നൂറ്റാണ്ടിന്റെ താളമുണർത്തിയ മൃദംഗ മഹാഗുരു

നൂറ്റാണ്ടിന്റെ താളമുണർത്തിയ മൃദംഗ മഹാഗുരു
മൃദംഗവാദനകലയിൽ കേരളം കണ്ട ഏറ്റവും ശ്രേഷ്‌ഠ ഗുരുനാഥന്മാരിൽ ഒരാളാണ് മാവേലിക്കര കെ വേലുക്കുട്ടി നായർ. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ഇക്കൊല്ലം ഒക്ടോബർ രണ്ടിന് ആചരിക്കുമ്പോൾ, ദക്ഷിണേന്ത്യൻ താളവാദനചരിത്രത്തിലെ ഒരു സുവർണ അധ്യായത്തെയാണ് നാം അനുസ്‌മരിക്കുന്നത്. ഒരേസമയം അതുല്യ അവതരണക്കാരനും ശ്രേഷ്ഠഗുരുവുമായി മാറിയ അപൂർവം ചില മൃദംഗവിദ്വാന്മാരിൽ ഒരാളുടെ ജീവിതമാണിത്.
ബാല്യവും ആദ്യപരിശീലനവും
1926 ഒക്ടോബർ രണ്ടിന് മാവേലിക്കരയ്ക്കടുത്ത് ചെട്ടികുളങ്ങരയിൽ മുതുകുളം എസ് കുമാരപിള്ളയുടെയും കാർത്യായനി അമ്മയുടെയും മകനായാണ് വേലുക്കുട്ടി നായർ ജനിച്ചത്. ബാല്യത്തിൽ അമ്മയെ നഷ്ടപ്പെട്ട വേലുക്കുട്ടിക്ക് അച്ഛനായിരുന്നു ആദ്യഗുരു; അദ്ദേഹമാകട്ടെ പ്രശസ്‌ത മൃദംഗവിദ്വാനും. ഇൗ കല വേലുക്കുട്ടി നായർ അതിവേഗം സ്വായത്തമാക്കി. ഹരിപ്പാട് രാമൻകുട്ടി ഭാഗവതർ, മലബാർ ഗോപാലൻ നായർ തുടങ്ങി അക്കാലത്തെ പ്രമുഖ സംഗീതജ്ഞരുടെ ഹരികഥാകാലക്ഷേപങ്ങൾക്കും സംഗീതക്കച്ചേരികൾക്കും അകമ്പടി വായിക്കാൻ തുടങ്ങി.
മണി അയ്യരുടെ ശിക്ഷണം
കുട്ടിക്കാലത്തുതന്നെ അച്ഛനെയും നഷ്ടപ്പെട്ട വേലുക്കുട്ടി നായർ പിന്നീട് മൂത്തസഹോദരിയുടെ സംരക്ഷണയിലാണ് വളർന്നത്. ഈ കാലയളവിൽ, നാഗസ്വരവിദ്വാന്മാരായ അമ്പലപ്പുഴ സഹോദരന്മാർ വേലുക്കുട്ടി നായരെ മൃദംഗം ഇതിഹാസം പാലക്കാട് മണി അയ്യർക്ക് പരിചയപ്പെടുത്തി; അതൊരു വഴിത്തിരിവായി. ഗുരുകുലസമ്പ്രദായത്തിൽ പാലക്കാട് മണി അയ്യരിൽനിന്ന് കൂടുതൽ അഭ്യസിച്ചു. തഞ്ചാവൂരിൽ ഗുരുവിനൊപ്പം താമസിച്ചു, കച്ചേരികളുടെ കാലത്ത് കേരളത്തിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അതിപ്രശസ്ത കലാകാരനായി വളർന്നു.
സ്വാതിതിരുനാൾ സംഗീത കോളേജിലേക്ക്
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ 1959-ൽ മൃദംഗവിഭാഗം ആരംഭിച്ചപ്പോൾ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ പ്രിൻസിപ്പലായിരിക്കെ, വേലുക്കുട്ടി നായർ അവിടെ മൃദംഗം പ്രൊഫസറായി; 1982-ൽ അതേ കോളേജിൽനിന്ന് മൃദംഗവിഭാഗം മേധാവിയായി വിരമിച്ചു. അദ്ദേഹവും സഹപ്രവർത്തകരായ ചെന്നിത്തല കൃഷ്ണൻകുട്ടി നായരും സി എസ് കൃഷ്ണമൂർത്തിയും ചേർന്നാണ് മൃദംഗം പാഠ്യപദ്ധതി വികസിപ്പിച്ചെടുത്തത്. സംസ്ഥാനത്തെ എല്ലാ സംഗീത കോളേജുകളും ഇന്നും പിന്തുടരുന്ന ആ പാഠ്യപദ്ധതി അദ്ദേഹത്തിന്റെ അനശ്വര സംഭാവനയാണ്.
അരങ്ങിലും ഗുരുകുലത്തിലും ശോഭിച്ചു
ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ആലത്തൂർ ബ്രദേഴ്സ്, ജി എൻ ബാലസുബ്രഹ്മണ്യം, എമനി ശങ്കര ശാസ്ത്രി, മധുരൈ മണി അയ്യർ, നെടുനൂരി കൃഷ്ണമൂർത്തി, കെ വി നാരായണസ്വാമി, എം ഡി രാമനാഥൻ, എസ് രാമനാഥൻ, വൊല്ലേറ്റി വെങ്കിടേശ്വരലു, എം എൽ വസന്തകുമാരി, ഡി കെ പട്ടമ്മാൾ, ഡി കെ ജയരാമൻ, എം ബാലമുരളീകൃഷ്ണ, നെയ്യാറ്റിൻകര വാസുദേവൻ, കെ ജെ യേശുദാസ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖ സംഗീതജ്ഞർക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചു;
തന്റെ സമകാലികർക്കും ഇളംതലമുറക്കാർക്കുംവേണ്ടി ഒരുപോലെ. മികച്ച വായ്‌പാട്ടുകാരൻകൂടിയായിരുന്ന വേലുക്കുട്ടി നായരുടെ കച്ചേരികൾക്ക് ഉമയാൾപുരം ശിവരാമനും ഗുരുവായൂർ ദൊരൈയും മൃദംഗം വായിച്ചിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ സ്ഥാനത്തിന്റെ അളവുകോലാണ്.
ബി ഹരികുമാർ, ജി ചന്ദ്രശേഖരൻ നായർ, ടി വി വാസൻ, എം ബാലസുബ്രഹ്മണ്യം, തിരുവനന്തപുരം സുരേന്ദ്രൻ, പാറശാല രവി, ആർ വൈദ്യനാഥൻ തുടങ്ങി നിരവധിപേർ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽപ്പെടുന്നു. സ്വാതിതിരുനാൾ സംഗീതകലാലയത്തിൽ അദ്ദേഹം പഠിപ്പിച്ച ശിഷ്യരുടെ വലിയൊരു നിരയും വേറെയുണ്ട്; അവരിൽ പലരും ഇന്ന് മുതിർന്ന കലാകാരന്മാരായി സംഗീതരംഗത്ത് നിറഞ്ഞുനിൽക്കുന്നു.
അംഗീകാരങ്ങൾ
നീണ്ട സംഗീതയാത്രയിലുടനീളം ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും വേലുക്കുട്ടി നായരെ തേടിയെത്തി. മദ്രാസ് മ്യൂസിക് അക്കാദമിയുടെ ‘സംഗീതകലാ ആചാര്യ' ബഹുമതി, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ‘ടാഗോർ പുരസ്‌കാരം', കേരള സംഗീതനാടക അക്കാദമി അവാർഡും ഫെലോഷിപ്പും, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ഫൗണ്ടേഷന്റെ സുവർണജൂബിലി അവാർഡ്, തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതസഭയിൽനിന്നുള്ള ഗായകരത്നപ്പട്ടം, പാലക്കാട് മണി അയ്യർ ഫൗണ്ടേഷനിൽനിന്ന് മൃദംഗകലാ ശിരോമണി, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗാനലയ വിശാരദ് എന്നിവ അവയിൽ ചിലതുമാത്രം.
കുടുംബം
രാജമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഇൗ ദന്പതികളുടെ എട്ടു മക്കളിൽ, തിരുവനന്തപുരം ആകാശവാണിയിൽ വയലിൻ സ്റ്റാഫ് ആർട്ടിസ്റ്റായി വിരമിച്ച ബാബു നാരായണനും തൃപ്പൂണിത്തുറ ആർഎൽവി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ പ്രിൻസിപ്പലായ രാജലക്ഷ്‌മിയും സംഗീതപാരമ്പര്യം തുടർന്നു. 2012 ജൂലൈ 24-ന് വേലുക്കുട്ടി നായർ ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹം കൊളുത്തിവച്ച താളവിളക്ക് ശിഷ്യപരമ്പരയിലൂടെയും അദ്ദേഹം രൂപപ്പെടുത്തിയ പാഠ്യപദ്ധതിയിലൂടെയും ഇന്നും കേരളത്തിന്റെ സംഗീതസദസ്സുകളിൽ പ്രകാശം പരത്തുന്നു.
(ലേഖകൻ മാവേലിക്കര വേലുക്കുട്ടി നായരുടെ ശിഷ്യനും കേരള കലാമണ്ഡലം മൃദംഗവിഭാഗം അസി. പ്രൊഫസറുമാണ്)














