ലോക കേരള സഭ ജനാധിപത്യ അവകാശം


ബാദുഷ കടലുണ്ടി
Published on Oct 01, 2026, 01:30 AM | 2 min read
കേരളം വെറും 38,863 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള സംസ്ഥാനമല്ല; 125ലധികം രാജ്യങ്ങളിലായി ജീവിക്കുകയും ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളും അടങ്ങുന്ന സാമൂഹ്യ യാഥാർഥ്യമാണ്. അകംകേരളത്തെയും പുറംകേരളത്തെയും ഒരേ ജനാധിപത്യവേദിയിൽ കൂട്ടിയിണക്കിയ സംവിധാനമായിരുന്നു ലോക കേരള സഭ. ആ വേദി ഏകപക്ഷീയമായി അവസാനിപ്പിക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തെ മലയാളികളുടെ പങ്കാളിത്ത അവകാശത്തെ ചുരുക്കുന്ന നടപടിയായി ചരിത്രം വിലയിരുത്തും.
ലോക കേരള സഭയെക്കുറിച്ച് ഏറ്റവും കൂടുതൽ പ്രചരിപ്പിച്ച ആരോപണം അത് പൊതുപണത്തിന്റെ ധൂർത്താണെന്നതാണ്. എന്നാൽ, കണക്കുകൾ മറ്റൊന്നാണ് പറയുന്നത്. ആകെ ചെലവ് അഞ്ചു പതിപ്പുകൾ ചേർത്ത് 5.22 കോടിയായിരുന്നു. പല സർക്കാർ ആഘോഷങ്ങൾക്കായി വർഷംതോറും ചെലവാകുന്ന തുകയേക്കാൾ എത്രയോ കുറഞ്ഞ തുകയാണിത്. വാണിജ്യപ്രദർശനമോ വിനോദോത്സവമോ അല്ല ലോക കേരള സഭ. നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ മുതൽക്കൂട്ടായ പ്രവാസിസമൂഹവുമായി സർക്കാർ നേരിട്ട് നയപരമായി സംവദിക്കുന്ന ജനാധിപത്യസംവിധാനമാണ്.
‘സഭയിൽ സംസാരിക്കുന്നു; ഒന്നും നടപ്പാകുന്നില്ല’ എന്ന പ്രചാരണവും വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. കോവിഡ് പ്രതിസന്ധി ബാധിച്ച രണ്ടാംസഭ ഒഴിച്ചാൽ, വിവിധ സഭകളിൽനിന്നുള്ള പ്രായോഗിക നിർദേശങ്ങളിൽ പലതും സർക്കാർ പദ്ധതികളായി മാറി. നോർക്ക കെയർ ഇൻഷുറൻസ്, പ്രവാസി മിഷൻ, ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് സംരംഭം, സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ്പ് ഡെസ്‌ക്, ലോക കേരളം ഓൺലൈൻ പോർട്ടൽ, നോർക്ക കോ–ഓർഡിനേഷൻ സംവിധാനങ്ങൾ, പ്രവാസി സേവനങ്ങളുമായി ബന്ധപ്പെട്ട വിവിധ ഏകോപന സംവിധാനങ്ങൾ എന്നിവ ഉദാഹരണം. ഇവയെല്ലാം ലോക കേരള സഭയിൽനിന്നുയർന്ന ചർച്ചകളുടെയും നിർദേശങ്ങളുടെയും ഫലമായാണ്.
ലോക കേരള സഭാ അംഗത്വം പദവിമാത്രമല്ല; പലപ്പോഴും എംബസികൾക്കുപോലും ഉടൻ ചെയ്യാൻ കഴിയാത്ത മാനുഷിക ഇടപെടലുകളുടെ സന്നദ്ധശൃംഖലയിലെ കണ്ണിയാണ്. അവസാന ലോക കേരള സഭയിൽ 125 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. അതിൽ ഗാർഹിക തൊഴിലാളികളും കെട്ടിടനിർമാണ തൊഴിലാളികളും ഡ്രൈവർമാരും നഴ്സുമാരും അധ്യാപകരും സംരംഭകരും ശാസ്ത്രജ്ഞരും ഐക്യരാഷ്ട്രസംഘടനയിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള മലയാളിസമൂഹത്തിന്റെ വൈവിധ്യമാർന്ന പ്രാതിനിധ്യമാണ്. വിവിധ രാഷ്ട്രീയപശ്ചാത്തലങ്ങളിൽനിന്നുള്ള സംഘടനകൾക്കും പ്രാതിനിധ്യം ലഭിച്ചിരുന്നു.
ലോക കേരള സഭയുടെ മാതൃക അനുകരണീയമാണെന്ന് കേന്ദ്രസർക്കാർതല ചർച്ചകളിലും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള നിർദേശങ്ങളിലും പരാമർശിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സ്വന്തം ജനതയെ വികസനത്തിന്റെ പങ്കാളികളാക്കുന്ന സംസ്ഥാനതല മാതൃക എന്നനിലയിലാണ് അത് ശ്രദ്ധിക്കപ്പെട്ടത്. അങ്ങനെയൊരു മാതൃകയെ ശക്തിപ്പെടുത്തുന്നതിനുപകരം അവസാനിപ്പിക്കുന്നത് കേരളത്തിന്റെ ഭാവിക്കാണ് നഷ്ടം.
പ്രവാസി സംഘടനകളുടെ ഏകോപനം അനിവാര്യമാണ്.
എന്നാൽ, ലോക കേരള സഭയുടെ നിർദേശത്തിൽനിന്നുതന്നെ രൂപപ്പെട്ട കോ–-ഓർഡിനേഷൻ സംവിധാനത്തെ ഉപയോഗിച്ച് സഭയ്ക്കുപകരം മറ്റൊരു ഘടന സൃഷ്ടിക്കാനുള്ള ശ്രമം അടിസ്ഥാന ആശയത്തെ ദുർബലപ്പെടുത്തും. ലോക കേരള സഭയുടെ ശക്തി സർക്കാർ നിയമിച്ച കമ്മിറ്റി എന്നതിലല്ല; ലോകമെമ്പാടുമുള്ള മലയാളികൾക്ക് നിയമസഭയെയും സർക്കാരിനെയും നേരിട്ട് അഭിസംബോധന ചെയ്യാനുള്ള ജനാധിപത്യവേദിയാണെന്നതിലാണ്.
ലോക കേരള സഭ പിരിച്ചുവിടാനുള്ള തീരുമാനം ഒരു സ്ഥാപനത്തെ ഇല്ലാതാക്കുന്നതല്ല. അത് പ്രവാസികളുടെ നയരൂപീകരണ പങ്കാളിത്തം കുറയ്ക്കുകയും മടങ്ങിയെത്തുന്ന പ്രവാസികളുടെ ശബ്ദത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. കേരളത്തിന്റെ ആഗോള സാമൂഹിക മൂലധനം അവഗണിക്കപ്പെടും. ലോകമെമ്പാടുമുള്ള മലയാളികളുമായുള്ള ജനാധിപത്യബന്ധം വിച്ഛേദിക്കപ്പെടും.
കേരളത്തിന്റെ വികസനചരിത്രം എഴുതുമ്പോൾ പ്രവാസികളുടെ അധ്വാനം ഒഴിവാക്കാനാകില്ല. അതുപോലെ കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുമ്പോൾ അവരുടെ ശബ്ദവും ഒഴിവാക്കാനാകില്ല.
ലോക കേരള സഭ സർക്കാർ പദ്ധതിയല്ല; ലോകമെമ്പാടുമുള്ള മലയാളികളുടെ ജനാധിപത്യ അവകാശമാണ്. ആ അവകാശം സംരക്ഷിക്കപ്പെടണം, ശക്തിപ്പെടുത്തണം. നിലവിലെ സർക്കാർ അധികാരത്തിൽ വന്നതുമുതൽ പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആശങ്കയുണർത്തുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. ആദ്യബജറ്റിൽ പ്രവാസിക്ഷേമത്തിനായി മതിയായ പ്രത്യേക വിഹിതം അനുവദിച്ചില്ല, പ്രവാസി പെൻഷൻ മാസങ്ങളായി കുടിശ്ശികയായതിലൂടെ പതിവായി ആശ്രയിച്ചിരുന്ന ആയിരക്കണക്കിന് ഗുണഭോക്താക്കൾ പ്രതിസന്ധിയിലായി.
എൽഡിഎഫ് ഭരണകാലത്ത് പ്രവാസികൾക്കായി നടപ്പാക്കിയ 33 ക്ഷേമ- വികസന പദ്ധതികളും ഇപ്പോൾ ഒന്നൊന്നായി ദുർബലമാകുമോ എന്ന ഭീതിയിലാണ് പ്രവാസിസമൂഹം. നോർക്കയുടെയും ലോക കേരള സഭയുടെയും നേതൃത്വത്തിൽ രൂപംകൊണ്ട ക്ഷേമസംവിധാനങ്ങൾ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിനുപകരം അവയെ അവഗണിക്കുന്നത് കേരളത്തിന്റെ വികസനതാൽപ്പര്യങ്ങൾക്ക് തിരിച്ചടിയാകും.
പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും കുടിശ്ശികയായ ക്ഷേമ ആനുകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്യണമെന്നും ലോക കേരള സഭ ഉൾപ്പെടെയുള്ള ജനാധിപത്യ പ്രവാസി സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം സംസ്ഥാനവ്യാപകമായി ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകും.
(കേരള പ്രവാസിസംഘം കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് ലേഖകൻ)














