മധു കവിതയിലൂടെ സഞ്ചരിച്ച വഴികൾ


ജി സാജൻ
Published on Oct 13, 2025, 11:30 AM | 7 min read
“അവിടെ എന്തുണ്ട് വിശേഷം..?”
ഇന്റർനെറ്റിന്റെയും ജി മെയിലിന്റെയും കാലത്തിനു മുൻപ് മനുഷ്യർ കാർഡിലും ഇൻലണ്ടിലും കത്തെഴുതിയിരുന്ന കാലത്ത് സാധാരണ കത്തുകൾ അവസാനിക്കുന്നത് ഇങ്ങനെയാണ്. മധുവിന് ഞാനയച്ച കത്തും സ്വാഭാവികമായും ഈ ചോദ്യത്തോടെയാണ് അവസാനിച്ചത്.
അതിനു ഒരു കാർഡിൽ മധു അയച്ച മറുപടി ഒരു ചെറിയ കവിതയായിരുന്നു
“കനവിന്റെ ഗൂഢമാം കതകുകൾ രാവിന്റെ
വിറപൂണ്ട കൈകൾ തുറന്നിടുമ്പോൾ,
തിരികെട്ടു സന്ധ്യകൾ പുകയുന്നു, കണ്ണാടി
നിഴലിന്റെ പുണ്ണുകൾ വിങ്ങിടുന്നു
"പറയുവാനെന്തുണ്ട്?
ജീവിതം വിഡ്ഢിയാം
ലിയറിന്റെ ഭാവത്തിൽ
മുന്നിൽ നിൽക്കെ
മിഴി താഴ്ത്തി
ഉള്ളിലെ ‘കോർഡിലിയ’
മെല്ലെ മൊഴിയുന്നി-
‘തൊന്നുമില്ലൊന്നുമില്ല"
സ്നേഹം പ്രകടിപ്പിക്കാനറിയാത്ത കോർഡീലിയയിലൂടെ മനുഷ്യ ബന്ധങ്ങളുടെ ഉൾക്കയങ്ങൾ കാണിക്കുന്ന ഈ ചെറിയ കവിത അന്ന് എന്നെ പിടിച്ചുകുലുക്കി.
ഇംഗ്ലീഷിൽ serendipity എന്നൊരു വാക്കുണ്ട്. ജീവിതത്തിലെ യാദൃച്ഛികതകളെ സൂചിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ്. വളരെ യാദൃച്ഛികമായാണ് മധുവിനെയും ശശിയേയും കാണുന്നത്. അവർ അന്ന് എന്തിനാണ് കാർഷിക കോളേജിൽ വന്നത്?
അവിടെ ഹോസ്റ്റലിലെ ഏതോ മുറിയിൽ ഒരനാഥ ബിംബം പോലെ ഇരുന്ന എന്നെ അവരെങ്ങനെയാണ് കണ്ടെത്തിയത് …?
എന്തായാലും അന്ന് അവർക്കൊപ്പം പുറത്തേക്കിറങ്ങിയതാണ് ...ആ യാത്ര അവസാനിച്ചത് സി ഡി എസ്സിലെ തോമസ് ഐസക്കിന്റെ മുറിയിലാണ്. രാത്രി എട്ട് മണിക്ക് ഐസക്ക് മുറിയിലിരുന്ന് വായിക്കുകയാണ്. ഐസക്കിന്റെ പ്രിയ സ്നേഹിതൻ നീലകണ്ഠന്റെ ഫ്രെയിം ചെയ്ത ഒരു ചിത്രവും മേശപ്പുറത്തുള്ളത് എന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. അതീവ പ്രഗത്ഭനായിരുന്ന ഈ സഖാവ് ഒരു ബസ്സപകടത്തിൽ മരിച്ചതായി ഞാൻ പിന്നീടാണ് അറിഞ്ഞത്.
ഭരണകൂടം എന്ന പ്രയോഗം പല സഖാക്കളും അലക്ഷ്യമായി ഉപയോഗിക്കുന്നതായി മധു ഐസക്കിനോട് പറയുന്നതും ഐസക്ക് അത് ശ്രദ്ധയോടെ കേട്ടിരിക്കുന്നതും എന്റെ ഓർമ്മയിലുണ്ട്. എം എ പരീക്ഷ എഴുതാത്തതിന് മധുവിനെ ഐസക്ക് ശകാരിച്ചത് എനിക്ക് ഓർമ്മയുണ്ട്. എന്നാൽ അതിന് കൃത്യമായ മറുപടി കൊടുക്കാതെ മധു ഒഴിഞ്ഞുമാറുന്നുമുണ്ട്.
എന്തായാലും ഈ യാത്രയോടെ എന്റെ ജീവിത വഴി ആകെ മാറിപ്പോയി. ഐസക്കും എസ് എഫ് ഐയും ശാസ്ത്ര സാഹിത്യ പരിഷത്തുമൊക്കെ ഉള്ള ആ സ്വാധീനം മറ്റൊരു കഥയാണ്. ഇപ്പോൾ മധുവിനെക്കുറിച്ചു പറയാം. അക്കാലത്തിന് ശേഷം മധുവിനെ വളരെക്കുറച്ചേ ഞാൻ കണ്ടിട്ടുള്ളു. എന്നാൽ മധുവിനെപ്പോലെ എന്നെ സ്വാധീനിച്ച വ്യക്തികൾ കുറവാണ്. ജീവിതത്തെ ഇത്ര അഗാധമായി മനസ്സിലാക്കാൻ ശ്രമിച്ച ഒരാൾ എന്റെ പരിചിത വലയത്തിൽ വന്നിട്ടില്ല. ഇത്ര പരന്ന വായനയും ആഴത്തിലുള്ള അപഗ്രഥന പാടവവും വളരെ അപൂർവമായേ കാണൂ.
ശശിയും മധുവും വഴിവക്കിൽ നിന്ന് മുറുക്കാൻ വാങ്ങി മുറുക്കി മുണ്ടു മാടിക്കെട്ടി യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് പാളയത്തേക്കു നടക്കും. ഫൈൻ ആർട്സ് കോളേജിന് മുൻപിൽ അപൂർവമായ പുസ്തകങ്ങൾ വിൽക്കുന്ന ഒരു വൃദ്ധന്റെ പെട്ടിക്കടയുണ്ട്. പുസ്തക പ്രേമികൾക്ക് മാത്രമേ അദ്ദേഹം പുസ്തകം വിൽക്കുകയുള്ളു. മധുവുമായി വല്ലാത്തൊരു അടുപ്പമാണ് വൃദ്ധനായ ആ പുസ്തക കച്ചവടക്കാരന്. ആ പുസ്തക കടയിൽ നിന്ന് എത്ര പുസ്തകം വേണമെങ്കിലും മധുവിന് എടുക്കാം. അവർ തമ്മിൽ കണക്കൊന്നും സൂക്ഷിക്കില്ല.
എം എ പരീക്ഷ എഴുതാനൊന്നും മധു മെനക്കെട്ടില്ല. പോസ്‌റ്റോഫീസിൽ ഒരു ജോലി സ്വീകരിച്ചു. കേരളത്തിന്റെ പലഭാഗത്തു ജീവിച്ചു. കൂടുതൽ കാലവും സ്വന്തം നാടായ പൊൻകുന്നത്ത്. ഈ കാലയളവിൽ മധു ധാരാളം കവിതകൾ എഴുതി നാലോ അഞ്ചോ കളക്ഷനിൽ കവിതകൾ സമാഹരിച്ചിട്ടുണ്ട്.
മധുവിനെ മാർക്സിസത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിയ ഒരു സഖാവായിട്ടാണ് എന്റെ പരിചയം. എന്നാൽ മധു ആത്മ പ്രകാശനത്തിനായി എടുത്ത വഴി കവിതയുടേതായിരുന്നു. എങ്ങനെയാണ് കവിതയിൽ എത്തിയത് എന്നതിന് പല സമയത്ത് മധു ചില വിശദീകരണങ്ങൾ നൽകുന്നുണ്ട്. എന്നാൽ മാർക്സിസത്തിൽ എത്തുന്നതിന് മുൻപ് നീണ്ട പത്ത് വർഷം മധു ചെലവിട്ടത് ഗീതയും ഉപനിഷത്തുകളും പഠിക്കാനായിട്ടാണ്. അത് വീടിനടുത്ത് ഒരു മത പാഠശാലയിൽ ആയിരുന്നു. എന്നാൽ അത് പരമ്പരാഗതമായ അർത്ഥത്തിൽ ഒരു മത പാഠശാല ആയിരുന്നില്ല എന്ന് മധു പറയുന്നു. വളരെ സെക്കുലർ ആയ ഒരു അധ്യാപകനായിരുന്നു ഈ സ്കൂളിൽ ഹിന്ദു ദർശനം പഠിപ്പിച്ചത്. ഉമ്മച്ചൻ എന്ന് വിളിക്കുന്ന എം രാമകൃഷ്ണൻ നായർ എന്നായിരുന്നു ഈ അധ്യാപകന്റെ പേര്. അവിടെയാണ് പത്തോ പതിനൊന്നോ വയസ് മാത്രം പ്രായമുള്ളപ്പോൾ ഈശോവാസ്യോപനിഷത്തൊക്കെ പൂർണമായും കാണാതെ പഠിക്കുന്നത്.
“ഈശൻ ജഗത്തിലെല്ലാം വസിക്കുന്നതുകൊണ്ട് നീ ശരിക്കും മുക്തനായി..ആശിക്കരുത് ആരുടേയും ധനം..” എന്നൊക്കെ പത്താം വയസ്സിൽ പഠിച്ചതോടെ ‘തനിക്ക് ഇനി ഒന്നും ആകേണ്ട എന്നും താൻ ആയിക്കഴിഞ്ഞു’ എന്നൊരു തോന്നലുണ്ടായി. മുക്തനായി എന്നത് ഒരു ബോധ്യമായി എന്നും ഉണ്ടായിരുന്നു. ഉമ്മച്ചൻ സാറിന്റെ മരണത്തിനുമുൻപ് തന്നെ അദ്ദേഹത്തിന്റെ എഴുത്തുകൾ ‘മുക്തിമാർഗം’ എന്ന പേരിൽ മധുവിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്തായാലും മാർക്സിസത്തിനൊപ്പം ഇന്ത്യൻ ദർശനത്തിന്റെ സ്വാധീനവും മധുവിന്റെ ജീവിത വീക്ഷണത്തിലുണ്ട്.
ഇത്രയും വ്യക്തിപരമായ സാദ്ധ്യതകൾ ഉണ്ടായിട്ടും ഔപചാരിക വിദ്യാഭ്യാസം പോലും ഉയർന്ന തലത്തിലേക്ക് കടക്കാതെ താരതമ്യേന ചെറിയൊരു ജോലിയിലേക്ക് കടന്നതെന്തിന് എന്നൊരു ചോദ്യം മധുവിനോട് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. എന്നാൽ ഈ വ്യാഖ്യാനം കേട്ടതോടെ ആ ചോദ്യം അപ്രസക്തമായി.
പതിനഞ്ചാം വയസ്സിൽ മധു കോളേജ് വിദ്യാഭ്യാസത്തിനായി തിരുവനന്തപുത്ത് വന്നു. യാതൊരു ലോകപരിചയവും ഇല്ലാത്ത ഒരു കുട്ടിക്ക് അത് തുറന്നുതന്നത് വലിയൊരു ലോകമായിരുന്നു എന്ന് മധു പറയുന്നു. ആദ്യം ചെന്നിറങ്ങിയത് ആശാന്റെ കാവ്യലോകത്തെ കുറിച്ചുള്ള ഒരു സെമിനാറിലേക്കാണ്. അവിടെ വരുന്നതോ ഓ എൻ വി കുറുപ്പ്, അയ്യപ്പപ്പണിക്കർ, പി കെ ബാലകൃഷ്ണൻ, എൻ വി കൃഷ്ണ വാര്യർ, എൻ കൃഷ്ണപിള്ള, തിരുനല്ലൂർ കരുണാകരൻ തുടങ്ങി മലയാള സാഹിത്യ രംഗത്തെ മഹാരഥന്മാർ. അതോടെ കവിതയുടെ ലോകം ഉള്ളിൽ തുറന്നു എന്ന് മധു പറയുന്നു.
പിന്നീട് മനസ്സിൽ നിറഞ്ഞത് ആശാനാണ്, ഓ എൻ വി വലിയ സ്വാധീനമായിരുന്നു.
ഓ എൻ വിയുമായുള്ള ഒരു പ്രത്യേക സന്ദർഭം മധു ഓർക്കുന്നുണ്ട്. സ്കൂൾ കുട്ടികളുടെ ഒരു സമ്മേളനത്തിൽ ഓ എൻ വിക്ക് സ്വാഗതം പറഞ്ഞത് മധുവാണ്. അത് കഴിഞ്ഞപ്പോൾ കവി മധുവിന്റെ തോളിൽ തട്ടി. മധുവിന്റെ ഒരധ്യാപകൻ മധു ഏകാകിയും മൗനിയും ഗ്ലൂമിയുമാണ് മധു എന്ന് പരാതി പറഞ്ഞപ്പോൾ ‘സാരമില്ല. ഞാനും അങ്ങനെയായിരുന്നു’ എന്ന് ഓ എൻ വി പറഞ്ഞത് മധുവിന് ഒരു മന്ത്രം പോലുള്ള രക്ഷാമാർഗമായി മാറി.
കവിതയിലേക്കുള്ള വഴി ഏതായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമായി മധു പറയുന്നത് ചെറുപ്പം മുതലുള്ള ഏകാന്തതയാണ്. ശാരീരികമായ ദൗർബല്യം തനിച്ചിരിക്കുന്നതിലേക്കും തനിച്ചിരുന്ന് സംസാരിക്കുന്നതിലേക്കും നയിച്ചു. അതുകൊണ്ടുതന്നെയാണ് ഏറ്റവും ഒടുവിൽ ഇറങ്ങിയ കവിത സമാഹാരത്തിന് മധു ‘തന്നത്താൻ’ എന്ന് പേരിട്ടിരിക്കുന്നത്.
“ഏകാന്തതയിൽ ഒച്ചയില്ലാതെ മിണ്ടിയും പറഞ്ഞും കഴിഞ്ഞതിൽ കുറെ പതിരായിപ്പോയി, കല്ലിച്ച് ഉരുവപ്പെട്ടതാണ് ഈ സമാഹാരത്തിലുള്ളത്. എന്തോ എഴുതി, അതിന് കവിതയുടെ രൂപം വന്നു” എന്നും “മറ്റൊന്നിനും കൊള്ളാത്തതുകൊണ്ട് കവിത എഴുതി” എന്നുമൊക്കെയാണ് ഈ വളർച്ചയുടെ പാതയെ മധു സ്വയം വിവരിക്കുന്നത്.
തന്നത്താൻ പേച്ചു നിലച്ചത് മിനി ജീവിതത്തിലേക്ക് വന്നപ്പോഴാണ് എന്നും മധു പറയുന്നു. പിന്നീട് എഴുതുന്നതിന്റെയും ജീവിതത്തിന്റേയും പ്രൂഫ് മിനി തന്നെയാണ് നോക്കുന്നത്.
എപ്പോഴാണ് കവിത കയറി വരുന്നത് എന്ന് രസമായി മധു എഴുതുന്നു.
“അതിജീവനത്തിന്റെ വഴിവക്കിലൊരു മാത്ര
ഒഴിവിന്റെ വേള കണ്ടെന്നാൽ ….
അറിവിലും മൊഴിയിലും പുണ്ണുമായ്, ഗൂഢമാം
അപകർഷതാബോധമോടെ,
അവഗണിക്കപ്പെട്ടു കഴിയുമെന്നുള്ളിലെ
കവി, പമ്മി മുന്നിലേക്കെത്തും..”
എന്നാൽ പല പല കാരണങ്ങൾ പറഞ്ഞ് അവനെ പിന്തിരിപ്പിക്കുകയാണ്.
താൻ പഠിച്ചെടുത്ത ഭാരതീയ ദർശനവും മാർക്സിസവും മധുവിന്റെ കവിതകളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടാണ്
“ വിധിതേ ധ്യാനിച്ചെന്നും നിന്നിലേക്കിറങ്ങി ഞാൻ, പരമാധാരം പൂണ് മുങ്ങി നീർന്നിടുന്നേരം ..” എന്നും
“നിത്യവും രാത്രിയിൽ നേരം മറന്നിട്ടു
ചത്തുനിൽക്കുന്നൊരീ ക്ലോക്ക്,
കത്താത്ത ബൾബുകൾ, കാലിയാം തീപ്പെട്ടി
കുത്തുകൾ വിട്ട കുപ്പായം
ഒക്കെയാകുന്നു ഞാൻ, എങ്കിലും പാടട്ടെ
“സച്ചിദാനന്ദം, ശിവോഹം ..” എന്നും
“അടിയാളന്റെ ശിവശില,
നവഖാലിയിലെ ഏകാന്തത,
സ്വയം തോൽവി തിരഞ്ഞെടുത്ത് ഹൈഗേറ്റിലെ ശ്‌മശാനത്തിലാണ്ട വൃദ്ധന്മാർ,
ഇത്തരം തോൽവികളില്ലെങ്കിൽ
ചരിത്രം പണ്ടേ തണുത്ത മറവി മാത്രമാകുമായിരുന്നു.”
എന്നും എഴുതാൻ കഴിയുന്നത്.
മധുവിന്റെ രാഷ്ട്രീയ പരിണാമം എങ്ങനെയായിരുന്നു? കുട്ടിക്കാലത്ത് വീട്ടിലുണ്ടായിരുന്നവർ വിമോചന സമരത്തിന്റെ ഭാഗത്തായിരുന്നു എന്നാണ് മധുവിന്റെ ഓർമ്മ. അതേപോലെയാണ് കുടികിടപ്പുകാരോടുള്ള മനോഭാവം.
“റഷ്യക്കൊരു കപ്പലുണ്ട്
പോണേൽ പൊക്കോ ചാക്കോച്ചാ..” തുടങ്ങിയ പാട്ടുകളാണ് അന്ന് കേട്ടത്.
പഠിച്ചിരുന്ന ജെസ്യൂട്ട് സ്കൂളിലും ധനിക കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളാണ്. അവരിൽ നിന്ന് നേരിട്ട പെരുമാറ്റവും ഇടത് രാഷ്ട്രീയത്തിലേക്ക് മധുവിനെ ആകർഷിച്ചു.
കവിതയും കമ്മ്യൂണിസത്തിലേക്കുള്ള പ്രേരണയായി മാറി.
നെരൂദയുടെ കവിതയിൽ “അപ്പമുണ്ടാക്കുന്നവന് ആഹാരം കഴിക്കണം…മനുഷ്യൻ ഇനിയും ചങ്ങലയിൽ കിടന്ന് നരകിച്ചുകൂടാ, ഒരൊറ്റ ശിരസ്സും ഇനിമേൽ കിരീടം കൂടാതെ കടന്നുപോയ്ക്കൂടാ,... “എന്നീ വരികളാണ് ആ കവിതയിൽ എന്നെ ആകർഷിച്ചത്.
ആഴവും പരപ്പുമുള്ള ഒരു രാഷ്ട്രീയമാണ് ഞാൻ അവിടെ കണ്ടത്.
അതേപോലെ എഴുത്തച്ഛൻ ‘ഋതുവായ പെണ്ണിനും ഇരപ്പനും ദാഹകനും പതിതനും അഗ്നിയജനം ചെയ്ത ഭൂസുരനും ഹരിനാമ കീർത്തനമിതൊരു നാളുമാർക്കുമുടനരുതാത്തതല്ല” എന്നുകേൾക്കുമ്പോഴും എനിക്ക് ഇതേ രാഷ്ട്രീയമാണ് മനസ്സിലാവുക.
ഇങ്ങനെയാണ് മാനവികമായ ഒരു കമ്മ്യൂണിസം മധുവിന്റെ കവിതകളുടെ ചാലകശക്തിയായി മാറുന്നത്
“നിറഞ്ഞ കളപ്പുര, / തുരുമ്പൻ പണപ്പെട്ടി, /തലനാരിഴ കീറും - / പണ്ഡിതപ്രമാണങ്ങൾ - / ഇവയൊക്കെയും വ്യർത്ഥം; / വയലിൽ വിരിയുന്ന / ചെറു പൂവിതളിന്റെ / ഭംഗി കണ്ടുയരുക”
ചെറുപ്പം മുതൽ സ്വയം ഇകഴ്ത്തുന്ന ഒരു മനസ്സ് മധുവിൽ പലപ്പോഴും കാണാം. എന്നാൽ ഇതിലും രക്ഷാമാർഗം കവിത തന്നെ ആയിരുന്നു.
“നിരസിക്കുന്നു നീയെൻ ലോക തന്ത്രങ്ങൾ പാടേ
വെറുതേ തള്ളുന്നെന്റെ ധ്യാനവും സ്തവങ്ങളും
ഒടുവിൽ തിരുമണ്ടൻ ഞാൻ ഇരുന്നീടും ചില്ല പഴുതേ മുറിക്കുമ്പോൾ
നാവിൽ നീ തുളുമ്പുന്നു.”
ചെറിയ പ്രായം മുതൽ കേൾക്കുന്ന താരാട്ട് പാട്ടുകളും പള്ളിയിൽ നിന്ന് കേട്ട “മങ്ങിയൊരന്തി വെളിച്ചത്തിൽ ചെന്തീ പോലൊരു മാലാഖ ..” എന്ന പാനയും ഉത്സവപ്പറമ്പിലെ പ്രദർശനങ്ങളിലും കേൾക്കുന്ന താളാത്മകമായ അനൗൺസ്മെന്റുകളും ആണ് താളത്തിന്റെയും ഈണത്തിന്റെയും ആദ്യ പാഠങ്ങൾ പഠിപ്പിച്ചത് എന്ന് മധു പറയുന്നു.
പൊൻകുന്നത്തിന് പുറത്താണ് മധു ഏറെക്കാലം തൊഴിലെടുക്കുകയും ജീവിക്കുകയും ചെയ്തെതെങ്കിലും പൊൻകുന്നമാണ് മധുവിന്റെ പ്രധാന തട്ടകം. പൊൻകുന്നം അത്ര പഴക്കമില്ലാത്ത ഒരു പട്ടണമാണ്. ഈ പേര് വന്നതുതന്നെ 1895 ലാണ്. അതിന് മുൻപ് ഇതൊരു കൊടും കാടായിരുന്നു. ഇവിടെ ഒരു തനത് സംസ്കാരമൊന്നുമില്ല. ഇവിടെ വന്ന കച്ചവടക്കാരും കുടിയേറ്റക്കാരും സൃഷ്ടിച്ചതാണ് ഈ സ്ഥലത്തിന്റെ സംസ്കാരം.
എന്നാൽ പോസ്റ്റ് ഓഫീസിൽ ജോലിയായി ആദ്യം ചെല്ലുന്നത് മഞ്ചേശ്വരത്താണ്. അവിടെയുള്ള ഭാഷകളും തൊഴിലുകളും ജീവിതവും മനുഷ്യരുമാണ് തന്നെ താനാക്കിയത് എന്ന് മധു പറയും. യക്ഷഗാനത്തിന്റെയും തെയ്യത്തിന്റെയും സ്വാധീനം അങ്ങനെയാണ് തന്റെ കവിതകളിൽ വരുന്നത്.
മധുവിന്റെ കവിതകൾക്ക് നല്ലൊരു പഠനം വന്നിട്ടുണ്ടോ? യാദൃച്ഛികമായി ജിഷ്ണു കെ എസ് എഴുതിയ ഒരു കുറിപ്പ് കാണുകയുണ്ടായി.
ജിഷ്ണു എഴുതുന്നു:
“കവിതയിലെ ഭാഷയും, വ്യത്യസ്തങ്ങളായ ആശയങ്ങളും അവയുടെ ശുദ്ധവും ദൃഢവും ആയ പ്രതിഷ്ഠാപനരീതികളും മധുവിന്റെ കവിതകളിൽ പ്രശംസനീയമാണ്. ചില കവിതകൾ പഠന വിഷയം ആക്കേണ്ടതു തന്നെ ആണെന്ന് ഞാൻ കരുതുന്നു. 1970 മുതൽ മലയാള കാവ്യശാഖയിലുണ്ടായ മാറ്റങ്ങളോടൊപ്പം സഞ്ചരിക്കുന്നവയും മുൻ തലമുറയിലെ എഴുത്തുകാർ അർദ്ധവിരാമം ഇട്ടയിടത്തു നിന്ന് പിൻതുടരുന്നവയും ആയിട്ടാണ് പി മധുവിന്റെ പല കവിതകൾ വായിക്കുമ്പോൾ എനിക്ക് അനുഭവപ്പെട്ടത്. കാരണം കവിതകളിൽ പലതും പാരമ്പര്യ കാവ്യസമ്പ്രദായത്തോട് ഭാവുകത്വപരമായി ചേർന്നു നിന്നു പോകുന്നവയാണ്. താള- വൃത്ത നിബിഡമായവ, തത്വചിന്തകളുടെ അടരുകൾ, എടുത്തുകെട്ടുകൾ ഇല്ലാത്ത എഴുത്ത് രീതി എന്നിവ ഈ കവിയുടെ കവിതകളുടെ തെളിമയാണ്.
എന്തുകൊണ്ടാണോ മുഖ്യധാരയിൽ ഈ കവിയുടെ കവിതകൾ ചർച്ച ചെയ്യപ്പെടാതെ പോയത്?” ഈ ചോദ്യത്തോടെയാണ് ജിഷ്ണു കുറിപ്പ് അവസാനിപ്പിക്കുന്നത്.
കവിതയിലും സാഹിത്യത്തിലും വന്ന ഭാവുകത്വ പരിണാമത്തിൽ തന്റെ കവിതകൾ പിന്നോട്ടുപോയതാവാം എന്നും മധു കരുതുന്നുണ്ട്. പുതിയ ഭാവുകത്വം വളരെ മനോഹരമായിട്ടാണ് താൻ കാണുന്നത് എന്ന് മധു പറയുന്നു. ഇത് വലിയൊരു മഹാധാരയുടെ, വലിയൊരു പുഴയുടെ തുടർച്ചയാണ്.
ജീവിതത്തിൽ മധുവിന് അപ്രതീക്ഷിതമായി രണ്ടു ആഘാതങ്ങൾ ഉണ്ടായി. ഒരു അപകടത്തിൽ മധുവിന്റെ കാഴ്‌ച അല്പം പ്രശ്നമായി. അഭയൻ എന്ന ഏറെ പ്രിയപ്പെട്ട മകൻ അപ്രതീക്ഷിതമായി മരിച്ചു. അഭയൻ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബാലുവിന്റെ സീനിയർ ആയിരുന്നു. ഗംഭീര സഖാവായിരുന്നു.
എല്ലാ ആഘാതത്തെയും മധു എങ്ങനെയൊക്കെയോ പിടിച്ചു നിന്നു.
തനിക്കു കിട്ടിയ പത്തു സെന്റിൽ വീടിനോടു ചേർന്ന് ഒരു വായനശാല ഉണ്ടാക്കി. പൊൻകുന്നത്തെ ആളുകൾ സൗജന്യമായി തൊഴിൽ ദാനം ചെയ്തുണ്ടാക്കിയതാണ് ജനകീയ വായന ശാലയുടെ കെട്ടിടം. അഭയന്റെ ഓർമ ദിവസം എല്ലാ വർഷവും ഇവിടെ സുഹൃത്തുക്കൾ ഒത്തുചേരാറുണ്ട്. വീടിനോട് ചേർന്ന് അറുപതു സെന്റ് സ്ഥലം പലതരം മരങ്ങൾ നിറഞ്ഞ ഒരു കാടുണ്ടാക്കി. ഒരു പച്ച തുരുത്ത്.
പൊൻകുന്നത്ത് പുരോഗമനാശയങ്ങൾ സംസാരിക്കുന്ന ഒരു തലമുറ ഉണ്ടായി വന്നത് മധുവിന്റെ നോട്ടത്തിലാണ്. എങ്ങനെയാണ് സാംസ്കാരിക പ്രവർത്തനം ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന് കരുത്താകുന്നത് എന്ന് മധുവും സഖാക്കളും പൊൻകുന്നത്തെ പ്രവർത്തനത്തിലൂടെ കാണിച്ചു. ജനകീയ വായനശാലയിലെ കുട്ടികളാണ് ഇപ്പോൾ മധുവിന്റെ ലോകം.
ഈ കുട്ടികളെക്കുറിച്ച് “കുട്ടികളെറിയുന്ന പന്തിന് കുഴിച്ചിട്ട
മട്ട ഞാൻ, എനിക്കിപ്പോൾ ഏറ് കൊള്ളുവാൻ രസം.” ഒളപ്പമണ്ണയെ ഉദ്ധരിച്ച് മധു പറയുന്നു.
ഏകാന്തതയും പഴുതില്ലായ്മയും തന്ന സങ്കടങ്ങളായിരുന്നു മധുവിന്റെ കവിതകൾ. എന്നാൽ ജീവിത സായാഹ്നത്തിൽ ഈ സങ്കടത്തെ മധു കുട്ടികളിലൂടെ മറികടക്കുന്നു.
തന്റെ ചെറിയ വീടിന്റെ മുന്നിലെ വരാന്തയിൽ നിഴൽ വീണ കാഴ്ചകളിലേക്ക് ഉറ്റുനോക്കി മധു ഇരിക്കുന്നു. ജീവിതം എത്ര പ്രസാദമധുരമാണ് എന്ന് ചിന്തിക്കുന്നു.
















