ദേശീയ അടിയന്തരാവസ്ഥ: നാടകീയമായ കസ്റ്റഡിയിലെടുക്കലും വിട്ടയക്കലും

AI പ്രതീകാത്മക ചിത്രം / Gemini

വി എ എൻ നമ്പൂതിരി
Published on Jun 27, 2026, 10:57 AM | 3 min read
അടിയന്തരാവസ്ഥയിൽ എന്നെ രണ്ട് തവണ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ആദ്യ തവണ പോലീസ് സ്റ്റേഷനിലേക്ക് ഓഫീസ് വഴി വിളിപ്പിക്കുകയും മണിക്കൂറുകളോളം യൂണിയൻ പ്രവർത്തനങ്ങളെക്കുറിച്ചും മീറ്റിംഗുകളും പരിപാടികളും നടത്തുന്നതിനെക്കുറിച്ചും അടിയന്തരാവസ്ഥക്കെതിരെ യൂണിയൻ യോഗങ്ങളിൽ പ്രസംഗിക്കുന്നതിനെ കുറിച്ചും ചോദ്യം ചെയ്ത് വിട്ടയച്ചു. (യൂണിയനിൽ അടിയന്തരാവസ്ഥയെ പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നതിനാൽ അതിനെ തുറന്നു കാട്ടേണ്ടത് അത്യാവശ്യമായിരുന്നു).
രണ്ടാമത്തെ തവണ കസ്റ്റഡിയിലെടുത്തത് നാടകീയമായിട്ടായിരുന്നു. ടെലിഫോൺ എക്സ്ചേഞ്ചിൽ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ഡ്യൂട്ടിയും കഴിഞ്ഞ് ഉച്ച രണ്ടര മണിക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് നടന്നു പോകുമ്പോൾ പൊലീസ് കമ്മിഷണരുടെ ഓഫീസിന്റെ ഒരു ഭാഗത്തുള്ള റോഡിൽ മഫ്റ്റിയിലുള്ള രണ്ട് പൊലീസുകാർ എന്നെ തടഞ്ഞു നിർത്തുകയും പുതിയറ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ അവിടെ നിർത്തിയിട്ട കാറിൽ കയറുവാൻ ആവശ്യപ്പെടുകയും ചെയ്തു. വീട്ടിൽ പോയി ഊണ് കഴിച്ച് സ്റ്റേഷനിൽ എത്തിക്കൊള്ളാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. കയറിയില്ലെങ്കിൽ പിടിച്ച് കയറ്റും എന്ന് മനസ്സിലായപ്പോൾ കയറിയിരുന്നു. പുതിയറ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി എസ് ഐ യുടെ മുറിയിൽ ഇരുത്തി അവർ പോയി.
എസ് ഐ ഊണ് കഴിക്കാൻ പോയിരിക്കുകയായിരുന്നു. തന്ത്രത്തിൽ അവിടെയുണ്ടായിരുന്ന ഫോണിൽ നിന്നും എക്സ്ചേഞ്ചിലെ '198' ( ഫോൾട് റിപ്പയർ സർവീസ് ) വിളിച്ചു എന്നെ പൊലീസ് സ്റ്റേഷനിൽ പിടിച്ചു വെച്ചിരിക്കുകയാണെന്നു അറിയിച്ചു. നിമിഷങ്ങൾക്കകം സൈക്കിളിലും നടന്നുമായി ഒട്ടേറെ സഹപ്രവർത്തകർ പോലീസ് സ്റ്റേഷനിൽ കുതിച്ചെത്തി. വീട്ടിൽ നിന്നും ജീവിത പങ്കാളി പങ്കജം ടിഫിൻ കാരിയറിൽ ഭക്ഷണവുമായി എത്തി. ഭക്ഷണം കഴിച്ചപ്പോഴേക്കും എസ് ഐ യും എത്തി.
അറസ്റ്റ് ചെയ്തതല്ലെന്നും യൂണിയൻ പ്രവർത്തനത്തെ കുറിച്ച് ചിലത് ചോദിക്കാനാണ് വിളിച്ചതെന്നും കുറച്ചു കഴിഞ്ഞാൽ വിട്ടയക്കുമെന്നും മറ്റുള്ളവരെ എസ് ഐ സമാധാനിപ്പിച്ചു. എല്ലാവരും തിരിച്ച് പോവുകയും ചെയ്തു.
എസ് ഐ വിശേഷിച്ചൊന്നും ചോദിച്ചില്ല. ഏകദേശം ആറു മണിയായി, ഇരുട്ടുമായി. എന്നെ വീട്ടിൽ കൊണ്ടാക്കാമെന്നു പറഞ്ഞു. നടന്നു പൊയ്ക്കൊള്ളാമെന്നു ഞാനും. ഏതായാലും അഴികളുള്ള വലിയ പോലീസ് വണ്ടിയിൽ ( നേരത്തെ കൊണ്ട് വന്ന കാറിലല്ല ) എന്നെയും കൂട്ടി ഡ്രൈവർ പുറപ്പെട്ടു. വീട്ടിനടുത്തുള്ള റോഡിൽ എത്തിയപ്പോൾ അവിടെ നിർത്താൻ പറഞ്ഞെങ്കിലും മറുപടിയൊന്നും പറയാതെ എന്റെ എതിർപ്പ് അവഗണിച്ചു വണ്ടി മുന്നോട്ട് പോയി. ഏകദേശം ഒരു മണിക്കൂറോളം ഇരുട്ടിൽ പല സ്ഥലങ്ങളും ചുറ്റി, അവസാനം ആളുകൾ താമസമില്ലാത്തതെന്നു തോന്നുന്ന ഒരു പഴയ വലിയ വീട്ടിന്റെ മുമ്പിൽ നിർത്തി. ഇരുട്ടായത് കൊണ്ട് സ്ഥലം മനസ്സിലാക്കാനും കഴിഞ്ഞില്ല.
മുകളിലത്തെ വിശാലമായ ഒരു മുറിയിൽ എന്നെ കൊണ്ട് പോയി. സിവിൽ വേഷത്തിലുള്ള ഉയർന്ന ഒരു പോലീസ് ആഫീസറും യൂണിഫോമിൽ മറ്റ് രണ്ട് പേരും. സ്പെഷ്യൽ ബ്രാഞ്ചോ, ക്രൈം ബ്രാഞ്ചോ എസ് പി യും ഡി വൈ എസ് പി മാരുമാണെന്ന് മനസ്സിലായി. എസ് പി യുടെ മുന്നിലെ കസേരയിലിരിക്കാൻ എന്നെ ക്ഷണിച്ചു. വളരെ മാന്യമായ പെരുമാറ്റം. ഡി വൈ എസ് പി മാർ ഹാളിന്റെ പിന്നിലേക്ക് മാറിയിരുന്നു
കുറെയേറെ വിവരങ്ങൾ അറിയുവനാണ് വിളിച്ചതെന്ന് എസ് പി പറഞ്ഞു. തന്റെ മുമ്പിലുള്ള ഫയലുകളിൽ നോക്കി, സ്കൂൾ പറനത്തേക്കുറിച്ചും, അധ്യാപകനായി ജോലി എടുത്ത കാലത്തെ കുറിച്ചും യൂണിയൻ പ്രവർത്തനങ്ങളെ കുറിച്ചും ട്രാൻസ്ഫർ പോയ സ്ഥലങ്ങൾ, പണിമുടക്കങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ചോദിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ഇടക്കിടെ ടെലിഫോൺ കാളുകൾ വരാൻ തുടങ്ങി. അപ്പോൾ എന്നോട് അടുത്ത മുറിയിൽ പോയി ഇരിക്കാൻ പറയും. കുറച്ചു കഴിഞ്ഞപ്പോൾ ഡി വൈ എസ് പി മാരെ പറഞ്ഞു വിട്ടു.
മണിക്കൂറുകളോളം ചോദ്യം ചെയ്യൽ തുടർന്നു. എന്റെ പേരിൽ ഗുരുതരമായ അട്ടിമറി ആരോപണം ലഭിച്ചിട്ടുണ്ടെന്നും അടിയന്തരാവസ്ഥക്കെതിരെ പ്രസംഗിച്ചു നടക്കുന്നുണ്ടെന്നും ഇതിന്റെ പേരിൽ ജയിലിൽ അടക്കാൻ ഉന്നതനായ ഒരു കോൺഗ്രസ് നേതാവിന്റെ നിർദേശമുണ്ടെന്നും എസ് പി വെളിപ്പെടുത്തി. എന്നാൽ ചോദ്യം ചെയ്യലിൽ കുറ്റമൊന്നും തെളിയിക്കപ്പെ ടാത്ത സാഹചര്യത്തിൽ ജയിലിൽ അട ക്കാതെ വിട്ടയക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. (മറ്റൊരു കാര്യം കൂടി അദ്ദേഹം പറഞ്ഞു . അദ്ദേഹം എന്റെ മൂത്ത ജ്യേഷ്ഠന്റെ കൂടെ പഠിച്ചതാ ണെന്നും എന്നെ നേരത്തെ അറിയാമെന്നും.)
രാത്രി വൈകിയത് കൊണ്ട് വാഹനങ്ങളൊന്നും കിട്ടില്ലെന്നും തന്റെ വാഹനത്തിൽ വീട്ടിൽ കൊണ്ടെത്തിക്കാമെന്നു പറഞ്ഞു ഡ്രൈവറെ വിളിച്ചേൽപ്പിച്ചു. വേണ്ടെന്നു പറഞ്ഞെങ്കിലും നിർബന്ധിച്ചു കാറിൽ കയറ്റി.
എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നു സംശയിച്ചെങ്കിലും, കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിലേക്കുള്ള വഴിയാണെന്ന് മനസ്സിലായി. ടെലിഫോൺ എക്സ്ചേഞ്ചിൽ വിട്ടാൽ മതിയെന്ന് പറഞ്ഞ നിലയിൽ എക്സ്ചേഞ്ചിനടുത്തുള്ള പോലീസ് കമ്മിഷണരുടെ ആഫീസിന്നു മുമ്പിൽ ഇറക്കി. തൊട്ടടുത്തുള്ള മാനാഞ്ചിറ എക്സ്ചേഞ്ചിലേക്ക് ഞാൻ നടന്നെത്തി.
അവിടെ ഒട്ടേറെ ജീവനക്കാർ കൂടിയിരുന്നു പിറ്റേ ദിവസം മുതൽ അറസ്റ്റിൽ പ്രതിഷേധിച്ചു പണിമുടക്കം നടത്താൻ തെയ്യാറെടുക്കുകയായിരുന്നു. എന്നെക്കണ്ടപ്പോൾ ആശ്വാസത്തോടെയും സന്തോഷത്തോടെയും മുദ്രാവാക്യം വിളിച്ചു സ്വീകരിച്ചു.
(1984 ലെ ശമ്പളക്കമ്മീഷൻ ചോദ്യാവലിക്ക് മറുപടി തെയ്യാറാക്കാൻ സഹായത്തിനു എന്നെ എസ് പി വിളിക്കുകയുണ്ടായി. ഞാൻ പോവുകയും ചർച്ച ചെയ്തു ഉത്തരങ്ങൾ തയ്യാറാക്കുകയും ചെയ്തു. എന്നെ അന്ന് വിട്ടയച്ചതിന്റെ യഥാർത്ഥ കാരണം എനിക്ക് മനസ്സിലായിരുന്നത് കൊണ്ട് അദ്ദേഹം വെളിപ്പെടുത്തിയ കാര്യം വര്ഷങ്ങളോളം ആരോടും പറഞ്ഞിരുന്നില്ല, അദ്ദേഹത്തിന് ഒരു കുഴപ്പവും വരരുതെന്ന് കരുതി തന്നെ. പിന്നേ അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചുവെങ്കിലും വിവരം കിട്ടിയില്ല. ഈ സന്ദർഭത്തിൽ നന്ദി രേഖപ്പെടുത്തട്ടെ.).
തുടരും...















