അവുലോസുണ്ടയോ അറബിമാന്ത്രികമോ?


എൻ എസ് സജിത്
Published on Sep 15, 2025, 10:53 PM | 2 min read
ഇങ്ങക്ക് ഇതെന്തിന്റെ പിരാന്താണ് ചെങ്ങായ്. ഒന്നുല്ല്യെങ്കിലും ഇങ്ങള് കോളേജില് കുട്ട്യാളെ പഠിപ്പിച്ച മാഷല്ലേ. പിന്നെ എംഎൽഎ ആയി, മന്ത്രിയായി, എന്നിട്ടും ഇങ്ങനെ ഒരന്തല്ലായ കാട്ട്‌ണത് എന്തിനാണ്? ഓലെ നന്നാക്കാൻ ങ്ങള് കൂട്ട്യാക്കൂടൂല. പാലമരത്തിൽനിന്ന് എറങ്ങിയാൽ കാഞ്ഞിരമരത്തിന്റെ തുഞ്ചത്ത് കേറ്‌ണ കൂട്ടരാ. അത്രേള്ളൂ ഓലെ കാര്യം. ഏതു കാലത്ത് തൊടങ്ങ്യതാ ലീഗിനെ നന്നാക്കാന്‌ള്ള ങ്ങള് ഇൗ പണി. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫിറോസിന്റെ നെഞ്ചത്ത് കയറി കോൽക്കളി കളിച്ചതോണ്ടൊന്നും ലീഗ് കുലുങ്ങൂല മാഷേ.
2002ൽ ഗുജറാത്ത് ഫണ്ട് മുക്ക്യേപ്പം തൊടങ്ങിയതാ. അത് കഴിഞ്ഞ് കത്വ ഫണ്ട്. പിന്നെ ഉന്നാവ് ഫണ്ട്. പിന്നെ ഫണ്ടോട് ഫണ്ട്. ഒടുക്കം വെട്ടിപ്പ് മ്മളെ താമരശേരി ചുരം കേറി മുണ്ടക്കെെയിലെത്തി. അവിടെ സർക്കാർ ഉണ്ടാക്കിക്കൊടുക്കുന്ന പൊരേല് താമസിക്കാൻ അഭിമാനികളായ ലീഗാരെ കിട്ടൂലാ എന്നു പറഞ്ഞാണ് പണം പിരിച്ചത്. 40 കോടിയോളം രൂപ നാട്ടാര് കൊടുത്തു. 12 കോടിക്ക് ഭൂമി വാങ്ങി. സെന്റിന് 15,000 തെകച്ചും വേണ്ട തോട്ടഭൂമിക്ക്. എന്നാൽ, അഭിമാനം വിട്ട് കളിക്കൂല ലീഗ്. സെന്റ് ഒന്നുക്ക് 98,000 മുതൽ 1.22 ലക്ഷം രൂപവരെ ലീഗ് മുടക്കി. അതാണ് അന്തസ്സ്. അവിടെ 105 പെരണ്ടാക്കണം. അയ്‌ന് കായ് പോരാ. ഇനീം പിരിക്കും. ഞമ്മള് ചോയ്‌ക്കും. പാവപ്പെട്ടവരും പൈസക്കാരുമായ ലീഗാര് വാരിക്കോരിത്തരും. അത് എന്തിന് എങ്ങനെ ചെലവാക്കി എന്നൊക്കെ അറിയേണ്ട കാര്യം അനക്കെന്താന്നാണ് ലീഗാരുടെ ചോദ്യം. ന്യായമായ ചോദ്യം.
ഇങ്ങനെയൊക്കെയായാലും അർശിന്റെ തണല് ലീഗാര്‌ക്കേ കിട്ടൂ എന്ന് ജലീൽ സായ്‌വ് ഇനിയെങ്കിലും മനസ്സിലാക്കണം. ആ കോണി വെറുമൊരു ചിഹ്നല്ല. ലീഗിൽ അംഗമായവർക്ക് എന്ത് ഹറാം പെറപ്പ് കാട്ടിയാലും സ്വർഗത്തിലേക്ക് എത്താനുള്ള ചവിട്ടുപടിയാണ്.
പരലോകത്ത് കടുത്ത ചൂടിൽ മനുഷ്യർ വിയർപ്പിൽ മുങ്ങി അങ്ങേയറ്റം ദുരിതവും പ്രയാസവുമായി കഴിയുന്ന, വിചാരണയ്‌ക്കുമുമ്പുള്ള വിഷമഘട്ടത്തിൽ പരമകാരുണികനായ അല്ലാഹുവിന്റെ പ്രത്യേകമായ തണലും സംരക്ഷണവും എന്ന സൗഭാഗ്യമാണ് അർശിന്റെ തണൽ. അത് സിദ്ധിക്കുന്ന വിശ്വാസികളിൽപ്പെട്ട ഏഴ് വിഭാഗം ആളുകൾ ആരൊക്കെയെന്ന് പ്രവാചകൻ രേഖപ്പെടുത്തിയിട്ടുണ്ട്. അവരെ പരിചയപ്പെടുത്തുന്ന ദർസിലെ പാഠം ഇങ്ങള് ഒന്നുംകൂടി മറിച്ചുനോക്കണം. അതിൽ ഒന്നാംസ്ഥാനം നീതിനിഷ്‌ഠനായ നേതാവിനാണ്. പടച്ചോൻ സഹായിച്ച് ലീഗിലെല്ലാവരും നീതിനിഷ്‌ഠരായ നേതാക്കളാണെന്ന് ജലീൽ സായ്‌വ് ഇനിയെന്ന് മനസ്സിലാക്കും?
വേറെയും കുറെ ആൾക്കാരുണ്ട്. ഇങ്ങനെ അർശിന്റെ തണൽ ലഭിക്കുന്ന ആറാമത്തെ വിഭാഗം ആരാണെന്നുകൂടി പഠിച്ച് വയ്‌ക്കുന്നത് നല്ലതാ മാഷേ. അവരാണ്, ‘വലതുകൈ ചെലവഴിക്കുന്നത് ഇടതുകൈ അറിയാതെ രഹസ്യമാക്കി വച്ചവൻ’. അതായത് ഇങ്ങളിപ്പോൾ സുയ്‌പ്പാക്കുന്ന ഫിറോസിനെപ്പോലുള്ളവർ. ഇൗ ദുനിയാവിലെ ഏതൊക്കെ രാജ്യത്താണ് മൂപ്പർക്ക് ജോബ് വിസയുള്ളത്. ഒരു രാജ്യത്ത് ചെയ്യുന്ന സേവനം മറ്റേ രാജ്യത്തുള്ളവർ അറിയുന്നുണ്ടോ. അദ്ദാണ്. നെറ്റിയിലെ വിയർപ്പ് ആറുംമുന്പ് കൂലി കൊടുക്കണമെന്ന പ്രവാചകവചനം പാലിക്കുന്ന ദീനിയായ നല്ല ഇൗമാനുള്ള വാല്യേക്കാരൻ. എത്ര ആൾക്കാർക്ക് തൊഴില് കൊടുക്കുന്നുണ്ട് ആ ചെറ്യോൻ. ഓനോട് കളിച്ചാൽ പടച്ചോൻ പൊറുക്കൂല ഇങ്ങളോട്.
കോടികൾ ചെലവിട്ട് വലതു കൈകൊണ്ട് ബംഗ്ലാവ് പണിതത് ഇടതുകൈ ഇതുവരെ അറിഞ്ഞിട്ടില്ല. അതാണ് ഓന്റെ ഇൽമിന്റെ പവറ്. ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവപ്പെട്ടവർക്ക് നൂറ്റ്യന്പത് ഉർപ്പ്യക്ക് മുണ്ട് വാങ്ങി അറുനൂറ് ഉർപ്പ്യക്ക് വിറ്റ മുത്തല്ലേ ഓൻ. മേലനങ്ങി ഒരു പണിയുമെടുത്തില്ലെങ്കിലെന്താ എന്പാടും ചുട്ട കോയീനെ പറപ്പിക്കുന്ന യമ്മി എന്ന പീട്യ തൊടങ്ങീലേ ഓൻ ഒന്ന് കോഴിക്കോട്ടും മറ്റേത് പാലക്കാട്ടും... ഇനിപ്പം ങ്ങക്ക് ഓന്റെ വരുമാനത്തിന്റെ സ്രോതസ്സ് അറിയണംല്ലേ. ഖൽബ് പെടക്കണ ഇങ്ങനത്തെ ചോദ്യം ചോദിക്കല്ലേ മാഷേ. ലീഗിനോട് കളിച്ചാ ദീനിനോട് കളിച്ച മാതിര്യാ. അല്ലെങ്കിലും ഓൻത്രപ്രൊനർഷിപ് എന്നു പറഞ്ഞാൽ അവുലോസുണ്ടയോ അറബിമാന്ത്രികമോ എന്നറിയാത്ത ജലീൽ സായ്‌വിനോട് ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം?















