ad
Deshabhimani

Articles

കടലിന്റെ അമ്ലീകരണം

കടലിനെപ്പറ്റിത്തന്നെ

Ocean acidification
avatar
എ കെ രമേശ്‌

Published on Jun 10, 2025, 10:43 PM | 1 min read

ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതും ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങളും കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡ് സാന്ദ്രത കൂടുന്നു. അതിൽ ഒരു ഭാഗം കടൽ ആഗിരണം ചെയ്യുന്നതുവഴി ഉണ്ടാകുന്ന രാസപ്രവർത്തനങ്ങൾ കടൽ വെള്ളത്തിന്റെ അമ്ലാംശം കൂട്ടുകയാണെന്ന്‌ അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആൻഡ്‌ അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻഎഎ) പറയുന്നു. എൻഎഎയിലെയും ഓറിഗൺ സ്റ്റെയ്റ്റ് യൂണിവേഴ്സിറ്റിയിലെയും യുകെയിലെ പ്ലൈമൗത്ത് മറൈൻ ലബോറട്ടറിയിലെയും ശാസ്ത്രജ്ഞർ നടത്തിയ പഠനം കണ്ടെത്തിയത് കടൽ ജീവികൾക്കുകൂടി ജീവിക്കാനാകാത്ത വിധം ലാഭാർത്തി പൂണ്ട മനുഷ്യർ നാശം വിതച്ചുകൊണ്ടിരിക്കുകയാണ് എന്നുതന്നെ. കടലിന്റെ അമ്ലീകരണം വെറുമൊരു പാരിസ്ഥിതിക പ്രതിസന്ധിയല്ല.


അത് കടലിന്റെ ആവാസവ്യവസ്ഥയ്‌ക്കും തീരദേശ സമ്പദ്‌വ്യവസ്ഥയ്‌ക്കും നേരെ മിടിച്ചുകൊണ്ടിരിക്കുന്ന ടൈംബോംബാണെന്നു പറഞ്ഞത് പ്ലൈമൗത്ത് മറൈൻ ലബോറട്ടറിയിൽ പ്രൊഫസറും ഗ്ലോബൽ ഓഷ്യൻ അസിഡിഫിക്കേഷൻ ഒബ്സർവിങ് നെറ്റ്‌വർക്കിന്റെ സഹാധ്യക്ഷനുമായ സ്റ്റീവ് വിഡിക്കോംബാണ്.

കഴിഞ്ഞ ദിവസം ഫ്രാൻസിലെ നൈസിൽ കോസ്റ്റാറിക്കയുടെയും ഫ്രാൻസിന്റെയും സംയുക്താതിഥ്യത്തിൽ ആരംഭിച്ച യുഎൻ ഉച്ചകോടിയുടെ വിഷയം "സമുദ്രത്തെ പരിരക്ഷിക്കുകയും സുസ്ഥിരതയോടെ ഉപയോഗിക്കുകയും ചെയ്യുന്നതിനായി പ്രവർത്തന വേഗം വർധിപ്പിക്കുകയും എല്ലാ വിഭാഗം പ്രവർത്തകരെയും അണിനിരത്തുകയും ചെയ്യൽ’ എന്നതാണ്.


ഉച്ചകോടിയുടെ കാലികപ്രസക്തിയെപ്പറ്റി യുഎസ്എ ഓഷ്യൻസ് ക്യാമ്പയിൻ ഡയറക്ടർ ജോൺ ഹോസെവാറിന്റെ നിരീക്ഷണം ഇങ്ങനെ. ‘വ്യാവസായിക മത്സ്യബന്ധനം, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സംയുക്തഫലങ്ങൾ കാരണം കടലാകെ വേച്ചുവേച്ചോടുകയാണ്. ധീരനേതൃത്വം ആവശ്യമായി വരുന്ന ഘട്ടത്തിൽ അമേരിക്ക ആഗോളവേദിയിൽനിന്ന് പിൻവാങ്ങുകയും അന്താരാഷ്ട്ര സമുദ്രങ്ങൾക്ക് നേരെപ്പോലും ഭീഷണിയുയർത്തുന്ന എക്സിക്യൂട്ടിവ് ഉത്തരവുകളിലൂടെ തകർച്ചയുടെ പ്രളയജലത്തിന്റെ കെട്ടഴിച്ചുവിട്ടിരിക്കുകയുമാണ്. ഈ സമുദ്ര ഉച്ചകോടി ചേരാൻ ഇതിൽപ്പരം പറ്റിയ മറ്റൊരവസരമില്ല.’

ഉച്ചകോടിയിലെ തീരുമാനങ്ങൾ വരും മാസങ്ങളിൽ പ്ലാസ്റ്റിക്സ് ഉടമ്പടി, ആഗോള സമുദ്ര ഉടമ്പടി, ഇന്റർനാഷണൽ സീ ബെഡ് അതോറിറ്റിയുടെ കീഴിൽ നടക്കുന്ന ആഴക്കടൽ ഖനന ചർച്ചകൾ എന്നിവയ്‌ക്കുള്ള ദിശ കാട്ടുമെന്ന് പ്രത്യാശിക്കാം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home