നവോത്ഥാനവഴിയിലെ ആദ്യപഥികൻ

രാജേഷ് കെ എരുമേലി
Published on Jun 27, 2025, 11:10 PM | 3 min read
കേരളത്തിലെ ജാതിമേൽക്കോയ്മയെ ജാതിവിരുദ്ധ ചിന്തകൾകൊണ്ട് സമരോത്സുകമാക്കിയ നവോത്ഥാന ചിന്തകനാണ് പൊയ്കയിൽ അപ്പച്ചൻ (കുമാരഗുരു). അധീശവ്യവഹാരങ്ങളാൽ കേരളീയ പൊതുമണ്ഡലത്തെ നിർമിക്കാൻ ശ്രമിച്ച ജാത്യാധിപത്യ സമുദായ പരിഷ്കരണത്തിന് പ്രഹരമേൽപ്പിക്കുകയും ജാതിരഹിത സാമൂഹ്യക്രമത്തിനായി എഴുതുകയും പാടുകയും പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നവോത്ഥാന നായകനായിരുന്നു പൊയ്കയിൽ അപ്പച്ചൻ എന്ന കുമാരഗുരു. അടിസ്ഥാന സമൂഹങ്ങളെ ഉദ്ബുദ്ധരാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾക്കെതിരെ വലിയ ആക്രമണങ്ങളാണ് സവർണ യാഥാസ്ഥിതികർ നടത്തിയത്. അനുയായികളുടെ കൃത്യമായ ഇടപെടലുകളാണ് പലയിടത്തുനിന്നും രക്ഷപ്പെടുത്തിയത്. മധ്യതിരുവിതാംകൂറിൽ നവോത്ഥാന ചിന്തകൾക്ക് തുടക്കം കുറിക്കുന്നത് അപ്പച്ചനാണ്. അദ്ദേഹത്തിന്റെ ജനകീയ പ്രവർത്തനങ്ങൾ സാമുദായിക പരിഷ്കർത്താക്കൾക്കുപോലും അനുകരണീയമായി മാറി എന്നാണ് ചരിത്രം തെളിയിക്കുന്നത്. നാളിതുവരെയുണ്ടായ നവോത്ഥാന കാഴ്ചപ്പാടിൽനിന്ന് വ്യതിരിക്തമായ മറ്റൊരു പുതുവഴിയാണ് അപ്പച്ചൻ തെരഞ്ഞെടുത്തത്.
അടിച്ചമർത്തപ്പെട്ട സമൂഹങ്ങളുടെ സ്വത്വത്തെ അടിമവംശമെന്ന വിമോചന ചിന്തയാൽ പരിവർത്തനപ്പെടുത്തുകയായിരുന്നു അദ്ദേഹം. മാറ്റിനിർത്തപ്പെട്ട/അപരവൽക്കരിക്കപ്പെട്ട എല്ലാ മനുഷ്യരെയും വംശമായി കാണുന്ന സമീപനത്തിൽനിന്നാണ് ‘കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി/കാണുന്നുണ്ടനേക വംശത്തിൽ ചരിത്രങ്ങൾ’ എന്ന് അദ്ദേഹം എഴുതുന്നത്. ഈ പാട്ട് 1909ൽ കുളത്തൂർകുന്നിൽവച്ച് നടന്ന യോഗത്തിലാണ് അപ്പച്ചൻ ആദ്യമായി പാടുന്നത്. തെക്കൻതിരുവിതാംകൂറിൽ ചാന്നാർ സ്ത്രീകൾ നടത്തിയ മാറുമറയ്ക്കൽ (മേൽമുണ്ടുസമരം, മേൽശീല കലാപം) സമരത്തിലൂടെയാണ് കേരളീയ നവോത്ഥാന മുന്നേറ്റങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് വൈകുണ്ഠസ്വാമി, ശ്രീനാരായണഗുരു, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ, ശുഭാനന്ദഗുരു, കാവാരികുളം കണ്ടൻകുമാരൻ എന്നിവരിലൂടെ ജാത്യാധിപത്യവിരുദ്ധ പോരാട്ടങ്ങൾ ശക്തമായി.
അടിത്തട്ടിൽനിന്ന് ഉയർന്നുവന്ന മുന്നേറ്റങ്ങളാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ചിന്താധാരയ്ക്ക് തുടക്കം കുറിച്ചതെന്ന് വിശാലമായ അർഥത്തിൽ പരിശോധിച്ചാൽ മനസ്സിലാകും. കൊളോണിയൽ ആധുനികതയുടെ ഭാഗമായി രൂപമെടുത്ത പ്രസ്ഥാനങ്ങളും വ്യക്തികളും പരിമിതികളുണ്ടെങ്കിലും ജാതിവിരുദ്ധമായ നിലപാട് സ്വീകരിക്കുന്നുണ്ട്. മറ്റെല്ലാം സാമുദായിക, ജാതി, മത പരിഷ്കരണങ്ങളായിരുന്നു.

കേരളീയ നവോത്ഥാനത്തെ പ്രോജ്വലമാക്കിയ പ്രസ്ഥാനങ്ങളിൽ പ്രധാനപ്പെട്ടവയാണ് സമത്വസംഘം, ശ്രീനാരായണ ധർമപരിപാലന സംഘം, സാധുജനപരിപാലന സംഘം, പ്രത്യക്ഷരക്ഷാ ദൈവ സഭ എന്നിവ. ജാത്യാധിപത്യ ബോധത്തെ പൂർണമായും തള്ളിക്കളയുകയും ആധുനിക കേരളത്തിന്റെ ധൈഷണികതയ്ക്ക് അടിത്തറയിടുന്നതും ഈ പ്രസ്ഥാനങ്ങളാണ്. കീഴാളരിലെ വ്യത്യസ്ത ജാതിവിഭാഗങ്ങളെ വിഭാഗീയതകൾ വെടിഞ്ഞ് സാഹോദര്യത്തോടെ ജീവിക്കാൻ പ്രാപ്തരാക്കിയതിൽ പ്രധാന പങ്കുവഹിച്ച പ്രസ്ഥാനങ്ങളാണ് സാധുജനപരിപാലനസംഘവും പ്രത്യക്ഷരക്ഷാ ദൈവ സഭയും.
1879 ഫെബ്രുവരി 17ന് പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിലാണ് പൊയ്കയിൽ അപ്പച്ചൻ ജനിച്ചത്. 1939 ജൂൺ 29 നാണ് അന്തരിച്ചത്. വളർന്ന ചുറ്റുപാടിൽനിന്ന് നേരിടേണ്ടി വന്ന ജാതിയുടെയും അയിത്തത്തിന്റെയും ക്രൂരമായ അനുഭവങ്ങളാണ് ജാതിക്കെതിരായി ചിന്തിക്കാൻ അപ്പച്ചന് പ്രേരണയായത്. ഇരവിപേരൂരിലെ പ്രമുഖ ക്രിസ്ത്യൻ ജന്മിമാരായ ശങ്കരമംഗലം കുടുംബക്കാരുടെ അടിമപ്പണിക്കാരായിരുന്ന അച്ഛനമ്മമാരുടെ അധ്വാനവും ദുരിതങ്ങളും അത്തരമൊരു വ്യവസ്ഥിതിക്കെതിരായി ചിന്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അടിമകളായി ദിക്കുകളിലേക്ക് വിൽക്കപ്പെട്ടവരെക്കുറിച്ചുള്ള പഠനമാണ് അടിമസന്തതികൾ എന്ന പ്രയോഗത്തിലൂടെ അപ്പച്ചൻ പ്രശ്നവൽക്കരിച്ചത്. ലോകത്തെ അടിമത്ത ചരിത്രം പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിൽനിന്ന് വ്യത്യസ്തമായിരുന്നു കേരളത്തിലേത്. ഒരു കുടുംബത്തിലെ അംഗങ്ങളെയെല്ലാം പല സ്ഥലങ്ങളിലേക്ക് വിറ്റതിന്റെ അനുഭവവും ചരിത്രവും അപ്പച്ചനാണ് പാട്ടുകളിലൂടെ ആദ്യമായി ആവിഷ്കരിക്കുന്നത്.
വ്യത്യസ്ത കീഴാള സമൂഹങ്ങളിൽനിന്നുള്ളവരെ ഒരുമിച്ചു കൂട്ടുകയും അടിമത്തത്തിന്റെ അനുഭവങ്ങൾ അവരുമായി പങ്കുവയ്ക്കുകയും ചെയ്തു. ഒരുമിച്ചു കൂടലിന്റെ ആദ്യഘട്ടത്തിൽത്തന്നെ വലിയ എതിർപ്പുയർന്നു. കുടിപ്പള്ളിക്കൂടത്തിലെ ആശാനിൽനിന്ന് എഴുത്തും വായനയും പഠിച്ച അപ്പച്ചനെ ഒരിക്കൽ ജന്മി മരത്തിൽ കെട്ടിയിട്ട് അടിച്ചു. അതോടെ അവിടത്തെ ജോലി ഉപേക്ഷിക്കുകയും തന്റെ ജനതയുടെ പ്രവർത്തനത്തിനുള്ള യാത്ര ആരംഭിക്കുകയും ചെയ്തു. മധ്യകേരളത്തിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയും അടിത്തട്ട് സമൂഹങ്ങളെ സംഘടിപ്പിച്ച് അവരെ തങ്ങളുടെ ചരിത്രം പഠിപ്പിക്കുകയും സംഘടിതരാകേണ്ടതിനെക്കുറിച്ചും ജാതിക്കെതിരായ ചിന്ത ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധ്യപ്പെടുത്തുകയും ചെയ്തു.
സാമൂഹ്യമാറ്റത്തിനായുള്ള പ്രവർത്തനങ്ങൾക്കൊപ്പം ഒന്നാം ലോകയുദ്ധത്തിനെതിരെ ആയിരക്കണക്കിന് അടിസ്ഥാന മനുഷ്യരെ സംഘടിപ്പിച്ച് അദ്ദേഹം സമാധാന ജാഥ നടത്തി. ‘സമാധാനം സമാധാനം ലോകത്തിന് സമാധാനം' എന്ന മുദ്രാവാക്യം മുഴക്കി മാരങ്കുളം എന്ന സ്ഥലത്തുനിന്നാണ് 1914ൽ ജാഥ നടത്തിയത്
അക്കാലത്ത് ബൈബിൾ പഠിച്ച അപ്പച്ചൻ അതിനെക്കുറിച്ച് പറയുകയും ആ ശൈലി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. കുറച്ചുകാലം ചില സഭകളിൽ പ്രവർത്തിക്കുകയും ചെയ്തു. അവരുടെ പ്രവർത്തനങ്ങളെയും അപ്പച്ചൻ വിമർശിച്ചു. അങ്ങനെ പുറത്തുവന്ന അപ്പച്ചൻ വിവിധ പ്രദേശങ്ങളിലെ മനുഷ്യരുടെ കൂട്ടായ്മയെ ഏകോപിപ്പിച്ചാണ് 1901ൽ ‘പൊയ്കക്കൂട്ടർ' എന്നൊരു സംഘം രൂപപ്പെടുത്തിയത്. ഇതാണ് 1910ൽ പ്രത്യക്ഷ രക്ഷാ ദൈവ സഭയായി മാറുന്നത്. അതോടെ പേര് പൊയ്‌കയിൽ കുമാരഗുരു എന്നായി. ഇതേസമയത്തുതന്നെയാണ് സഞ്ചാരപ്രസംഗങ്ങൾ ആരംഭിക്കുന്നത്. പുറമ്പോക്കുകളിലും തെരുവുകളിലും ചന്തകളിലും ആ പ്രസംഗങ്ങൾ കേൾക്കാൻ നൂറുകണക്ക് മനുഷ്യർ എത്തി. ജാതിവ്യവസ്ഥയെക്കുറിച്ചും അടിമത്തത്തെക്കുറിച്ചുമാണ് അദ്ദേഹം അവരോട് കൂടുതലായി സംസാരിച്ചത്. സവർണരായ ഹിന്ദുക്കളിൽനിന്നും ക്രിസ്ത്യാനികളിൽനിന്നും മാത്രമല്ല ബ്രിട്ടീഷുകാരിൽനിന്നും അപ്പച്ചന് വധശ്രമം നേരിടേണ്ടി വന്നിട്ടുണ്ട്. സാമൂഹ്യമാറ്റത്തിനായുള്ള പ്രവർത്തനങ്ങൾക്കൊപ്പം ഒന്നാം ലോകയുദ്ധത്തിനെതിരെ ആയിരക്കണക്കിന് അടിസ്ഥാന മനുഷ്യരെ സംഘടിപ്പിച്ച് അദ്ദേഹം സമാധാന ജാഥ നടത്തി. ‘സമാധാനം സമാധാനം ലോകത്തിന് സമാധാനം' എന്ന മുദ്രാവാക്യം മുഴക്കി മാരങ്കുളം എന്ന സ്ഥലത്തുനിന്നാണ് 1914ൽ ജാഥ നടത്തിയത്. കുമാരഗുരുവിന്റെ പ്രവർത്തനങ്ങളിലെല്ലാം സ്ത്രീകളുടെ സജീവമായ പങ്കാളിത്തം കാണാനാകും.
1921 മാർച്ച് ഒന്നിനാണ് ശ്രീമൂലം പ്രജാസഭയിൽ അദ്ദേഹം ആദ്യ പ്രസംഗം നടത്തുന്നത്. അടിസ്ഥാന സമൂഹങ്ങൾ ക്രിസ്തുമതത്തിൽ ചേർന്നിട്ടും ജാതിയുടെ അടിച്ചമർത്തൽ നേരിടേണ്ടി വരുന്നുണ്ടെന്ന് ആ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയ അപ്പച്ചൻ ഭൂമിയുടെ പ്രശ്നവും ഉന്നയിച്ചു. പ്രജാസഭയിൽ ദളിത് സ്ത്രീകൾക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടതും അപ്പച്ചന്റെ നേതൃത്വത്തിലാണ്. കേരളീയ നവോത്ഥാനത്തിന് അടിത്തറപാകിയ പൊയ്കയിൽ അപ്പച്ചന്റെ പ്രവർത്തനങ്ങൾ നവോത്ഥാനന്തര കേരളത്തിലും പ്രസക്തമാണ്.
(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഭരണസമിതി അംഗമാണ് ലേഖകൻ )














