സർവം ‘മായ’മയം

സി കെ ദിനേശ്/പൊളിറ്റോറിയല്
Published on Apr 23, 2026, 11:45 PM | 2 min read
2021ലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം കാത്തിരിക്കെ സമൂഹമാധ്യമങ്ങളിൽ ഒരു കണക്ക് പ്രസിദ്ധീകരിച്ചിരുന്നു; ഇടതുപക്ഷം നേരിട്ടത്, ഇടതുപക്ഷവിരുദ്ധ പാർടികളും മാധ്യമങ്ങളും ഉൾപ്പെട്ട 64 കക്ഷികളുടെ മുന്നണിയെ ആണെന്ന കണക്ക്.
ഇൗ തെരഞ്ഞെടുപ്പിൽ കണ്ട മറിമായമാകട്ടെ, ഇതേ മാധ്യമങ്ങളെ ഉപയോഗിച്ച് സമർഥമായി നുണപറഞ്ഞ് ഇടതുപക്ഷവിരുദ്ധചേരിയെ സ്വീകാര്യരാക്കാമെന്നും. ബഹുഭൂരിപക്ഷം മാധ്യമങ്ങളും നന്നായി വിയർത്തൊലിച്ചു. യുഡിഎഫിന്റെ ഒൗദ്യോഗിക പ്രചാരണവിഷയമല്ലാത്തവകൂടി കല്ലുകെട്ടിയ നുണയുടെ മേമ്പൊടിയോടെ ചർച്ചയാക്കാൻ രാപകലോടി. പക്ഷേ, അവയെല്ലാം പൊളിഞ്ഞടുങ്ങിയെന്നുമാത്രമല്ല മുഖമടച്ച് തിരിച്ച് ഒരു ബോംബ് വന്നു, വസ്തുതകൾമാത്രം നിരത്തിക്കൊണ്ട്. വയനാട് ദുരിതബാധിതരുടെ പേരിൽ കോൺഗ്രസ് പിരിച്ച കോടികൾ കണ്ണിൽചോരയില്ലാതെ മുക്കിയ സംഭവം മലയാളികളെ ഒന്നാകെ വേദനിപ്പിച്ച് വൈറലായി. ‘മുഖ്യധാര’ അത് മുക്കാൻ നോക്കിയപ്പോൾ, സമൂഹമാധ്യമങ്ങളും ഇടതുപക്ഷനേതാക്കളും ജനങ്ങളോട് സത്യം വിളിച്ചുപറഞ്ഞു. മറുപടി പറയാനില്ലാതെ യുഡിഎഫ് ഒന്നടങ്കം പ്രതിരോധത്തിലായി. കൈമെയ് മറന്ന് യുഡിഎഫിനെയും ബിജെപിയെയും സഹായിച്ച മാധ്യമങ്ങളുടെ 24x7 തള്ളും വൃഥാവിലായി. അതിന്റെ പക വയനാട്ടിലെ സർക്കാർ വീടിനുള്ളിലെ ‘വിള്ളൽ തള്ളലി’ൽ കാണാം. ‘ശവംതൂക്കികൾ’ എന്നുവരെ പേരുവീണ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഫണ്ട് മുക്കൽ! ഒരു മുഖ്യധാരയ്ക്കും നൊന്തില്ല, വയനാട്ടിലെ വീട്ടിലെ ആ ‘വര’യാണ് പ്രശ്നം. അതിന്റെ പേരിൽ മന്ത്രിയെവരെ തുടർച്ചയായി അധിക്ഷേപിക്കുന്നു.
ഏറ്റവും ഉറപ്പുള്ള നിലയിൽ കെട്ടിടം പണി പൂർത്തിയാക്കണമെന്ന നിർബന്ധബുദ്ധിയുള്ളതുകൊണ്ട്, ഒരു വിട്ടുവീഴ്‌ചയുമില്ലാത്തവിധമാണ് നിർമാണരീതി, ഉപയോഗിക്കുന്ന മെറ്റീരിയൽ സംബന്ധിച്ച് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. എന്നാലും, മനുഷ്യർ നിർമിക്കുന്നതല്ലേ, പോരായ്‌മകൾ ഉണ്ടായേക്കാം. അത് കണ്ടെത്തിയാൽ പരിഹരിക്കണം. പക്ഷേ, അതിനും വകയില്ലാത്ത ആരോപണമാണ് മാധ്യമങ്ങൾ ഒരാഴ്‌ചയിലധികം കൊണ്ടാടിയത്. ഇവർ കൊട്ടിഘോഷിച്ചതുപോലുള്ള വിള്ളലോ അപാകമോ അതിന്റെ പേരിൽ എന്തെങ്കിലും നഷ്ടമോ അഴിമതിയോ ഇല്ല. കൊണ്ടാടിയവർക്ക് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. പക്ഷേ, നാട്ടുകാരെ സത്യം ബോധിപ്പിക്കേണ്ടത് മന്ത്രിയുടെ ബാധ്യതയാണ്. എല്ലാ മാധ്യമങ്ങളെയും വിളിച്ചുവരുത്തി വസ്തുതകൾ വിവരിച്ചു; അന്നേരം ബ... ബ്ബ... ബ്ബ. അതോടെ വിള്ളൽ വിട്ട് മന്ത്രിയാരാ കൽപ്പണിക്കാരനാണോ? മേസ്തിരിയാണോ? കൂലിപ്പണിക്കാരനാണോ... എന്നിങ്ങനെയുള്ള ചോദ്യമായി. മുന്പ് പറഞ്ഞതെന്താ? ഒരു ശവം സംസ്‌കരിക്കാൻ 75,000 രൂപ ചെലവഴിച്ചു, 1202 കോടിയുടെ ഇല്ലാത്ത കണക്ക്, ‘ശവംതീനി സർക്കാർ...’ തച്ചിന് തെറിവിളിച്ചവരുടെ മുന്നിൽ നിമിഷങ്ങൾകൊണ്ട് സത്യം തെളിഞ്ഞു. മിണ്ടിയോ?
ഓർമയില്ലേ, പറഞ്ഞ പച്ചക്കള്ളങ്ങൾ പൊളിയുമ്പോൾ ഉപയോഗിക്കുന്ന അധിക്ഷേപങ്ങൾ? കോരന്റെ മകൻ, മണിയാശാന്റെ ഭാഷ... ഇങ്ങനെ സത്യത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ പറ്റാതെ മുതുകുകുത്തിവീഴുന്നവർ. ദുരിതബാധിതരെ പിഴിഞ്ഞ് പൈസ പിരിച്ച് തട്ടിച്ചവരോട് കാരുണ്യം. പറഞ്ഞ സമയത്ത് അവർക്ക് വീട് വച്ചുകൊടുത്ത സർക്കാരിനുനേരെ കാലുഷ്യത്തിന്റെ കാമറ.
മാധ്യമങ്ങൾക്കുവേണ്ട പ്രധാന ഗുണമായി ഇ എം എസ് പറഞ്ഞത്: ‘ബ്രേവിറ്റി, ക്ലാരിറ്റി, സിംപ്ലിസിറ്റി’. ‘ക്ലാരിറ്റി’ക്ക് അദ്ദേഹം നൽകിയ പരിഭാഷ ഇങ്ങനെ: ‘തനിമയോടെയുള്ള ലാളിത്യം.’ അതെ, കലർപ്പില്ലാത്തതാകണം മാധ്യമങ്ങൾ. 22 കാരറ്റ് കലർപ്പാണോ വേണ്ടത്? എങ്കിൽ ഓകെ.















