Deshabhimani

നിരസിക്കുന്നത് മൂന്നാം തവണ

ഉമര്‍ ഖാലിദിന്റെയും ഷ‍ര്‍ജീൽ ഇമാമിന്റെയും ജാമ്യ ഹര്‍ജി തള്ളി

Umar Khalid, Sharjeel Imam
വെബ് ഡെസ്ക്

Published on Sep 30, 2026, 12:47 PM | 1 min read

ന്യൂഡൽഹി:2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിൽ ഗൂഡാലോചന ആരോപിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിദ്യാർത്ഥി പ്രക്ഷോഭകരായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ മൂന്നാം തവണയും ഡൽഹി ഹൈക്കോടതി തള്ളി.


ജസ്റ്റിസ് പ്രതിഭ എം സിങ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷകൾ നിരസിച്ചത്. ജനുവരി അഞ്ചിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഭദഗതി വരുത്താനാവില്ലെന്ന് കോടതി പറഞ്ഞു.


സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂർത്തിയാകുകയോ അല്ലെങ്കിൽ ഉത്തരവ് വന്ന് ഒരു വർഷം തികയുകയോ ചെയ്യുമ്പോൾ മാത്രമേ പ്രതികൾക്ക് വീണ്ടും ജാമ്യം തേടാനാകൂ എന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ജുഡീഷ്യൽ അച്ചടക്കത്തിന് വിരുദ്ധമായി ഈ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ തങ്ങൾക്ക് കഴിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.


ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. 53 പേർ കൊല്ലപ്പെടുകയും 700-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപത്തിന്റെ തുടര്‍ച്ചയായി ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ചുമത്തിയ കുറ്റമാണ്.


പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ (NRC) നടന്ന പ്രക്ഷോഭങ്ങൾ കലാപമായി പരിവര്‍ത്തിക്കപ്പെടുകയായിരുന്നു. ഷർജീൽ ഇമാം 2020 ഓഗസ്റ്റ് 25-നും ഉമർ ഖാലിദ് 2020 സെപ്റ്റംബർ 13-നുമാണ് അറസ്റ്റിലായത്. ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, മുൻ ആപ്പ് കൗൺസിലർ താഹിർ ഹുസൈൻ തുടങ്ങിയവരും ഈ കേസിൽ പ്രതികളാക്കപ്പെട്ട് തുടരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home