മെയ്ദിനവും നോയ്ഡയും: പ്രക്ഷോഭത്തിന്റെ പുതിയ നാളുകൾ

നോയിഡയിലെ തൊഴിലാളി സമരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ (Photo: ANI)

കെ ചന്ദ്രൻപിള്ള
Published on Apr 30, 2026, 10:44 PM | 4 min read
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന രണ്ടുമാസം പിന്നിട്ട വിനാശകരമായ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ മെയ്ദിനം വന്നെത്തുന്നത്. ലോകത്തെമ്പാടുമുള്ള കോടിക്കണക്കിന് തൊഴിലാളികളുടെ ജീവിതദുരിതം ഇതുമൂലം രൂക്ഷമാകുകയാണ്. ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും വിലവർധനയ്ക്കും വ്യവസായപ്രവർത്തനത്തെ മാന്ദ്യത്തിലേക്കും പ്രതിസന്ധിയിലേക്കും നയിക്കുന്നതിനും ഇത് കാരണമാകും. എല്ലാ രാജ്യങ്ങളിലും കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതിലേക്കും ഇതെത്തിക്കും.
ലോകത്തെ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളും ഉപരോധങ്ങളും ആഗോള സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുകയാണ്. ഊർജവിലയിലും വൈദ്യുതിനിരക്കിലും ചരക്ക് കടത്തുകൂലിയിലും വലിയ കുതിപ്പുണ്ടായി. രാസവളത്തിന്റെ പ്രധാന ഉൽപ്പാദകരാണ് പശ്ചിമേഷ്യ. രാസവളത്തിന്റെ വിലക്കുതിപ്പും ദൗർലഭ്യവും ലോകമെമ്പാടും കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കും. വലിയ ഭക്ഷ്യദൗർലഭ്യത്തിനും ഭക്ഷ്യവിലവർധനയ്ക്കും വരുംമാസങ്ങളിൽ ഇത് കാരണമാകും.
സെമി കണ്ടക്ടർ, ചിപ് ഉൽപ്പാദനത്തിൽ പ്രമുഖ സ്ഥാനത്തുള്ള തയ്വാന് ഉൽപ്പാദനം മന്ദഗതിയിലാക്കേണ്ടിവന്നു. മാർച്ച് രണ്ടിന് ഖത്തർ ഹീലിയം ഉൽപ്പാദനം നിർത്തി. സെമി കണ്ടക്ടർ ഉൽപ്പാദനത്തിൽ ഹീലിയം നിർണായകമാണ്. ഇലക്ട്രോണിക്സ് മുതൽ കാർ ഉൽപ്പാദനംവരെയുള്ള ആഗോള ഉൽപ്പാദനശൃംഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ തൊഴിലിൽനിന്ന് പുറത്താകും. യൂറോപ്യൻ രാജ്യങ്ങളിൽ വ്യോമയാനം, കാർനിർമാണം എന്നീ മേഖലകളിൽ വൻതോതിൽ ലേഓഫ് നടപ്പാക്കിത്തുടങ്ങി. ഇൗ പ്രതിസന്ധിക്കിടയിലും ലോകത്തെ എണ്ണ ഉൽപ്പാദക ഭീമന്മാർ 2026ൽ ഇതുവരെമാത്രം 25,000 കോടി ഡോളർ അധികലാഭം ഉണ്ടാക്കിയതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യൻ തൊഴിൽമേഖലയിൽ നിലനിൽക്കുന്ന കടുത്ത ചൂഷണത്തിന്റെ കണ്ണാടിയാണ് നോയ്ഡയിലെ തൊഴിലാളിപ്രക്ഷോഭം. അടിഞ്ഞുകൂടിയ തൊഴിലാളിപ്രതിഷേധത്തിന്റെ പൊട്ടിത്തെറിയാണത്. കുറഞ്ഞ വേതനം, ദീർഘമായ ജോലിസമയം, ഓവർടൈം വേതനത്തിന്റെ അഭാവം, മോശം തൊഴിൽസാഹചര്യങ്ങൾ ഇവയെല്ലാം ചേർന്നതാണ് പ്രക്ഷോഭത്തിന്റെ അടിസ്ഥാനം. പുതിയ ലേബർ കോഡുകൾ തൊഴിൽസമയം 12 മണിക്കൂർവരെയായി വർധിപ്പിച്ചത് പൊട്ടിത്തെറിക്ക് ആക്കംകൂട്ടി. തൊഴിലിടത്ത് ശുചിമുറി ഉപയോഗിക്കുന്നതുപോലും നിഷേധിക്കുകയാണ്.
വാടക, ഭക്ഷണച്ചെലവ്, ഇന്ധനവില... എല്ലാം കുത്തനെ ഉയരുന്നത് തൊഴിലാളികളുടെ ജീവിതം അസാധ്യമാക്കി. ‘കേവലമായ മിനിമം വേതനമല്ല, മറിച്ച് തൊഴിലാളിക്കും കുടുംബത്തിനും അന്തസ്സായി ജീവിക്കാനാവശ്യമായ വേതനമാണ് നൽകേണ്ടത്’ എന്ന് ‘മൂലധനം’ ഒന്നാം വോള്യത്തിൽ കാൾ മാർക്സ് വ്യക്തമാക്കുന്നുണ്ട്. ദിവസം 12 മണിക്കൂർവരെ തൊഴിലെടുക്കുന്നവർക്ക് മാസം 13,000 രൂപമാത്രം കൂലിയായി നൽകുമ്പോൾ അന്തസ്സാർന്ന ജീവിതംപോയിട്ട് ഓരോദിവസവും അതിജീവിക്കാനുള്ള വേതനംപോലും ലഭിക്കുന്നില്ല.
കൂലിമാത്രമല്ല പ്രശ്നം. തൊഴിലിടങ്ങളിൽ വിശ്രമത്തിനോ ഭക്ഷണം കഴിക്കാനോ മതിയായ സമയം അനുവദിക്കുന്നില്ലെന്ന് ഉത്തരാഖണ്ഡിൽ പണിമുടക്കിയ തൊഴിലാളികൾ പറയുന്നു. 19–-ാംനൂറ്റാണ്ടിൽ നിലനിന്നിരുന്ന തൊഴിൽസാഹചര്യത്തെക്കുറിച്ചുള്ള ഫാക്ടറി ഇൻസ്പെക്ടറുടെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് ‘തൊഴിൽദിവസം' എന്ന അധ്യായത്തിൽ മാർക്സ് ഇപ്രകാരം പറയുന്നു: "തൊഴിലാളികളുടെ ഭക്ഷണ, വിശ്രമ സമയത്തിൽനിന്നും മൂലധനം നടത്തുന്ന ഈ ‘ചെറിയ മോഷണങ്ങൾ', ഫാക്ടറി ഇൻസ്പെക്ടറുടെ ഭാഷയിൽ ‘മിനിറ്റുകളുടെ ചെറിയ നുള്ളിക്കളവും കുറച്ചു മിനിറ്റുകൾ തട്ടിയെടുക്കലും’, അല്ലെങ്കിൽ തൊഴിലാളികൾ സാങ്കേതികമായി പറയുന്നമാതിരി ‘ഭക്ഷണസമയത്തിന്മേലുള്ള കരളലും അരിച്ചെടുക്കലും' ആകുന്നു... അങ്ങനെ ലാഭത്തിന്റെ ആധാരം നിമിഷങ്ങളാകുന്നു. 19–-ാംനൂറ്റാണ്ടിലെ മനുഷ്യത്വരഹിതമായ ചൂഷണം ആവർത്തിക്കുന്നതിനെതിരായും അന്തസ്സായി ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയാണ് നോയ്ഡയിലെയും മറ്റിടങ്ങളിലെയും തൊഴിലാളികൾ തെരുവിലിറങ്ങിയത്.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ കൂലിക്ക് മാനുഫാക്ചറിങ് മേഖലയിൽ തൊഴിലാളികളെ ഉപയോഗിക്കുന്ന വികസനം ആഗോളവിപണിയിലെ മത്സരശേഷി ഉയർത്തിയാലും ആഭ്യന്തരവിപണിയെ ഗണ്യമായി ചുരുക്കിക്കൊണ്ടിരിക്കും. സംഘടിതമേഖലയിലടക്കം കരാർവൽക്കരണവും ഫിക്സഡ് ടേം എംപ്ലോയ്മെന്റും സ്ഥിരവൽക്കരിച്ചതോടെ സ്ഥിതിഗതി കൂടുതൽ ഗൗരവമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരം തൊഴിലാളികളേക്കാൾ കരാർ തൊഴിലാളികളുടെ എണ്ണം പലമടങ്ങ് വർധിക്കുകയാണ്.
അന്തർദേശീയ തൊഴിൽസംഘടനയുടെ ദ്വൈവാർഷിക ആഗോള വേതന റിപ്പോർട്ടുകൾ തുടർച്ചയായി വെളിപ്പെടുത്തുന്നത് ആഗോള വേതനവിഹിതം തൊഴിലാളികൾക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ്. ഇത് സമ്പദ്വ്യവസ്ഥകളിലെ അസമത്വം കൂടുതൽ തീവ്രമാക്കും. ഈ കാലയളവിൽ താഴെത്തട്ടിലെ 10 ശതമാനം തൊഴിലാളികൾക്ക് വേതനവിഹിതത്തിന്റെ ഒരുശതമാനംപോലും ലഭിച്ചില്ല. കഴിഞ്ഞ ദശകത്തിൽ ആഗോള സമ്പദ്വ്യവസ്ഥ വൻ വളർച്ച നേടി. 2015ൽ 75 ലക്ഷം കോടി ഡോളറായിരുന്ന ആഗോള ജിഡിപി 2025ൽ 117–118 ലക്ഷം കോടി ഡോളറായി ഉയർന്നു. ജിഡിപി വളർച്ച മനുഷ്യരുടെയും സമൂഹത്തിന്റെയും വികസനമായി മാറുന്നില്ല.
21–-ാംനൂറ്റാണ്ടിലെ ആഗോള സമ്പദ്ഘടനയിൽ ടെക്നോളജി കോർപറേഷനുകൾ നിർണായക പങ്കുവഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ 10 ശതകോടീശ്വരന്മാരിൽ എട്ടുപേരും ടെക്നോളജി കോർപറേഷനുകളുടെ ഉടമകളാണ്. എലോൺ മസ്ക് (ടെസ്ല, എക്സ്), ലാറി എല്ലിസൺ (ഒറാക്കിൾ), മാർക്ക് സക്കർബർഗ് (ഫെയ്സ്ബുക്), ജെഫ് ബെസോസ് (ആമസോൺ), ലാറി പേജ് (ഗൂഗിൾ), സെർജി ബ്രിൻ (ആൽഫബെറ്റ്), മൈക്കിൾ ഡെൽ (ഡെൽ), ജെൻസൺ ഹുയാങ് (NVIDIA) തുടങ്ങിയവരാണവർ. ഇവരുടെ സ്ഥാപനങ്ങൾ അസാധാരണ സാമ്പത്തികവളർച്ചയും ആസ്തിമൂല്യവും കൈവരിച്ചിരിക്കുകയാണ്. നവഉദാര നയത്തിന്റെ പുതിയ ഘട്ടത്തിൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ പ്രധാനധാരയായി മാറിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ടെക് കമ്പനികൾ പരമ്പരാഗത വ്യവസായങ്ങളെ മറികടന്ന് സാമ്പത്തികശക്തിയുടെ കേന്ദ്രങ്ങളായി ഉയർന്നിട്ടുണ്ട്. ഗ്രീക്ക് ധനശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ യാനിസ് വരുഫാകിസ് (Yanis Varoufakis) ഇവരെ ക്ലൗഡലിസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്റർനെറ്റിൽ ഡാറ്റ ശേഖരിക്കുന്ന ഇടമായ ക്ലൗഡ് പൂർണമായും ഇവരുടെ കൈവശമാണ്. ക്ലൗഡ് കൈവശംവച്ച് വാടക ഈടാക്കുന്ന ഇവർ ജന്മിവ്യവസ്ഥയുടെ പുതിയ അവതാരമാണെന്ന് യാനിസ് ‘ടെക്നോഫ്യൂഡലിസം' എന്ന ഗ്രന്ഥത്തിൽ വാദിക്കുന്നു. അവർ ലാഭമല്ല നേടുന്നത്, മറിച്ച് പാട്ടമാണ് ഈടാക്കുന്നത്. ഇന്റർനെറ്റും ഡാറ്റയും ഇല്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്ത പുതിയ കാലത്ത്, മുതലാളിമാരെ അടക്കം മനുഷ്യരാശിയെ മുഴുവൻ ഇവർ തങ്ങളുടെ കാൽക്കീഴിലാക്കിയിരിക്കുന്നു. ഈ ആധിപത്യം ആഗോള സാമ്പത്തികഘടനയിൽ പുതിയ അസമത്വങ്ങൾ സൃഷ്ടിക്കുകയാണ്. ഗിഗ് ഇക്കോണമിയുടെ വ്യാപനത്തിനും തൊഴിൽമേഖലയെ കൂടുതൽ അനൗപചാരികമാക്കുന്നതിനും ഇത് വഴിവയ്ക്കുന്നു.
ഈ ഘട്ടത്തിൽ തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങളിന്മേലുള്ള നഗ്നമായ കടന്നാക്രമണമാണ് ലേബർ കോഡുകളിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. സംഘടിക്കാനുള്ള അവകാശവും കൂട്ടായ വിലപേശലും നിഷേധിക്കുന്നതുവഴി തൊഴിലിടത്തിലെ ചൂഷണം ശക്തിപ്പെടുത്താൻ ഉടമകൾക്ക് പച്ചക്കൊടി കാണിക്കുന്നു. നിയമലംഘകരായ തൊഴിൽ ഉടമകൾക്ക് പൂർണമായ പരിരക്ഷയാണ് ലേബർ കോഡുകൾ നൽകുന്നത്. ശിക്ഷ ലളിതമാക്കിക്കൊണ്ട് ഏതു കുറ്റവും പണമടച്ച് രക്ഷപ്പെടാവുന്ന വിധത്തിൽ പരിധിയില്ലാത്ത തൊഴിൽചൂഷണത്തിന് അനുമതി നൽകുന്നു. രാജ്യത്ത് കേരളം മാത്രമാണ് ലേബർ കോഡുകൾ നടപ്പാക്കില്ലെന്ന നിലപാട് സ്വീകരിച്ചത്.
വ്യവസ്ഥാപ്രതിസന്ധിയിലായ മുതലാളിത്തമാകട്ടെ മൂന്നാംലോക യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇറാനെതിരായി തുടരുന്ന വിനാശകരമായ യുദ്ധം, നാലുവർഷമായി തുടരുന്ന ഉക്രയ്ൻ യുദ്ധം, ഗാസയിലെ ഇസ്രയേലിന്റെ ഒടുങ്ങാത്ത വംശഹത്യ, ലെബനൻ യുദ്ധം ഇവയെല്ലാം വ്യക്തമാക്കുന്നത് അതാണ്.
അന്തസ്സായ ജീവിതത്തിനും ജനാധിപത്യ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും പരിസ്ഥിതിസംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ ലോക തൊഴിലാളിവർഗത്തിന് മെയ്ദിനത്തിന്റെ വീരസ്മരണ കൂടുതൽ ഊർജംപകരും. 2026 ഫെബ്രുവരി 12ന് ഇന്ത്യൻ തൊഴിലാളിവർഗം നടത്തിയ ഐതിഹാസിക ദേശീയ പണിമുടക്കും കർഷകജനതയുടെ ഐക്യദാർഢ്യവും ഇന്ത്യയിലെ വർഗസമരത്തിന്റെ പുതിയ ഘട്ടത്തെ കുറിക്കുന്നു. കോർപറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ട് നേതൃത്വം കൊടുക്കുന്ന മോദിസർക്കാരിന്, എതിരായ തൊഴിലാളി–കർഷക പ്രക്ഷോഭത്തിന്റെ പുതിയ നാളുകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
(സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റാണ് ലേഖകൻ)













