ഫെഡറലിസത്തിന് മോദിയുടെ ദയാവധം


അഡ്വ. വി എൻ ഹരിദാസ്
Published on Nov 18, 2025, 02:59 AM | 3 min read
ഫെഡറലിസം രൂക്ഷമായ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിട്ട ഒരു കാലഘട്ടമാണ് 2014 മുതലുള്ള മോദിഭരണം. ബിജെപിയുടെ പ്രത്യയശാസ്ത്രത്തിൽത്തന്നെ അവർ ഫെഡറൽ മാതൃകയെ അംഗീകരിക്കുന്നില്ല. ജനസംഘത്തിന്റെ 1951ലെ പ്രകടനപത്രികമുതൽ അവർ ഏക ദേശീയതയ്‌ക്കുവേണ്ടിയാണ് വാദിച്ചിരുന്നത്. അനുച്ഛേദം 370 റദ്ദാക്കി ജമ്മു കശ്മീരിനെ പൂർണമായും ഇന്ത്യയുടെ ഭാഗമാക്കണമെന്ന് 1951ലെ ജനസംഘം പ്രകടനപത്രികമുതൽ ആവശ്യപ്പെടുന്നുണ്ട്. 1957ലെ പ്രകടനപത്രികയിൽ ഹിന്ദുക്കൾ അല്ലാത്ത എല്ലാ വിഭാഗങ്ങളെയും "ഭാരതീയ സംസ്കാരത്തിലേക്ക്’ ഉദ്ഗ്രഥിക്കണമെന്നും ഭരണഘടന ഭേദഗതി ചെയ്ത് ഭാരതത്തെ ഒരു ‘യൂണിറ്ററി രാഷ്ട്ര’മായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഒരു രാഷ്ട്രം, ഒരു നികുതി, ഒരു സംസ്കാരം, ഒരു ഭാഷ എന്നത് എക്കാലത്തെയും ബിജെപിയുടെ പ്രത്യയശാസ്ത്രമാണ്. സ്വാഭാവികമായും ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം ലഭിച്ച കാലയളവിൽ ഈ പ്രത്യയശാസ്ത്രപദ്ധതിയുടെ പ്രതിഫലനം ഭരണത്തിൽ ഉടനീളമുണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയിൽ ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാനശിലയാണെന്ന് സുപ്രീംകോടതിതന്നെ നിരവധി കേസുകളിലൂടെ ഉറപ്പിച്ചിട്ടുണ്ട്. (S.R Bommai v Union of India 1994, Kuldip Nayar v Union of India 2006). ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളെയും തങ്ങളുടെ ആശയങ്ങൾ അംഗീകരിക്കാത്തവരെയും ഭരണനയങ്ങളും ഉപാധികളുംവഴി ഏതു നിലയിലും ഞെരുക്കുക എന്നതാണ് മോദിഭരണത്തിന്റെ നയം.
മോദി ഭരണകൂടത്തിന്റെ ആദ്യനീക്കങ്ങളിലൊന്ന് നെഹ്റു കാലംമുതൽ നിലനിന്നിരുന്ന പ്ലാനിങ് കമീഷനെ പിരിച്ചുവിടുക എന്നതായിരുന്നു. അതിനുപകരം 2015 മുതൽ നിതി ആയോഗ് എന്നൊരു പുതിയ സംവിധാനം കൊണ്ടുവന്നു. "ശക്തമായ സംസ്ഥാനങ്ങൾ ശക്തമായ രാഷ്ട്രത്തെ സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവിൽ സംസ്ഥാനങ്ങൾക്ക് തുടർച്ചയായ ഘടനാപരമായ പിന്തുണ നൽകിക്കൊണ്ട് സഹകരണാത്മക ഫെഡറലിസത്തെ വളർത്തുക’ എന്നതാണ് നിതി ആയോഗിന്റെ ലക്ഷ്യമായി നിർവചിച്ചത്. നയരൂപീകരണത്തിൽ, സംയോജനത്തിൽ, നിർവഹണത്തിൽ, നടത്തിപ്പിൽ എല്ലാം പോയകാലങ്ങളിൽനിന്ന് കൃത്യമായ വിച്ഛേദം മോദികാലത്ത് സംഭവിച്ചു. ഏറെ കാലമായി ഉപയോഗിക്കാതെ കിടന്ന അനുച്ഛേദം 356 രണ്ട് സംസ്ഥാനങ്ങളിൽ (അരുണാചൽപ്രദേശ്, ഉത്തരാഖണ്ഡ്) - പ്രയോഗിക്കാനുള്ള ശ്രമം നടന്നു.
പല ദേശീയ പദ്ധതികളുടെയും ഗുണഭോക്താക്കളാകണമെങ്കിൽ ആധാർ നിർബന്ധമായി എന്നത് കേന്ദ്രീകൃത പദ്ധതിനിർവഹണത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. 2017ൽ കൊണ്ടുവന്ന ജിഎസ്ടി ‘ഒരു രാഷ്ട്രം ഒരു നികുതി’ എന്ന ആശയത്തിന്റെ പ്രയോഗമായിരുന്നു
സഹകരണ ഫെഡറലിസത്തിന് എതിരെയുള്ള വലിയ ആക്രമണമായിരുന്നു 2016 നവംബറിൽ നടന്ന നോട്ട് നിരോധനം. ദേശീയതലത്തിൽ പൂർണമായും കേന്ദ്രീകൃതമായി നടന്ന ഒന്നായിരുന്നു നോട്ട് നിരോധനം. സംസ്ഥാനങ്ങളുടെ അതിരുകളെയെല്ലാം ഭേദിച്ചുകൊണ്ടുള്ള മറ്റൊരു നയനിർവഹണമായിരുന്നു ആധാർ നിർബന്ധിതമാക്കിയത്. പല ദേശീയ പദ്ധതികളുടെയും ഗുണഭോക്താക്കളാകണമെങ്കിൽ ആധാർ നിർബന്ധമായി എന്നത് കേന്ദ്രീകൃത പദ്ധതിനിർവഹണത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. 2017ൽ കൊണ്ടുവന്ന ജിഎസ്ടി ‘ഒരു രാഷ്ട്രം ഒരു നികുതി’ എന്ന ആശയത്തിന്റെ പ്രയോഗമായിരുന്നു. സംസ്ഥാനങ്ങളുടെ തനത് ധനാഗമ മാർഗങ്ങളെ ഇല്ലാതാക്കി കേന്ദ്രത്തെ ആശ്രയിക്കുന്ന നിലയിലേക്ക് പരിവർത്തിപ്പിക്കുന്നതിനാണ് ജിഎസ്‌ടി വഴിവച്ചത്.
2014 മുതലുള്ള മോദി ഭരണകാലത്ത് കേന്ദ്രീകൃത പദ്ധതികളും അവയുടെ നേട്ടങ്ങൾ നേരിട്ട് കേന്ദ്ര ഭരണകൂടത്തിലും അതിൽത്തന്നെ പ്രധാനമന്ത്രിയിലേക്കും കേന്ദ്രീകരിക്കുന്ന രീതിയിലായിരുന്നു നയരൂപീകരണവും ആവിഷ്കാരവും നടത്തിപ്പും. പ്രധാനമന്ത്രിയാകുന്നതിനുമുന്പ് ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ 14–ാം ധനകമീഷൻ മുന്പാകെ കൂടുതൽ വികേന്ദ്രീകൃത സാമ്പത്തികവിതരണത്തിനും നിലവിലുള്ള 32 ശതമാനത്തിനുപകരം നികുതിവരുമാനത്തിന്റെ 50 ശതമാനം കേന്ദ്രഭരണകൂടം സംസ്ഥാനങ്ങൾക്ക് നൽകാൻ തയ്യാറാകണമെന്നും വാദിച്ച ആളാണ് മോദി എന്നതാണ് കൗതുകകരമായ സംഗതി. ധനകമീഷൻ നിർദേശങ്ങൾവഴി സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം നൽകുന്നത് ഒഴിവാക്കാൻ മോദിഭരണം കണ്ടെത്തിയ മാർഗം സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ലാത്ത സവിശേഷ സെസുകൾ വർധിപ്പിക്കുക എന്നതാണ്. അത് നേരിട്ട് എത്തിച്ചേരുന്നത് കേന്ദ്രവരുമാനത്തിലും.

കേന്ദ്രീകൃത ഭരണത്തിന് നിതി ആയോഗ് ഉപകരണമായത് രണ്ടു രീതിയിലാണ്. ഒന്ന്, നിതി ആയോഗ് വഴി നടപ്പാക്കുന്ന സവിശേഷ പദ്ധതികൾവഴി കേന്ദ്രവും ജില്ലാഭരണവുമായി നേരിട്ട് ബന്ധം സ്ഥാപിച്ചു. സംസ്ഥാന തദ്ദേശ ഭരണസംവിധാനങ്ങളെയെല്ലാം മറികടന്ന് കേന്ദ്രം ഇടപെടുന്നതും ആശയവിനിമയം നടത്തുന്നതും ജില്ലാ ഭരണാധികാരിയുമായാണ്. രണ്ട്, സംസ്ഥാനങ്ങളെയും തദ്ദേശസ്ഥാപനങ്ങളെയും നയരൂപീകരണത്തിലും നിർവഹണത്തിലും ഒഴിവാക്കുന്നതിലൂടെ "പ്രധാനമന്ത്രി’ ഏറ്റവും താഴെത്തട്ടുവരെ എത്തുകയും പദ്ധതികളുടെ നേട്ടം വേറെ ആരുമായും പങ്കുവയ്‌ക്കേണ്ടതില്ലാത്ത അവസ്ഥ വരികയും ചെയ്തു. എല്ലാ പദ്ധതികളും "പ്രധാനമന്ത്രി’ എന്ന പേരിലായിരുന്നു എന്നുമാത്രമല്ല, വിവിധ ദേശീയ നേതാക്കളുടെ പേരിലുണ്ടായിരുന്ന പല മുൻകാല പദ്ധതികളും പ്രധാനമന്ത്രിയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു.
മോദികാലത്തെ യൂണിയൻ സംസ്ഥാന ബന്ധങ്ങൾ മനസ്സിലാക്കുന്നതിനുള്ള ഏറ്റവും മികച്ച മാതൃകയാണ് "പ്രഗതി’ (Pro- Active Governance And Timely Implementation; PRAGATI ). കേന്ദ്ര–സംസ്ഥാന പദ്ധതികൾ എല്ലാ മാസവും അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായുള്ള കമ്മിറ്റിയാണിത്. ഇതിൽ സംസ്ഥാന മുഖ്യമന്ത്രിമാർ അംഗങ്ങൾ അല്ല! പകരം മുതിർന്ന ഉദ്യോഗസ്ഥരാണ്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർവഴി നേരിട്ട് ജനങ്ങളിലേക്ക് എന്നതായിരുന്നു മോദിയുടെ സമീപനവും പ്രവർത്തനവും.
ഇന്ത്യൻ ഭരണഘടന ശക്തമായ ഒരു കേന്ദ്രീകൃതഭരണത്തെയും സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും സഹകരണത്തോടെയുള്ള (Co operative federalism) ഭരണത്തെയും വിഭാവനം ചെയ്യുമ്പോൾ അതിന്റെ മറ്റൊരു പരിണതഫലം കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ പലപ്പോഴും തെരഞ്ഞെടുപ്പുഫലങ്ങളെ ആശ്രയിച്ച് മാറിമറിയുന്നു എന്നതാണ്. ഇന്ത്യയുടെ വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയുമൊക്കെ മറികടന്ന് ദേശീയതലത്തിൽ നയപരമായ ഏകോപനവും നിർവഹണവും എങ്ങനെ സാധ്യമാക്കും എന്നതാണ് കേന്ദ്രഭരണത്തിന്റെ വെല്ലുവിളിയെങ്കിൽ സംസ്ഥാനങ്ങളെ സംബന്ധിച്ച് സ്വത്വം നിലനിർത്തി എങ്ങനെ ദേശീയനയങ്ങളെ സ്വാധീനിക്കാൻ കഴിയും എന്നതാണ്. ഈ വൈരുധ്യം ഇന്ത്യൻ ഭരണഘടനയിലെ ഫെഡറൽ സംവിധാനത്തിൽ സന്നിഹിതമാണ്. പരസ്‌പരസഹകരണത്തോടെ ഈ വൈരുധ്യത്തെ മറികടക്കുക എന്നതാണ് ഫെഡറലിസത്തിലെ കാതൽ.
ഇന്ത്യൻ ഭരണഘടനതന്നെ ചില സ്ഥാപനങ്ങളെ ഈ സഹകരണത്തിനും ഏകോപനത്തിനുമായി വിഭാവനം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് അനുച്ഛേദം 263 അനുസരിച്ചുള്ള, രാഷ്ട്രപതിക്ക് രൂപംനല്കാൻ സാധിക്കുന്ന അന്തർസംസ്ഥാന കൗൺസിൽ (Interstate Council). സമീപകാലത്ത് നിലവിൽ വന്ന ജിഎസ്ടി കൗൺസിൽ, ധനകമീഷൻ, പ്ലാനിങ് കമീഷൻ (ഇപ്പോൾ പകരം വന്ന നിതി ആയോഗ്) എന്നിവയെല്ലാംതന്നെ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. നിർഭാഗ്യവശാൽ തങ്ങളുടെ പ്രത്യയശാസ്ത്രത്തെ അടിച്ചേൽപ്പിക്കുന്നതിനും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ പരമാവധി അരികുവൽക്കരിക്കാനുമാണ് മോദിഭരണം ഈ സംവിധാനങ്ങളെ ഉപയോഗിക്കുന്നത്. ഈ പരിമിതികൾക്ക് അകത്തുനിന്നുകൊണ്ട് എങ്ങനെ ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കാമെന്നതും അതിന് സംസ്ഥാനങ്ങൾക്ക് അർഹമായ വിഭവങ്ങളും സാമ്പത്തിക ഗ്രാന്റുകളും നേടിയെടുക്കാമെന്നതുമാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരിടുന്ന വലിയ വെല്ലുവിളി.
(ഹൈക്കോടതി അഭിഭാഷകനാണ് ലേഖകൻ)














