അസ്വസ്ഥമാക്കുന്ന ശൂന്യത


എം എ ബേബി
Published on Mar 10, 2026, 11:17 PM | 2 min read
പ്രൊഫ. കെ എൻ പണിക്കർ വിസ്തൃതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമില ഥാപ്പർ, ബിപൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിത്രകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.
എന്നാൽ, ഫാസിസ്റ്റ് സ്വഭാവങ്ങളുള്ള രാഷ്ട്രീയ സ്വയംസേവക് സംഘിന് ഏറ്റവും വെറുപ്പുള്ള ചരിത്രകാരന്മാരിൽ പ്രൊഫ. പണിക്കരും ഉൾപ്പെടും. അതിനുള്ള കാരണം, ചരിത്രം ഉൾപ്പെടെ എല്ലാ ജ്ഞാനവ്യവസ്ഥകളും മതനിരപേക്ഷമായിരിക്കണമെന്ന് അടിയുറച്ച് വിശ്വസിച്ച ചരിത്രപണ്ഡിതനായിരുന്നു പ്രൊഫ. പണിക്കർ എന്നതായിരുന്നു.
1998 ഡിസംബർ അവസാനം ഡൽഹിയിൽ നടന്ന കൺവൻഷനിൽ അദ്ദേഹം നടത്തിയ "മതനിരപേക്ഷ സാംസ്കാരിക ആക്‌ഷൻ’ എന്ന വിഷയത്തിലുള്ള പ്രഭാഷണത്തിൽ നമ്മുടെ രാജ്യം ചെന്നുപെട്ടുകൊണ്ടിരിക്കുന്ന അപകടാവസ്ഥയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. പുതിയ ഒരു ദശാബ്ദവും ശതാബ്ദവും സഹസ്രാബ്ദവും പിറവികൊള്ളാൻ ഒരുവർഷത്തിൽ ചില്വാനം സമയംമാത്രം ബാക്കിനിൽക്കുമ്പോഴാണ് അത്യന്തം ആപൽക്കരമായ ഒരു ഭാവി നമ്മുടെ രാജ്യത്ത് രൂപപ്പെടാമെന്ന് പ്രൊഫ. പണിക്കർ മാഷ് മുന്നറിയിപ്പ് നൽകിയത്.
ഫാസിസ്റ്റ് പ്രവണതകൾ ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തിന്റെ പ്രവർത്തനപദ്ധതിയായി രൂപംപ്രാപിക്കുന്ന യാഥാർഥ്യം പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടുകമാത്രമല്ല അദ്ദേഹം ചെയ്തത്. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും ആഭിമുഖ്യത്തിൽ മനുഷ്യമനസ്സുകളെ ഫാസിസ്റ്റ് പ്രവണതകളിലേക്ക് ആകർഷിക്കാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയാനും അതിനെതിരായ സാംസ്കാരിക സമരപരിപാടികൾ സൂക്ഷ്മമായി സംഘടിപ്പിക്കാനും ഒരു കർമപദ്ധതിതന്നെ അദ്ദേഹം പ്രസ്തുത പ്രഭാഷണത്തിൽ അവതരിപ്പിക്കുന്നുണ്ട്.
അഖിലേന്ത്യതലത്തിൽ ഒരു സാംസ്കാരികപ്രസ്ഥാനം രൂപപ്പെടുത്തിയാൽമാത്രമേ നാട് ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണികളെ നേരിടാനും അതിജീവിക്കാനും കഴിയുകയുള്ളൂ എന്ന് ഡൽഹി പ്രഭാഷണത്തിൽ പ്രൊഫ. പണിക്കർ വ്യക്തമാക്കി. (ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "ഫാസിസത്തെയും നവഫാസിസത്തെയുംപറ്റി’ എന്ന പ്രബന്ധസമാഹാരത്തിൽ മൂന്നാമതായി മേൽസൂചിപ്പിച്ച പ്രബന്ധം ഉൾക്കൊള്ളിച്ചിട്ടുണ്ട്).
ലോകം ആദരിച്ചുപോന്ന ചരിത്രപണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ, ഒരു സാംസ്കാരികപോരാളിയുമായിരുന്നു. ഇന്ത്യയുടെ നാനാഭാഗത്തുനിന്നുള്ള പ്രഗല്‌ഭ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്തുവച്ച് നടത്തിയ സെക്കുലർ സംസ്കാരത്തിനുവേണ്ടിയുള്ള കൺവൻഷൻ പ്രൊഫ. പണിക്കരുടെ ആശയമായിരുന്നു.സാംസ്കാരികമായി ഇടപെടൽമാത്രം പോരാ; സംസ്കാരത്തിനുള്ളിലുള്ള ഇടപെടലും വളരെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കലയിലും സാഹിത്യത്തിലും എല്ലാമുള്ള മതനിരപേക്ഷവും പുരോഗമന ജനാധിപത്യമൂല്യങ്ങളിൽ ഊന്നിയതുമായ ഇടപെടലുകളാണല്ലോ സാംസ്കാരിക ഇടപെടൽ എന്നതുകൊണ്ട് അർഥമാക്കുന്നത്. എന്നാൽ, സംസ്കാരത്തിനുള്ളിലുള്ള ഇടപെടൽ കലയിലും സാഹിത്യത്തിലും പുതിയ ബദലുകൾ ആവിഷ്കരിക്കുകമാത്രമല്ല, മനുഷ്യജീവിതത്തിൽത്തന്നെ പുതിയ ജീവിതപാഠങ്ങൾ രൂപപ്പെടുത്താനും ജീവിതത്തിന്റെ എല്ലാ വൈവിധ്യങ്ങളിലും ഉപേക്ഷിക്കേണ്ടവയെ വേണ്ടെന്നു വയ്ക്കാനുമുള്ള സക്രിയമായ ഇടപെടലുകളാണ്.
സാംസ്കാരികപ്രവർത്തനങ്ങളെ ഇത്തരത്തിൽ സൂക്ഷ്മമായി സമീപിക്കാൻ പ്രൊഫ. പണിക്കരെപ്പോലെ അധികമാളുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശൂന്യത നമ്മെ എന്നും അസ്വസ്ഥതപ്പെടുത്തുന്നു.















