ad
Deshabhimani

Articles

വാക്കിന്റെ സമരമുഖം

വാക്കിന്റെ സമരമുഖം

Sukumar Azheekod.jpg
avatar
സുനില്‍ പി ഇളയിടം

Published on May 12, 2026, 12:00 AM | 5 min read

ബഹുകാര്യവ്യഗ്രവും ബഹുഭാവവ്യഗ്രവുമായ ജീവിതമായിരുന്നു പ്രൊഫ. സുകുമാർ അഴീക്കോടിന്റേത്. ‘മനുഷ്യനെ സംബന്ധിക്കുന്ന യാതൊന്നും അവർക്കന്യമായിരുന്നില്ല' എന്ന് എംഗൽസ് നവോത്ഥാനകാല പ്രതിഭകളെക്കുറിച്ച് എഴുതിയതുപോലെ മനുഷ്യനെയും മനുഷ്യജീവിതത്തെയും സംബന്ധിക്കുന്ന സമസ്‌തകാര്യങ്ങളിലും അഴീക്കോട് മാഷ് തൽപ്പരനായിരുന്നു. ആ താൽപ്പര്യം അദ്ദേഹത്തെ പല ലോകങ്ങളിലെ പാർപ്പുകാരനാക്കി. 20–ാംനൂറ്റാണ്ടിലെ കേരളീയജീവിതത്തെ രൂപപ്പെടുത്തിയ മിക്കവാറും എല്ലാ പ്രവണതകളോടും പ്രഭാവങ്ങളോടും അദ്ദേഹം സംവദിച്ചു.


നവോത്ഥാനം, നാരായണഗുരു, ഗാന്ധി, വിവേകാനന്ദൻ, ദേശീയപ്രസ്ഥാനം, ഇടതുപക്ഷം എന്നിവയോടെല്ലാം വിവിധ അനുപാതങ്ങളിൽ നടത്തിയ വിനിമയങ്ങളുടെ ആകത്തുകയായിരുന്നു പ്രൊഫ. സുകുമാർ അഴീക്കോടിന്റെ ജീവിതം. 20–ാംനൂറ്റാണ്ടിലെ കേരളീയജീവിതത്തിന്റെ സ്വഭാവനിർവചനത്തിൽ ആ വിനിമയങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു. ആ വിനിമയങ്ങൾ അഴീക്കോട് മാഷിനെയും പുതുക്കിപ്പണിതു. യാഥാർഥ്യങ്ങളുടെ മുഖത്തുനോക്കി കാണുന്ന സത്യങ്ങൾ വിളിച്ചുപറയാൻ ശ്രമിക്കുന്ന ഒരാൾക്ക് പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കാനാകില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ചരിത്രപരമായ ആ വിവേകമാണ് പരിണാമസന്നദ്ധമായ ജീവിതാവബോധത്തിന്റെ ഉടമയാക്കി അഴീക്കോട്‌ മാഷിനെ മാറ്റിത്തീർത്തത്.


പ്രൊഫ. സുകുമാർ അഴീക്കോടിന്റെ ജീവിതത്തിന് ബഹുശാഖിയായ ഒരു വൃക്ഷത്തിന്റെ ഛായയുണ്ട്. അദ്ദേഹം കേരളത്തിലെ എക്കാലത്തെയും വലിയ പ്രഭാഷകരിൽ ഒരാളായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട നിരൂപകനായിരുന്നു. അതിപ്രഗല്‌ഭനായ അധ്യാപകനായിരുന്നു. മലയാള വിമർശചരിത്രത്തെ സംഗ്രഹിച്ച ഗവേഷകനായിരുന്നു. പത്രാധിപരായിരുന്നു. കോളമിസ്റ്റായിരുന്നു. സാമൂഹ്യവിഷയങ്ങളിൽ നിരന്തര ശ്രദ്ധപുലർത്തുകയും അവയിലെല്ലാം അഭിപ്രായങ്ങൾ പറയുകയും ചെയ്ത സാമൂഹ്യവിമർശകനായിരുന്നു.


ഇതിന്റെയെല്ലാം ആകത്തുക എന്നനിലയിൽ, മാഷ് ഒരു ജീവിതവിമർശകനായി മാറി. ജീവിതവിമർശകൻ എന്ന പദവി അദ്ദേഹത്തെ വലിയൊരു പോരാളിയാക്കി. കേരളത്തിലെ എത്രയെങ്കിലും സമരമുഖങ്ങളിലെ സാന്നിധ്യമായും ചിലതിന്റെയെങ്കിലും നേതൃത്വമായും അദ്ദേഹം മാറിത്തീർന്നത്‌ അങ്ങനെയാണ്. തന്റെ കാലത്തെ നിർണയിച്ച് സാമൂഹ്യാഭിലാഷങ്ങളുടെ ആകത്തുകപോലെയാണ് മാഷ് ജീവിച്ചത്.


തന്നെ രൂപപ്പെടുത്തിയ പ്രേരണകളെക്കുറിച്ച് പറയുമ്പോൾ പ്രൊഫ. സുകുമാർ അഴീക്കോട് മൂന്നു പാരമ്പര്യങ്ങളെ ചെന്നു തൊടുന്നുണ്ട്. ഗാന്ധി, ഉപനിഷത്ത്, സാഹിത്യം എന്നിവയെ. അഴീക്കോട് മാഷിന്റെ ജീവിതാവബോധത്തെ നിർണയിച്ച ഏറ്റവും വലിയ ശക്തിസ്രോതസ്സുകൾ ഇവ മൂന്നുമായിരുന്നു. ദേശീയപ്രസ്ഥാനം ഉച്ചസ്ഥായിയിലായിരുന്ന 1920കളിൽ (1926 മെയ് 12) ജനിച്ച സുകുമാർ അഴീക്കോടിന് ഗാന്ധി ഒരു നിത്യപ്രചോദനമായതിൽ അത്ഭുതമൊന്നുമില്ല. ചിറയ്ക്കൽ രാജാസ് ഹൈസ്കൂളിലെ പ്രാഥമികവിദ്യാഭ്യാസവും മംഗലാപുരം സെന്റ് ജോസഫ്സിലെ കോളേജ് പഠനവും കഴിഞ്ഞ് അദ്ദേഹം തൊഴിൽ തേടി ഡൽഹിയിലേക്ക് പോകുന്നുണ്ട്.


ഡൽഹിയിൽ ഒരു ജോലി ശരിയായ ഘട്ടത്തിലാണ് അഴീക്കോട് മാഷ് അതുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. മടങ്ങുന്ന വഴി വാർധയിലിറങ്ങി അദ്ദേഹം ഗാന്ധിയെ കണ്ടു. ജീവിതത്തെ എന്നേക്കുമായി രൂപാന്തരപ്പെടുത്തിയ ഒന്നായാണ് ആ കൂടിക്കാഴ്ചയെ മാഷ് പരിഗണിക്കുന്നത്. പിൽക്കാലത്ത് മാർപാപ്പയുമായി കൂടിക്കാണാൻ അവസരം ലഭിച്ചതിനെ മുൻനിർത്തി "അങ്ങ് കണ്ടതിൽ ഏറ്റവും മഹിമയുള്ള വ്യക്തി മാർപാപ്പയാണോ?' എന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. "ആണെന്ന് എനിക്ക് പറയാനാകാത്തത് ഞാൻ ഗാന്ധിയെ കണ്ടിട്ടുണ്ട് എന്നതുകൊണ്ടാണ്' എന്നായിരുന്നു മാഷിന്റെ ഉത്തരം.


ഗാന്ധിയുടെ വെളിച്ചത്തിലാണ് മാഷ് ഉപനിഷത്തിലേക്ക് നടന്നത്. ഒരുഭാഗത്ത് വാഗ്ഭടാനന്ദനും മറുഭാഗത്ത് വിവേകാനന്ദനും മാഷിന്റെ വലിയ പ്രചോദനങ്ങളായതിനുപിന്നിൽ ഗാന്ധിയുടെ അദൃശ്യപ്രേരണയുണ്ടായിരുന്നു. പ്രാചീനോപനിഷത്തുകളിലെ സൂക്ഷ്മാന്വേഷണങ്ങളെ പിൽക്കാല വൈദികപാഠങ്ങളിലെ ബ്രാഹ്മണ്യത്തിൽനിന്ന്‌ വേർതിരിച്ചുനോക്കാൻ മാഷിനെ പ്രേരിപ്പിച്ചത് വാഗ്ഭടാനന്ദന്റെയും വിവേകാനന്ദന്റെയും വിചാരമാർഗങ്ങളിൽനിന്ന്‌ കൈവന്ന വെളിച്ചമാണ്. ഗീതയെ അനാസക്തിയോഗമായി കാണുകയും അഹിംസയെ അതിന്റെ മൂലപ്രമാണമായി സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്ത ഗാന്ധിയുടെ വഴിയും മാഷിന്റെ ഉപനിഷദ് വിചാരങ്ങളുടെ അടിസ്ഥാനങ്ങളിലൊന്നാണ്. നിശ്ചയമായും ആ വിചാരരീതിയുടെ അതിർവരമ്പുകൾ മാഷിലും തുടരുന്നുണ്ട്.


ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അവ കൂടുതൽ തെളിഞ്ഞുവരികയും ചെയ്യാം. പക്ഷേ, അപ്പോഴും ഇന്ത്യൻ ചിന്താപാരമ്പര്യത്തെ അതിനകത്ത്‌ കടന്നുകയറി അഴിച്ചുപണിയാനുള്ള മലയാളത്തിലെ ഏറ്റവും ധീരവും സമഗ്രവുമായ പരിശ്രമമായി പ്രൊഫ. സുകുമാർ അഴീക്കോടിന്റെ ഉപനിഷദ് വിചാരങ്ങൾ നിലകൊള്ളുന്നു എന്നത് അതിപ്രധാനമാണ്. പരമ്പരാഗതമായ യജ്ഞയാഗ പാരമ്പര്യത്തിനെതിരെ എന്നതുപോലെ പിൽക്കാലത്ത് ഇന്ത്യയെ വിഴുങ്ങിയ ഹിംസാത്മകമായ ഹൈന്ദവ വർഗീയതയ്‌ക്കെതിരെ നിലകൊള്ളാനും മാഷിനെ പ്രേരിപ്പിച്ചത് ആ വിചാരക്രമംതന്നെയാണ്. ഹൈന്ദവ വർഗീയതയുടെ പടയോട്ടത്തിനെതിരെ, ഇന്ത്യയുടെ പ്രാചീന ചിന്താപാരമ്പര്യത്തിൽ വേരാഴ്‌ത്തി നിന്നുകൊണ്ടാണ് അദ്ദേഹം പ്രതിരോധമുയർത്തിയത്. വർഗീയവാദികൾ ബാബ്‌റി പള്ളി തകർത്തതിനുശേഷം കേരളത്തിൽ അതിനെതിരെ ഉയർന്നുകേട്ട താരസ്വരങ്ങളിലൊന്ന് പ്രൊഫ. സുകുമാർ അഴീക്കോടിന്റേതായിരുന്നു.


സാഹിത്യവും സാഹിത്യവിമർശവുമായിരുന്നു മാഷിന്റെ സ്വക്ഷേത്രം. ബഹുകാര്യവ്യഗ്രമായ തന്റെ ജീവിതയാത്ര അവിടെമാത്രം നിലയുറപ്പിക്കാനോ അതിൽമാത്രം ശ്രദ്ധയർപ്പിച്ച് എഴുതാനോ മാഷെ അനുവദിച്ചില്ലെങ്കിലും. കൗമാരം കൈവിടുംമുമ്പേ സാഹിത്യവിചാരത്തിന്റെ മേഖലയിൽ കാലൂന്നിക്കൊണ്ടാണ് സുകുമാർ അഴീക്കോട് ധൈഷണികജീവിതം ആരംഭിച്ചത്. ചിറയ്ക്കൽ രാജാസിലെ അധ്യാപകരിലൊരാളുടെ ശാകുന്തള തർജമയ്ക്ക് അവതാരിക എഴുതിയാണ് അദ്ദേഹം സാഹിത്യജീവിതം ആരംഭിച്ചതെന്ന് ജീവചരിത്രങ്ങൾ പറയുന്നുണ്ട്.


അവിടംമുതൽ മരണംവരെയും സാഹിത്യവും സാഹിത്യവിചാരവും മാഷിന്റെ ജീവലോകങ്ങളിലൊന്നായിരുന്നു. തന്റെ പേരിന്റെ അനുബന്ധഭാഗമായി തുടങ്ങുകയും പിന്നെ സ്വന്തം പേരുതന്നെയായി മാറുകയും ചെയ്ത "അഴീക്കോട്' എന്ന ദേശനാമത്തെ "മൃത്യുവെപ്പോലെ നിത്യസന്നിഹിതൻ' എന്ന് മാഷ് ഒരിടത്ത് വിശേഷിപ്പിക്കുന്നുണ്ട്. ആ പേരുപോലെ മാഷിൽ നിത്യസന്നിഹിതമായ മറ്റൊരു ഭാവബദ്ധതയായിരുന്നു സാഹിത്യത്തിന്റേത്. അത് അത്യന്തം വിപുലമായിരുന്നു. സംസ്കൃത മഹാകാവ്യങ്ങൾമുതൽ കുറ്റാന്വേഷണ നോവലുകൾവരെയായി പരന്നു പടർന്നതായിരുന്നു ആ സാഹിത്യതാൽപ്പര്യം.


ഖണ്ഡനവിമർശത്തിന്റെ വഴിയിലൂടെയാണ് മാഷ് ഏറെയും നടന്നത്. ഖണ്ഡനവിമർശം ആവശ്യപ്പെടുന്ന താർക്കികത ആദ്യകാലത്തെ കൃതികളിൽ ഏറിനിൽക്കുന്നതും കാണാൻ കഴിയും. ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്നിവപോലുള്ള കൃതികളെല്ലാം ഏറിയും കുറഞ്ഞും താർക്കികമായ വിചിന്തനരീതിയുടെ മുദ്രകൾ പേറുന്നുണ്ട്. കുട്ടികൃഷ്ണമാരാരെ ഗുരുസ്ഥാനത്ത് കണ്ട മാഷിന്റെ സാഹിത്യവിചാര രീതിയിൽ സ്വാഭാവികമായിത്തന്നെ മാരാരുടെ യുക്തിവിചാര രീതികൾക്ക് പ്രാമുഖ്യമുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അത് യുക്തിവിചാരത്തിനപ്പുറം കടന്ന് കേവല താർക്കികതയിലേക്ക് കടന്നുകയറുകയും ചെയ്തിട്ടുണ്ട്.


ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആ താർക്കികതയുടെ അതിരുകളും പരിമിതികളും ആ പഠനങ്ങളിൽ നമുക്ക് കാണാനാവുകയും ചെയ്യും. അപ്പോൾത്തന്നെ അവ രചിക്കപ്പെട്ട കാലത്തെയും തുടർന്നുള്ള ചില പതിറ്റാണ്ടുകളെയും ദീപ്തമാക്കിയ സാഹിത്യസംവാദത്തിന്റെ കേന്ദ്രമായി മാറാൻ ആ രചനകൾക്ക് കഴിഞ്ഞു എന്നതും പ്രധാനമാണ്. മലയാളത്തിലെ സാഹിത്യവിചാരം ഏറ്റവും സംവാദഭരിതമായ സന്ദർഭങ്ങളിൽ പലതും സുകുമാർ അഴീക്കോട് ജന്മം നൽകിയവയായിരുന്നു.


ഇത്തരമൊരു സംവാദശേഷിയായിരുന്നു അഴീക്കോട് മാഷിന്റെ പ്രഭാഷണകലയുടെ ഹൃദയം. എണ്ണമറ്റ വിഷയങ്ങളെക്കുറിച്ച് എണ്ണമറ്റ വേദികളിൽ അദ്ദേഹം സംസാരിച്ചു. ഓരോ പ്രഭാഷണവും ആ പ്രമേയങ്ങളെക്കുറിച്ചുള്ള വലിയ ചോദ്യങ്ങൾക്കും ക്ഷോഭങ്ങൾക്കും ഇടനൽകുകയും ചെയ്തു. "ജീവിതവിമർശകൻ' എന്ന തന്റെ വലിയ പദവിയെ അദ്ദേഹം അർഥപൂർണമാക്കിയത് പ്രഭാഷണവേദിയിലാണ്. ജീവിതത്തിന്റെ ശാശ്വതമൂല്യങ്ങളെന്ന് താൻ ഉറച്ചുവിശ്വസിച്ച ആശയങ്ങളെക്കുറിച്ചെന്നപോലെ, അപ്പപ്പോൾ ഉയർന്നുവരുന്ന ക്ഷണികപ്രശ്നങ്ങളെക്കുറിച്ചും മാഷ് സംസാരിച്ചുകൊണ്ടിരുന്നു. ക്ഷണികമെന്ന് നാം വിലകുറച്ചുകാണുന്ന പ്രമേയങ്ങളും ചരിത്രത്തിന്റെ ഭാരം പേറുന്നവയാണെന്ന് മാഷിന്‌ അറിയാമായിരുന്നു.


അവയെക്കൂടി അഭിസംബോധന ചെയ്തുകൊണ്ടും മറികടന്നുകൊണ്ടുമാണ് മൂല്യവത്തായ സമൂഹത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുകയുള്ളൂ എന്നദ്ദേഹം ഉറച്ചുവിശ്വസിച്ചു. ദൈനംദിനത്വത്തോടും നിത്യനൈമിത്തികങ്ങളോടും പരമ്പരാഗത പാണ്ഡിത്യം പുലർത്തിയ ഗർവ്‌ കലർന്ന പുച്ഛം മാഷിനെ സ്പർശിച്ചതേയില്ല. സാമാന്യജനതയുടെ അതിസാധാരണമായ ജീവിതപ്രശ്നങ്ങളോടുള്ള സംവാദങ്ങളായി തന്റെ പ്രഭാഷണങ്ങളെ രൂപപ്പെടുത്താൻ മാഷിന് കഴിഞ്ഞതും അതുകൊണ്ടാണ്.


അതിനുതകുന്ന ഒരു ഭാഷ മാഷ് വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഒരുഭാഗത്ത് അത് പ്രൗഢവും പണ്ഡിതോചിതവുമായിരുന്നു. സമുന്നതമായ ആശയപ്രപഞ്ചങ്ങളിൽ മേഞ്ഞുനടക്കുന്ന വാങ്മയമായി അത് പ്രഭാഷണവേദികളിൽ തലയെടുപ്പോടെ നിന്നു. മറുഭാഗത്ത് നിത്യജീവിതത്തിലെ നിസ്സാരതകളോട് അത് അതിസരളമായി സംസാരിക്കുകയും ചെയ്തു. നാട്ടുഭാഷയുടെ അനലംകൃതലാവണ്യം നിറഞ്ഞ വാക്കുകളായിരുന്നു അപ്പോൾ അദ്ദേഹത്തിന്റേത്. ഇങ്ങനെ രണ്ടറ്റങ്ങളിലേക്കും അനായാസം പോയി മടങ്ങുന്ന ഭാഷാസ്വരൂപമാണ് അഴീക്കോട് മാഷിന്റെ പ്രഭാഷണങ്ങൾക്ക് അതുല്യമായ ജനകീയത നൽകിയത്.


സുകുമാർ അഴീക്കോടിന്റെ പ്രഭാഷകജീവിതത്തെക്കുറിച്ച് നിരീക്ഷിക്കുമ്പോൾ ഇ എം എസ് അതിന്റെ മൗലികതയെ പ്രത്യേകം വിലയിരുത്തുന്നുണ്ട്. ‘കല കലയ്ക്കുവേണ്ടി' എന്നതുപോലെ "പ്രഭാഷണം പ്രഭാഷണത്തിനുവേണ്ടി' എന്ന നിലപാട് അശാസ്ത്രീയമായ ഒന്നാണെന്ന് സൂചിപ്പിക്കുന്ന ഇ എം എസ്, പ്രഭാഷണത്തെ ഉള്ളടക്കത്തിൽനിന്ന്‌ വേർപെടുത്തി രൂപമാത്രമായി വിലയിരുത്തുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെടുന്നു. അഴീക്കോടിന്റെ പ്രഭാഷകത്വം നവോത്ഥാനത്തിൽനിന്നും നാരായണഗുരുവിൽനിന്നും ഗുരുവിന്റെ വേദാന്തചിന്തയിൽനിന്നും ഊർജം സ്വീകരിച്ച് വളരുകയും ദേശീയപ്രസ്ഥാനത്തിന്റെ വിശാലപാരമ്പര്യവുമായി ഒത്തിണങ്ങുകയും ഏറ്റവും ഒടുവിൽ കമ്യൂണിസ്റ്റുകാരുമായി സഹകരിച്ച്‌ മുന്നേറുകയും ചെയ്യുന്ന പ്രവൃത്തിമാർഗമായിരുന്നു എന്ന കാര്യമാണ് ഇ എം എസ് ചൂണ്ടിക്കാണിക്കുന്നത്.


ചരിത്രപരമായ ഈ വിമർശമൂല്യം ആഴത്തിൽ സന്നിഹിതമായ മൂന്നു കൃതികളെക്കുറിച്ച് ഇവിടെ പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്. മഹാത്മാവിന്റെ മാർഗം, തത്ത്വമസി, ഗുരുവിന്റെ ദുഃഖം എന്നീ രചനകൾ. ഗാന്ധിജി, ഉപനിഷത്ത്, നാരായണഗുരു എന്നീ നിത്യസ്രോതസ്സുകളിലേക്ക് അഴീക്കോട് മാഷ് തിരിഞ്ഞുനോക്കുന്ന സ്ഥാനങ്ങളാണവ. ആ പ്രമേയങ്ങളെക്കുറിച്ച് മലയാളത്തിലെഴുതപ്പെട്ട എണ്ണമറ്റ കൃതികളിൽ ഏറ്റവും മികവുറ്റവയുടെ കൂട്ടത്തിൽ മേൽപ്പറഞ്ഞ കൃതികളുണ്ടാകും. ഗാന്ധിദർശനത്തെയും ഉപനിഷദ് പാരമ്പര്യത്തെയും ഗുരുവിചാരത്തെയും വിവരണാത്മകമായും പണ്ഡിതോചിതമായും അഭിസംബോധന ചെയ്യുകയല്ല മാഷ് ആ കൃതികളിൽ ചെയ്യുന്നത്.


ഗഹനമായ പാണ്ഡിത്യത്തിന്റെ പ്രകാശം നിറഞ്ഞിരിക്കുമ്പോൾത്തന്നെ, സമകാലജീവിതത്തെ മുൻനിർത്തി അവരെ ആഴമേറിയ വിമർശവിചാരങ്ങളായി വികസിപ്പിക്കാനും മാഷിന് കഴിഞ്ഞു. ഈ വിമർശവിചാരം കാലത്തിലൂടെ തിടംവച്ച്‌ വളരുന്നത് നമുക്ക് മേൽപ്പറഞ്ഞ കൃതികളിലൂടെ കടന്നുപോകുമ്പോൾ കാണാനാകും. ഗാന്ധി വധിക്കപ്പെട്ടതിന്‌ തൊട്ടുപിന്നാലെ എഴുതിയ ‘മഹാത്മാവിന്റെ മാർഗത്തിൽ’നിന്ന് 1990കളിൽ രചിച്ച ‘ഗുരുവിന്റെ ദുഃഖ’ത്തിലേക്ക് എത്തുമ്പോൾ മേൽപ്പറഞ്ഞ വിമർശസ്വരം കൂടുതൽ ദൃഢമായിത്തീരുന്നുണ്ട്. ഏഴുപതിറ്റാണ്ടോളം ദൈർഘ്യമുള്ള പ്രഭാഷണജീവിതത്തിന്റെ കാതലായിരുന്ന ‘ജീവിതവിമർശനം' എന്ന മൂല്യത്തിന്റെ പ്രകാശമാണ് ഈ കൃതികളെ മലയാളത്തിലെ സമുന്നതസ്ഥാനങ്ങളാക്കി നിലനിർത്തുന്നത്.


പ്രൊഫ. സുകുമാർ അഴീക്കോടിന് വാക്ക് ഒരു സമരമുഖമായിരുന്നു. സൗമ്യവും ശാന്തവുമായി ഉച്ചരിച്ച വേളയിലും നിതാന്തമായ സമരോത്സുകത അതിൽ അലയടിച്ചുകൊണ്ടിരുന്നു. എഴുത്തിലാകട്ടെ, പ്രഭാഷണത്തിലാകട്ടെ ‘സാഗരഗർജനം' എന്ന് ബഷീർ വിശേഷിപ്പിച്ച ആ വാങ്മയം ചിരന്തനമായ ഒരു സമരമുഖമായി നിലകൊണ്ടു. നവോത്ഥാനം ജന്മം നൽകിയ ജീവിതോർജത്തെ വാക്കിന്റെ സമരമുഖമായി പരിഭാഷപ്പെടുത്തിക്കൊണ്ടാണ് അഴീക്കോട് മാഷ് ജീവിച്ചത്. ഒരുനൂറ്റാണ്ടിനിപ്പുറത്തുനിന്ന്‌ നോക്കുമ്പോൾ മലയാളഭാഷയിൽ വാക്ക് ഇത്രമേൽ സമരസന്നദ്ധമായ സന്ദർഭങ്ങൾ ഏറെയൊന്നും ഉണ്ടായിട്ടില്ലെന്ന് നാം തിരിച്ചറിയുന്നു. മറ്റെന്തിലുമുപരിയായി വാക്കിന്റെ സമരമുഖമായിരുന്നു പ്രൊഫ. സുകുമാർ അഴീക്കോട്. കാലം അതിനെ വണങ്ങിനിന്നു.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home