വർഗീയതയ്‌ക്ക് വളമിടുന്ന ലീഗ്

ഡോ. കെ ടി ജലീൽ
Published on Nov 20, 2025, 10:56 PM | 5 min read
മുഹമ്മദ് അബ്ദു റഹിമാൻ സാഹിബും സി എച്ച് മുഹമ്മദ് കോയാ സാഹിബും ഇ കെ ഇമ്പിച്ചിബാവയും ടി ഒ ബാവ സാഹിബും ടി കെ മജീദും കെ ഒ ഐഷാ ബായിയും എ എ റഹിം സാഹിബും രാഷ്ട്രീയമായി കേരളീയ മുസ്ലിംസമൂഹത്തെ മതനിരപേക്ഷവൽക്കരിച്ച മഹത്തുക്കളാണ്. ബാഫഖി തങ്ങളും കെ എം സീതി സാഹിബും തങ്ങൾകുഞ്ഞ് മുസ്ലിയാരും ഡോ. ഗഫൂർ സാഹിബും എം കെ ഹാജിയും പി കെ കുഞ്ഞ് സാഹിബും പരീക്കുട്ടി ഹാജിയും ജെ ഡി ടി ഹസ്സൻ ഹാജിയും കേരള മുസ്ലിങ്ങളുടെ വൈജ്ഞാനിക, മതനിരപേക്ഷവൽക്കരണ പ്രക്രിയക്കും തുടക്കമിട്ടു. സുന്നി പ്രസ്ഥാനങ്ങളും സലഫി സംഘടനകളും എംഇഎസും എംഎസ്എസും മുസ്ലിം സമുദായത്തെ വർഗീയവൽക്കരണത്തിൽനിന്ന് തടഞ്ഞുനിർത്താൻ ആവുന്നതെല്ലാം ചെയ്തു.
മുസ്ലിം ഏകീകരണമുണ്ടായാൽ അത് രാഷ്ട്രീയമായി ലീഗിന് ഗുണം ചെയ്യുമെന്ന മിഥ്യാധാരണയാണ് അവരുടെ മൗനത്തിന്റെ അടിസ്ഥാനം. ലീഗ് നേതൃത്വത്തിൽ അണികൾക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്നു തോന്നിയ ഘട്ടങ്ങളിലെല്ലാം കൃത്രിമ സമുദായ ഏകീകരണ മുദ്രാവാക്യം ലീഗ് മുഴക്കിയിട്ടുണ്ട്
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രംഗപ്രവേശവും എൻഡിഎഫിന്റെ പിറവിയും ശാന്തമായും സൗമ്യമായും ഒഴുകിയിരുന്ന കേരളത്തിലെ മുസ്ലിം രാഷ്ട്രീയധാരയെ കലക്കിമറിച്ചു. ജമാഅത്ത് പ്രസിദ്ധീകരണങ്ങൾ അത്തരമൊരു അട്ടിമറിക്ക് മണ്ണൊരുക്കുന്നതിൽ സർവശ്രദ്ധയും കേന്ദ്രീകരിച്ചു. വൈകാതെ മുസ്ലിം രാഷ്ട്രീയം രൗദ്രഭാവം പൂണ്ടു. ഉത്തരേന്ത്യക്ക് സമാനമല്ലെങ്കിലും ഏതാണ്ട് അതിനോടൊപ്പം ഇഴുകിച്ചേരാൻ മലയാളക്കരയിലെ മുസ്ലിം സമൂഹത്തെ ചില സംഘടനകളും നേതാക്കളും ഉത്തേജിപ്പിച്ചു. അപകടം മണത്തിട്ടും അത്തരം സംഘടനകളെ തുറന്നുകാട്ടാനോ വ്യക്തികളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനോ മുസ്ലിംലീഗോ ലീഗ് മുഖപത്രമോ തയ്യാറായില്ല. മുസ്ലിം ഏകീകരണമുണ്ടായാൽ അത് രാഷ്ട്രീയമായി ലീഗിന് ഗുണം ചെയ്യുമെന്ന മിഥ്യാധാരണയാണ് അവരുടെ മൗനത്തിന്റെ അടിസ്ഥാനം. ലീഗ് നേതൃത്വത്തിൽ അണികൾക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്നു തോന്നിയ ഘട്ടങ്ങളിലെല്ലാം കൃത്രിമ സമുദായ ഏകീകരണ മുദ്രാവാക്യം ലീഗ് മുഴക്കിയിട്ടുണ്ട്.
ഇരു ലീഗുകളും യോജിച്ചശേഷമാണ് ‘ഉമ്മത്ത് ഒറ്റക്കെട്ടാകണം’ അഥവാ മുസ്ലിം സമുദായം ഒന്നിക്കണമെന്ന തലതിരിഞ്ഞ ചിന്ത ലീഗ് ഏറ്റെടുക്കുന്നത്. അക്കാലത്തെ ലീഗ് സമ്മേളനങ്ങളിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങൾ മറ്റ് സമുദായങ്ങളിലും ‘ഐക്യപ്പെടലിന്റെ' വികാരമുണർത്തി. ക്രൈസ്തവ സംഘടനകളും മുസ്ലിങ്ങളെപ്പോലെ ഐക്യപ്പെടാൻ ആഹ്വാനം ചെയ്തു. സംഘികൾ ഹിന്ദുക്കൾക്കിടയിലും ‘ഒരുമ'യുടെ വെടിപൊട്ടിച്ചു. ഈ ഐക്യപ്പെടലുകളെല്ലാം സമൂഹത്തിൽ വിഭാഗീയത വളരാൻ കാരണമായി.

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും അഖിലേന്ത്യ മുസ്ലിംലീഗും യോജിച്ചതിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമാണ് അധികാരത്തിൽ വന്നത്. സി എച്ചിന്റെയും എം കെ ഹാജിയുടെയും വിയോഗശേഷമാണ് ലീഗുകൾ ലയിച്ചത്. അവരിരുവരും രണ്ടു ചേരിയിലുമുള്ള മുസ്ലിങ്ങളെ മതനിരപേക്ഷപാതയിൽ സഞ്ചരിക്കാൻ പഠിപ്പിച്ചവരാണ്.
ലീഗുകളുടെ യോജിപ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഭരണത്തിൽ എത്തുമെന്ന് ലീഗോ യുഡിഎഫോ പ്രതീക്ഷിച്ചിരുന്നില്ല. ലീഗുകൾ യോജിച്ചതോടെ സമ്പൂർണ മുസ്ലിം ഏകീകരണം സാധ്യമായെന്ന് ലീഗ് ഊറ്റംകൊണ്ടു. മുഖ്യധാരാ മുസ്ലിം സമുദായ സംഘടനകളെല്ലാം ഒറ്റക്കെട്ടായി ലീഗിനുപിന്നിൽ അണിനിരന്നെന്നും ലീഗ് വിചാരിച്ചു. ലീഗിനെയും യുഡിഎഫിനെയും പ്രതിപക്ഷത്തിരുത്താനാണ് പക്ഷേ, ജനങ്ങൾ തീരുമാനിച്ചത്. അങ്ങനെ ലീഗില്ലാത്ത ഭരണം കേരളത്തിൽ വന്നു. ഇ കെ നായനാർ മുഖ്യമന്ത്രിയായി. ലീഗ് ശരിക്കും ഞെട്ടിത്തരിച്ചു. മുസ്ലിം ഏകീകരണനീക്കം അമ്പേ പാളിയതായും അതിനൊരു എതിർ അനുരണനം അപ്പുറത്ത് ഉണ്ടായതായും ലീഗ് പതിയെ മനസ്സിലാക്കി. ആ തിരിച്ചറിവ് അധികനാൾ നീണ്ടുനിന്നില്ല. "അധികാരപ്പനി’ ലീഗിനെ ആവാഹിച്ചപ്പോൾ മതനിരപേക്ഷലൈനിൽനിന്ന് ഒച്ചിന്റെ വേഗത്തിലെങ്കിലും ലീഗ് മാറിസഞ്ചരിക്കാൻ തുടങ്ങി. വിജയലഹരിയിലാണ്ട അവർ നടന്ന വഴിയിൽ പതിയിരുന്ന ചതിക്കുഴികൾ തിരിച്ചറിഞ്ഞില്ല. മുസ്ലിം സമുദായത്തിന്റെ തലച്ചോറ് ആരുടെ ഓഫീസിലും അടിയറവച്ചിട്ടില്ലെന്ന് ലീഗിന് ബോധ്യമായത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ്. ‘ഐക്യ’ത്തിന്റെ കുറുക്കുവഴികൾ അധികാരത്തിലേക്ക് ഏണിപ്പടികൾ വച്ചുതരില്ലെന്ന് ഒരിക്കൽക്കൂടി അവർക്ക് ബോധ്യമായി.
ലീഗുവിരോധികളായ ഒരു നല്ല വിഭാഗം മുസ്ലിംസമുദായത്തിൽ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അവർ ഇടതുപക്ഷ പാർടികളിലും കോൺഗ്രസിലും അണിനിരന്നവരാണ്
2021-ൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ഉണ്ടായതോടെ ലീഗ് നേതൃത്വം അങ്കലാപ്പിലായി. അയ്യഞ്ചുവർഷം കൂടുമ്പോൾ പോക്കറ്റ് നിറയ്‌ക്കാൻ കിട്ടിയിരുന്ന ഭരണം കൈവിട്ടതോടെ ലീഗിന് ഒരുതരം ഭ്രാന്തുപിടിച്ചമട്ടായി. പയറ്റി പരാജയപ്പെട്ടതായിരുന്നിട്ടും "മുസ്ലിം ഏകീകരണ’മെന്ന തുരുമ്പിച്ച ആയുധം വീണ്ടും അവർ പുറത്തെടുത്തു. ലീഗിന്റെ ബദ്ധവൈരിയായിരുന്ന ജമാഅത്തെ ഇസ്ലാമിക്കാരെ കൂട്ടിപ്പിടിച്ചാണ് ഇത്തവണ കളത്തിലിറങ്ങിയത്. ആ അഹങ്കാരം സമസ്ത പിളർന്നാലും സാരമില്ലെന്ന മനോഗതത്തിൽവരെ ലീഗിനെ എത്തിച്ചു. സി എച്ചിന്റെ കാലത്തുപോലും മുസ്ലിം ഏകീകരണത്തിന് സമുദായം നിന്നുകൊടുത്തിട്ടില്ല. ലീഗുവിരോധികളായ ഒരു നല്ല വിഭാഗം മുസ്ലിംസമുദായത്തിൽ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അവർ ഇടതുപക്ഷ പാർടികളിലും കോൺഗ്രസിലും അണിനിരന്നവരാണ്.
മുസ്ലിങ്ങളെ മുഴുവൻ ലീഗിന് തീറെഴുതിക്കൊടുക്കാൻ ദേശീയ മുസ്ലിങ്ങളും ഇടതുപക്ഷ അനുഭാവമുള്ള മുസ്ലിങ്ങളും ഒരുഘട്ടത്തിലും തയ്യാറായില്ല. സഹോദരസമുദായങ്ങൾ അതുൾക്കൊണ്ടു. അങ്ങനെയാണ് എല്ലാ സമുദായങ്ങളിൽനിന്നുമുള്ള മതനിരപേക്ഷവാദികൾ ഒന്നിച്ചുനിന്നത്. മാനവിക ഐക്യം ഇടതുപക്ഷത്തെ തുണച്ചു. ഒന്നും ഒന്നും രണ്ട് എന്ന കണക്കിലെ സത്യം രാഷ്ട്രീയത്തിൽ ശരിയായിക്കൊള്ളണമെന്നില്ലെന്ന് അനുഭവം തെളിയിച്ചു. അതിന്റെ ഫലമായിരുന്നു ലീഗ് ലയനശേഷമുള്ള കേരളത്തിലെ ഇടതുപക്ഷഭരണവും 2021-ലെ പിണറായി സർക്കാരിന്റെ തുടർഭരണവും.
ലീഗ് ഗ്രൂപ്പുകളിലും ലീഗ് നിയന്ത്രിത കുടുംബഗ്രൂപ്പുകളിലും മുസ്ലിം റിലീഫ് ഗ്രൂപ്പുകളിലും ലീഗ് പ്രവർത്തകർ പോസ്റ്റ് ചെയ്യുന്നത് ലീഗ് നേതാക്കളുടെ വീഡിയോ ക്ലിപ്പിങ്ങുകളോ എഴുത്തുകളോ അല്ല. മരിച്ചുകിടക്കുന്ന മുസ്ലിമിനെവരെ ജീവൻവയ്‌പിച്ച് വർഗീയചേരിയിൽ ഉറഞ്ഞുതുള്ളാൻ ഹേതുവായ വംശീയത ത്രസിപ്പിക്കുന്ന ‘ദാവൂദി’ന്റെയും ‘അടിവാര’ത്തിന്റെയും നുണകൾകൊണ്ട് പടച്ചുണ്ടാക്കുന്ന പച്ചക്കള്ളങ്ങളാണ്
അക്കാലത്ത് നടത്തിയതിനേക്കാളെല്ലാം അപകടകരമായ സാമുദായിക ധ്രുവീകരണശ്രമമാണ് ജമാഅത്തെ ഇസ്ലാമിയെയും മുസ്ലിങ്ങളിലെ തീവ്രചിന്തക്കാരെയും സൈബർ പോരാളികളെയും കമ്യൂണിസ്റ്റ് വിരുദ്ധ പേനയുന്തികളെയും ‘ബുദ്ധിജീവികളെ'യും അണിനിരത്തി ലീഗ് ഇപ്പോൾ നടത്തുന്നത്. ലീഗ് ഗ്രൂപ്പുകളിലും ലീഗ് നിയന്ത്രിത കുടുംബഗ്രൂപ്പുകളിലും മുസ്ലിം റിലീഫ് ഗ്രൂപ്പുകളിലും ലീഗ് പ്രവർത്തകർ പോസ്റ്റ് ചെയ്യുന്നത് ലീഗ് നേതാക്കളുടെ വീഡിയോ ക്ലിപ്പിങ്ങുകളോ എഴുത്തുകളോ അല്ല. മരിച്ചുകിടക്കുന്ന മുസ്ലിമിനെവരെ ജീവൻവയ്‌പിച്ച് വർഗീയചേരിയിൽ ഉറഞ്ഞുതുള്ളാൻ ഹേതുവായ വംശീയത ത്രസിപ്പിക്കുന്ന ‘ദാവൂദി’ന്റെയും ‘അടിവാര’ത്തിന്റെയും നുണകൾകൊണ്ട് പടച്ചുണ്ടാക്കുന്ന പച്ചക്കള്ളങ്ങളാണ്. മനുഷ്യവിസർജ്യത്തിൽവരെ മതവും സമുദായവും വംശവും ചികയുന്ന വിഷജന്തുക്കളാണ് ഇരുവരും.
മുഖ്യമന്ത്രി പിണറായി വിജയനും ‘ജന്മം കൊണ്ട് ഹൈന്ദവരും കർമംകൊണ്ട് കമ്യൂണിസ്റ്റുകാരുമായ’ സഖാക്കളും ‘സംഘി'കളാണെന്ന വ്യാപകപ്രചാരണം ലീഗിലെ തീവ്രൻമാരുടെയും ദാവൂദ്–അടിവാരം ടീമിന്റെയും സൃഷ്ടിയാണ്. പിണറായി വിജയൻ മുസ്ലിം സമുദായ നേതാക്കളുമായി ഒരു ‘ഹോട്ട്‌ലൈൻ’ ബന്ധം സ്ഥാപിച്ചത് ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും തീരെ രസിച്ചിട്ടില്ല. ലീഗിലൂടെ അല്ലാതെ മുസ്ലിങ്ങളിലേക്ക് ഒരു പാലം കെട്ടാൻ ഇന്നോളം ലീഗ് ആരെയും അനുവദിച്ചിട്ടില്ല.
സമൂഹത്തെ മുച്ചൂടും വർഗീയവൽക്കരിക്കാനാണ് എല്ലാ സമുദായങ്ങളിലെ വിഭാഗീയവാദികളും സ്വാർഥന്മാരും ഒത്തൊരുമിച്ച് ശ്രമിക്കുന്നത്. ഒരു വർഗീയത മറ്റ് വർഗീയതകൾക്ക് വളമാകുമെന്ന് സഖാവ് ഇ എം എസ് നിരീക്ഷിച്ചത് എത്ര ശരിയാണ് !
ജമാഅത്തെ ഇസ്ലാമിയാണ് മുസ്ലിം സമുദായത്തിന്റെ ഏകീകൃതമനസ്സ് രൂപപ്പെടുത്തുന്നതെന്ന മിഥ്യാബോധം തെറ്റായ വഴിയിലൂടെ സഞ്ചരിക്കാൻ അവർക്കും പ്രേരണയായി. അതിനവർ ആധാരമായി കാണുന്നത് ജമാഅത്തെ ഇസ്ലാമിയുടെ കൈയിലുള്ള പത്രവും ചാനലും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുമാണ്. "എല്ലാം’ ഒരു മെയ്യായിത്തീരാൻ തീരുമാനിച്ചതോടെ ലീഗിന്റെ ആത്മവിശ്വാസം വാനോളമുയർന്നു. അധികാരക്കൊതി മൂത്ത ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും "വമ്പത്തരങ്ങൾ' സഹോദരസമുദായങ്ങളിലും ചലനങ്ങളുണ്ടാക്കി. ലീഗും ജമാഅത്തും അടങ്ങുന്ന ‘മുസ്ലിം ഐക്യമുന്നണി' പ്രചരിപ്പിക്കുന്നതിന്റെ ‘ഹിന്ദു പതിപ്പ്' ഹിന്ദു കുടുംബഗ്രൂപ്പുകളിലും ‘ക്രിസ്ത്യൻ പതിപ്പ്' ക്രൈസ്തവ കുടുംബഗ്രൂപ്പുകളിലും ‘സംഘി’കളും ‘കാസ’ക്കാരും യഥേഷ്ടം പ്രചരിപ്പിക്കാൻ തുടങ്ങി. സമൂഹത്തെ മുച്ചൂടും വർഗീയവൽക്കരിക്കാനാണ് എല്ലാ സമുദായങ്ങളിലെ വിഭാഗീയവാദികളും സ്വാർഥന്മാരും ഒത്തൊരുമിച്ച് ശ്രമിക്കുന്നത്. ഒരു വർഗീയത മറ്റ് വർഗീയതകൾക്ക് വളമാകുമെന്ന് സഖാവ് ഇ എം എസ് നിരീക്ഷിച്ചത് എത്ര ശരിയാണ് !
കേരളത്തിൽ ഹിന്ദു-, മുസ്ലിം, -ക്രൈസ്തവ വർഗീയതകളെയും ഏകീകരണശ്രമങ്ങളെയും എതിർത്തുതോൽപ്പിച്ചില്ലെങ്കിൽ ബിജെപി–ലീഗ്-കാസ–ജമാഅത്തെ ഇസ്ലാമി ശക്തികൾ അവരവരുടെ സമുദായങ്ങളിലെ മതനിരപേക്ഷവാദികളും വർഗീയവാദികളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കും. ആത്യന്തികമായി അത് മതനിരപേക്ഷതയെ ദുർബലപ്പെടുത്തും. മത-ജാതി വിഭാഗങ്ങളുടെ ഏകീകരണമല്ല, മനുഷ്യരുടെ പരമമായ ഐക്യമാണ് ലോകമെങ്ങും നടക്കേണ്ടത്. പട്ടിണിയേക്കാൾ വലിയ പ്രശ്നം വേറെയില്ലെന്നാണ് ഗാസയിൽ ഭക്ഷണം കിട്ടാതെ മരിച്ച ആയിരക്കണക്കിന് പിഞ്ചോമനകൾ നമ്മോടു പറയുന്നത്. മനുഷ്യന്റെ ആത്മാഭിമാനമാണ് സംരക്ഷിക്കേണ്ടത്. ജനങ്ങളുടെ പാർപ്പിടപ്രശ്നങ്ങളും പുതുതലമുറയുടെ വിദ്യാഭ്യാസ–തൊഴിൽ സ്വപ്‌നങ്ങളുമാണ് പരിഹരിക്കേണ്ടത്. അതിന് ജനങ്ങളെ ഒന്നായി കാണുന്ന മാനവിക കൂട്ടായ്മയാണ് രൂപപ്പെടേണ്ടത്. മനുഷ്യരുടെ ഐക്യത്തെ തുരങ്കംവയ്‌ക്കുന്ന എല്ലാ ഛിദ്രശക്തികളെയും ചെറുത്തുതോൽപ്പിക്കണം.
മുസ്ലിങ്ങൾക്ക് ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽനിന്ന് പഠിക്കാൻ ഏറെയുണ്ട്. ഓരോരുത്തരും അവരവരുടെ സമുദായക്കാര്യത്തിന് മുൻതൂക്കം നൽകിയിരുന്നെങ്കിൽ മംദാനി വിജയക്കൊടി പാറിക്കുമായിരുന്നില്ല
അഞ്ചുശതമാനംപോലും മുസ്ലിങ്ങളില്ലാത്ത ജൂത-ക്രൈസ്തവ വിഭാഗങ്ങൾക്ക് മേധാവിത്വമുള്ള ന്യൂയോർക്കിലാണ് മുസ്ലിം- കുടിയേറ്റ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സൊഹ്‌റാൻ മംദാനിയെ മേയറായി തെരഞ്ഞെടുത്തത്. ക്രൈസ്തവ-ജൂത സമൂഹങ്ങളിലെ ‘ദാവൂദാദി–അടിവാര’ങ്ങളുടെ വംശീയ വർഗീയ പ്രചാരണങ്ങളെ തള്ളിയാണ് മംദാനി തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിങ്ങൾക്ക് ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽനിന്ന് പഠിക്കാൻ ഏറെയുണ്ട്. ഓരോരുത്തരും അവരവരുടെ സമുദായക്കാര്യത്തിന് മുൻതൂക്കം നൽകിയിരുന്നെങ്കിൽ മംദാനി വിജയക്കൊടി പാറിക്കുമായിരുന്നില്ല. എല്ലാ മത-ജാതി ചിന്തകൾക്കും അതീതമായി മനുഷ്യരെ ചേർത്തുനിർത്തുന്ന ചേരിയാണ് കേരളത്തിലെ ഇടതുപക്ഷമുന്നണി. ആ മുന്നണിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിക്കേണ്ടത്. സൊഹ്‌റാൻ മംദാനിയുടെ വിജയംപോലെ ലോകമെങ്ങും ഇടതുപക്ഷവിജയവും ആഘോഷിക്കപ്പെടും. കാരണം ബഹുസ്വരസമൂഹത്തിലെ മതനിരപേക്ഷതയുടെയും ജനാധിപത്യ സോഷ്യലിസത്തിന്റെയും വിജയമാകും അത്.














