ad
Deshabhimani

Articles

എൽഡിഎഫ് ഹാട്രിക്കിലേക്ക്

എൽഡിഎഫ് ഹാട്രിക്കിലേക്ക്

MA Baby.jpg

എൽഡിഎഫ് ഹാട്രിക്കിലേക്ക്

avatar
എം എ ബേബി

Published on Mar 31, 2026, 11:28 PM | 4 min read

രാജ്യതലസ്ഥാനത്ത്‌ ‘ജൻ ആക്രോശ്‌ റാലി’ക്ക്‌ നേതൃത്വം കൊടുത്തശേഷമാണ്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി കേരളത്തിലെ തെരഞ്ഞെടുപ്പുപ്രചാരണത്തിന്‌ എത്തിയത്‌. ദീർഘകാലം കോൺഗ്രസും പിന്നീട്‌ ബിജെപിയും ഭരിച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരവസ്ഥയിൽ കഴിയുന്ന ദരിദ്രജനവിഭാഗങ്ങളായിരുന്നു സമരത്തിൽ. കേരളത്തിലെ സാഹചര്യവുമായി താരതമ്യം ചെയ്യാൻപോലുമാകാത്ത അവസ്ഥയാണ്‌ ഇ‍ൗ സംസ്ഥാനങ്ങളിലെന്ന്‌, അനുഭവങ്ങളിലൂടെ അദ്ദേഹം പങ്കുവയ്ക്കുന്നു.


വികസനത്തിന്റെ പ്രയോജനം പാവപ്പെട്ടവർക്കോ ഇടത്തരക്കാർക്കോ മറ്റ്‌ സംസ്ഥാനങ്ങളിൽ ലഭിക്കുന്നില്ല. ഒരു ക്ഷേമപ്രവർത്തനവും ഇവരെ ലക്ഷ്യംവച്ച്‌ നടക്കുന്നുമില്ല. അതിനുപുറമെയാണ്‌ വർഗീയതയുടെ ഭീതിദമായ അന്തരീക്ഷം. കേരളത്തിലോ? കഴിഞ്ഞ 10 വർഷം നാടിനെ മാറ്റിയ വികസനമുണ്ടായി. പറ്റാവുന്ന എല്ലാ ക്ഷേമനടപടികളും എടുത്തു. വർഗീയതയുടെ വിത്തെറിയാനോ കലാപത്തിനോ ഇവിടെ ഇടംനൽകുന്നില്ല. അപ്പോൾ എങ്ങോട്ടാണ്‌ ഇനി മാറ്റം വേണ്ടത്‌? എൽഡിഎഫ്‌ സർക്കാർ ഹാട്രിക്കിലേക്കെന്ന കൃത്യമായ സൂചനകളാണ്‌ ജനങ്ങൾ നൽകുന്നത്‌.


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദുരവസ്ഥ നേരിൽ കണ്ട അനുഭവം


■​വേദനിപ്പിക്കുന്ന അനുഭവങ്ങൾ പലതുണ്ടായിട്ടുണ്ട്‌. ഡൽഹിയിലെ ഒരനുഭവം പറയാം. ഇടയ്ക്ക്‌ ആരുടെയെങ്കിലും വീട്ടിൽ ഒത്തുചേരാറുണ്ട്‌ ജെഎൻയുവിലെ സുഹൃത്തുക്കളായ പ്രൊ-ഫസർമാർ. ഒരു കൂട്ടായ്മയിൽ യാദൃച്ഛികമായി ഞാനും വന്നു. അന്നവിടെ സ്വാദിഷ്ഠമായ മട്ടൻ കട്‌ലെറ്റ്‌ ഉണ്ടാക്കിയിട്ടുണ്ട്‌. അതിഥിയായി വന്ന ഒരാൾ വീട്ടിൽ കൊണ്ടുപോകാൻ രണ്ടു കട്‌ലെറ്റ്‌ പൊതിഞ്ഞുതരണമെന്ന്‌ ആവശ്യപ്പെട്ടു. അപ്പോൾ ആ വീട്ടുകാർ ആദ്യം ചോദിച്ചത്‌, ‘എങ്ങനെയാണ്‌ തിരിച്ച്‌ വീട്ടിൽ പോകുന്നത്‌, മെട്രോയിലോ കാറിലോ?’ മെട്രോയിലെന്ന്‌ മറുപടി. എങ്കിൽ മട്ടൻ കട്‌ലെറ്റൊന്നും കൊണ്ടുപോകണ്ട. പിന്നീട്‌ എപ്പോഴെങ്കിലും കുടുംബത്തെയും കൊണ്ടുവരൂ, ഇവിടെ ഉണ്ടാക്കി കൊടുക്കാമെന്നായിരുന്നു വീട്ടുകാരുടെ മറുപടി.


മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ കൈയിലുള്ള വസ്തുക്കൾ നിരീക്ഷിച്ച്‌ ആക്രമിക്കുന്ന സംഘപരിവാർ സംഘങ്ങളുണ്ട്‌. യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കണം. തമിഴ്‌നാട്ടിൽ ഹോട്ടലുകളിൽ ജാതി തിരിച്ചല്ലേ ചായ ഗ്ലാസ്, ഇപ്പോഴും. ‘സർവം താളമയം’ എന്ന സിനിമയിൽ അത്തരമൊരു രംഗം കണ്ടതോർക്കുന്നു. ജാതിമതിലുകൾ ഉള്ള നാടാണ്‌. കേരളത്തിൽ അതാണോ സ്ഥിതി, എന്താണ്‌ കാരണം? രാജ്യത്ത്‌ എല്ലായിടത്തും നവോത്ഥാനപ്രസ്ഥാനങ്ങൾ ഉണ്ടായിട്ടുണ്ട്‌.


പക്ഷേ, അതിനൊന്നും പിന്തുടർച്ച ഉണ്ടായില്ല. ഇവിടെ അതല്ല, സുശക്തമായ പുരോഗമന തൊഴിലാളിപ്രസ്ഥാനം ആ ആശയങ്ങളെ ഏറ്റെടുത്ത്‌ മുന്നോട്ടുപോയി. ഒരു മാറ്റം വേണ്ടേയെന്നാണ്‌ ചോദ്യം. എങ്ങനെ മാറണം എന്നിടത്താണ്‌ പ്രശ്നം. ഇടതുപക്ഷത്തെ മാറ്റാനല്ല, മറിച്ച്‌ കൂടുതൽ ജനക്ഷേമ നടപടികളിലൂടെ, കൂടുതൽ വികസനത്തിലൂടെ സമൂഹത്തെ മാറ്റുകയെന്നതാണ്‌ ആവശ്യം. അതിന്‌ എൽഡിഎഫിനല്ലാതെ മറ്റാർക്ക്‌ കഴിയും. വികസനത്തുടർച്ച വേണം. അല്ലാതെ, യുഡിഎഫിന്റെ ഇരുണ്ടകാലത്തേക്ക്‌ മാറണമെന്ന്‌, ഉത്തരേന്ത്യപോലെയാക്കണമെന്ന്‌ സാമാന്യമായി ചിന്തിക്കുന്ന ആരെങ്കിലും പറയുമോ?


​ഇനി സച്ചിദാനന്ദൻ മാഷെപ്പോലുള്ളവർ പറഞ്ഞതുപോലെ; തുടർച്ചയായി ഭരിച്ചാൽ അപകടമുണ്ടാകുമെന്നാണെങ്കിൽ, ആ തിരിച്ചറിവോടെ ഭരിച്ചാൽ പോരേ? അത്തരം മുന്നറിയിപ്പുകളെ ഞങ്ങൾ ഉൾക്കൊള്ളുന്നുണ്ട്‌. പക്ഷേ, നാടിനെ അരക്ഷിതാവസ്ഥയിലേക്ക്‌ തള്ളിവിടാനാകില്ല. പാവങ്ങളുടെ 600 രൂപ പെൻഷൻപോലും കുടിശ്ശികയിട്ടവരാണ്‌ യുഡിഎഫ്‌. പരീക്ഷക്കാലത്തും പവർകട്ട്‌. അലസമായും നിരുത്തരവാദിത്വത്തോടെയും ആരെങ്കിലും മാറ്റത്തെക്കുറിച്ച്‌ പറഞ്ഞാൽ അത്‌ മലയാളി തിരിച്ചറിയും.


സമീപനങ്ങൾക്കും തുടർച്ച വേണമെന്നല്ലേ

■​അതെ, 1957ൽ അധികാരത്തിൽ വന്നപ്പോൾ ഇ എം എസ്‌ പറഞ്ഞു: പരിമിത അധികാരവും വിഭവങ്ങളുമുള്ള സർക്കാരാണെങ്കിലും ഇടതുപക്ഷം ഭരിക്കുമ്പോൾ മറ്റ്‌ സർക്കാരുകളുടെ കാലത്തുള്ളപോലെ ജനദ്രോഹനയങ്ങളും ആക്രമണങ്ങളും ഉണ്ടാകില്ല. സർവതോമുഖമായ പുരോഗതിക്ക്‌ ശ്രമിക്കും. അരക്ഷിതബോധമുള്ളവരെ സംരക്ഷിക്കും. ഞാനോർക്കുന്നത്‌ പുലാമന്തോളിലെ ഇ എം എസ്‌ പള്ളിയാണ്‌.


മലബാർ കലാപത്തിനുശേഷം മലബാർ പ്രദേശത്ത്‌ പുതിയ മുസ്ലിംപള്ളി പോയിട്ട്‌ ഒരു കല്ലിളകിയാൽ തിരിച്ചുവയ്ക്കാൻപോലും അനുവദിച്ചിരുന്നില്ല. സ്വാതന്ത്ര്യം ലഭിച്ചശേഷം മുസ്ലിംലീഗുകാർ ഉൾപ്പെട്ടെ കോൺഗ്രസിന്റെ രാജാജി സർക്കാരും വിലക്ക്‌ നീക്കിയില്ല. 1957ലെ ഇ എം എസ്‌ സർക്കാരാണ്‌ വിലക്കിന്‌ അന്ത്യംകുറിച്ചത്‌. നാട്ടിൽ വന്ന സമയത്ത്‌ പുലാമന്തോളിലെ ഇസ്ലാംമത വിശ്വാസികൾ ഇ എം എസിനെ കണ്ട്‌ പരാതി പറഞ്ഞപ്പോഴാണ്‌ വിഷയം ശ്രദ്ധയിൽപ്പെട്ടത്‌. ഉടൻതന്നെ അത്‌ നീക്കുകയും ചെയ്തു. പുലാമന്തോളിൽ പുതിയ പള്ളി വന്നു.


എന്താണ്‌ ഇടതുപക്ഷം ചെയ്തതെന്നൊക്കെ ചോദിക്കുന്നവരില്ലേ

■​ഭൂപരിഷ്കരണം നടപ്പാക്കിയപ്പോഴും ഇപ്പോൾ അതിദാരിദ്ര്യം നീക്കംചെയ്തപ്പോഴുമൊക്കെ ലക്ഷ്യംവച്ചത്‌ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരടക്കമുള്ള പാവപ്പെട്ടവരെയാണ്‌. ഇന്ത്യയിൽ എവിടെയെങ്കിലും ഇത്തരം നയപരിപാടികളുണ്ടോ. 2006ൽ ഞാനുംകൂടി ഉൾപ്പെട്ടെ സർക്കാരിന്റെ കാലത്താണ്‌ മെഡിക്കൽ, എൻജിനിയറിങ്‌, സിവിൽ സർവീസ്‌ മേഖലകളിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക്‌ പ്രത്യേക കോച്ചിങ്‌ തുടങ്ങിയത്‌. സമൂഹത്തിന്‌ മുന്നോട്ടുപോകാനുള്ള പാത നോക്കിയാണ്‌ ബദൽനയവും പരിപാടികളും ഇടതുപക്ഷം സ്വീകരിക്കുക. സ്വന്തം പാർടിയുടെ പ്രചാരണംപോലും കരാറുകാരെ ഏൽപ്പിക്കുന്നവർക്ക്‌ ഇത്‌ മനസ്സിലാകില്ല. ശബരിമല സ്വർണം കട്ടവരും വിറ്റവരും ഒരുപോലെ സോണിയ ഗാന്ധിയുടെ വീട്ടിൽ പലവട്ടം പോയത്‌ എന്തിനെന്ന്‌ ഇന്നുവരെ ഉത്തരം കിട്ടിയിട്ടുണ്ടോ?


​രാജ്യത്ത്‌ ഇടതുപക്ഷ സർക്കാരിന്റെ 
പ്രസക്തി

■​കേരളത്തിൽ ഇടതുപക്ഷം ഭരിക്കുന്ന സർക്കാരുണ്ടെന്നത്‌ അഭിമാനകരംതന്നെയാണ്‌. ഇന്ത്യയുടെ രാഷ്‌ട്രീയത്തിൽ ഇടതുപക്ഷത്തിന്‌ ഇടപെടാൻ കേരളത്തിലെ സർക്കാർ വലിയ കരുത്തുപകരുന്നുണ്ട്‌. ആ അർഥത്തിലും എൽഡിഎഫ്‌ സർക്കാരിന്‌ ഒരു ഹാട്രിക്‌ നൽകുകയെന്നത്‌ അത്യന്താപേക്ഷിതമാണ്‌. പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. കണക്കിലെടുക്കേണ്ട ശക്തിയായി ഇടതുപക്ഷത്തിനും സിപിഐ എമ്മിനും മാറാൻ കഴിയും. ബിജെപിയെ അകറ്റിനിർത്തിക്കൊണ്ട്‌ ഡിഎംകെയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ നടക്കുന്ന ഭരണത്തിനും തുടർച്ചയുണ്ടാകും. ഏറ്റവും വിഷലിപ്തമായ പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്ന ഹിമന്ത ബിശ്വ സർമയുടെ നേതൃത്വത്തിലുള്ള അസം സർക്കാർ വലിയ വെല്ലുവിളി നേരിടുകയാണ്‌.


​കേരളത്തോടുള്ള കേന്ദ്രസമീപനവും
ചർച്ചയല്ലേ

​■ബിജെപി ഇതര സർക്കാരുകളെയെല്ലാം കേന്ദ്രം അവഗണിക്കുന്ന സമീപനമാണെങ്കിലും കേരളത്തെ കൂടുതൽ രൂക്ഷമായാണ്‌ ആക്രമിക്കുന്നത്‌. അത്‌ ആശയപരമാണ്‌. ഗോൾവാൾക്കറുടെ വിചാരധാര പറയുന്ന മൂന്ന്‌ ആഭ്യന്തരശത്രുക്കളിൽ, മുസ്ലിമും ക്രിസ്ത്യാനിയും കഴിഞ്ഞാൽ കമ്യൂണിസ്റ്റുകാരാണ്‌. ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്റെ വിജയദശമി പ്രസംഗത്തിൽ പറഞ്ഞല്ലോ, കമ്യൂണിസ്റ്റുകാർ വലിയ അപകടകാരികളാണെന്ന്‌. പിണറായി വിജയന്റെ തല കൊണ്ടുവന്നാൽ ഇനാം പ്രഖ്യാപിച്ചവരല്ലേ അവർ. കേരളത്തെ പ്രത്യേകമായി ‘ടാർഗറ്റ്‌’ ചെയ്യുകയാണ്‌. ഇതിന്‌ സഹായകമായ നിലപാടാണ്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നതും. കേരളത്തിനെതിരായ കേന്ദ്രനീക്കത്തെ പ്രതിരോധിക്കാൻ ഒരുഘട്ടത്തിലും കോൺഗ്രസില്ല. അവരുമായി കൂട്ടുചേർന്ന്‌ ഇടതുപക്ഷത്തെ ഇല്ലാതാക്കാനാണ്‌ കോൺഗ്രസ്‌ ശ്രമം. രാഷ്‌ട്രീയസാക്ഷരതയുള്ള കേരളത്തിലെ ജനങ്ങൾ ഇക്കാര്യത്തിലും പ്രതികരിക്കുമെന്ന്‌ ഉറപ്പാണ്‌.


​ചിലർ പാർടി വിട്ടത്‌ വലിയ 
വിവാദമാക്കിയല്ലോ

​■സമൂഹത്തിലാകെയും രാഷ്‌ട്രീയപാർടികളിലും വലിയ അപചയം നടക്കുന്നുണ്ട്‌. രാഷ്‌ട്രീയപ്രവർത്തനത്തിന്റെ ലക്ഷ്യം അധികാരവും പദവിയും നേടാനും അതുവഴി പണമുണ്ടാക്കലുമാണെന്ന്‌ ധരിക്കുന്ന വലിയ വിഭാഗമുണ്ട്‌. ഉദ്യോഗം കിട്ടിയാൽ പണമുണ്ടാക്കുക എന്നു കരുതുന്നവർ അനവധിയല്ലേ. ഉത്തരേന്ത്യയിൽ അഴിമതി സാമാന്യവൽക്കരിച്ചിരിക്കുകയാണ്‌. ബൂർഷ്വാ പാർടികളിൽ രാഷ്‌ട്രീയനേതൃത്വവും എംഎൽഎ, എംപി, മന്ത്രി സ്ഥാനങ്ങളും വിശ്വസിക്കാൻ കഴിയാത്തവിധം കച്ചവടവൽക്കരിക്കപ്പെട്ടതിന്റെ ദോഷം ചെറുതല്ല. ഇ‍ൗ അധഃപതനത്തിന്റെ ഭാഗമായാണ്‌ വളരെ പെട്ടെന്ന്‌ മറ്റൊരു പാർടിയിൽ ചേരുന്നതും അധികാരസ്ഥാനത്തേക്ക്‌ എത്താൻ ശ്രമിക്കുന്നതും. ഭരണവർഗ പാർടികളുടെ സ്വാധീനമാണ്‌ ഇതിൽ കാണുന്നത്‌.


അതിനെ ഇപ്പോഴും ചെറുത്തുനിൽക്കുന്നവരാണ്‌ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും. എന്നാൽ, ഇടതുപക്ഷപ്രസ്ഥാനത്തിലുള്ള അപൂർവം ചിലരെയും അധികാര ആസക്തി ബാധിച്ചുതുടങ്ങിയിട്ടുണ്ട്‌ എന്ന കാര്യം മറച്ചുവയ്ക്കുന്നില്ല. വളരെ ഗ‍ൗരവത്തോടെതന്നെയാണ്‌ പാർടി അതിനെ കാണുന്നത്‌. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച്‌ രാഷ്‌ട്രീയപ്രവർത്തനത്തിന്റെയും സമരത്തിന്റെയും ഒരു മേഖലമാത്രമാണ്‌ പാർലമെന്ററി പ്രവർത്തനം. നേതൃത്വത്തിലെ വലിയൊരു വിഭാഗം സംഘടന, സമര രംഗങ്ങളിലാണ്‌ പ്രവർത്തിക്കുന്നത്‌. പാർടി നിയോഗിക്കുന്നവരാണ്‌ പാർലമെന്ററി പ്രവർത്തനരംഗത്തേക്ക്‌ പോകുന്നത്‌. കമ്യൂണിസ്റ്റ്‌ രാഷ്‌ട്രീയപ്രവർത്തനമെന്നാൽ എംഎൽഎയും എംപിയും മന്ത്രിയും മറ്റുമാകലാണെന്ന്‌ തെറ്റിദ്ധരിച്ചിട്ടുള്ള അപൂർവം ചിലരെങ്കിലുമുണ്ട്‌. അവരെ പാർടിക്ക്‌ തിരുത്താൻ കഴിയുമെന്ന്‌ ഉറപ്പുണ്ട്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home