ്ററാണ്. കടലാസ് പൾപ്പുപയോഗിച്ചാണ് പാവകളുടെ മുഖവും കൈകാലുകളും ശരീരവും നിർമിക്കുന്നത്. ശേഷം മനോഹരമായ വേഷവിധാനങ്ങൾ ഉണ്ടാക്കുന്നു. കറുത്ത ചരടുകളുപയോഗിച്ച് തലയും കൈകളും കാലുകളും ചലിപ്പിക്കാവുന്നതരത്തിൽ ബന്ധിപ്പിച്ചശേഷം കൈകളിൽ പിടിക്കാവുന്ന ഒരു ചട്ടയിൽ ഒന്നിച്ചുറപ്പിക്കുകയാണ് ചെയ്യുന്നത്. സംഭാഷണങ്ങൾ ആവശ്യമായ പശ്ചാത്തലസംഗീതത്തോടൊപ്പം നാടകപ്രവർത്തകർ ശബ്ദം നൽകി റെക്കോഡ് ചെയ്‌ത്‌ ശബ്ദത്തിനനുസരിച്ച് കഥാപാത്രങ്ങളായ പാവകളെ നൂലിൽ ചലിപ്പിച്ചുകൊണ്ടാണ് പ്രത്യേകം തയ്യാറാക്കിയ ചെറിയ വേദിയിൽ നാടകം ചെയ്യുന്നത്.


വിദേശ സന്ദർശനം


പാവനാടകം അവതരിപ്പിക്കുന്നതിനായി വിദേശ രാഷ്ട്രങ്ങളിലും സംഘം പോയിട്ടുണ്ട്. സിംഗപ്പുരിലെ നിരവധി സ്കൂളുകളിലും പൊതുവേദികളിലും പാവനാടകം അവതരിപ്പിച്ചു. ബഹ്‌റൈനിലെ സാംസ്കാരിക സംഘടനയായ പ്രതിഭയുടെ കലോത്സവവേദിയിലും ലക്ഷദ്വീപിലും സംഘം പാവനാടകം, പാവകളുടെ ഒപ്പന, ചെണ്ടമേളം, നൃത്തം എന്നിവ അവതരിപ്പിച്ചു. വിദേശങ്ങളിൽനിന്ന്‌ നിരവധി കലാകാരന്മാരും ഗവേഷകരും ആയഞ്ചേരിയിൽ വന്ന് പാവനാടകസംഘത്തെ സന്ദർശിച്ചു. കുഞ്ഞിരാമൻ മാസ്റ്ററെ തേടി നിരവധി അവാർഡുകളും എത്തി. 2015ൽ കേരള ഫോക്‌ലോർ അക്കാദമി അവാർഡും എൻസിഇആർടി നടത്തിയ ദേശീയ കളിക്കോപ്പുനിർമാണ മത്സരത്തിൽ മാജിക് സ്ലേറ്റിന് സംസ്ഥാനത്ത് രണ്ടാംസ്ഥാനവും ലഭിച്ചു.



deshabhimani section

Dont Miss it

Recommended for you

Home