ad
Deshabhimani

Articles

madhav gadgil

ഗാഡ്‌ഗിൽ എന്ന മഹാവൃക്ഷം

madhav gadgil
avatar
ഡോ. അബേഷ്‌ രഘുവരൻ

Published on Jan 08, 2026, 10:57 PM | 2 min read

കേരളത്തിന്റെ പരിസ്ഥിതി വികസന ചർച്ചകളിൽ നിറഞ്ഞുനിന്ന പേരാണ്‌ മാധവ് ഗാഡ്‌ഗിൽ. കഴിഞ്ഞദിവസം അതിരാവിലെ 83–ാംവയസ്സിൽ പുണെയിൽ ഗാഡ്‌ഗിലിന്റെ ഹൃദയം നിലച്ചു.15 വർഷത്തിനുമുമ്പ് പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്‌ 2011ലാണ്‌ മാധവ്‌ ഗാഡ്‌ഗിൽ റിപ്പോർട്ട് സമർപ്പിക്കുന്നത്‌. ലാബിനുള്ളിലെ ഗവേഷണവും പരിസ്ഥിതിയുടെ മാറിലെ ഗവേഷണവും തമ്മിലുള്ള അജഗജാന്തരത്തിന്റെ ഇഴകൾ തൊട്ടറിയുന്നത് അദ്ദേഹത്തിന്റെ പരാമർശങ്ങളിലൂടെയാണ്. ഒരുവശത്ത്‌ ലാബുകളിൽ പരിസ്ഥിതിഗവേഷണം പൊടിപിടിക്കുമ്പോൾ പരിസ്ഥിതിപ്രവർത്തകർ നഷ്ടപ്പെടുന്ന പ്രകൃതിയുടെ അതിജീവനത്തിനായി സമരം നടത്തുന്നു. ഇവ രണ്ടും കൂടിച്ചേരാനാകാതെ രണ്ടു ധ്രുവങ്ങളിൽ വിരാജിക്കുമ്പോൾ പരിസ്ഥിതിയുടെ സംരക്ഷണം എവിടെയും എത്താതെപോകുന്നു.


ഒരു പരിസ്ഥിതിശാസ്ത്രജ്ഞന്റെ മികവും ധാർമിക ഉത്തരവാദിത്വവും സാമൂഹിക ഇടപെടലും സമ്മേളിക്കുന്ന ഒരാളുടെ സാന്നിധ്യം അന്നുവരെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ നിർവചനങ്ങൾ പൊളിച്ചെഴുതി. പരിസ്ഥിതിശാസ്ത്രജ്ഞരും പ്രവർത്തകരും ഒരുപോലെ അംഗീകരിക്കുന്ന മാധവ് ഗാഡ്‌ഗിൽ അത്തരമൊരു വ്യക്തിത്വമായിരുന്നു. പരിസ്ഥിതിക്കായി മുറവിളി കൂട്ടുകയും പ്രവൃത്തിയിൽ ആ ആത്മാർഥത നിലനിർത്താനാകാത്തതുമായ കപട പരിസ്ഥിതിവാദികളെക്കൊണ്ട് സമ്പന്നമായ രാജ്യത്ത്, അദ്ദേഹം വ്യത്യസ്തനായത് അത്യന്തം ശക്തമായ നിലപാടുകൾകൊണ്ടായിരുന്നു. പരിസ്ഥിതിയുടെ നിലനിൽപ്പുമാത്രം നിലപാടായി സ്വീകരിച്ച വ്യക്തിത്വം.


gadgill


പരിസ്ഥിതിയുടെ സംരക്ഷണത്തിൽ അവിടെ അധിവസിക്കുന്ന ജനങ്ങൾക്കാണ് ഏതൊരു മുന്തിയ ശാസ്ത്രജ്ഞനേക്കാളും ഉദ്യോഗസ്ഥരേക്കാളും ചെയ്യാനുള്ളതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെയാകണം ലബോറട്ടറികളുടെ ശീതളിമയിൽനിന്ന്‌ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി അദ്ദേഹം പരിസ്ഥിതിയുടെ സ്പന്ദനങ്ങളെ നെഞ്ചിലേറ്റിയത്. ‘പ്രകൃതിയെ സംരക്ഷിക്കുക എന്നാൽ മനുഷ്യനെ സംരക്ഷിക്കുക എന്നുതന്നെയാണ് അർഥം. ഗ്രാമസഭകൾക്കും സാധാരണജനങ്ങൾക്കുമാണ് പ്രകൃതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അവകാശമുണ്ടാകേണ്ടത്' എന്ന് അദ്ദേഹം എപ്പോഴും ഓർമിപ്പിച്ചു. ഐഐടി, ഹാർവാർഡ് എന്നീ എണ്ണംപറഞ്ഞ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിൽനിന്ന്‌ ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പൂർത്തിയാക്കിയെങ്കിലും ജനങ്ങൾക്കിടയിലെ ശാസ്ത്രജ്ഞൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടതും അറിയപ്പെടാൻ ആഗ്രഹിച്ചതും.


പശ്ചിമഘട്ടത്തിലെ ദുർബലമായ പ്രദേശങ്ങളിലെ നിർമാണങ്ങളെ ഗാഡ്‌ഗിൽ എന്നും എതിർത്തു. എന്നാൽ, ഏത്‌ വികസനവും പ്രകൃതിയെ പരിഗണിച്ചുകൊണ്ട് സാധ്യമാണെന്നും അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. മഹാപ്രളയത്തിനുശേഷം കേരളം സന്ദർശിച്ച അദ്ദേഹം പറഞ്ഞതും മറ്റൊന്നായിരുന്നില്ല, ‘ഇനിയും നമുക്ക് സമയമുണ്ട്‌. വൈകിയിട്ടില്ല; പ്രകൃതിയെ അറിഞ്ഞുകൊണ്ട് നാം മുന്നോട്ടുപോകണം’ എന്നായിരുന്നു. ഇന്ന് പരിസ്ഥിതിശാസ്ത്രത്തെ പലരും വികസനത്തിന്റെ എതിർചേരിയിൽ നിർത്തുമ്പോൾ, അതിനും അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നു. പരിസ്ഥിതിശാസ്ത്രം ശരിയായ വികസനത്തിനല്ല, പകരം അശ്രദ്ധയും അസമത്വവും നിറഞ്ഞ വികസനത്തിനാണ് എതിരുനിൽക്കുന്നത്.


‘‘എല്ലാ സ്പർശനത്തിന്റെയും മൂലസ്രോതസ്സുകളായ മണ്ണിനെയും തൊഴിലാളിവർഗത്തെയും ഊറ്റിക്കുടിച്ചുകൊണ്ടുമാത്രമാണ് മുതലാളിത്ത ഉൽപ്പാദനം സാങ്കേതികവിദ്യയെ വളർത്തുകയും ഒരു സാമൂഹ്യസമഷ്ടിയായി വിവിധ പ്രക്രിയകളെ സംയോജിപ്പിക്കുകയും ചെയ്യുന്നത്’’


ആരോഗ്യപ്രവർത്തകയും ക്യൂബൻ വിപ്ലവനായകനായിരുന്ന ഏണസ്റ്റോ ചെ ഗുവേരയുടെ ഇളയമകളുമായ ഡോ. അലെയ്‌ഡ ഗുവേര ആമസോൺ കാടുകളിലെ അനിയന്ത്രിതമായ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താവന ‘‘ഇരുമ്പയിരില്ലാതെ നമുക്ക് ജീവിക്കാം. പക്ഷേ, ഓക്‌സിജൻ ഇല്ലാതെ ജീവിക്കാനാകില്ല.’’ എന്നായിരുന്നു. അവരുടെ പ്രസ്‌താവന ഉൾപ്പെടെ ലോകത്തെ എണ്ണംപറഞ്ഞ പരിസ്ഥിതിശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങളെ കാറ്റിൽപ്പറത്തി ബ്രസീലിലെ ഭരണകൂടം പ്രവർത്തിച്ചതിന്റെ ഫലമാണ് ആമസോൺ കാടുകളുടെ ഇന്നും നടക്കുന്ന ശോഷണം. മനുഷ്യനെയും ഭൂമിയെയും കൊള്ളയടിക്കുന്ന മുതലാളിത്ത കാടത്തത്തിനെതിരെ മാർക്‌സ് പറഞ്ഞിരിക്കുന്നത് ‘‘എല്ലാ സ്പർശനത്തിന്റെയും മൂലസ്രോതസ്സുകളായ മണ്ണിനെയും തൊഴിലാളിവർഗത്തെയും ഊറ്റിക്കുടിച്ചുകൊണ്ടുമാത്രമാണ് മുതലാളിത്ത ഉൽപ്പാദനം സാങ്കേതികവിദ്യയെ വളർത്തുകയും ഒരു സാമൂഹ്യസമഷ്ടിയായി വിവിധ പ്രക്രിയകളെ സംയോജിപ്പിക്കുകയും ചെയ്യുന്നത്’’ എന്നാണ്. മുതലാളിത്തം അധീശത്വം സ്ഥാപിച്ചത് പരിസ്ഥിതിയിലായിരുന്നു എന്നത് വാസ്തവമാണ്. ആ അധീശത്വം നാൾക്കുനാൾ ശക്തിപ്രാപിക്കുമ്പോൾ അതിനെയും ചോദ്യം ചെയ്യാൻ മാധവ് ഗാഡ്‌ഗിലിന് കഴിഞ്ഞിരുന്നു.


പ്രകൃതിക്ക്‌ അതിന്റെ നിലനിൽപ്പിനായി മറ്റൊരു ജീവിയുടെയും സഹായം ആവശ്യമില്ല. ഒരർഥത്തിൽ പരിസ്ഥിതിയും ജീവികളുമെല്ലാം ചേരുന്നതാണല്ലോ പ്രകൃതി. എന്നാൽ, ആ വലിയ ആവാസവ്യവസ്ഥയിൽ കേവലം ഒരു കടുകുമണിഭാഗമായ മനുഷ്യൻ ഈ സംവിധാനത്തെയാകെ തകർക്കുന്ന സമീപനം സ്വീകരിക്കുമ്പോൾ അതേ മനുഷ്യന്റെതന്നെ കൂട്ടത്തിൽനിന്ന്‌ ഇത്തരത്തിൽ അപൂർവമായെങ്കിലും ശബ്‌ദമുയരുന്നത് പ്രതീക്ഷാനിർഭരമാണ്. പരിസ്ഥിതിക്കായി ശബ്‌ദങ്ങൾ എന്നും ഉയർന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്റെ ആധികാരികതയോടെയും സാമൂഹികശാസ്ത്രജ്ഞന്റെ ഉത്തരവാദിത്വത്തോടെയുമുള്ള ശബ്‌ദം ഗാഡ്‌ഗിലും ഉയർത്തി. ആ ശബ്‌ദം സാങ്കേതികമായി നിലച്ചെങ്കിലും പ്രകൃതിയുടെ കയറ്റിറക്കങ്ങളിൽ പ്രതിധ്വനിക്കുകതന്നെ ചെയ്യും.


(കൊച്ചി സർവകലാശാല, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസി. പ്രൊഫസറാണ് ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home