Deshabhimani

Articles

ഫ്രാൻസിൽ വിദ്യാർഥിപ്രക്ഷോഭം ആകസ്‌മികമല്ല

ഫ്രാൻസിൽ വിദ്യാർഥിപ്രക്ഷോഭം ആകസ്‌മികമല്ല

france students protest
avatar
കെ ടി കുഞ്ഞിക്കണ്ണൻ

Published on Oct 12, 2026, 12:00 AM | 2 min read

ഫ്രാൻസിലെ പാരീസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് നവ ഉദാരവൽക്കരണ നയങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയും അതിനിരയാകുന്ന ജനവിഭാഗങ്ങളുടെ അസംതൃപ്തിയും പ്രതിഷേധവും പൊട്ടിപ്പുറത്തുവരുന്നതുമാണ്. 1960കളുടെ അവസാനം വസന്തകലാപത്തിന്റെ ഇടിമുഴക്കങ്ങൾ സൃഷ്ടിച്ച പാരീസിൽനിന്ന്‌ യുവജനങ്ങളുടെയും വിദ്യാർഥികളുടെയും സമരോത്സുക മുന്നേറ്റങ്ങളുടെ ഗാഥകളാണ് ലോകം കേട്ടുകൊണ്ടിരിക്കുന്നത്.


ഇപ്പോൾ കുറേ ദിവസങ്ങളായി അവിടെനിന്ന്‌ വിദ്യാർഥിപ്രക്ഷോഭം ആളിപ്പടരുന്നതിന്റെ റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. വിദ്യാർഥികൾക്കൊപ്പം സ്‌കൂൾ അധ്യാപകരും പൊതുമേഖല ട്രേഡ്‌ യൂണിയനുകളും സമരരംഗത്തിറങ്ങിയിരിക്കുന്നു. സർവകലാശാല വിദ്യാർഥി സംഘടനകളും സമരരംഗത്തേക്ക് വരികയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്തംഭിപ്പിക്കുകയും ചെയ്തിരിക്കുന്നു.


​ഫ്രാൻസിൽ വിദ്യാർഥികളും യുവജനങ്ങളും പുതിയൊരു വസന്തകലാപത്തിന്റെ മുദ്രാവാക്യങ്ങളാണ് തെരുവുകളിൽ മുഴക്കിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷ കമ്യൂണിസ്റ്റ് പിൻബലമുള്ള ട്രേഡ്‌ യൂണിയനുകളും വിദ്യാർഥി സംഘടനകളുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എൽഎഫ്ഐ (La France Insoumise) പോലുള്ള റാഡിക്കൽ ലെഫ്റ്റ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റി, ഹൈസ്‌കൂൾ വിദ്യാർഥി സംഘടനകളാണ് ഈ പുതിയ പ്രക്ഷോഭത്തിന്റെ മുന്നിലുള്ളത്.


​അഞ്ചരലക്ഷത്തിലേറെ ജനങ്ങളാണ് തെരുവുകളിലേക്കിറങ്ങിയിരിക്കുന്നത്. വിദ്യാർഥി മാർച്ചിനുനേരെ ഭീകരമായ പൊലീസ് ആക്രമണം അഴിച്ചുവിട്ടാണ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ വിദ്യാർഥികളുടെയും തൊഴിലാളികളുടെയും പ്രക്ഷോഭങ്ങളെ നേരിടുന്നത്. ഒന്നാം ജന്തർ മന്തർ സമരത്തിൽ ഇന്ത്യയിൽ കണ്ടതുപോലെ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും പൊതുജനങ്ങളും തെരുവുകളിലേക്കിറങ്ങുകയാണ്. ഫ്രാൻസിലുടനീളം ബഹുജനറാലികളും പ്രതിഷേധങ്ങളും അലയടിക്കുകയാണ്. ഇമ്മാനുവൽ മാക്രോണിന്റെ ചെലവുചുരുക്കൽ നയങ്ങൾക്കും, വിദ്യാഭ്യാസമേഖലയിൽനിന്ന്‌ ഉൾപ്പെടെ സർക്കാർ പിന്മാറുന്നതിനും എതിരായിട്ടാണ് വിദ്യാർഥികളുടെ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടത്.


​ഹൈസ്‌കൂൾ വിദ്യാർഥികളുടെ ക്ലാസ് മുറികളിലെ ഇരിപ്പ് സൗകര്യത്തിനായി തുടങ്ങിയ പ്രക്ഷോഭമാണ്‌ ഇന്ന് ഫ്രാൻസിലുടനീളം പടർന്നിരിക്കുന്നത്. ചെലവുചുരുക്കൽ നയങ്ങൾ സ്‌കൂളുകളെ തകർത്തിരിക്കുന്നു. സർക്കാർ സ്‌കൂളുകൾ പൂട്ടിപ്പോകുന്നു. പൊതുവിദ്യാഭ്യാസരംഗത്തെ തകർക്കുന്നതിനും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വെട്ടിക്കുറയ്‌ക്കുന്നതിനും എതിരെയാണ് വിദ്യാർഥികളും രക്ഷിതാക്കളും സമരം ചെയ്യുന്നത്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കടുത്ത അടിച്ചമർത്തൽ നയമാണ് മാക്രോൺ ഭരണകൂടം സ്വീകരിച്ചത്.


തലസ്ഥാനമായ പാരീസിൽ ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ നടന്ന വിദ്യാർഥി മാർച്ചിനുനേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കികളും പ്രയോഗിച്ചു. പലയിടങ്ങളിലും പൊലീസ് അഴിഞ്ഞാടി. ഈ നരനായാട്ടിൽ നിരവധി വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിലെ തൊള്ളായിരത്തിലധികം ഹൈസ്‌കൂളുകളുടെ പ്രവർത്തനം വിദ്യാർഥികൾ ഉപരോധിച്ചിരിക്കുകയാണ്.


തകർന്നുവീഴാറായ ക്ലാസ് മുറികൾ നവീകരിക്കുക, കടുത്ത അധ്യാപകക്ഷാമത്തിന് പരിഹാരം കാണുക, വിദ്യാഭ്യാസ ബജറ്റ് വെട്ടിക്കുറയ്‌ക്കുന്ന ജനദ്രോഹനടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവച്ചിട്ടുള്ളത്. പ്രക്ഷോഭകാരികളായ വിദ്യാർഥികൾക്കുനേരെ ഗ്രനേഡുകൾ വർഷിച്ചും ലാത്തിച്ചാർജ്‌ നടത്തിയും അടിച്ചമർത്താനുള്ള നീക്കമാണ് മാക്രോൺ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.


​തീവ്ര വലതുപക്ഷവുമായി സന്ധിചെയ്ത് നവ ഉദാരവൽക്കരണ പരിഷ്‌കാരങ്ങളും കുടിയേറ്റവിരുദ്ധ വംശീയഭീകരതയും അടിച്ചേൽപ്പിക്കുകയാണ്‌ മാക്രോൺ സർക്കാർ. ബ്രിട്ടനിൽ മാർഗരറ്റ് താച്ചറും അമേരിക്കയിൽ റീഗൺ ഭരണകൂടവും പരീക്ഷിച്ച മാതൃകകളുടെ ചുവടുപിടിച്ചാണ് ഫ്രാൻസിലെ റിനൈസൻസ്‌ പാർടി ഉൾപ്പെടെയുള്ള യൂറോപ്പിലെ മധ്യവലതുപക്ഷ പാർടികളുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ നവ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിയത്.


സ്വകാര്യവൽക്കരണവും ചെലവുചുരുക്കൽനയങ്ങളും സൃഷ്ടിച്ച തൊഴിലില്ലായ്മയും വിലക്കയറ്റവും ജനജീവിതത്തെ ദുസ്സഹമാക്കി. ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയാണ് തീവ്ര വലതുപക്ഷരാഷ്ട്രീയം ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ശക്തിപ്പെട്ടത്. കുടിയേറ്റവിരുദ്ധതയും ഇസ്ലാമോഫോബിയയും രാഷ്ട്രീയതന്ത്രമാക്കുകയായിരുന്നു തീവ്ര വലതുപക്ഷരാഷ്ട്രീയം. ഇടതുപക്ഷത്തെ എതിർക്കാനായി ഈ നവ ഫാസിസ്റ്റുകളുമായി ഇമ്മാനുവൽ മാക്രോണിനെപ്പോലുള്ള മധ്യവലതുപക്ഷ നേതാക്കൾ പലപ്പോഴായി സന്ധിചെയ്യുകയായിരുന്നു.


ഉദാരവൽക്കരണ പരിഷ്‌കാരങ്ങൾ അടിച്ചേൽപ്പിച്ച മധ്യവലതുപക്ഷ പാർടികളാണ് വിദ്യാഭ്യാസമേഖല ഉൾപ്പെടെയുള്ള സർക്കാർ സേവനമേഖലകളുടെ തകർച്ചയ്ക്ക്‌ ഉത്തരവാദികൾ. ഇതിനെതിരായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള തീവ്ര വലതുപക്ഷ പാർടികളുടെ ഗൂഢാലോചനാപരമായ നീക്കങ്ങളെ പ്രതിരോധിച്ചാണ് വിവിധ ഇടതുപക്ഷ ഗ്രൂപ്പുകൾ വിദ്യാർഥി യുവജന പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home