Deshabhimani

ദേശീയ വൈദ്യുതിനയം ലക്ഷ്യം പൂർണ സ്വകാര്യവൽക്കരണം

electricity
വെബ് ഡെസ്ക്

Published on Sep 30, 2026, 01:30 AM | 4 min read

കേന്ദ്രം 2026ലെ ദേശീയ വൈദ്യുതിനയത്തിന്റെ കരട്‌ ഇക്കഴിഞ്ഞ 25ന് പുറത്തിറക്കി. ‘എല്ലാ ഗ്രാമങ്ങളിലും താൽപ്പര്യമുള്ള മുഴുവൻ വീടുകളിലും വൈദ്യുതി എത്തിച്ച് ലഭ്യതാപ്രശ്നം പരിഹരിച്ചു, ഉൽപ്പാദനമേഖല ശക്തിപ്പെടുത്തി വൈദ്യുതിക്ഷാമം പരിഹരിച്ചു’ എന്നിങ്ങനെ രണ്ടു ചരിത്രപ്രധാന നേട്ടങ്ങളോടെ, ശേഷിക്കുന്ന ചില പരിമിതികൾകൂടി പരിഹരിക്കാനുള്ള പരിപാടിയാണ് നയത്തിന്റെ ഉള്ളടക്കമെന്നാണ് കരടിന്റെ ആമുഖത്തിൽ പറയുന്നത്. വൈദ്യുതിവിതരണ കമ്പനികൾക്ക്‌ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കലും ഹരിത ഊർജ മേഖലയിലേക്കുള്ള പരിവർത്തനവും പൂർത്തിയാക്കുന്നതോടെ വികസിതഭാരതമെന്ന സങ്കൽപ്പത്തിനുതകുന്ന നിലയിൽ ഊർജമേഖല സജ്ജമാകുമെന്നാണ് നയം പ്രതീക്ഷവയ്ക്കുന്നത്. ഇത് സാങ്കേതികനടപടികളിലൂടെ പരിഹരിക്കാമത്രെ. ഇതിനായി ചെലവ് പ്രതിഫലിപ്പിക്കുന്ന താരിഫ്, വലിയ ഉപഭോക്താക്കളെ സേവനബാധ്യതയിൽനിന്ന് ഒഴിവാക്കൽ, സർചാർജില്ലാത്ത ഓപ്പൺ ആക്സസ്, മത്സരാടിസ്ഥാനത്തിലുള്ള ടെൻഡർ നടപടികൾ തുടങ്ങി ചില മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു.


അവകാശവാദങ്ങൾ വിശദമായി പരിശോധിച്ചുകൊണ്ടുമാത്രമേ നയം വിലയിരുത്താൻ കഴിയൂ. 2004ലെ പുതുക്കിയ നിർവചനം അനുസരിച്ച് ഒരു ഗ്രാമം വൈദ്യുതീകരിച്ചതായി കണക്കാക്കാന്‍ അധിവാസമേഖലയില്‍ ട്രാന്‍സ്‌-ഫോര്‍മറും ലൈനും ഉണ്ടാകുക, സ്കൂള്‍– -പഞ്ചായത്ത്– -ആരോഗ്യകേന്ദ്രം പോലുള്ള പൊതുസ്ഥലങ്ങളില്‍ ഏതിലെങ്കിലും വൈദ്യുതി എത്തുക, ഗ്രാമത്തിലെ വീടുകളില്‍ 10 ശതമാനമെങ്കിലും കണക്ഷന്‍ കിട്ടുക എന്നിവയാണ് വേണ്ടത്. ഇങ്ങനെയാണ് 2018ൽ എല്ലാ സെൻസസ് ഗ്രാമങ്ങളും വൈദ്യുതീകരിച്ചതായി കേന്ദ്രസർക്കാർ അവകാശപ്പെട്ടത്. വീടുകളിൽ വൈദ്യുതി എത്തുന്നതുമായി ബന്ധപ്പെട്ട് "താൽപ്പര്യമുള്ള' വീടുകൾ എന്നാണ് സൗഭാഗ്യപദ്ധതി നിർവചിക്കുന്നത്. വൈദ്യുതി കണക്ഷന് അപേക്ഷിക്കുന്നതാണ് താൽപ്പര്യം. പക്ഷേ, സർവീസ് ലൈനിൽനിന്ന് കണക്ഷൻ എടുക്കാൻ സാധ്യതയുള്ളവർക്ക്‌ മാത്രമേ അപേക്ഷിക്കാൻ കഴിയൂ. വയറിങ്‌ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ അപേക്ഷ സ്വീകരിക്കൂ. അത്തരത്തിൽ അപേക്ഷ നൽകാൻ കഴിയാത്ത നിരവധിപേർ രാജ്യത്തെ ഗ്രാമങ്ങളിലുണ്ട്‌. അതായത് ദാരിദ്ര്യവും വൈദ്യുതി ലൈനിൽനിന്നുള്ള ദൂരവുമാണ് താല്‍പ്പര്യമില്ലായ്മയായി എഴുതപ്പെടുന്നത്.


സൗഭാഗ്യ പദ്ധതിരേഖ തയ്യാറാക്കിയ സന്ദർഭത്തിൽ 517 ലക്ഷം വൈദ്യുതീകരിക്കാത്ത വീടുകളുണ്ടെന്നതായിരുന്നു കണക്ക്. രേഖ അംഗീകരിച്ചപ്പോൾ ലക്ഷ്യമായി 300 ലക്ഷം വീടുകൾമാത്രമാണ് ഉൾപ്പെടുത്തിയത്. 217 ലക്ഷം ഒറ്റയടിക്ക് ഒഴിവാക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഡാഷ് ബോർഡ് തയ്യാറാക്കിയപ്പോൾ വീടുകളുടെ എണ്ണം 248.48 ലക്ഷമായി പിന്നെയും കുറച്ചു. ഇതിൽ കണക്ഷൻ കൊടുത്തതായി കാണുന്നത് 151.60 ലക്ഷംമാത്രം. അതായത് സർക്കാർ കണക്കുപ്രകാരംതന്നെ തുടക്കത്തിൽ കണ്ടെത്തിയ 517 ലക്ഷത്തിൽ 365.4 ലക്ഷം വീടുകളിൽ ഇനിയും വൈദ്യുതി എത്തിയിട്ടില്ല. ലക്ഷ്യം വെട്ടിക്കുറച്ചിട്ടും കണക്ഷൻ നൽകിയത് 58 ശതമാനത്തിൽ താഴെമാത്രം. അവകാശവാദം താൽപ്പര്യമുള്ള മുഴുവൻ വീടുകളിലും വൈദ്യുതി നൽകിയെന്ന്.


ഇതേ അവസ്ഥയാണ് വൈദ്യുതിക്ഷാമം പരിഹരിച്ചുവെന്ന അവകാശവാദത്തിനുമുള്ളത്. കേന്ദ്ര വൈദ്യുതി അതോറിറ്റി(സിഇഎ)യുടെ കണക്കുപ്രകാരംതന്നെ പീക്ക് ലോഡ് സമയത്ത് 2026–-27ൽ തെക്കേ ഇന്ത്യയിൽ 9.6 ശതമാനത്തിന്റെയും (8100 മെഗാവാട്ട്) കിഴക്കേ ഇന്ത്യയിൽ 16.2 ശതമാനത്തിന്റെയും (6000 മെഗാവാട്ട്) വൈദ്യുതിക്കമ്മി ഉണ്ടാകുമെന്നാണ് നിഗമനം. ഇക്കൊല്ലം ഏപ്രില്‍–-മെയ് മാസങ്ങളില്‍ ആകെ 61ൽ 36 ദിവസവും വൈദ്യുതിക്കമ്മിയാൽ രാജ്യമാകെ നിയന്ത്രണങ്ങൾ വേണ്ടിവന്നു. ഇ‍ൗ സെപ്‌തംബറിൽ രാജ്യത്ത് ഏകദേശം 7700 മെഗാവാട്ട് വൈദ്യുതിക്കമ്മിയുണ്ടെന്നാണ് സിഇഎയുടെ കണക്ക്. ഈ ക്ഷാമം വൈദ്യുതിവിലയിലും പ്രതിഫലിക്കുന്നു. എക്സ്‌ചേഞ്ചിൽ വൈദ്യുതിനിരക്ക് യൂണിറ്റിന് പരിധിയായ 10 രൂപയാണ്. ‘ഹൈ പ്രൈസ് ഡേ എഹഡ്’ കമ്പോളത്തിൽ യൂണിറ്റിന് 19.60 രൂപവരെ നിരക്കെത്തി. പീക്ക് നിരക്ക് ശരാശരി 3.42 രൂപയില്‍നിന്ന് 7.77 രൂപയിലേക്ക് ഉയര്‍ന്നു. എക്സ്ചേഞ്ചിൽ പലദിവസങ്ങളിലും ഒരുലക്ഷം മില്യൺ യൂണിറ്റിലധികം വൈദ്യുതിയാണ്‌ ആവശ്യമായി വരുന്നത്. വിൽപ്പന നടക്കുന്നത് 2500 മില്യൺ യൂണിറ്റിൽ താഴെയും. കൽക്കരിക്ഷാമംമൂലം 12,000 മുതൽ 20,000 മെഗാവാട്ടുവരെ നിലയങ്ങൾ പ്രവർത്തിക്കുന്നില്ല. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത് രാജ്യത്ത് നിലനിൽക്കുന്ന രൂക്ഷമായ വൈദ്യുതിക്ഷാമമാണ്. ഉൽപ്പാദനമേഖലയുടെ സ്വകാര്യവൽക്കരണം പ്രശ്നം രൂക്ഷമാക്കുന്നു. സ്വകാര്യ ഉൽപ്പാദന നിലയങ്ങൾ കിട്ടുന്ന ലാഭം നോക്കിയാണ് പ്രവർത്തിക്കുക. രാജ്യത്തെ വൈദ്യുതിക്ഷാമം പരിഹരിക്കൽ അവരുടെ അജൻഡയല്ല. വസ്തുത ഇതായിരിക്കെ വൈദ്യുതോൽപ്പാദനമേഖലയിലെ സ്വകാര്യവൽക്കരണത്തിലൂടെ വൈദ്യുതിക്ഷാമം പൂർണമായും പരിഹരിച്ചുവെന്ന് വൈദ്യുതിനയത്തിന്റെ ആമുഖം അവകാശപ്പെടുന്നു.

ഇനി പരിഹരിക്കാനുള്ള രണ്ടു പ്രശ്നങ്ങളിൽ വൈദ്യുതിനയം ഒന്നാമതായി പരിശോധിക്കുന്നത് വൈദ്യുതിവിതരണ കമ്പനികളുടെ സാമ്പത്തികപ്രതിസന്ധിയാണ്. പക്ഷേ ഇതിന്റെ കാരണങ്ങൾ പരിശോധിക്കുന്നില്ല. വിതരണമേഖല കാര്യക്ഷമമല്ല എന്ന പ്രസ്താവനയിൽ സകലതും ഒതുക്കുന്നു.


വൈദ്യുതി വാങ്ങൽച്ചെലവാണ് വിതരണ കമ്പനികളുടെ ചെലവിന്റെ 70-–80 ശതമാനവും. രാജ്യത്തെ ശരാശരി വൈദ്യുതി വാങ്ങൽച്ചെലവ് 1999-–2000-ത്തിൽ 1.76 ആയിരുന്നത് 2019-–20ൽ 3.63 രൂപയായും 2024-–25ൽ 5.38 രൂപയായും വർധിച്ചു. പൊതുവായുണ്ടായ വിലക്കയറ്റനിരക്കിനേക്കാൾ പലമടങ്ങാണ് ഈ വർധന. മറ്റ്‌ ചെലവുകളും വർധിച്ചു. ഇതിനനുസരിച്ച് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ കഴിയുകയില്ല. താരിഫ് ഷോക്ക് ഒഴിവാക്കാൻ ഭാവിയിലേക്ക് മാറ്റിവച്ച ചാർജ്‌ വർധന മൂന്നുലക്ഷം കോടിയോളം വരും. വിതരണ കമ്പനികൾ വലിയ നഷ്ടത്തിലേക്കും കടബാധ്യതയിലേക്കും നീങ്ങി. സ്വകാര്യ മൂലധനത്തിന് വലിയ പങ്കാളിത്തമുള്ള വൈദ്യുതോൽപ്പാദനമേഖലയെ ഇത് ബാധിക്കാതിരിക്കാൻ കേന്ദ്രസർക്കാർ വലിയ ജാഗ്രതപാലിച്ചു. വിതരണ കമ്പനികൾ ഉൽപ്പാദക കമ്പനികൾക്ക് നൽകാനുണ്ടായിരുന്ന കുടിശ്ശിക 2022ൽ 1.40 ലക്ഷം കോടിയായിരുന്നത്‌ 2026ഓടെ 4927 കോടിയായി കുറഞ്ഞു. ഈ കുറവ് വിതരണ കമ്പനികളുടെ ശേഷിയിൽനിന്ന് സംഭവിച്ചതല്ല, ഉൽപ്പാദകർക്ക്‌ പണം നൽകാൻ വിതരണ കമ്പനികൾ കൂടുതൽ കടം വാങ്ങേണ്ടിവന്നു. കടം 7.26 ലക്ഷം കോടിയായി വർധിച്ചു. എന്നാൽ, രാജ്യത്തെ സ്വകാര്യ വിതരണ കമ്പനികൾ താരിഫ് വർധിപ്പിച്ച് ബാധ്യത അവരുടെ തലയിൽ വരാതെനോക്കി. കഴിഞ്ഞവർഷം സ്വകാര്യ ഡിസ്കോമുകൾ 12,138 കോടി രൂപ ലാഭമുണ്ടാക്കി. ഈ നിലയിൽ താരിഫ് വർധന സാധ്യമല്ലാത്തതിനാൽ, പൊതുമേഖലാ വിതരണ കമ്പനികൾക്ക് സംസ്ഥാന സർക്കാരുകൾ നൽകിയ സബ്സിഡി ഉണ്ടായിട്ടും 9437 കോടി രൂപയുടെ നഷ്ടംവന്നു. താരിഫിലുള്ള ഈ വ്യത്യാസം മറച്ചുപിടിച്ച്‌ പൊതുമേഖല നഷ്ടംവരുത്തുന്നുവെന്നും സ്വകാര്യവൽക്കരിച്ചാൽ ലാഭമാകുമെന്ന ധാരണ സൃഷ്ടിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.


കരട് വൈദ്യുതിനയം വിതരണമേഖലയിലെ ബഹു ലൈസൻസിങ്ങും പൊതു സ്വകാര്യ പങ്കാളിത്തവുമാണ് ധനപ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗമായി നിർദേശിക്കുന്നത്. പൊതുമേഖലാ വിതരണ കമ്പനികൾ വിപണിയിൽ ലിസ്റ്റ് ചെയ്ത് ഓഹരി വിൽക്കണമെന്നും നിർദേശിക്കുന്നു. 2027ഓടെ റഗുലേറ്ററി അസറ്റ് പൂർണമായും താരിഫാക്കി മാറ്റണമെന്നാണ് മറ്റൊരു നിർദേശം. വൈദ്യുതി നിരക്കുകളിൽ വലിയ വർധനയ്ക്കാണ് ഇത് കാരണമാകുക. വൈദ്യുതിവിതരണ കമ്പനികളുടെ ചെലവുകൾ പൂർണമായും പ്രതിഫലിക്കുന്ന നിലയിൽ വൈദ്യുതിനിരക്ക് നിർണയിക്കണമെന്നും ആർക്കുംതന്നെ ഇതിൽ ഇളവ് നൽകരുതെന്നും കരടുനയം വ്യക്തമാക്കുന്നു. ക്രോസ് സബ്സിഡി പരമാവധി 50 ശതമാനമാക്കി കുറയ്ക്കണമെന്നും നയം ആവശ്യപ്പെടുന്നു. ഗാർഹിക, കാർഷിക താരിഫുകൾ പതിന്മടങ്ങ് വർധിക്കാനാണ് ഈ നടപടികൾ ഇടയാക്കുക. കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങളിൽ വാണിജ്യനിരക്കും വർധിക്കും.

​

കാർഷിക വൈദ്യുതിക്ക് കൊടുക്കുന്ന സബ്സിഡിയും ക്രോസ് സബ്സിഡിയും വലിയ ബാധ്യതയായി കാണുന്ന നയം കാർഷികപമ്പുകൾ സോളാറിൽനിന്ന് പ്രവർത്തിച്ചുകൊള്ളണമെന്നും കാർഷിക വൈദ്യുതിലൈനുകൾ പൊതു ഫീഡറുകളിൽനിന്ന്‌ വേർപെടുത്തണമെന്നും നിർദേശിക്കുന്നു. അതായത് കാർഷികമേഖലയ്ക്കുള്ള പൊതുപരിപാടി എന്ന നിലയിലല്ല, സംസ്ഥാനങ്ങളുടെ സബ്സിഡി ഭാരം കുറയ്ക്കാനുള്ള നടപടിമാത്രമായാണ് പരിഷ്കരണങ്ങളെ കാണുന്നത്. ഒരു മെഗാവാട്ടിനുമുകളിലുള്ള ഉപഭോക്താക്കൾക്ക് വൈദ്യുതി എവിടെനിന്നും വാങ്ങാം, വ്യവസായങ്ങൾ സ്വന്തമായി വൈദ്യുതി ഉണ്ടാക്കണം തുടങ്ങിയ നിർദേശങ്ങളും വൈദ്യുതിവിതരണത്തിന്റെ പൊതുസ്വഭാവം അട്ടിമറിക്കുന്നതാണ്.


അടുത്തതായി ഉപദേശിക്കുന്നത് ഹരിത ഊർജത്തിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തലാണ്. അഞ്ചു കിലോവാട്ടിനുമുകളിൽ നെറ്റ് മീറ്ററിങ്‌ ഒഴിവാക്കാനും സോളാർ പാനൽ വയ്ക്കുന്ന ഉപഭോക്താക്കൾ ബാറ്ററി സ്റ്റോറേജ് അടക്കമുള്ള കാര്യങ്ങൾ സ്വന്തം നിലയ്ക്ക് വയ്ക്കണമെന്നും നയം നിർദേശിക്കുന്നു. സംഭരണസംവിധാനങ്ങൾ പൊതു ഉടമസ്ഥതയിൽ ആവശ്യമില്ല, ലാഭകരമായ സ്വകാര്യ നിക്ഷേപമായി നടപ്പാക്കണം എന്നതാണ് നയം നിർദേശിക്കുന്നത്. 2047ഓടെ ഒരുലക്ഷം മെഗാവാട്ട് ആണവനിലയങ്ങൾ സ്ഥാപിക്കണമെന്നും അതിന് സ്വകാര്യ മോഡുലര്‍ റിയാക്ടറുകൾ വ്യാപകമാക്കണമെന്നുമാണ് നിർദേശം.


അപകടങ്ങൾ സാമൂഹികവൽക്കരിക്കുകയും ലാഭം സ്വകാര്യവൽക്കരിക്കുകയുമാണ് ഈ നയത്തിന്റെ കാതൽ. ജലവൈദ്യുതിമേഖലയിൽ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനോടൊപ്പം ഈ രംഗവും പൂർണമായും സ്വകാര്യനിക്ഷേപത്തിൽ നിർവഹിക്കണമെന്ന് കരടുനയം ആവശ്യപ്പെടുന്നു. അന്തർസംസ്ഥാന പ്രസരണമേഖലയിൽ നിലവിൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കിവരുന്നത്, സംസ്ഥാനങ്ങളിലെ പദ്ധതികളിലും വ്യാപിപ്പിക്കണമെന്നും നിർദേശമുണ്ട്. പ്രസരണശൃംഖലയുടെ നിയന്ത്രണം പ്രത്യേക കമ്പനിയാക്കണം. വൈദ്യുതിനിലയങ്ങൾ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉണ്ടാക്കി വിൽക്കുന്നതിനുമാത്രമല്ല, നിലയത്തിന്റെ ശേഷിക്ക് പ്രത്യേകമായ കപ്പാസിറ്റി മാർക്കറ്റ്, അനുബന്ധ കമ്പോളങ്ങൾ എന്നിവയും നിർദേശിക്കുന്നുണ്ട്.


മുഴുവനായി വായിച്ചാല്‍ കരടുനയം നാലു കാര്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. വിതരണമേഖലയിൽ സ്വകാര്യപങ്കാളിത്തം നടപ്പാക്കുക പ്രധാനമെന്ന്‌ പറയുന്നതാണ് ഒന്നാമത്തെ കാര്യം. ട്രാൻസ്മിഷൻ, ആണവമേഖല, വൈദ്യുതി സ്റ്റോറേജ് എന്നീ മേഖലകൾകൂടി പൂർണതോതിൽ സ്വകാര്യമേഖലയ്ക്കായി തുറക്കുന്നുവെന്നതാണ് രണ്ടാമത്തെ സംഗതി.


മൂന്നാമതായി വയബിലിറ്റി ഗ്യാപ്പ് ഫണ്ട്, ഗ്രീന്‍ ബോണ്ട്, ഫസ്റ്റ്-ലോസ് കവര്‍, പഴയ റെഗുലേറ്ററി അസറ്റ് ഭാവി താരിഫിലൂടെ ഈടാക്കല്‍ തുടങ്ങിയ ധന നടപടികളാണ് സാമൂഹ്യ ഇടപെടലുകളല്ല ഊർജ ഭാവിക്ക് വേണ്ടതെന്ന് പറയുന്നു. വൈദ്യുതി പൂർണമായും കച്ചവടച്ചരക്കാക്കുകയും 24 മണിക്കൂര്‍ വിതരണവും സേവന മാനദണ്ഡവുമൊക്കെ ലാഭനഷ്ട സാധ്യതകളുടെമാത്രം ഫലമായി കാണുകയും ചെയ്യുന്നതാണ് നാലാമത്തെ സമീപനം. മൊത്തത്തിൽ പരാജയപ്പെട്ട നയപരിപാടികൾ കൂടുതൽ തീവ്രമായി നടപ്പാക്കി വൈദ്യുതി മേഖലയെ മൂലധനശക്തികളുടെ ലാഭതാൽപ്പര്യങ്ങൾക്ക് അടിയറവയ്ക്കുന്നതാണ് കരട് ദേശീയ വൈദ്യുതിനയം.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home