ad
Deshabhimani

യെച്ചൂരിയുടെ ആ മറുപടി മുഴങ്ങുന്ന തെരഞ്ഞെടുപ്പ്‌

local body election kerala
avatar
എൻ എസ്‌ സജിത്‌

Published on Nov 28, 2025, 11:26 PM | 3 min read

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഇടതുപക്ഷ പാർടികളുടെ പിന്തുണയോടെ യുപിഎ സർക്കാർ അധികാരമേറ്റ കാലം. തൊഴിലുറപ്പ്‌ ബിൽ, വനാവകാശ ബിൽ, വിവരാവകാശ ബിൽ എന്നിവയെല്ലാം ഇടതുപക്ഷ പാർടികളുടെ നിരന്തര സമ്മർദഫലമായി പാർലമെന്റിൽ അവതരിപ്പിച്ചു. യുപിഎയും ഇടതുപക്ഷ പാർടികളും അംഗീകരിച്ച പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്‌ ഇ‍ൗ നിയമനിർമാണങ്ങൾ.


ജനക്ഷേമകരമായ നിയമനിർമാണത്തിന്റെ ഭാഗമായ ബില്ലുകളിലെ ഒരു വ്യവസ്ഥയിൽപ്പോലും വെള്ളംചേർക്കാൻ പാടില്ലെന്ന നിർബന്ധബുദ്ധിയിൽ ചെലുത്തുന്ന സമ്മർദം ഇടതുപക്ഷത്തിന്റെ കാർക്കശ്യമാണെന്ന്‌ ഒരു വിഭാഗം മാധ്യമങ്ങൾ ചിത്രീകരിച്ചു. അന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗമായിരുന്ന സീതാറാം യെച്ചൂരിയോട്‌ മാധ്യമപ്രവർത്തകർ ചോദിച്ചു: ‘ഇ‍ൗ സർക്കാരിന്‌ ഇടതുപക്ഷം പുറത്തുനിന്നാണ്‌ പിന്തുണ നൽകുന്നത്‌. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്‌തിട്ടും ഇടതുപക്ഷം ഏറ്റെടുത്തില്ല. ഇതുകൊണ്ട്‌ നിങ്ങൾക്ക്‌ എന്തു ഗുണം.’ പതിവുചിരിയോടെ യെച്ചൂരിയുടെ മറുപടി ഇങ്ങനെ: ‘വാജ്‌പേയി ഭരിച്ച 2004 വരെ ഇന്ത്യയുടെ രാഷ്‌ട്രീയ സംവാദമണ്ഡലത്തിൽ നിറഞ്ഞുനിന്നത്‌ എന്തെല്ലാമായിരുന്നു. വർഗീയത, മതവൈരം, അയോധ്യയിലെ ശിലാപൂജ, ന്യൂനപക്ഷങ്ങൾക്ക്‌ തീവ്രവാദികളെന്ന്‌ മുദ്രചാർത്തിക്കൊടുക്കൽ, അങ്ങനെ പലതും. അതെല്ലാം മാറ്റിവച്ച്‌ ദരിദ്രരായ തൊഴിലാളികളെക്കുറിച്ചും അവരുടെ വേതനത്തെക്കുറിച്ചും ആദിവാസികൾക്ക്‌ വനഭൂമി ഉറപ്പാക്കുന്നതിനെക്കുറിച്ചും അഴിമതി തടയാനുള്ള മാർഗങ്ങളെക്കുറിച്ചുമൊക്കെ രാജ്യം ചർച്ച ചെയ്യുന്നില്ലേ. അതുതന്നെയാണ്‌ ഞങ്ങൾ പ്രതീക്ഷിക്കുന്ന ഗുണം.’


ഒന്പതരവർഷമായി ഭരിക്കുന്ന സർക്കാരിന്‌ എങ്ങനെയാണ്‌ വർധിച്ച ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ സമീപിക്കാൻ കഴിയുന്നത്‌ എന്നതുതന്നെയാണ്‌ ഇ‍ൗസമയത്തെ സുപ്രധാന കാര്യം. ഭരണവിരുദ്ധവികാരത്തിന്റെ ലാഞ്ഛനപോലും ഇല്ലാത്ത തെരഞ്ഞെടുപ്പാണിതെന്ന്‌ നിസ്സംശയം പറയാം


​യെച്ചൂരിയുടെ ആ മറുപടിയും തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ സംവാദമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന അതിദാരിദ്ര്യനിർമാർജനം, വികസനം, സാമൂഹ്യക്ഷേമം എന്നീ അജൻഡകളും ഒരുമിച്ച്‌ ചേർക്കുന്പോൾ അതിൽനിന്ന്‌ നമുക്ക്‌ വായിക്കാനും വ്യാഖ്യാനിക്കാനും നിരവധി കാര്യങ്ങളുണ്ട്‌. ഇടതുപക്ഷത്തിന്‌ ആശയപരമായ മേൽക്കൈയുണ്ടെങ്കിലും മത, സാമുദായിക, വർഗീയശക്തികൾ പിടിമുറുക്കാൻ ശ്രമിക്കുന്ന ഒരു സമൂഹത്തിൽ ജനപക്ഷ അജൻഡകൾ ശക്തമായിത്തന്നെ മുന്നോട്ടുവയ്ക്കാൻ കഴിഞ്ഞു എന്നതുതന്നെയാണ്‌ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ പ്രധാന നേട്ടം. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണവിഷയങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഭരണനേട്ടങ്ങൾതന്നെയാണെന്ന്‌ വ്യക്തം. ഒന്പതരവർഷമായി ഭരിക്കുന്ന സർക്കാരിന്‌ എങ്ങനെയാണ്‌ വർധിച്ച ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ സമീപിക്കാൻ കഴിയുന്നത്‌ എന്നതുതന്നെയാണ്‌ ഇ‍ൗസമയത്തെ സുപ്രധാന കാര്യം. ഭരണവിരുദ്ധവികാരത്തിന്റെ ലാഞ്ഛനപോലും ഇല്ലാത്ത തെരഞ്ഞെടുപ്പാണിതെന്ന്‌ നിസ്സംശയം പറയാം.


അധികാരവികേന്ദ്രീകരണത്തോട്‌ പുലർത്തുന്ന സമീപനംമുതൽ അതിദാരിദ്ര്യനിർമാർജനവും സാമൂഹ്യക്ഷേമ പെൻഷൻ 2000 രൂപയായി വർധിപ്പിച്ചതുംവരെയുള്ള ക്ഷേമപദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾക്കാണ്‌ എല്ലാ തലങ്ങളിലും മേൽക്കെൈ. മികച്ച റോഡുകൾ ഉൾപ്പെടെയുള്ള പശ്ചാത്തലവികസന പദ്ധതികളും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ മികവും ഒരസ്വാരസ്യവുമില്ലാത്ത മികച്ച സാമൂഹ്യാന്തരീക്ഷവും തെരഞ്ഞെടുപ്പുപ്രചാരണരംഗത്ത്‌ നിറയുന്നു. ഇതുകൂടാതെയാണ്‌ 35നും 60നും ഇടയ്ക്ക്‌ പ്രായമുള്ള, മറ്റ്‌ പെൻഷൻ പദ്ധതികളിൽ ഉൾപ്പെടാത്ത, അന്ത്യോദയ അന്നയോജനയിലും മറ്റു മുൻഗണനാവിഭാഗത്തിലും ഉൾപ്പെടുന്നവരുമായ സ്‌ത്രീകൾക്ക്‌ 1000 രൂപ സ്‌ത്രീസുരക്ഷാ പെൻഷൻ അനുവദിക്കാനുള്ള തീരുമാനം. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യർക്കൊപ്പം ഇ‍ൗ സർക്കാരുണ്ടെന്ന സന്ദേശം എല്ലാവരിലും എത്തിക്കഴിഞ്ഞു. അതോടൊപ്പം 18 മാസക്കാലം പെൻഷൻ മുടക്കിയ യുഡിഎഫിനെതിരെയുള്ള നിശ്ശബ്‌ദമായ അമർഷവും അടിത്തട്ടിലുണ്ട്‌. ഇപ്പോഴിതാ സ്‌ത്രീസുരക്ഷാ പെൻഷൻ മുടക്കാനുള്ള പദ്ധതിയുമായി യുഡിഎഫ്‌ രംഗത്തിറങ്ങിയിരിക്കുന്നു. യുഡിഎഫ് നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്‌ത്രീസുരക്ഷാ പദ്ധതിയുടെ അപേക്ഷ സ്വീകരിക്കുന്നതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർക്ക് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.


കോവിഡ്‌ കാലത്തെ കിറ്റ്‌ വിതരണവും പെൻഷൻ വിതരണവും സ്‌കൂൾ വിദ്യാർഥികൾക്കുള്ള അരിവിതരണവും തടയാൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ യുഡിഎഫ്‌ നേതാക്കൾ കമീഷന് പരാതി നൽകിയത്‌ എങ്ങനെയാണ്‌ കേരളീയർക്ക്‌ മറക്കാനാകുക


തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനുമുന്പേ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായുള്ള അപേക്ഷ സ്വീകരിക്കൽ എങ്ങനെയാണ്‌ മാതൃകാ പെരുമാറ്റച്ചട്ടലംഘനമാകുന്നത്‌? ഇതുസംബന്ധിച്ച വാർത്ത കഴിഞ്ഞദിവസം ആഘോഷിച്ച രീതി കണ്ടാൽ മനസ്സിലാകും യുഡിഎഫിന്റെയും അവർക്ക്‌ ആശയപരമായ ഇന്ധനം നൽകുന്ന പത്രത്തിന്റെയും ഉള്ളിലിരിപ്പ്‌. ലൈ-ഫ്‌ പദ്ധതിപ്രകാരം 4,71,442 ലക്ഷം വീടുകളാണ്‌ കേരളത്തിലെ ഭവനരഹിതർക്ക്‌ ഒന്പതരവർഷത്തിനുള്ളിൽ നിർമിച്ചുനൽകിയത്‌. എൽഡിഎഫ്‌ പ്രവർത്തകർ പ്രചാരണവേളയിൽ വോട്ടർമാരോട്‌ ഇക്കാര്യം പറയുന്പോൾ, തങ്ങൾ അധികാരത്തിൽ വന്നാൽ ലൈഫ്‌ റദ്ദാക്കുമെന്ന 2021ലെ യുഡിഎഫ്‌ കൺവീനർ എം എം ഹസന്റെ പ്രഖ്യാപനം സ്വാഭാവികമായും സാധാരണ മനുഷ്യരുടെ ഓർമയിൽ വരും. കോവിഡ്‌ കാലത്തെ കിറ്റ്‌ വിതരണവും പെൻഷൻ വിതരണവും സ്‌കൂൾ വിദ്യാർഥികൾക്കുള്ള അരിവിതരണവും തടയാൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ യുഡിഎഫ്‌ നേതാക്കൾ കമീഷന് പരാതി നൽകിയത്‌ എങ്ങനെയാണ്‌ കേരളീയർക്ക്‌ മറക്കാനാകുക. 2021ലെ കോവിഡ്‌ കാലത്ത്‌ ഇ‍ൗസ്റ്റർ, വിഷു, റംസാൻ ആഘോഷങ്ങൾ കണക്കിലെടുത്ത്‌ 50 ലക്ഷം കുടുംബങ്ങൾക്ക്‌ കിറ്റ്‌ നൽകുന്നതിനെതിരെ അന്നത്തെ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷനെ സമീപിച്ചത്‌.


1947 വീടുകളാണ്‌ സിപിഐ എം സംസ്ഥാനത്തെന്പാടും നിർമിച്ചുനൽകിയത്‌. വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലിന്റെ കെടുതി നേരിട്ടവർക്ക്‌ വീടുനിർമാണം അന്തിമഘട്ടത്തിലാണ്‌. ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രി വിറ്റും വിവിധ ചലഞ്ചുകൾ നടത്തിയും സ്വരൂപിച്ച 20 കോടി രൂപകൂടി ആ വീടുകളുടെ നിർമാണത്തിൽ ഉപയോഗിക്കുന്നുണ്ട്‌. 25 വീടുകളാണ്‌ പ്രഖ്യാപിച്ചതെങ്കിലും 100 വീടിനുള്ള പണമാണ്‌ ആ യുവജനസംഘടന സർക്കാരിന്‌ നൽകിയത്‌. അതേസമയം, കോൺഗ്രസിനുവേണ്ടി യൂത്ത്‌ കോൺഗ്രസ്‌ പിരിച്ച കോടികൾ മുക്കിയത് എവിടെയെന്ന ചോദ്യത്തിന്‌ പ്രതിപക്ഷമുന്നണിയുടെ നേതാക്കൾക്ക്‌ മറുപടിയില്ല.

വികസനവും സാമൂഹ്യക്ഷേമവും എന്ന വിഷയം എൽഡിഎഫ്‌ ശക്തമായി മുന്നോട്ടുവയ്ക്കുന്പോൾ ജനങ്ങളോർക്കുന്നത്‌, അഴിമതിയും ലൈംഗികാതിക്രമ ആരോപണങ്ങളും നേതാക്കളുടെ കുതികാൽവെട്ടലും നിറഞ്ഞ യുഡിഎഫ്‌ ഭരണകാലമാണ്‌. വികസനമെന്ന ഉരകല്ലിൽ ഇരുമുന്നണിയെയും താരതമ്യം ചെയ്യുന്പോൾ എൽഡിഎഫ്‌ തീർച്ചയായും ബഹുകാതം മുന്നിലാണ്‌.



Deshabhimani
Home