ad
Deshabhimani

Articles

punarjani scam

പ്രളയമറയിലെ പുനർജനിത്തട്ടിപ്പ്‌

V D Satheeshan Punarjani Scam
ഒ വി സുരേഷ്‌

Published on Jan 09, 2026, 11:04 PM | 2 min read

തട്ടിപ്പുകൾ പലതും കേട്ടിട്ടുണ്ടെങ്കിലും പ്രളയദുരിതാശ്വാസ പിരിവിലും തട്ടിപ്പ്‌ എന്ന വാർത്ത മലയാളിക്ക്‌ അത്ര പരിചിതമായിരുന്നില്ല. എന്നാൽ, 2018ലെ പ്രളയത്തെത്തുടർന്ന്‌ പറവൂർ നിയോജകമണ്ഡലത്തിൽ രൂപം നൽകിയ ‘പുനർജനി’ എന്ന പദ്ധതിയുടെ പേരിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ തട്ടിപ്പ്‌ വിജിലൻസ്‌ അന്വേഷണം കഴിഞ്ഞ്‌, സിബിഐ അന്വേഷണത്തിനുള്ള ശുപാർശയുടെ ഘട്ടത്തിൽ എത്തിനിൽക്കുന്നു


എന്താണ്‌ പുനർജനി

2018-ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാനെന്ന പേരിൽ അതേവർഷം നവംബറിലാണ്‌ പറവൂർ എംഎൽഎ വി ഡി സതീശൻ പുനർജനി പദ്ധതി പ്രഖ്യാപിച്ചത്‌. തകർന്ന വീടുകളുടെ പുനർനിർമാണവും ജീവനോപാധി കണ്ടെത്തലും മറ്റൊരു ലക്ഷ്യമായിരുന്നു. അതേവർഷം നവംബർ 27 മുതൽ പണമിടപാടുകൾ തുടങ്ങിയതായാണ്‌ വാർത്തകൾ. പ്രളയബാധിതർക്കായുള്ള മഹത്തായ പദ്ധതി എന്ന നിലയിൽ പുനർജനി ആഘോഷിക്കപ്പെട്ടു. തയ്യൽ മെഷീൻ നൽകലും ഫ്ലാറ്റിന്‌ തറകല്ലിടലുമായി വാർത്തകളിലും ഇടംപിടിച്ചു. സർക്കാരുമായൊന്നും ബന്ധമില്ലാതെ നേരിട്ട്‌ പുനരധിവാസ പ്രവർത്തനം. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോഴും സർക്കാരിന്റെ പുനരധിവാസ പദ്ധതിയുമായി സഹകരിക്കാതെ, 100 വീടുകൾ പ്രഖ്യാപിച്ച്‌ പണം പിരിച്ച്‌ ഒന്നുപോലും നിർമിക്കാതെ, ദുരന്തത്തെയും പണപ്പിരിവിനും തട്ടിപ്പിനുമുള്ള മാർഗമായി കാണുന്നത്‌ സമീപകാലത്തെ വാർത്തയാണ്‌. ഇതിന്റെ മുൻഅനുഭവമാണ്‌ പറവൂരിലെ പുനർജനി.


വിദേശത്ത്‌ പോകാനും പണം സമാഹരിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വേണം. വി ഡി സതീശൻ എംഎൽഎ യുകെയിലേക്ക്‌ പോകാൻ സ്‌പീക്കറുടെ ഓഫീസിൽനിന്ന്‌ എൻഒസി തേടി. സുഹൃത്തുക്കളെ കാണാനും ചരിത്രപ്രധാന സ്ഥലങ്ങൾ സന്ദർശിക്കാനുമായിരുന്നു അനുമതി വേണ്ടിയിരുന്നത്‌. ഇ‍ൗ എൻഒസിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകി. ഇനിയാണ്‌ ട്വിസ്റ്റ്‌. 2018 ഒക്ടോബർ 28ന്‌ യുകെയിലെ ബർമിങ്‌ഹാമിൽ നടത്തിയ ലഞ്ച്‌ മീറ്റിലേക്ക്‌ വിളിച്ചുവരുത്തിയ മലയാളികളോട്‌ 500 പ‍ൗണ്ടുവീതം തരണമെന്ന്‌ സതീശൻ അഭ്യർഥിച്ചു. ഇതിന്റെ വീഡിയോയും പുറത്തുവന്നു. സ്വന്തം മണ്ഡലത്തിനുവേണ്ടി വിദേശത്തുപോയി സഹായം തേടിയ നേതാവായി വി ഡി സതീശൻ വാഴ്‌ത്തപ്പെട്ടു.


v d satheesan


തിരിച്ചടിയായി 
സ്വന്തം വീഡിയോകൾ

2020 മെയ്‌ ഒമ്പതിന്‌ പറവൂരിലെ വാർത്താസമ്മേളനത്തിൽ ബർമിങ്‌ഹാമിൽ പോയി പണം പിരിച്ചതായി അഭിമാനത്തോടെ സതീശൻ അവകാശപ്പെട്ടു. എന്നാൽ, 2020 ആഗസ്‌ത് 24ന് നിയമസഭയിൽ ജയിംസ്‌ മാത്യു എംഎൽഎ പുനർജനിയുടെ പേരിലുള്ള സതീശന്റെ വിദേശയാത്രയെക്കുറിച്ച്‌ ആരോപണമുന്നയിച്ചു. എസ്‌ ശർമയും എം സ്വരാജും കൂടി ഇത്‌ ഏറ്റെടുത്തതോടെ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സെമിനാറിനാണ്‌ പോയതെന്നായിരുന്നു മറുപടി. ഒരു രൂപപോലും പിരിച്ചിട്ടില്ലെന്നും വേണമെങ്കിൽ വിജിലൻസ് അന്വേഷണം നടത്താനും വെല്ലുവിളി. 2020 ജനുവരി 21ന്‌ സതീശന്റെ ബർമിങ്‌ഹാം പ്രസംഗത്തിന്റെ വീഡിയോ നിയമസഭയിൽ സമർപ്പിക്കപ്പെട്ടു. നിഷേധിക്കപ്പെടാനാകാത്ത സത്യമായി ഇത്‌ മാറി.


വിജിലൻസ്‌ വരുന്നു

പദ്ധതിയെക്കുറിച്ച്‌ നിരവധി പരാതികൾ ഉയർന്നുവന്നു. വിദേശസംഭാവന ചട്ടം ലംഘിച്ചതും പുത്തൻവേലിക്കരയിൽ ഫ്ലാറ്റിന്‌ തറകല്ലിട്ട്‌ നിർമാണം തുടങ്ങാത്തതും വീടുകൾ വാഗ്‌ദാനം ചെയ്‌ത്‌ നൽകാത്തതുമുൾപ്പെടെ നിരവധി പരാതികൾ. യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ രാജേന്ദ്രപ്രസാദ്‌ എന്നയാളും പരാതിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. ചാലക്കുടി കാതിക്കുടം ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ്‌ ജയ്സൺ പാനികുളങ്ങര വിജിലൻസ് ഡയറക്ടർക്ക്‌ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണത്തിനുശേഷം 2023 ജൂൺ എട്ടിന്‌ വിജിലൻസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. തട്ടിപ്പിന്റെ വലിയ ലോകമാണ്‌ ഇതിലൂടെ തുറന്നുകാട്ടപ്പെട്ടത്‌. വിദേശനാണയ ചട്ടം ലംഘിച്ചതിനാൽ സിബിഐ അന്വേഷിക്കണമെന്നായിരുന്നു വിജിലൻസ്‌ ശുപാർശ.


മണപ്പാട്ടുമായുള്ള 
ബന്ധമെന്ത്‌

പുനർജനിക്കുവേണ്ടി ബർമിങ്‌ഹാമിൽനിന്ന്‌ ലഭിച്ച പണം മിഡ്‌ലാൻഡ്‌ ഇന്റർനാഷണൽ എന്ന എൻജിഒ വഴി എത്തിയത്‌ കൊച്ചിയിലെ മണപ്പാട്ട്‌ ഫൗണ്ടേഷൻ എന്ന എൻജിഒയുടെ ബാങ്ക്‌ അക്ക‍ൗണ്ടിലേക്കെന്നാണ്‌ വിജിലൻസ്‌ കണ്ടെത്തിയത്‌. മാത്രമല്ല, വിദേശത്തേക്കുള്ള വിമാനടിക്കറ്റും താമസസ‍ൗകര്യവും ഒരുക്കിയതും ഇതേ മണപ്പാട്ടുതന്നെ. ഇ‍ൗ ഫ‍ൗണ്ടേഷനുമായുള്ള ബന്ധം പ്രതിപക്ഷനേതാവ്‌ ഇതുവരെയും തുറന്നുപറഞ്ഞിട്ടില്ല. മാത്രമല്ല, പുനർജനിയിൽ എത്ര രൂപ പിരിച്ചെന്നോ, എത്രപേർക്ക്‌ വീട്‌ നൽകിയെന്നോ, അവരുടെ പട്ടികയോ പറവൂർ എംഎൽഎ പുറത്തുവിട്ടിട്ടുമില്ല. പ്രളയബാധിതരെ സഹായിക്കാനാണെങ്കിൽ, സ്വന്തം പ്രസംഗം തന്നെ നിഷേധിക്കേണ്ട ആവശ്യമില്ലല്ലോ. സത്യം തുറന്നുപറയാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്‌.

പിൻകുറിപ്പ്‌:

പ്രളയകാലത്ത്‌ വിദേശസഹായം തേടാനുള്ള യാത്രയ്ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി തേടിയപ്പോൾ കേന്ദ്രസർക്കാർ നിഷേധിച്ചു. വിവിധ രാജ്യങ്ങൾ വാഗ്‌ദാനം ചെയ്‌ത പണവും വാങ്ങാൻ അനുവദിച്ചില്ല. കേന്ദ്രനിയമമായിരുന്നു തടസ്സമായി പറഞ്ഞത്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home