ad
Deshabhimani

Articles

ദേശീയ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍

കളി കൈയടക്കാന്‍ കേന്ദ്രം

v abdurahiman
avatar
വി അബ്ദുറഹിമാൻ

Published on Aug 18, 2025, 12:00 AM | 4 min read

രാജ്യത്തെ കായികമേഖലയെ പൂര്‍ണമായും വരുതിയിലാക്കി സ്വന്തം താല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതി നടപ്പാവുകയാണ്. ഫെഡറല്‍ വ്യവസ്ഥകളെ നോക്കുകുത്തിയാക്കി കേന്ദ്ര കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ അവതരിപ്പിച്ച ദേശീയ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്ലിന് പാര്‍ലമെന്റിന്റെ ഇരുസഭയിലെയും ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അംഗീകാരം നേടിയെടുത്തു. ദേശീയതലത്തില്‍ ഏകീകൃത കായികഭരണ സംവിധാനങ്ങള്‍ രൂപീകരിക്കാനും കായികരംഗത്തെ മുഴുവന്‍ സംഘടനകളുടെയും ഘടനയും പ്രവര്‍ത്തനവും നിയന്ത്രിക്കാനുമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ബില്‍. കായിക ഭരണരംഗത്ത് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത്‌ പരിഹരിക്കാനാണ് പുതിയ നിയമമെന്നുമാണ് പറയുന്നത്. എന്നാല്‍, ഈ നിയമം നടപ്പാകുന്നതോടെ സംസ്ഥാനതലത്തിലുള്ള മുഴുവന്‍ കായികസംവിധാനങ്ങളും സംസ്ഥാന കായികവകുപ്പുകള്‍തന്നെയും ഇല്ലാതാകും.


സഹകരണ സംഘങ്ങള്‍ ഭരണഘടനയിലെ സ്‌റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണ്. എന്നാല്‍, ബിജെപി സര്‍ക്കാര്‍ കേന്ദ്ര സഹകരണ മന്ത്രാലയം കൊണ്ടുവന്ന് സഹകരണ സംഘങ്ങളെ ഇല്ലാതാക്കുകയാണ്. വിദ്യാഭ്യാസ, ആരോഗ്യ വിഷയങ്ങളിലും സംസ്ഥാന അധികാരങ്ങളില്‍ ഇടപെടല്‍ രൂക്ഷമാണ്. പരിമിതമായ യുജിസി ഫണ്ട് മാത്രം നല്‍കുന്ന കേന്ദ്രം 70–- 80 ശതമാനം ചെലവ് സംസ്ഥാനം വഹിക്കുന്ന സര്‍വകലാശാലകളുടെ കാര്യത്തില്‍ അന്യായമായി ഇടപെടുന്നതിന്റെ പ്രശ്‌നങ്ങള്‍ നാം അനുഭവിച്ചുവരികയാണ്.


പൂര്‍ണമായും ഭരണഘടനയിലെ സ്‌റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമാണ് സ്‌പോര്‍ട്‌സ്. ഭരണഘടനയിലെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സ്‌റ്റേറ്റ് ലിസ്റ്റില്‍ 61 ഇനമുണ്ട്. അതില്‍ 32–-ാം നമ്പറായി ചലച്ചിത്രം, വിനോദം എന്നിവയ്‌ക്കൊപ്പമാണ് സ്‌പോര്‍ട്‌സ് ചേര്‍ത്തിട്ടുള്ളത്. സ്‌റ്റേറ്റ് വിഷയത്തില്‍ ഉത്തരവാദിത്വങ്ങളെല്ലാം നിക്ഷിപ്തമായിരിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളിലാണ്. ഈ വിഷയം സംബന്ധിച്ച നിയമനിര്‍മാണവും നയരൂപീകരണവും സംസ്ഥാനത്തിന്റെ അധികാരപരിധിയിലാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, കായികപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയവയെല്ലാം സംസ്ഥാനങ്ങളുടെ അവകാശമാണ്. നിലവില്‍ ഖേലോ ഇന്ത്യ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവൃത്തിക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതും പ്രവൃത്തി നടപ്പാക്കുന്നതും സംസ്ഥാന കായികവകുപ്പാണ്.


സാമ്പത്തിക സഹായം നല്‍കുക, അന്താരാഷ്ട്രതലത്തില്‍ സ്‌പോർട്‌സ് പ്രോത്സാഹിപ്പിക്കുക, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങള്‍ രൂപീകരിക്കുക എന്നിങ്ങനെ ദേശീയതലത്തില്‍ പിന്തുണ നല്‍കുന്ന റോള്‍ മാത്രമാണ് കേന്ദ്രത്തിന് വഹിക്കാനുള്ളത്. എന്നാല്‍, പുതിയ നിയമം വരുന്നതോടെ സംസ്ഥാനങ്ങള്‍ നിര്‍വഹിക്കേണ്ട പ്രാഥമികമായ ഉത്തരവാദിത്വങ്ങളെല്ലാം കേന്ദ്രം കവരും. നാഷണല്‍ സ്‌പോര്‍ട്‌സ് ആക്ട് എന്നതിനു പകരം നാഷണല്‍ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ആക്ട് എന്ന പേരില്‍ നിയമം കൊണ്ടുവരുന്നതുതന്നെ സ്റ്റേറ്റ് സബ്ജക്ടില്‍ ഇടപെടുന്നില്ല എന്നു വരുത്താനാണ്.


ദേശീയ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്ലില്‍ നാഷണല്‍ സ്‌പോർട്‌സ് ബോര്‍ഡ്, നാഷണല്‍ സ്‌പോർട്‌സ് ട്രിബ്യൂണല്‍ എന്നീ സംവിധാനങ്ങളാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. കായിക സംഘടനകളില്‍ ആരെല്ലാമായിരിക്കണം അംഗങ്ങളാകേണ്ടതെന്നും ബില്‍ നിര്‍ദേശിക്കുന്നു. കടുത്ത പക്ഷപാതിത്വവും താല്‍പ്പര്യ സംരക്ഷണവുമാണ് സൃഷ്ടിക്കപ്പെടുക.


നാഷണല്‍ സ്‌പോർട്‌സ് ബോര്‍ഡ്

നാഷണല്‍ സ്‌പോർട്‌സ് ബോര്‍ഡ് രൂപീകരിക്കുന്നതാണ് ബില്ലിലെ ഏറ്റവും പ്രധാന നിര്‍ദേശം. കേന്ദ്ര സര്‍ക്കാരാണ് ബോര്‍ഡ് രൂപീകരിക്കുക. ബോര്‍ഡിന് ഒരു ചെയര്‍പേഴ്‌സണ്‍ ഉണ്ടാകും. കേന്ദ്രം നിശ്ചയിക്കുന്ന സെലക്‌ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം കേന്ദ്രം നിയമനം നടത്തും. ദേശീയ, സംസ്ഥാന അസോസിയേഷനുകള്‍ക്ക് അംഗീകാരം നല്‍കാനും അംഗീകാരം റദ്ദാക്കാനുമുള്ള അധികാരം ബോര്‍ഡിന് ഉണ്ടാകും.

ദേശീയ കായിക സംഘടനകളുടെയും അഫിലിയേറ്റ് ചെയ്ത മറ്റ്‌ യൂണിറ്റുകളുടെയും എന്നു പറയുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലെയും കായിക അസോസിയേഷനുകള്‍ ആ പരിധിയില്‍ വരും. കേന്ദ്രത്തിന് അപ്രീതിയുള്ള പ്രദേശങ്ങളിലെ പ്രാദേശിക കായിക ഇനങ്ങളും താരങ്ങളും അസോസിയേഷനുകളും അവഗണിക്കപ്പെടും. കേന്ദ്ര സര്‍ക്കാരിന് താല്‍പ്പര്യമുള്ള മേഖലയിലെ അപ്രധാന ഇനങ്ങള്‍ക്കും അതിന്റെ സംഘടനകള്‍ക്കും യഥേഷ്ടം അംഗീകാരം നല്‍കും.


അസോസിയേഷനുകളുമായും കായികതാരങ്ങളുമായും ബന്ധപ്പെട്ട എല്ലാ പരാതികള്‍ സംബന്ധിച്ചും അന്വേഷണം നടത്താനുള്ള അധികാരവും ബോര്‍ഡിനാകും. സംഘടനകളുടെ കോഡ് ഓഫ് എത്തിക്‌സ് രൂപീകരിക്കുന്നത് ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാകും. -ബോര്‍ഡിലെ അംഗങ്ങളെയും ആവശ്യമായ സ്റ്റാഫിനെയും നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രത്തിന്റെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കുന്നവരാകും അംഗങ്ങളും ചെയര്‍മാനും മറ്റ്‌ സ്റ്റാഫും. ബോര്‍ഡിന് താല്‍പ്പര്യമുള്ള സംഘടനകള്‍ക്ക് അംഗീകാരം ലഭിക്കും. അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെടും. അഡ്‌ഹോക്ക് കമ്മിറ്റികളുടെ നിയമനത്തിലും പക്ഷപാതപരമായ ഇടപെടല്‍ ഉണ്ടാകും.കായികതാരങ്ങളുടെയോ ഇനത്തിന്റെയോ ക്ഷേമത്തിനും പിന്തുണയ്ക്കുമായി പ്രവര്‍ത്തിക്കുന്ന ഏതു സംഘടനയ്ക്കും കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിയോടെ അംഗീകാരം നല്‍കാന്‍ ബോര്‍ഡിന് കഴിയും. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പുറമെ കായികമേഖലയുമായി ബന്ധപ്പെട്ട മറ്റ്‌ സംഘടനകള്‍ക്കും അംഗീകാരം കൊടുക്കാനുള്ള നീക്കം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കും.


നാഷണല്‍ സ്‌പോര്‍ട്‌സ് ട്രിബ്യൂണല്‍

പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ട്രിബ്യൂണല്‍ രൂപീകരിക്കുമെന്നത് ബില്ലിലെ മറ്റൊരു പ്രധാന തീരുമാനമാണ്. സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കുന്ന വ്യക്തിയാകും ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍. സെര്‍ച് കം സെലക്‌ഷന്‍ കമ്മിറ്റി ശുപാര്‍ശപ്രകാരം ചെയര്‍പേഴ്‌സണെയും അംഗങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കും. കായികമേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള എല്ലാ കേസുകളും ഈ ട്രിബ്യൂണലിലേക്ക് മാറ്റണം. ജില്ലാ കോടതി, ഹൈക്കോടതി, മറ്റ്‌ ട്രിബ്യൂണല്‍ എന്നിവിടങ്ങളിലുള്ള കേസുകളെല്ലാം കേള്‍ക്കുക നാഷണല്‍ ട്രിബ്യൂണലാകും. ഇത്രയധികം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഈ സംവിധാനത്തിന് സാധിക്കുമോ എന്നു സംശയമാണ്.

കേന്ദ്ര സര്‍ക്കാരിന് ബോര്‍ഡിന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ വിപുലമായ അധികാരങ്ങള്‍ ബില്‍ നല്‍കുന്നു. കായിക സംഘടനകളിലെ ഭാരവാഹികള്‍ക്ക് പ്രായത്തില്‍ ഇളവ് നല്‍കാന്‍ കേന്ദ്രത്തിന് തീരുമാനിക്കാം. ഭരണം മെച്ചപ്പെടുത്താനെന്ന പേരില്‍ ഏതു നിര്‍ദേശവും ബോര്‍ഡിന് നല്‍കാനും അധികാരമുണ്ട്. ഏതെങ്കിലും ഇനത്തില്‍ ഒരു ദേശീയ ടീം മത്സരിക്കുന്ന കാര്യത്തില്‍ ഇടപെടാനും കേന്ദ്രത്തിന് സാധിക്കും. ഇതിന് അവസരമാക്കാന്‍ ദേശീയസുരക്ഷയുടെ കാര്യമാണ് ബില്ലില്‍ സൂചിപ്പിക്കുന്നത്.


കേരള സ്‌പോര്‍ട്‌സ് ആക്ടും സ്‌പോര്‍ട്‌സ് കൗണ്‍സിലും

ഏറ്റവും ശക്തവും ജനാധിപത്യപരവുമായ കായികഭരണ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ 2000 മുതല്‍ സ്‌പോര്‍ട്‌സ് ആക്ട്‌ നിലവിലുണ്ട്. അതുപ്രകാരം രൂപീകരിച്ച കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് കായികഭരണത്തിന്റെ നല്ല പങ്ക് നിര്‍വഹിക്കുന്നത്.-എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കായികഭരണത്തിലും ഈ രംഗത്തെ വികേന്ദ്രീകൃത സമീപനത്തിലും വലിയ മുന്നേറ്റമാണുണ്ടായത്. 2025ല്‍ സ്‌പോര്‍ട്‌സ് ആക്ട്‌ വിപുലമായി പരിഷ്‌കരിച്ചു. പുതിയ കായികനയത്തിനും കാലത്തിനും അനുസരിച്ച പരിഷ്‌കരണമാണ് നടപ്പാക്കിയത്. ഇക്കാര്യങ്ങള്‍ കേന്ദ്ര കായികമന്ത്രിയെ നേരിട്ട് ധരിപ്പിക്കുകയും നയത്തിന്റെ പകര്‍പ്പ് കൈമാറുകയും ചെയ്തിരുന്നു. കായികരംഗത്തെ വികേന്ദ്രീകൃത സമീപനത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനതലത്തില്‍ രാജ്യത്ത് ആദ്യമായി സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചതും ഈ സര്‍ക്കാരിന്റെ കാലയളവിലാണ്.


നിലവില്‍ സംസ്ഥാനത്തെ കായിക സംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്നതും തെറ്റായ പ്രവര്‍ത്തനം തെളിഞ്ഞാല്‍ അംഗീകാരം റദ്ദാക്കുന്നതും അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുന്നതും സ്‌പോര്‍ട്‌സ് കൗണ്‍സിലാണ്. സംഘടനകളുടെ പ്രവര്‍ത്തനത്തെ ശരിയായ ദിശയില്‍ നയിക്കാനുള്ള ഇടപെടല്‍ നടത്തുകയാണ് കൗണ്‍സിലിന്റെ പ്രധാന ചുമതല. സംഘടനകള്‍ക്ക് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആവശ്യമായ ചെലവ് നല്‍കുന്നതും കൗണ്‍സിലാണ്.


സ്‌പോര്‍ട്‌സ് കൗണ്‍സില്‍പോലെ സംസ്ഥാനം കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സംവിധാനത്തെ ഇല്ലാതാക്കുന്നതാകും പുതിയ ദേശീയ നിയമം. സ്‌പോര്‍ട്‌സിനെ കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കായികവിഷയങ്ങളില്‍ ഏകപക്ഷീയമായ ഇടപെടലിന് അവസരം ഒരുക്കാനാണിതെല്ലാം. കായിക മേഖലയ്ക്കും ഫെഡറല്‍ സംവിധാനത്തിനും കനത്ത വെല്ലുവിളിയാകുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം.​




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home