അറബിക്കടലിൽ വൻ ലഹരിവേട്ട; 526 കിലോ മയക്കുമരുന്ന് പിടികൂടി, വില 3,000 കോടിയിലധികം

മുംബൈ : അറബിക്കടലിൽ വൻ ലഹരിവേട്ട. അറബിക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഇറാനിയൻ ബോട്ടിൽ നിന്ന് 526 കിലോഗ്രാം മെത്താംഫെറ്റാമൈനും ഹെറോയിനും പിടിച്ചെടുത്തു. പിടികൂടിയ ലഹരിവസ്തുക്കൾക്ക് ഏകദേശം 3,000 കോടി രൂപയ്ക്കുമുകളിൽ വിലവരുമെന്നാണ് റിപ്പോർട്ട്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പാകിസ്ഥാൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തു.
കടൽമാർഗം ഇന്ത്യയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നുവെന്ന ഗുജറാത്ത് എടിഎസിന്റെ രഹസ്യവിവരത്തെ തുടർന്ന് ലക്ഷദ്വീപിന്റെ പടിഞ്ഞാറൻ അറബിക്കടൽ മേഖലയിൽ കോസ്റ്റ് ഗാർഡ് കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. 25നാണ് സംശയാസ്പദമായി നീങ്ങിയ ഇറാനിയൻ ബോട്ട് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ബോട്ട് പിന്തുടർന്ന് തടയുകയായിരുന്നു.
ബോട്ടും പിടിച്ചെടുത്ത മയക്കുമരുന്നും അഞ്ച് പേരെയും മുംബൈ തുറമുഖത്തേക്ക് കൊണ്ടുപോയി. ഗുജറാത്ത് എടിഎസ്, കോസ്റ്റ് ഗാർഡ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ തുടങ്ങിയ ഏജൻസികൾ ചേർന്നാണ് അന്വേഷണം നടത്തുന്നത്. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കടൽമാർഗമുള്ള രാജ്യാന്തര മയക്കുമരുന്ന് കടത്ത് തടയാനുള്ള നടപടികളുടെ ഭാഗമാണ് ഓപ്പറേഷനെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.









0 comments