തുടക്കത്തിലേ പാളംതെറ്റുന്നു


എം സ്വരാജ്
Published on Jun 19, 2026, 10:36 PM | 3 min read
‘ഈ സർക്കാരിന്റെ പോക്ക് അത്ര നല്ലതല്ല.’ യുഡിഎഫ് സർക്കാർ അധികാരമേറ്റ് ഒരുമാസം തികയുന്നതിനുമുന്പ് പ്രശസ്ത കഥാകാരൻ ടി പത്മനാഭൻ പറഞ്ഞ വാക്കുകളാണിത്. തന്നെ സന്ദർശിക്കാനെത്തിയ വൈദ്യുതിമന്ത്രിയോടാണ് കഴിഞ്ഞദിവസം കഥാകൃത്ത് ഇങ്ങനെ പറഞ്ഞത്. സ്വാതന്ത്ര്യസമരസേനാനികൂടിയായ ടി പത്മനാഭൻ തന്റെ കോൺഗ്രസ് ആഭിമുഖ്യം ഒരിക്കലും മറച്ചുവച്ചിട്ടില്ല. അടിയുറച്ച കോൺഗ്രസുകാരനായിരിക്കെത്തന്നെ സർക്കാരിനെക്കുറിച്ച് അദ്ദേഹത്തിന് ഇങ്ങനെ പറയേണ്ടിവന്നിരിക്കുന്നു. ഇതാകട്ടെ അദ്ദേഹത്തിന്റെമാത്രം അഭിപ്രായവുമല്ല.
സംഘപരിവാർ കാണിച്ച വഴിയിലൂടെ ഭരണം ആരംഭിച്ച യുഡിഎഫ് സർക്കാരിൽനിന്ന് മതനിരപേക്ഷകേരളത്തിന് വലുതായൊന്നും പ്രതീക്ഷിക്കാനില്ലെന്ന് ഇതിനോടകം വ്യക്തമായി. ആർഎസ്എസിന്റെ അഭിനന്ദനങ്ങളും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പിന്തുണയും ലഭിച്ച യുഡിഎഫ് സർക്കാർ, മതനിരപേക്ഷകേരളത്തെ ഒറ്റിക്കൊടുക്കുകമാത്രമല്ല ചെയ്യുന്നത്. ദൈനംദിനഭരണംതന്നെ താളംതെറ്റുന്നതിന്റെ സൂചനകളാണെങ്ങും.കേവലം ഒരുമാസത്തിനുള്ളിൽത്തന്നെ സ്വജനപക്ഷപാതത്തിന്റെയും പിടിപ്പുകേടിന്റെയും പര്യായമായി യുഡിഎഫ് സർക്കാർ മാറി. ചുരുങ്ങിയ സമയത്തിനുള്ളിൽ ക്രമവിരുദ്ധമായ നടപടികളുടെ പേരിൽ ഇത്രമാത്രം വിമർശിക്കപ്പെട്ട മറ്റൊരു സർക്കാരും കേരളചരിത്രത്തിലുണ്ടാകില്ല. തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം പണിപ്പെട്ടവർക്കുപോലും സർക്കാരിനെ തള്ളിപ്പറയേണ്ടി വന്നു.
മെയ് നാലിന് തെരഞ്ഞെടുപ്പുഫലം വന്നുകൊണ്ടിരിക്കുമ്പോഴാണ് വിദ്യാഭ്യാസവകുപ്പിലെ അനഭിമതരായ ഉദ്യോഗസ്ഥരെയാകെ സ്ഥലംമാറ്റണമെന്ന് കോൺഗ്രസ് സംഘടനാ ഭാരവാഹികൾ വകുപ്പ് മേധാവിയോട് രേഖാമൂലം ആവശ്യപ്പെട്ടത്. ഇക്കാര്യം പരാമർശിച്ചുകൊണ്ടുതന്നെ ഉടനടി സ്ഥലംമാറ്റ ഉത്തരവും പുറപ്പെടുവിച്ചു. ഫലം പൂർണമായി വരുന്നതിനു മുന്പുതന്നെ അന്യായവും നിയമവിരുദ്ധവുമായ പ്രതികാരനടപടികൾ തുടങ്ങി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണിത്. ഇഷ്ടമില്ലാത്തയാളെ സ്ഥലംമാറ്റുന്നതിനുവേണ്ടി ഒഴിവ് ഉണ്ടാക്കുന്നതിന് പിഎസ്‌സി വഴി നിയമനം ലഭിച്ച സ്ഥിരം ജീവനക്കാരിയെ പിരിച്ചുവിട്ടതും ആദ്യസംഭവമാണ്. ആരും ചെയ്യാൻ മടിക്കുന്ന നെറികേടുകളാണ് സർക്കാരിന്റെ ചെയ്തികളായി പുറത്തുവരുന്നത്. ഓരോ വകുപ്പിലും സ്ഥലംമാറ്റത്തിനുവേണ്ടിയും സ്ഥലംമാറ്റം ആവശ്യമില്ലാത്തവരെ മാറ്റാതിരിക്കാനും ലക്ഷങ്ങളുടെ പരസ്യ ലേലംവിളി നടക്കുകയാണ്. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം സെക്രട്ടറിയറ്റിന്റെ ഇടനാഴികളിലെല്ലാം പവർ ബ്രോക്കർമാരും ഏജന്റുമാരും വലവിരിച്ച് നടക്കുന്നു. കൈക്കൂലിപ്പണം പങ്കുവയ്‌ക്കുന്നതിലെ തർക്കംമൂത്ത് ഭരണവിലാസം സർവീസ് സംഘടനകൾ സമ്മേളനവേദിയിൽ വച്ചുതന്നെ പിളരുന്നതിനും കേരളം സാക്ഷിയായി.
കെപിസിസി പ്രസിഡന്റുകൂടിയായ സണ്ണി ജോസഫ് മന്ത്രിക്കസേരയിൽ ഇരിപ്പുറയ്ക്കുന്നതിനുമുന്പാണ് സ്വന്തം അളിയനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. സത്യപ്രതിജ്ഞാലംഘനമായിപ്പോലും ചൂണ്ടിക്കാണിക്കപ്പെടുന്ന ഈ സ്വജനപക്ഷപാതത്തിന് മുതിർന്നത് കെപിസിസി പ്രസിഡന്റുകൂടിയായ മന്ത്രിയാണെന്നത് ഗൗരവം വർധിപ്പിക്കുന്നു. വ്യാപകമായ വിമർശം ഉയർന്നപ്പോൾ ശിങ്കിടികളെക്കൊണ്ട് ന്യായീകരണപ്രബന്ധങ്ങൾ പടച്ചുവിട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ അളിയനെ രാജിവയ്‌പിച്ച് മന്ത്രി തടിയൂരുന്നതാണ് കണ്ടത്. ശബരിമല സ്വർണപ്പാളി കേസിൽ പ്രതിയുടെ വക്കീലിനെ ദേവസ്വംവകുപ്പിന്റെ വക്കീലാക്കി നിയമിക്കാൻ മുഖ്യമന്ത്രിക്ക് ഒരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. ഇങ്ങനെ ചെയ്താൽ വിമർശമുയരുമെന്നും തീരുമാനം തിരുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രിക്ക് അറിയാത്തതല്ല. എന്നാൽ, പ്രതികളെ രക്ഷിക്കുന്നതിന് ശബരിമല സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളെല്ലാം പ്രതിഭാഗത്തിന് പരിശോധിക്കാനുള്ള അവസരമുണ്ടാക്കുകയാണ് ഇതുവഴി ചെയ്തതെന്ന വിമർശം ഗൗരവമുള്ളതാണ്. ധാർമികമായും ഭരണപരമായും ഒരു ഭരണാധികാരിയും ചെയ്യാൻ പാടില്ലാത്ത നെറികേടാണ് ഇക്കാര്യത്തിലുണ്ടായത്. പരിഹാസ്യമായ ന്യായവാദങ്ങൾക്കൊടുവിൽ ഈ വിവാദനിയമനവും സർക്കാരിന് റദ്ദാക്കേണ്ടിവന്നു.
മൂന്നാഴ്ചയ്ക്കുള്ളിൽ ആറുപേരാണ് കേരളത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏത് സർക്കാർ ഭരിക്കുമ്പോഴും ഇത്തരത്തിലുള്ള ദുരന്തങ്ങൾ സംഭവിക്കാവുന്നതാണ്. എന്നാൽ, സാധ്യമായ പ്രായോഗിക പ്രതിരോധ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനും സർക്കാരിനുമുണ്ട്. എൽഡിഎഫ് ഭരണകാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമെടുത്ത് സമരാഭാസം നടത്താൻ നേതൃത്വം കൊടുത്തവരാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. അന്നത്തെ യുഡിഎഫിന്റെ രീതി ഇന്ന് എൽഡിഎഫ് സ്വീകരിച്ചില്ല. പകരം ആവശ്യമായ പ്രതിരോധനടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് പറഞ്ഞതേയുള്ളൂ. പക്ഷേ, വനംമന്ത്രിയുടെ മറുപടി: ‘‘മുഖ്യമന്ത്രിയും മന്ത്രിയും മാത്രമേ മാറിയിട്ടുള്ളൂ, ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല. മന്ത്രിസഭ മാറിയതറിഞ്ഞ് ആന ഇറങ്ങിയതാണോയെന്ന് അറിയില്ല.’’ എന്ന പരിഹാസമായിരുന്നു. നിസ്സഹായരായ മനുഷ്യർ തുടർച്ചയായി കൊല്ലപ്പെടുമ്പോൾ പരിഹസിക്കാൻ മനുഷ്യത്വമില്ലാത്തവർക്കേ കഴിയൂ.
മുന്പ് പകർച്ചവ്യാധികൾ ഉണ്ടാകുന്നത് "എരണംകെട്ടവർ ഭരിക്കുന്നതുകൊണ്ടാണ്’ എന്ന തരംതാഴ്‌ന്ന വങ്കത്തരം പ്രസംഗിച്ച ആൾ ആരോഗ്യമന്ത്രിയായപ്പോൾ പകർച്ചവ്യാധികൾ അമർച്ച ചെയ്യാനാകാതെ ഇരുട്ടിൽ തപ്പുന്നു. പിടിപ്പുകേട് മറയ്ക്കാൻ ഡയറക്ടറെ തരംതാഴ്‌ത്തുന്നു. കള്ളക്കാരണം കൈയോടെ പിടിക്കപ്പെട്ടപ്പോൾ ഉത്തരവ് തിരുത്തുന്നു. അന്യായമായ നടപടി ഇപ്പോൾ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേരളത്തിന് പരിചിതമല്ലാത്ത കാഴ്ചകളാണെങ്ങും. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന സമയത്ത് വൈദ്യുതിനിയന്ത്രണമെന്ന പേരിൽ രാത്രികാല കറന്റ് കട്ടും ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നു. അധികാരത്തിലെത്തി ഒരുമാസം തികയുന്നതിനുമുമ്പാണ് കേട്ടുകേൾവിയില്ലാത്ത മഴക്കാലത്തെ വൈദ്യുതിനിയന്ത്രണം. പവർകട്ട് ഇല്ലാത്ത കാലം ഓർമയാകാൻ പോകുന്നതിന്റെ സൂചനയാണിത്. ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ പൊന്നാനി എംഎൽഎ മയക്കുമരുന്ന് കച്ചവടക്കാരന്റെ വീട്ടിൽ വിരുന്നുണ്ണാനെത്തുന്നതും കേരളം കണ്ടു. പദ്ധതിയുടെ ‘ഉദ്ദേശ്യശുദ്ധി’ക്ക് ഇതിൽപ്പരം തെളിവുവേണ്ട. ഒരുമാസംകൊണ്ട് ഇതിനേക്കാൾ മോശമായി ഭരിക്കാൻ ആരു വിചാരിച്ചാലും കഴിയില്ല.
കേരളത്തെ വിൽക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ ധവളപത്രം മുഖ്യമന്ത്രിയുടെ അവകാശവാദങ്ങളെ പൊളിച്ചിരിക്കുകയാണ്. "പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്’ എന്നതായിരുന്നു ആവർത്തിച്ച പ്രയോഗം. എന്നാൽ, സാമ്പത്തികവർഷം അവസാനിക്കുമ്പോൾ ആറായിരം കോടി രൂപയോളം ഖജനാവിൽ ഉണ്ടായിരുന്നുവെന്ന് ഇപ്പോൾ സമ്മതിക്കേണ്ടി വന്നു. ആറായിരം കോടിക്കുമുകളിൽ പ്രസവിച്ചുകിടക്കാൻ ഭാഗ്യമുണ്ടായ പൂച്ചയെയാണ് എല്ലാവരും തിരയുന്നത്! ഇത്തരത്തിലുള്ള നുണപ്രചാരവേലയായിരുന്നു തെരഞ്ഞെടുപ്പുകാലത്തെ യുഡിഎഫിന്റെ ആയുധം.
കേരളത്തിലെ മാധ്യമങ്ങൾ ഇതുവരെ അവകാശപ്പെട്ടിരുന്നത്, മാധ്യമങ്ങൾ എപ്പോഴും പ്രതിപക്ഷത്തായിരിക്കുമെന്നും പ്രതിപക്ഷദൗത്യമാണ് മാധ്യമങ്ങളുടേതെന്നുമാണ്. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ പിആർഡിയുണ്ട്; അതിന് മാധ്യമങ്ങളുടെ ആവശ്യമില്ല, മാധ്യമങ്ങൾ നിരന്തരപ്രതിപക്ഷമായി പ്രവർത്തിക്കണം എന്നൊക്കെയായിരുന്നു വാദം. എന്നാൽ, മെയ് നാലുമുതൽ ഇക്കൂട്ടർ കൂറുമാറിക്കഴിഞ്ഞു. അടുത്ത അഞ്ചുവർഷം കേരളത്തിലെ ഒരുകൂട്ടം മാധ്യമങ്ങൾ ഭരണപക്ഷത്തിന്റെ സ്തുതിപാഠകരായിരിക്കുമെന്നും പിആർഡിയുടെ സേവനങ്ങൾ മാധ്യമങ്ങളിലൂടെ ലഭ്യമാകുമെന്നും ഏതാണ്ട് ഉറപ്പാണ്.
ഭരണം മാറിയതോടെ നാളിതുവരെ മാധ്യമങ്ങളിലൂടെ നിരന്തരം കേട്ടുപരിചയിച്ച പല വാക്കുകൾക്കും അത്ഭുതകരമായ മാറ്റം വന്നിരിക്കുന്നു! ഇന്നലെവരെ ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളും മോടിപിടിപ്പിക്കുന്നതായിരുന്നു വിമർശപരമായ വാർത്ത. എന്നാൽ, മോടിപിടിപ്പിക്കൽ എന്ന വാക്കിനുപകരം അറ്റകുറ്റപ്പണി എന്ന അനിവാര്യതയുടെ പുതിയ വാക്ക് രംഗപ്രവേശം ചെയ്തു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ നൊടിയിടയിൽ പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററായി സ്നാനം ചെയ്യപ്പെട്ടു. മാധ്യമവിലക്ക് മാധ്യമനിയന്ത്രണമായി സ്വാഭാവികത കൈവരിച്ചു. സർക്കാരിന് തിരിച്ചടി എന്ന ശൈലീപുസ്തക പദം എസ്ഐടിക്ക് തിരിച്ചടി എന്ന് പരിഷ്കരിക്കപ്പെട്ടു. പുതിയ കാലം പുതിയ സർക്കാരിനെമാത്രമല്ല, മാധ്യമങ്ങളെയും തുറന്നുകാണിക്കുന്നുണ്ട്. (അവസാനിച്ചു)














