ad
Deshabhimani

Articles

ശോചനീയമായ സേവന–വേതന വ്യവസ്ഥയ്‌ക്കും താങ്ങാനാകാത്ത ജോലിഭാരത്തിനുമെതിരെ ഏറ്റവും മിതവും ന്യായവുമായ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഓൾ ഇന്ത്യ പോസ്റ്റ്മെൻ ആൻഡ്‌ ലോവർ ഗ്രേഡ് യൂണിയൻ 1946 ജൂലൈ 11ന്‌ ബോംബെയിൽ ആരംഭിച്ച പണിമുടക്ക്‌ ദിവസങ്ങൾക്കകം രാജ്യമാകെ പടർന്നു.

അധികാരികൾ 
വിറച്ച നാളുകൾ

postal strike.
avatar
വി എ എൻ നമ്പൂതിരി

Published on Jul 11, 2026, 06:15 AM | 4 min read

ബ്രിട്ടീഷ് ഭരണത്തിന്‌ അന്ത്യംകുറിക്കുന്നതിൽ നിർണായക പങ്കുവഹിച്ച 1946ലെ നാവിക കലാപത്തെപ്പോലെതന്നെ പ്രാധാന്യമർഹിക്കുന്ന, 24 ദിവസം നീണ്ട കമ്പി തപാൽ ജീവനക്കാരുടെ പണിമുടക്കിന്റെ 80–ാം വാർഷികദിനമാണ് ജൂലൈ 11. അതോടൊപ്പം ലക്ഷക്കണക്കിന് കേന്ദ്രജീവനക്കാർ പങ്കെടുത്ത 1960ലെ അനിശ്ചിതകാല പണിമുടക്കിന്റെ 66–ാം വാർഷികവും. ശോചനീയമായ സേവന–വേതന വ്യവസ്ഥയ്‌ക്കും താങ്ങാനാകാത്ത ജോലിഭാരത്തിനുമെതിരെ ഏറ്റവും മിതവും ന്യായവുമായ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഓൾ ഇന്ത്യ പോസ്റ്റ്മെൻ ആൻഡ്‌ ലോവർ ഗ്രേഡ് യൂണിയൻ 1946 ജൂലൈ 11ന്‌ ബോംബെയിൽ ആരംഭിച്ച പണിമുടക്ക്‌ ദിവസങ്ങൾക്കകം രാജ്യമാകെ പടർന്നു. അത്‌ കമ്പി തപാൽ ജീവനക്കാരുടെയാകെ പണിമുടക്കായി മാറാൻ അധികദിവസം വേണ്ടിവന്നില്ല.

​ഇഡി -പോസ്റ്റ്‌മാൻമാരുടെ ദയനീയസ്ഥിതി അറിയാവുന്ന പൊതുജനങ്ങൾ പണിമുടക്കിന്‌ എല്ലാ പിന്തുണയും നൽകി. ഏക പ്രമുഖ ട്രേഡ് യൂണിയനായ എഐടിയുസിയും കമ്യൂണിസ്റ്റ്‌ പാർടിയും അനുഭാവപണിമുടക്ക്‌ പ്രഖ്യാപിച്ചു. 1946 ജൂലൈ 23ന്‌ ബോംബെയിൽ പൊതുപണിമുടക്കിലും നഗരത്തിൽ നടന്ന വൻ പ്രകടനത്തിലും ലക്ഷങ്ങൾ പങ്കാളികളായി. 28ന്‌ അവിഭക്ത മദിരാശി സംസ്ഥാനത്തും പണിമുടക്കും പ്രകടനവും നടന്നു. പണിമുടക്കിയ കോഴിക്കോട്ടെ തൊഴിലാളികളിൽ ഒരുവിഭാഗം കമ്യൂണിസ്റ്റ്‌ പാർടി നേതാവ് പി കൃഷ്ണപിള്ളയുടെ നേതൃത്വത്തിലും മറ്റൊരു വിഭാഗം കോൺഗ്രസ് നേതാവും പിന്നീട് മദിരാശി മന്ത്രിയുമായ കോഴിപ്പുറത്ത്‌ മാധവമേനോന്റെ നേതൃത്വത്തിലും പ്രകടനം നടത്തി. ബംഗാൾ, അസം സംസ്ഥാനങ്ങളിൽ ജൂലൈ 29ന്‌ പൊതുപണിമുടക്കിൽ 15 ലക്ഷംപേർ പങ്കെടുത്തു. കൽക്കത്തയിൽ കടകമ്പോളങ്ങളെല്ലാം അടഞ്ഞു. ബസുകൾ, ടാക്സികൾ, കാറുകൾ, റിക്ഷകളൊന്നും നിരത്തിൽ ഇറങ്ങിയില്ല.


സെക്രട്ടറിയറ്റ്, കോടതികൾ, കോളേജുകൾ എന്നിവ പ്രവർത്തിച്ചില്ല. ബന്ദിന്റെ പ്രതീതി. വിദ്യാർഥികളും തൊഴിലാളികളുമെല്ലാം ഒറ്റക്കെട്ടായി നഗരത്തിൽ നടന്ന വൻ പ്രകടനത്തിലും റാലിയിലും പങ്കെടുത്തു. കൽക്കത്ത നഗരം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ പ്രകടനമായിരുന്നു. രണ്ടാം ലോകയുദ്ധത്തോട് ബന്ധപ്പെട്ട്‌ കൽക്കത്തയിലെത്തിയിരുന്ന അമേരിക്കൻ സൈനികർപോലും സമരസമിതിക്ക്‌ പണം സംഭാവന ചെയ്തത് പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.


ആധുനികസൗകര്യങ്ങൾ ഒന്നുമില്ലാത്ത അന്ന് കമ്പി -തപാൽ മേഖലയിലെ പൂർണ പണിമുടക്ക്‌ ഭരണത്തെത്തന്നെ സാരമായി ബാധിച്ചു. കേന്ദ്രസർക്കാർ നിർദേശമനുസരിച്ച് പി ആൻഡ്‌ ടി ഡയറക്ടർ ജനറൽ, കോൺഗ്രസ്‌ നേതാവ് ബി ജി ഖേറിന്റെ സാന്നിധ്യത്തിൽ യൂണിയൻ നേതാക്കളുമായി ബോംബെയിൽ ചർച്ച നടത്തുകയും ഉന്നയിച്ച 12 മുഖ്യ ആവശ്യങ്ങളും അംഗീകരിച്ച് പണിമുടക്ക്‌ ഒത്തുതീർപ്പാക്കുകയും ചെയ്തു. ശമ്പളപരിഷ്കരണം, ലോവർ ഗ്രേഡ് ജീവനക്കാർക്കും പെൻഷൻ, പ്രൊമോഷൻ ശതമാനം വർധിപ്പിക്കൽ, അവധിദിവസങ്ങൾ, ലീവ് എന്നിവയിൽ ലോവർ ഗ്രേഡ് ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുമായി തുല്യത തുടങ്ങിയവയെല്ലാം അംഗീകരിച്ചു. അതോടൊപ്പം അടിയന്തര ആശ്വാസമായി അഞ്ചു രൂപ ‘സൽസ്വഭാവ അലവൻസ്' എന്ന പേരിൽ നൽകി. സമരം ഒത്തുതീർപ്പായി ഒരുമാസത്തിനിടയിലാണ് ജവാഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിച്ചത് എന്നതും ചരിത്രം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അവസാനം ലഭിച്ച ചവിട്ടായി കമ്പി -തപാൽ പണിമുടക്ക്‌.


ബ്രിട്ടീഷുകാർപോലും കാട്ടാത്ത ക്രൂരത


സ്വതന്ത്ര ഇന്ത്യയിലാദ്യമായി നടന്ന കേന്ദ്രജീവനക്കാരുടെ അനിശ്ചിതകാബ്രിട്ടീഷ് ഭരണത്തിന്‌ അന്ത്യംകുറിക്കുന്നതിൽ നിർണായക പങ്കുവഹിച്ച 1946ലെ നാവിക കലാപത്തെപ്പോലെതന്നെ പ്രാധാന്യമർഹിക്കുന്ന, 24 ദിവസം നീണ്ട കമ്പി തപാൽ ജീവനക്കാരുടെ പണിമുടക്കിന്റെ 80–ാം വാർഷികദിനമാണ് ജൂലൈ 11. ല പണിമുടക്ക്‌ ആരംഭിച്ചത് 1960 ജൂലൈ 11നാണ്. രണ്ടാം ശമ്പള കമീഷന്റെ പ്രതിലോമ ശുപാർശകൾക്കെതിരെയായിരുന്നു ആ സമരം. മിനിമം വേതനം, ജീവിത വിലസൂചികയുടെ വർധനയ്‌ക്കനുസരിച്ച് ക്ഷാമബത്ത തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു റെയിൽവേ, പ്രതിരോധം, കമ്പി -തപാൽ അടക്കമുള്ള മുഴുവൻ കേന്ദ്ര സർവീസുകളിലെയും അനിശ്ചിതകാല പണിമുടക്ക്‌.

​പണിമുടക്കിനെ തകർക്കാൻ രാജ്യത്താദ്യമായി അവശ്യ സർവീസ് സംരക്ഷണ ഓർഡിനൻസ് പ്രഖ്യാപിച്ചു. പണിമുടക്കുന്നവർക്ക് ആറുമാസം കഠിനതടവും 500 രൂപ പിഴയും പണിമുടക്കിന് പ്രേരിപ്പിക്കുന്നവർക്ക് ഒരുവർഷം കഠിനതടവും 1000 രൂപ പിഴയുമായിരുന്നു. നിയമാനുസൃതം നോട്ടീസ് നൽകിയിട്ടും ഭീഷണി മുഴക്കിയതല്ലാതെ ഒരു ചർച്ചയ്‌ക്കും സർക്കാർ തയ്യാറായില്ല.


ജൂലൈ 11ന്‌ പണിമുടക്കിന്‌ മണിക്കൂറുകൾക്കുമുന്പ്‌ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു വിളിച്ച ചർച്ചയിൽ ഒത്തുതീർപ്പായില്ല. ചർച്ചയ്‌ക്കെത്തിയ നേതാക്കളെ കൈവിലങ്ങിട്ട് ഡൽഹിയിലെ തെരുവുകളിലൂടെ നടത്തി തിഹാർ ജയിലിൽ അടച്ചു. പണിമുടക്കിനിറങ്ങിയ തൊഴിലാളികളെ അപമാനിച്ച്‌  ‘കഴുതപ്പുറത്ത്‌ കയറാൻ കഴിയാത്തവരാണ് കുതിരപ്പുറത്ത്‌ കയറാൻപോകുന്നത്' എന്നുപോലും അപമാനിച്ച്‌ പ്രസ്താവനയിറക്കാൻ പ്രധാനമന്ത്രിക്ക് മടിയുണ്ടായില്ല.

പതിനൊന്നിന്‌ അർധരാത്രി പണിമുടക്ക് ആരംഭിച്ചതോടെ തീവണ്ടികൾ നീങ്ങാതായി. കമ്പി - തപാൽ സർവീസുകളെല്ലാം നിശ്ചലമായി. കേന്ദ്ര ഓഫീസുകൾ പൂട്ടിക്കിടന്നു. ബ്രിട്ടീഷ് സർക്കാർപോലും കാണിക്കാത്ത ക്രൂരതയാണ് സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികൾ കൈക്കൊണ്ടത്. സമരത്തെ പിന്തുണച്ച എംപിമാരടക്കമുള്ള നേതാക്കളും പതിനായിരക്കണക്കിന് ജീവനക്കാരും ജയിലിലായി. നോട്ടീസുപോലും നൽകാതെ തൊഴിലാളികളെ പിരിച്ചുവിട്ടു. ഒളിവിൽ പോയവരെ അറസ്റ്റ് ചെയ്യാൻ താമസസ്ഥലങ്ങളിൽ കയറിയിറങ്ങുന്ന പൊലീസുകാരെ സഹായിക്കാൻ കോൺഗ്രസുകാരും രംഗത്തിറങ്ങി.

​കോഴിക്കോട് ടെലിഫോൺ എക്സ്ചേഞ്ചിലെ 40 വനിതാ ടെലിഫോൺ ഓപ്പറേറ്റർമാരെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. പിഞ്ചുകുഞ്ഞുള്ള വനിതാജീവനക്കാരെ തൃശൂരിലും കസ്റ്റഡിയിലെടുത്തു. ഇന്ത്യയിൽ മിക്കസ്ഥലത്തും സ്ഥിതി ഇതുതന്നെ. യൂണിയനുകളുടെ അംഗീകാരവും പിൻവലിച്ചു. പണിമുടക്കിയവർക്കെതിരെ വെടിയുതിർത്തതിനെ തുടർന്ന് ഗുജറാത്തിലെ ദാഹോദിൽ അഞ്ച്‌ റെയിൽവേ ജീവനക്കാർ രക്തസാക്ഷികളായി. റെയിൽവേ ട്രാക്ക് സംരക്ഷണത്തിനിടെ ഒരു പൊലീസുകാരനും എട്ട്‌ വളന്റിയർമാരും കൊല്ലപ്പെട്ടു. പിരിച്ചുവിടലിൽ മനംനൊന്ത് പാലക്കാട്ട്‌ ടെലിഫോൺ ഓപ്പറേറ്റർ ഏകാംബരം ആത്മഹത്യ ചെയ്തു. ദിവസങ്ങളോളം ക്രൂരമായ ജയിൽവാസത്തിൽ രോഗം മൂർച്ഛിച്ച്‌ കോട്ടയത്തെ പോസ്റ്റ്‌മാൻ ടി കെ വർക്കി മരിച്ചു.

പാർലമെന്റിൽ നൽകിയ കണക്കുകളനുസരിച്ച് 17,780 പേർ അറസ്റ്റിലായി. കേരളത്തിൽ 1391 പേർ. നിരവധിപേരെ പിരിച്ചുവിട്ടു. പണിമുടക്കിയവർക്ക് ഡയസ്‌നോണിനുപുറമെ കുറ്റപത്രവും കടുത്ത ശിക്ഷകളും. പ്രതികാരനടപടികളിൽ പിടിച്ചുനിൽക്കാനാകാതെ അഞ്ചാംദിവസം ജൂലൈ 15ന്‌ തിഹാർ ജയിലിലുള്ള നേതാക്കൾ കൂടിയാലോചിച്ച്‌ പണിമുടക്ക്‌ പിൻവലിച്ചു.


പണിമുടക്കിനെ സർക്കാർ നേരിട്ട രീതിയെ എതിർത്ത് എ കെ ജി, എസ് എം ബാനർജി, നാഥ് പൈ, എ ബി വാജ്പേയി, ഇന്ദ്രജിത് ഗുപ്ത, പ്രഭാത്കർ, പാർവതി കൃഷ്ണൻ തുടങ്ങി മുപ്പതിലേറെ എംപിമാർ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കുകയും പിരിച്ചുവിട്ടവരെ അടിയന്തരമായി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യൻ ലേബർ കോൺഫറൻസിലും പ്രശ്നം ഉന്നയിച്ചു. നാലുവർഷത്തിനകം എല്ലാവരെയും തിരിച്ചെടുത്തു. യൂണിയനുകളുടെ അംഗീകാരം പുനഃസ്ഥാപിച്ചു. ക്ഷാമബത്താപ്രശ്നം പരിഹരിക്കാൻ ദാസ് കമീഷനും തുടർന്ന്‌ ഗജേന്ദ്ര ഗാഡ്കാർ കമീഷനും നിയമിക്കപ്പെട്ടു. സംയുക്ത കൂടിയാലോചനാസമിതികൾ രൂപീകരിച്ചു. വാഗ്‌ദാനങ്ങൾ പാലിക്കാത്ത സാഹചര്യത്തിലും കൂടിയാലോചനാസമിതികൾ പരാജയപ്പെട്ടതിനെ തുടർന്നും 1968 സെപ്തംബർ 19നും പിന്നീട് 1974ൽ മൂന്നാഴ്ച നീണ്ടുനിന്ന റെയിൽവേ പണിമുടക്കും നടന്നു.

ത്യാഗപൂർണമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കുകയാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ. ബിഎസ്എൻഎൽ അടക്കം പൊതുമേഖലകൾ ഒന്നുകിൽ സ്വകാര്യവൽക്കരിക്കുകയോ അല്ലെങ്കിൽ ഇല്ലാതാക്കുകയോ ചെയ്യുന്നു. നേടിയെടുത്ത ഏതാണ്ട്‌ 29 തൊഴിൽനിയമങ്ങൾ ഇല്ലാതാക്കി, നാല് തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കി. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് കർഷകർ. പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പാർലമെന്റ് അംഗീകരിച്ച പെൻഷൻ വാലിഡേഷൻ ആക്ടിനെതിരെ കേന്ദ്ര പെൻഷൻകാർ സമരത്തിലാണ്. തൊഴിലാളികൾക്കെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള യോജിച്ച പോരാട്ടങ്ങൾക്ക്, 1946–1960 പണിമുടക്കുകളുടെയും രക്തസാക്ഷികളുടെയും ഓർമകൾ പ്രചോദനമാകും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home