മുറിവുകളുടെ ആഴം കൂടി


എൻ എസ് സജിത്
Published on Jan 15, 2026, 09:49 PM | 2 min read
കശ്‌മീരിന്റെ പ്രത്യേകപദവി മോദിസർക്കാർ എടുത്തുകളയുമ്പോൾ സിപിഐ എം ഉന്നയിച്ച ആശങ്കകൾ സത്യമായിരിക്കുന്നുവെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു കശ്‌മീർ നിയമസഭാംഗവുമായ മുഹമ്മദ് യൂസുഫ് തരിഗാമി പറഞ്ഞു. തിരുവനന്തപുരം ഇ എം എസ് അക്കാദമിയിൽ ഇന്ന് ആരംഭിക്കുന്ന മൂന്നുദിവസത്തെ സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഹമ്മദ് യൂസുഫ് തരിഗാമിയുമായി ദേശാഭിമാനി ന്യൂസ് എഡിറ്റർ എൻ എസ് സജിത് നടത്തിയ അഭിമുഖം
ജമ്മു കശ്‌മീരിന്റെ പ്രത്യേക സ്വയംഭരണപദവി എടുത്തുമാറ്റി ഭരണഘടനയുടെ 370–ാം അനുച്ഛേദം 2019ൽ റദ്ദാക്കുന്പോൾ തീവ്രവാദത്തിന് അന്ത്യംകുറിക്കുമെന്നും സമഗ്രവികസനം സാധ്യമാകുമെന്നുമായിരുന്നു മോദിസർക്കാരിന്റെ വാദം. ഏഴുവർഷത്തെ അനുഭവമെന്താണ്
■ എക്കാലവും തീവ്രവാദത്തിന്റെ ഇരകളാണ് കശ്‌മീരിജനത. സംസ്ഥാനപദവി റദ്ദാക്കിയതോടെ അന്തരീക്ഷം കൂടുതൽ സങ്കീർണമാകുകയാണ്. ജനതയുടെ ന്യായമായ ആവശ്യങ്ങളൊന്നും മാറിമാറി വന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരിഗണിച്ചിട്ടില്ല. ആർട്ടിക്കിൾ 370 തീർച്ചയായും ഭരണഘടന നൽകുന്ന ഉറപ്പുകളുടെ പ്രതീകമായിരുന്നു. പാകിസ്ഥാൻ നടത്തിയ ഇടപെടലുകൾക്കിടയിലും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്‌മീർ ഇന്ത്യയോട് ചേരണമെന്ന് ഷെയ്‌ഖ് അബ്‌ദുള്ളയുടെ നേതൃത്വത്തിൽ ജനങ്ങൾ സ്വമേധയാ തീരുമാനിച്ചതാണ്. അന്ന് ഭരണഘടനാ നിർമാണസഭതന്നെയാണ് പ്രത്യേകപദവി എന്ന ആശയം മുന്നോട്ടുവച്ചത്. അത് എടുത്തുകളയുന്പോൾ സിപിഐ എം ഉന്നയിച്ച ആശങ്കകൾ സത്യമായിരിക്കുന്നു. ഇന്ന് ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നഗ്നമായി ലംഘിക്കപ്പെടുകയാണ്. തീവ്രവാദം ശക്തിപ്പെട്ടു. വികസനത്തിൽ ഒരിഞ്ച് മുന്നോട്ടുനീങ്ങിയില്ല. ഹിന്ദുത്വ–കോർപറേറ്റ് സഖ്യത്തിന്റെ ഇടപെടലുകൾ സ്ഥിതി കൂടുതൽ വഷളാക്കി. കേന്ദ്രസർക്കാരിന്റെ ധ്രുവീകരണശ്രമങ്ങൾ തീവ്രമായതോടെ കശ്‌മീരികളുടെ മുറിവുകൾക്ക് ആഴം കൂടി. ബിജെപിയുടെ വിദ്വേഷത്തിന്റെ വിളവെടുപ്പാണിപ്പോൾ.
സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നില്ലേ
■ സംസ്ഥാനപദവിയും 370–ാം അനുച്ഛേദവും പുനഃസ്ഥാപിക്കണമെന്ന് ഏറ്റവും ശക്തമായി ആവശ്യപ്പെടുന്നത് സിപിഐ എമ്മാണ്. മറ്റു പാർടികൾക്ക് അനുകൂല നിലപാടാണെങ്കിലും അവരൊന്നും ഇക്കാര്യം സിപിഐ എമ്മിനോളം ശക്തമായി ഉന്നയിക്കുന്നില്ല. ജമ്മു കശ്‌മീരിന്റെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ഒപ്പംനിന്നത് സിപിഐ എമ്മാണ്. ഇ എം എസ് ജനറൽ സെക്രട്ടറിയായ കാലത്തുതന്നെ, സംസ്ഥാനത്തിന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടപ്പോഴൊക്കെ അദ്ദേഹമടക്കമുള്ള നേതാക്കൾ ജമ്മു കശ്‌മീരിൽ എത്തിയിട്ടുണ്ട്.
ജമ്മുവിലെ മെഡിക്കൽ കോളേജിൽ കശ്‌മീരി വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചതിന്റെ പേരിലുള്ള പകപോക്കലിനെക്കുറിച്ച്
■ ജമ്മുവിലെ മാതാ വൈഷ്‌ണോദേവി മെഡിക്കൽ കോളേജിൽ കശ്‌മീർ താഴ്‌വരയിലെ 42 വിദ്യാർഥികൾക്ക് നിയമാനുസൃതമാണ് പ്രവേശനം ലഭിച്ചത്. അവരുടെ മതത്തിന്റെ പേരിൽമാത്രം ഇൗവർഷത്തെ കോഴ്‌സിനുള്ള അംഗീകാരംതന്നെ ദേശീയ മെഡിക്കൽ കമീഷൻ പിൻവലിച്ചു. വിദ്വേഷത്തിലൂന്നിയ ഇത്തരം വിഭാഗീയ നടപടികൾ കശ്‌മീരിലെ യുവാക്കളിൽ എന്ത് വികാരമാണ് സൃഷ്‌ടിക്കുക. എല്ലാ അർഥത്തിലും യോഗ്യതയുള്ള കുട്ടികളെയാണ് കേന്ദ്രസർക്കാർ അപമാനിച്ചത്. യോഗ്യതയെ അല്ല ബിജെപി സർക്കാർ മാനിക്കുന്നത്. വിദ്വേഷപ്രചാരണം മാത്രമാണ് അജൻഡ എന്ന സന്ദേശമാണ് അതിലൂടെ ബിജെപി കശ്‌മീരിന് നൽകുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുൽഗാമിൽ താങ്കൾക്കെതിരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി കശ്‌മീർ ജമാഅത്തെ ഇസ്ലാമിയുടെ നേതാവാണ്. ബിജെപിയുടെ പിന്തുണയും ഉണ്ടായിരുന്നു. ആ സാഹചര്യം വിശദീകരിക്കാമോ
■ കശ്‌മീർ ജമാഅത്തെ ഇസ്ലാമി നിരോധിത സംഘടനയാണ്. അതിന്റെ നേതാക്കൾ മുന്പും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. ബിജെപിയാണ് ജമാഅത്തെ ഇസ്ലാമിയെ സ്‌പോൺസർ ചെയ്യുന്നത്. നിരോധിക്കപ്പെട്ട സംഘടനയുടെ നേതാക്കൾക്ക് മത്സരിക്കാനായത് ബിജെപി സഹായംകൊണ്ടുമാത്രമാണ്. സ്വതന്ത്ര വേഷത്തിലാണ് അവർ മത്സരിക്കുക. എന്നാൽ, ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായ മുദ്രാവാക്യവും വിളിക്കും. അതിനെല്ലാം പരസ്യസഹായം ചെയ്‌തത് ബിജെപിയാണ്. മുമ്പൊക്കെ രഹസ്യമായി ചെയ്‌ത സഹായം ഇത്തവണ കൂടുതൽ പ്രകടമായി. ജനങ്ങൾ വിവേകമുള്ളവരാണെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. അവർ ഇൗ അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി സിപിഐ എമ്മിനെ വിജയിപ്പിച്ചു.
കേരളത്തിലും ബിജെപിയെ എന്നപോലെ ജമാഅത്തെ ഇസ്ലാമിയുടെ കുതന്ത്രങ്ങളെയും പരാജയപ്പെടുത്താൻ വോട്ടർമാർ തയ്യാറാകണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ വർഗീയതയ്‌ക്കെതിരെയും സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനുവേണ്ടിയും വിവേകപൂർണമായി വിധിയെഴുതും.















