ad
Deshabhimani

Articles

സഖാവ് പി കെ കുഞ്ഞച്ചനും കേരളം നടന്ന വഴികളും

സഖാവ് പി കെ കുഞ്ഞച്ചനും കേരളം നടന്ന വഴികളും

P K Kunjachan

പി കെ കുഞ്ഞച്ചന്‍

avatar
ജി സാജൻ

Published on Jun 13, 2026, 09:38 PM | 7 min read

“സാർ, എനിക്ക് ഈ കണക്ക് മനസ്സിലായില്ല. സാർ ഒന്നുകൂടി പറഞ്ഞുതരണം.” ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കുഞ്ഞച്ചൻ ക്ലാസ് അധ്യാപകനോട് പറഞ്ഞു.


“നീ എവിടെ നോക്കി ഇരിക്കുകയായിരുന്നു. ഇരിക്കവടെ.” സാർ ക്ഷുഭിതനായി.


“സാർ.. എനിക്ക് ഈ കണക്ക് മനസ്സിലാകാത്തതുകൊണ്ടാണ്..സാർ ഒന്നുകൂടി പറഞ്ഞുതരണം.”


“ഇരിക്കടാ അവിടെ..അഹങ്കാരി..” സാറിന്റെ ദേഷ്യം അടങ്ങുന്നില്ല.


“സാർ എനിക്ക് ഈ കണക്ക് പഠിപ്പിച്ചു തരാതെ ഞാൻ ഇരിക്കില്ല.”


ചോദ്യം ചോദിച്ച ഈ കുട്ടിയെ ചൂരൽ കൊണ്ട് അടിച്ചു വേദനിപ്പിക്കുകയാണ് ആ സാർ ചെയ്തത്.

കുട്ടി പിന്നീട് അവിടെ നിന്നില്ല. ഉറക്കെ കരഞ്ഞുകൊണ്ട് അവൻ വീട്ടിലേക്കോടി.


ഏകദേശം 90 വർഷം മുൻപ് നടന്ന ഒരു സംഭവമാണ്. ആ കുട്ടി ഒരു അധസ്ഥിത സമൂഹത്തിൽ നിന്ന് വന്നതാണ്. നന്നായി പഠിക്കുന്ന കുട്ടിയുമായിരുന്നു. എന്നാൽ താണ ജാതിക്കാരന്റെ പഠനത്തോട് സമൂഹത്തിന് വലിയ ആഭിമുഖ്യം ഉണ്ടായിരുന്നുമില്ല.

എന്നാൽ അവനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം വളരെ പ്രധാനമായിരുന്നു.


ജന്മിമാർക്ക് വേണ്ടി പണിയെടുത്ത് നടുവൊടിഞ്ഞിട്ടും ഒരു തുണ്ട് ഭൂമി പോലും നേടാൻ കഴിയാതിരുന്ന അധഃസ്ഥിത വർഗത്തിൽ പെട്ട ജനങ്ങൾ ജനിച്ച നാട് വിട്ട് മലമ്പ്രദേശങ്ങളിൽ കാട് വെട്ടി കൃഷി ചെയ്തിരുന്ന കാലമായിരുന്നു. ഇവരിൽ ഏറെയും പറയ,പുലയ സമുദായങ്ങളിൽ പെട്ടവരും ആയിരുന്നു.


അക്കാലത്ത് അവിടെ ഭൂമി സമ്പാദിച്ച് കൃഷിപ്പണി ചെയ്തുകഴിഞ്ഞ ഒരു കുടുംബമായിരുന്നു പുളിച്ചുമാകൻ കുമാരൻ കുഞ്ഞിരയുടെ കുടുംബം. രണ്ട് രണ്ടരയേക്കർ സ്ഥലം അവർ ഇങ്ങനെ സ്വന്തമാക്കി. ഏഴ് മക്കളും ഭാര്യയും നാട്ടിൽ നിന്നെത്തിയ മറ്റ് ബന്ധുക്കളും മുപ്പതോളം കന്നുകാലികളും അടക്കം വലിയൊരു കുടുംബം.


കുട്ടികളെ ഏതുവിധേനയും പഠിപ്പിക്കും എന്ന് കുഞ്ഞിര തീരുമാനിച്ചിരുന്നു. അപ്പോഴാണ് നോയൽ സായിപ്പിന്റെ സ്കൂൾ എന്നറിയപ്പെടുന്ന ഒരു സ്കൂൾ അവിടെ ആരംഭിക്കുന്നത്. കുഞ്ഞിര ആദ്യം ചെയ്തത് കുട്ടികളെ സ്കൂളിൽ വിടുക എന്നതായിരുന്നു. അവരുടെ വിദ്യാഭ്യാസത്തിനായി ഉള്ള ഭൂമി വിൽക്കേണ്ടിപ്പോലും വന്നുവെങ്കിൽ പോലും.


ഈ തീരുമാനം പിൽക്കാലത്ത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയൊരു സംഭാവന നൽകി.


കുഞ്ഞിരയുടെ ഏറ്റവും ഇളയ മകനായിരുന്നു കുഞ്ഞച്ചൻ. ഈ വിദ്യാഭ്യാസം കൊണ്ട് ഏറ്റവും ഗുണമുണ്ടായത് ഈ കുഞ്ഞിനായിരുന്നു. അവനാണ് സിപിഐ എമ്മിന്റെ സമുന്നത നേതാവും കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ ഭാരവാഹിയും രാജ്യസഭാംഗവും ആയി മാറിയ സഖാവ് പി കെ കുഞ്ഞച്ചൻ.


അന്ന് വീട്ടിലേക്ക് കരഞ്ഞുകൊണ്ട് ഓടിയെങ്കിലും പഠനത്തെ അവൻ വിട്ടുകളഞ്ഞില്ല.


എന്നാൽ അവന് കൂടുതൽ വിദ്യാഭ്യാസം നൽകിയത് താൻ ജീവിച്ച സമൂഹമാണ്.


അച്ഛന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം കുഞ്ഞച്ചൻ പിന്നീട് ഓർക്കുന്നുണ്ട്.


കുഞ്ഞിരയും അച്ഛനും ഒപ്പം കൂലിപ്പണിക്ക് പോയി. രണ്ടുപേർക്കും കൂടി കിട്ടിയ കൂലി മുന്നാഴി നെല്ല്. നെല്ല് വിറ്റ് മകനുവേണ്ടി ഒരു കൊച്ച് തോർത്തുമുണ്ട് വാങ്ങി. പുത്തൻ തോർത്തുടുത്ത് കുഞ്ഞിര നടക്കുന്നത് കണ്ട് അച്ഛൻ പൂഴിമണ്ണിലെ ചെളി തോർത്തിൽ പുരട്ടിക്കൊടുത്തു.

“ഇതെന്തിനാ ചെളി പുരട്ടിയത്?” മകൻ ചോദിച്ചു.

“അത്, നമ്മൾ വെളുത്ത മുണ്ട് ഉടുക്കാൻ പാടില്ല. തമ്പുരാൻ കണ്ടാൽ തല്ലും.” അച്ഛൻ പറഞ്ഞു.

തമ്പുരാന്റെ തല്ല് പേടിച്ച് കുറച്ചുകൂടി വഴിയിലിട്ട് വലിച്ചിഴച്ചിട്ടാണ് കുഞ്ഞിര ആ പുത്തൻ മുണ്ടുടുത്തത്.

ഈ കൊച്ചുമകൻ പിന്നീട് സൂട്ടും കോട്ടും ധരിച്ച് സോവിയറ്റ് യൂണിയനിലും ചൈനയിലും ലിബിയയിലും യാത്ര ചെയ്യുമെന്ന് കുഞ്ഞിര സ്വപ്നം പോലും കണ്ടിരിക്കില്ല എന്ന് പി കെ കുഞ്ഞച്ചൻ: ഭാസുര ഓർമ്മകൾ എന്ന തന്റെ ഓർമ്മക്കുറിപ്പുകളിൽ കുഞ്ഞച്ചന്റെ ഭാര്യ ഭാസുരാദേവി എഴുതുന്നു.


എന്തായിരുന്നു അക്കാലത്തെ സാമൂഹിക സ്ഥിതി? തമ്പുരാക്കന്മാർ നടപ്പാതയിലൂടെ ഓലക്കുടയും പൊക്കിപ്പിടിച്ച് ഓഹോയ്‌ എsന്ന ശബ്ദം ഉണ്ടാക്കി നടക്കണം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും കെച്വോ എന്നൊക്കെ വിളിച്ച് കാട്ടിലൂടെ നടക്കണം. തമ്പുരാൻ ചവിട്ടുന്ന മണ്ണിൽ ചവിട്ടിക്കൂട. തമ്പുരാൻ കുളിക്കുന്ന കുളം തീണ്ടിക്കൂടാ.


'അമ്മ പറഞ്ഞ കഥകളും കുഞ്ഞച്ചന്റെ ഓർമ്മയിലുണ്ട്. ജന്മിയുടെ വീട്ടിൽ പണി കഴിഞ്ഞ് ചെല്ലുമ്പോൾ മുറ്റത്ത് കുഴിയെടുത്ത് അതിൽ ഇലവച്ച് കഞ്ഞിയും കറിയും വിളമ്പിയിരിക്കും. നിലത്തുകിടന്ന് കുഴിയിൽ നിന്ന് വലിച്ചുകുടിക്കണം. തമ്പുരാന്റെ വിശാലമായ കൃഷിഭൂമിയുടെ ഒരു മൂലയിൽ ഒരു കുടിൽ കെട്ടി താമസിക്കാം. എപ്പോൾ വേണമെങ്കിലും ഇറക്കി വിടാം. കുട്ടികൾ ജനിച്ചാൽ പേരിടുന്നത് തമ്പുരാനാണ്. തേവൻ-തേവി, കറുമ്പൻ-കറുമ്പി, തത്ത-പെട്ട ഇങ്ങനെ പോകുന്നു പേരുകൾ.


അവർ ജനിച്ച സമുദായത്തിന്റെയും അവർ വളർന്ന സമൂഹത്തിന്റെയും കഥകൾ കുഞ്ഞിര കുഞ്ഞച്ചന് പറഞ്ഞുകൊടുക്കും.


അച്ഛനും അമ്മയും ജന്മിയുടെ അടിമകളായിരുന്നു എന്ന പാഠത്തേക്കാൾ എന്ത് വലിയ പാഠമാണ് ജീവിതം എന്ന സർവകലാശാലയിൽ നിന്ന് പഠിക്കാനുള്ളത്?


അധസ്ഥിത ജനവിഭാഗങ്ങളെ സംഘടിപ്പിച്ച അയ്യൻ കാളിയുടെയും പൊയ്കയിൽ അപ്പച്ചന്റെയും കുറവൻ ദൈവത്താന്റെയും കഥകൾ അച്ഛനിലൂടെ കുഞ്ഞച്ചനിൽ എത്തി. തീവ്രമായ വിപ്ലവ ബോധമാണ് ഇതിലൂടെ കുഞ്ഞച്ചൻ ആർജിച്ചെടുത്തത്.


സ്വാഭാവികമായും പഠന സമയത്ത് വിദ്യാർത്ഥി ഫെഡറേഷനിലും പിന്നീട് ട്രേഡ് യൂണിയനിലുമാണ് കുഞ്ഞച്ചൻ പ്രവർത്തനം തുടർന്നത്. ഇതിലൂടെ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങിയത് മാത്രമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയിലും. ഇടക്കാലത്ത് സ്റ്റേറ്റ് ട്രാൻസ്പോർട്ടിൽ കണ്ടക്ടറായും ചേർന്നു.


എന്തായാലും ചുറ്റുപാടും നടക്കുന്ന പോരാട്ടങ്ങളോട് പുറംതിരിഞ്ഞ് നില്ക്കാൻ കുഞ്ഞച്ചന് കഴിയുമായിരുന്നില്ല. തിരുവിതാംകൂറിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള തൊഴിലാളികൾ കൂലിക്കൂടുതലിനും ബോണസിനും അമേരിക്കൻ മോഡലിലുള്ള സ്വതന്ത്ര തിരുവിതാംകൂറിനും എതിരായി സമരരംഗത്തിറങ്ങി. ദിവാൻ സർ സി പി യുടെ പട്ടാളം പണിമുടക്കുന്ന തൊഴിലാളികളുടെ ക്യാമ്പുകൾ ആക്രമിച്ചു.


ഇക്കാലത്തുണ്ടായ ഒരു സംഭവം സഖാവ് ഈ ബാലാനന്ദൻ എഴുതുന്നുണ്ട്. ഒരിക്കൽ യാത്രക്കിടയിൽ സമരം ചെയ്യുന്ന തൊഴിലാളികളെയും വിദ്യാർത്ഥികളെയും ചട്ടമ്പികൾ കൂട്ടമായി അടിക്കുന്നത് കുഞ്ഞച്ചൻ കണ്ടു. മറ്റൊന്നുമാലോചിക്കാതെ ബസിൽ നിന്നിറങ്ങി ബെൽറ്റൂരി ചട്ടമ്പികളെ ഒറ്റക്ക് നേരിടുന്ന കുഞ്ഞച്ചനെയാണ് ആ കൂട്ടത്തിലുണ്ടായിരുന്ന ബാലാനന്ദൻ കണ്ടത്.


പുന്നപ്രയിലും വയലാറിലും നടന്ന ഏറ്റുമുട്ടലുകളിൽ ഒട്ടനവധി സഖാക്കൾ മരണമടഞ്ഞു. ദിവാൻ പട്ടാളത്തെ കൊണ്ടുവരാൻ ഉപയോഗിച്ച സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിലെ യുവാവായ കണ്ടക്ടർ ആയിരുന്നു കുഞ്ഞച്ചൻ. വെടിയേറ്റ് വീഴുന്ന തൊഴിലാളികളുടെ കാഴ്ചയാണ് അപ്പോഴുള്ള ജോലി രാജിവച്ച് മുഴുവൻ സമയ കമ്മ്യൂണിസ്റ്റ് പ്രവർത്തകനാകാൻ കുഞ്ഞച്ചനെ പ്രേരിപ്പിച്ചത്. ഈ സമരത്തിന്റെ തുടർച്ചയായി കുഞ്ഞച്ചൻ ജയിലിലായി. കുഞ്ഞച്ചനെയും കൂടെയുണ്ടായിരുന്ന മുഹമ്മ അയ്യപ്പൻ എന്ന സഖാവിനേയും ജയിൽ വാർഡന്മാർ അതിക്രൂരമായി മർദിച്ചു. പിന്നീട് ഈ സെല്ലിലേക്ക് കൊണ്ടുവരപ്പെട്ട ഈ ബാലാനന്ദൻ എഴുതുന്നു:


“എന്റെ അടുത്തുകിടക്കുന്ന അയ്യപ്പൻ ഞരങ്ങി കരയുന്നുണ്ടായിരുന്നു. അരമണിക്കൂറിനകം ഡോ. കേശവൻ നായർ അടക്കമുള്ള ഒരു സംഘം ഡോക്ടർമാർ അവിടെയെത്തി. സഖാവ് മുഹമ്മ അയ്യപ്പനെ പരിശോധിച്ച ഡോക്ടർ ‘ഹി ഈസ് ഫിനിഷ്ഡ്’ എന്ന് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. രണ്ട് നിമിഷത്തിനകം അദ്ദേഹത്തെ വലിച്ചെടുത്ത് പുറത്തേക്ക് കൊണ്ടുപോയി.

സഖാവ് അയ്യപ്പൻ മരിച്ചു. സഖാവ് കുഞ്ഞച്ചൻ മരിച്ചില്ല. കുഞ്ഞച്ചൻ അടക്കമുള്ള സഖാക്കൾ ഈ മർദ്ദനത്തിൽ മരിക്കാത്തത് ജീവശാസ്ത്രപരമായ ഒരു അത്ഭുതമായിരുന്നു. ഭീകര മർദ്ദനമേറ്റിട്ടും അടുത്ത നാല്പത് വർഷം ജീവിച്ച് അധ്വാനിക്കുന്ന തൊഴിലാളികൾക്ക് വേണ്ടി അദ്ദേഹം പോരാടി.”


ഈ ചരിത്രമൊന്നും ആധുനിക ലോകത്തിന്റെ കാഴ്ച്ചയിൽ ഉണ്ടാവില്ല.


“പുകയുമാ വെണ്ണീറിൽ

തൂലിക കൊണ്ടൊന്ന്

ചികയണേ നാട്ടിൽ

ചിത്രകാരാ ..” എന്നാണ് വയലാർ ഗർജിക്കുന്നു എന്ന കവിതയിൽ ഇക്കാലത്തെക്കുറിച്ച് പി ഭാസ്കരൻ എഴുതുന്നത് എന്ന് ഭാസുരാദേവി ഓർക്കുന്നു.


രാഷ്ട്രീയ പ്രവർത്തനത്തിൽ നാടകങ്ങളും പാട്ടുകളും വലിയ സ്വാധീനം കൊടുത്ത കാലമായിരുന്നു അത്. ആറന്മുള വള്ളംകളി നടക്കുമ്പോൾ തിരുവിതാംകൂർ കൊട്ടാരത്തിലെ രാജപ്രമുഖർ സഞ്ചരിക്കുന്ന വള്ളത്തിന് സമീപം ഒരു സംഘം തൊഴിലാളികൾക്കൊപ്പം നിന്ന് പ്രസിദ്ധ ഗായിക സഖാവ് മേദിനി ഉറക്കെ പാടി.


“മൂന്നുകോണിൽ നിന്നുവന്ന

നമ്മളൊന്നാണെ ..

പാടാം നമ്മളൊന്നാണെ ..”


പോലീസ് മേധാവി മരിയാർ പൂതത്തിന്റെ നേതൃത്വത്തിൽ പോലീസുകാർ പാട്ടുകാരെയും സഖാവ് കുഞ്ഞച്ചൻ അടക്കമുള്ള സഖാക്കളെയും മാറ്റാൻ ശ്രമിച്ചെങ്കിലും ബോട്ടുകളുടെയും ആയിരക്കണക്കിന് ജനങ്ങളുടെയും ആരവത്തിന് മുകളിൽ സഖാക്കളുടെ ഈ പാട്ട് ഉയർന്നുകേട്ടു. ആറന്മുള വള്ളംകളിയുടെ ചരിത്രത്തിൽ ഇതേപോലെ ഒരു സംഭവം മുൻപോ പിൻപോ ഉണ്ടായിട്ടില്ല എന്ന് ഭാസുരാദേവി എഴുതുന്നു.


തൊഴിലാളികളുടെ ഇടയിലുള്ള പ്രവർത്തനം അക്കാലത്ത് ഒട്ടും എളുപ്പമായിരുന്നില്ല. കർഷകത്തൊഴിലാളികളെ ജന്മിമാരുടെ ഗുണ്ടകൾ നിരന്തരമായി മർദിക്കുകയും തൊഴിലാളി യുവതികൾ ബലാൽസംഗം ചെയ്യപ്പെടുകയും ചെയ്യുന്നത് പതിവായിരുന്നു. കർഷക തൊഴിലാളി വീടുകളിൽ ആഴ്ചകളോളം താമസിച്ചാണ് സഖാവ് കുഞ്ഞച്ചനും മറ്റും അവരെ വിശ്വാസത്തിലെടുത്തത്.


വിമോചന സമര കാലത്താണ് തൊഴിലാളികൾക്ക് ഏറ്റവും മർദ്ദനം ഏറ്റത്. 'കർഷക തൊഴിലാളികളെ :::കണ്ടാൽ അടിക്കാൻ ജന്മിമാർ ഗുണ്ടാസംഘങ്ങളെ ഏർപ്പെടുത്തി. എന്നാൽ അതിനിടയിൽ ഉണ്ടായ ഒരു സംഭവം രസകരമായി ഭാസുരാദേവി എഴുതുന്നുണ്ട്:


“ചെങ്ങന്നൂരിലെ പ്രശസ്തമായ ഒരു നായർ ജന്മി തറവാടാണ് പണിപ്പുരയിൽ വീട്. ധാരാളം ഭൂസ്വത്തും ആനകളും സ്ഥാനവലിപ്പവുമുള്ള കുറുപ്പന്മാർ. ആ തറവാട്ടിലെ കിട്ടുക്കുറുപ്പ് എന്നൊരു കാരണവർ ജന്മിത്തം എടുത്തുകാണിക്കുന്ന തലേക്കെട്ടും കെട്ടി റോഡിലിറങ്ങി ടൗണിലേക്ക് നടന്നുവരികയാണ്. അദ്ദേഹം ഒറ്റയ്ക്കായിരുന്നു. നാലഞ്ച് ചെറുപ്പക്കാർ വളഞ്ഞുനിന്ന് അയാളെ അടിക്കാൻ തുടങ്ങി. തലേക്കെട്ട് വലിച്ചൂരി ദൂരെയെറിഞ്ഞു. കേൾക്കാൻ കൊള്ളാത്ത തെറി വിളിച്ചു. തമാശ എന്താണ് എന്ന് വച്ചാൽ അടിച്ചത് കിട്ടുക്കുറുപ്പിന്റെ ഗുണ്ടകൾ തന്നെയാണ്. അവർക്ക് നല്ലവണ്ണം കറുത്തിട്ടുള്ള ശ്രീമാൻ കിട്ടുക്കുറുപ്പിനെ കണ്ടിട്ട് മനസ്സിലായില്ല. കറുത്തവരെ കണ്ടാൽ വിടണ്ട എന്നതായിരുന്നു ഗുണ്ടകൾക്ക് കിട്ടിയ നിർദേശം.


അയ്യോ ഞാൻ പണിപ്പുരയിലെ കിട്ടുകുറുപ്പണേ എന്ന് അയാൾ അലറിക്കരഞ്ഞപ്പോഴാണ് ഗുണ്ടകൾക്ക് തങ്ങൾക്ക് പറ്റിയ അമളി മനസ്സിലായത്.”


ആ വർഷം സ്കൂളുകൾ തുടങ്ങാൻ താമസിച്ചു. കുട്ടികളിൽ കമ്മ്യൂണിസവും സോഷ്യലിസവും കുത്തിവയ്ക്കാൻ ശ്രമിക്കുന്ന സ്കൂളുകളിൽ തങ്ങളുടെ കുട്ടികളെ വിടില്ല എന്നതായിരുന്നു വീട്ടമ്മമാരുടെ തീരുമാനം. കമ്മ്യൂണിസ്റ്റുകാർ നാട് ഭരിച്ചാൽ കുട്ടികൾ ദൈവമില്ലാത്തവരും ജാതിമതമില്ലാത്തവരും മനുഷ്യരെ കൊല്ലുന്നവരുമൊക്കെ ആകുമെന്നാണ് വർഗീയ ശക്തികളും ജന്മി മുതലാളിത്തവും നാട്ടിൽ പ്രചരിപ്പിച്ചത്. എന്നാൽ ആദ്യമായി വലിയ കുടുംബങ്ങളിലെ സ്ത്രീകൾ മുദ്രാവാക്യം വിളിച്ച് റോഡിൽ നടക്കുന്ന കാഴ്ച മറ്റ് തൊഴിലാളി സഖാക്കൾക്ക് വലിയ ആനന്ദം നൽകി.


തൊഴിലാളികൾക്കെതിരെ ജോൺ ജേക്കബ് എന്ന കോൺഗ്രസുകാരന്റെ നേതൃത്വത്തിൽ നിരണംപട, കുറുവടിപ്പട എന്നൊക്കെയുള്ള പേരിൽ ഗുണ്ടാ സംഘങ്ങളുണ്ടായി. കമ്മ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കിയ ശേഷം തൊഴിലാളികൾക്കെതിരെയുള്ള അക്രമം കൂടി. നിരോധനം ലംഘിച്ച് വോട്ട് ചെയ്യാൻ പോയ കല്യാണത്തറ ചാത്തൻ എന്ന പട്ടികജാതിയിൽ പെട്ട വൃദ്ധനെ കോൺഗ്രസ് ഗുണ്ടകൾ വെട്ടിക്കൊന്നു. ഇപ്പോഴും ആ നാട്ടിൽ ചാത്തൻ രക്തസാക്ഷി ദിനം ആചരിക്കുന്നുണ്ട്. ചെറിയനാട് ശിവരാമൻ, കവിയൂർ കോട്ടൂർ കുഞ്ഞുകുഞ്ഞ് എന്നീ സഖാക്കളും വധിക്കപ്പെട്ടു.


ജീവിതത്തിലും സമൂഹത്തിലും എത്ര മുകളിലേക്ക് പോയാലും ജാതി കുഞ്ഞച്ചൻ സഖാവിനെയും കുടുംബത്തെയും പിന്തുടർന്നിരുന്നുവെന്ന് ഭാസുരാദേവി എഴുതുന്നു. തങ്ങളുടെ കുട്ടികളുടെ കൂടെ കളിക്കാൻ ഉയർന്ന ജാതിക്കാരായ അയൽക്കാർ അവരുടെ കുട്ടികളെ സമ്മതിക്കില്ല. വീട്ടിലേക്ക് ഒരു വഴി വെട്ടാൻ ശ്രമം നടന്നപ്പോൾ ആ വഴികൊണ്ട് പ്രയോജനം കിട്ടുമായിരുന്ന മറ്റ് കുടുംബങ്ങൾ പോലും സഹകരിച്ചില്ല. അവരുടെ പരിഹാസ വാചകം ഭാസുരാദേവി ഇപ്പോഴും ഓർക്കുന്നുണ്ട്.


“പറയന് കാറ് വരണെങ്കിൽ അവൻ തന്നെ വെട്ടട്ട് ..ഇവൻ കാരണം നമ്മുടെ പെരേലൊന്നും ഇപ്പോൾ തമ്പുരാനെന്നും തമ്പുരാട്ടിയെന്നും വിളിക്കാതായി. അവർക്കൊക്കെ നമ്മളെ പേര് വിളിക്കാം എന്നായി.”


എന്നാൽ റോഡുപണിക്ക് സഹകരിച്ചത് മഹാത്മജിയുടെ ശിഷ്യനായിരുന്ന ജോർജ് ജോസഫിന്റെ ഭാര്യയും കുടുംബവുമായിരുന്നു. ആ കുടുംബത്തിന് വലിയ ആദരവായിരുന്നു കുഞ്ഞച്ചനോട്.

ഈ റോഡിന് പി കെ റോഡ് എന്ന് പേരിടണം എന്നൊരു ആവശ്യമുയർന്നു. എന്നാൽ സമീപത്തുള്ള ഉയർന്ന ജാതിയിൽ പെട്ട കുടുംബങ്ങൾ ഇതിനോട് യോജിച്ചില്ല. ഇപ്പോൾ ആ റോഡിന്റെ പേര് പുത്തൻപുരയിൽ കല്ലുവരമ്പ് റോഡ് എന്നാണ്. അതായത് പി കെ റോഡ്.


എന്തായാലും സമൂഹത്തിലെ പ്രമാണിമാർ കുഞ്ഞച്ചനെ കാണാൻ വന്നതോടെ അയൽക്കാരുടെ അഭിപ്രായം മാറി.


“ഭാസുരേ, കമ്മ്യൂണിസ്റ്റുകാർ എന്നാൽ ഞങ്ങൾക്ക് പേടിയായിരുന്നു. നിങ്ങളെ പരിചയപ്പെട്ടപ്പോഴാണ് നിങ്ങൾ നല്ലവരാണ് എന്ന് മനസ്സിലായത്.”


“കമ്മ്യൂണിസ്റ്റ്കാരെല്ലാം ഞങ്ങളെപ്പോലാ ..അമ്മച്ചി അവരോടൊന്ന് സംസാരിച്ചുനോക്കിയേ.” ഭാസുര പറഞ്ഞു.


“അയ്യോ ഞങ്ങടെ പുലയരൊക്കെ പണ്ടത്തെപ്പോലല്ല..വലിയ അഹങ്കാരികളാ..”


“അമ്മച്ചി..വർഷങ്ങളായി അടിമകളായിരുന്നവർ വിദ്യാഭ്യാസം ചെയ്യാനും സ്വതന്ത്രമായി സഞ്ചരിക്കാനുമൊക്കെ സൗകര്യം കിട്ടിയപ്പോൾ അല്പം അഹങ്കാരം തോന്നിപ്പോകുന്നതാണ്.” ഭാസുര സൗമ്യമായി വിശദീകരിച്ചു.


അച്ഛൻ കുഞ്ഞിരയിൽ നിന്ന് പഠിച്ച സാമൂഹിക പാഠങ്ങൾ ജീവിതം മുഴുവൻ കുഞ്ഞച്ചനെ സ്വാധീനിച്ചിരുന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾക്കൊപ്പമാണ് സഖാവ് പി കെ കുഞ്ഞച്ചൻ പണിയെടുത്തത്. രാജ്യത്തിൻ്റെ ഏതു ഭാഗത്ത് കർഷക തൊഴിലാളികൾക്കെതിരെ അതിക്രമം ഉണ്ടായാലും സഖാവ് കുഞ്ഞച്ചനെ അത് പ്രകോപിപ്പിക്കും. ബിഹാറിൽ കർഷക തൊഴിലാളികളെ ചുട്ടുകൊന്ന സംഭവം രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ സഖാവ് വികാരഭരിതനായി. രാജ്യമൊട്ടാകെ അതിനെതിരെ പ്രതിഷേധമുയർന്നു. വിമോചന സമരക്കാലത്ത് കുട്ടനാട്ടിലെ ജന്മിമാർ കൃഷി ഭൂമി തരിശിട്ടപ്പോൾ അതിനെതിരെയും പി കെ കുഞ്ഞച്ചൻ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകി.


1954 ൽ ട്രാവൻകൂർ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലും 1960 ലും 1967 ലും കേരള അസംബ്ലിയിലും കുഞ്ഞച്ചൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1973 ലും 88 ലും രാജ്യസഭാ അംഗമായി. 1991 ജൂൺ 16 ന് അന്തരിച്ചു. സ്വന്തം അച്ഛൻ വിദ്യാഭ്യാസത്തെക്കുറിച്ച് നൽകിയ ഉപദേശം സഖാവ് കുഞ്ഞച്ചൻ തന്റെ കുട്ടികൾക്കും പകർന്നുനൽകി. മകൾ ഡോ പി കെ ജമീല പിന്നീട് ആരോഗ്യവകുപ്പ് ഡയറക്ടർ വരെയായി. ജമീലയുടെ ഭർത്താവും സിപിഐ എം നേതാവുമായ എ കെ ബാലൻ പിന്നീട് പലതവണ കേരളത്തിൽ മന്ത്രിയായി.


സഖാവ് കുഞ്ഞച്ഛന്റെ ജീവിതം പുതിയ തലമുറക്ക് ഒരു പാഠപുസ്തകമാണ്. ഇത്തരമാളുകൾ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് പറഞ്ഞാൽ നാളെ പലരും വിശ്വസിച്ചില്ല എന്ന് വരും എന്നാണ് സഖാവ് പി കെ കുഞ്ഞച്ചനെക്കുറിച്ച് ഓ എൻ വി കുറുപ്പ് എഴുതുന്നത്.


ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഒരു സമൂഹം നൂറ്റാണ്ടുകളുടെ പരിമിതികൾ ഭേദിച്ച് മുന്നോട്ട് പോയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ സഖാവ് കുഞ്ഞച്ചനെപ്പോലുള്ള ധാരാളം സഖാക്കൾ ചൊരിഞ്ഞ രക്തവും വിയർപ്പുമുണ്ടാകും. ചരിത്രം വീണ്ടും വീണ്ടും വായിക്കുക എന്നതാണ് ഈ ഓർമ്മകൾ തിരികെ കൊണ്ടുവരാനുള്ള ഏക മാർഗം.





deshabhimani section

Dont Miss it

Recommended for you

Deshabhimani
Home