ക്യൂബ നൽകുന്ന പാഠം

സിഐടിയു പ്രതിനിധിസംഘത്തിന്റെ ഭാഗമായി നടത്തിയ ക്യൂബൻ സന്ദർശനം ആവേശകരമായി. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മനുഷ്യത്വരഹിത ഉപരോധങ്ങളെ തുടർന്ന് കടുത്ത പ്രയാസങ്ങൾ നേരിടുന്ന ക്യൂബൻ ജനതയുടെ പോരാട്ടവീര്യം നേരിട്ട് മനസ്സിലാക്കാൻ അവസരം ലഭിച്ചു.
കടുത്ത ജീവിതപ്രയാസങ്ങൾക്കിടയിലും സ്വന്തം രാജ്യത്തിന്റെ പരമാധികാരവും വിപ്ലവപാരമ്പര്യവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ജനതയെയാണ് ക്യൂബയിൽ കാണാൻ കഴിഞ്ഞത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് ക്യൂബ നൽകുന്ന ആവേശം വാക്കുകളിൽ ഒതുങ്ങുന്നതല്ല. ക്യൂബൻ ദേശീയ ട്രേഡ് യൂണിയനായ സിടിസിയുടെ ക്ഷണമനുസരിച്ചാണ് സിഐടിയു സംഘം ക്യൂബ സന്ദർശിച്ചത്.
ഇക്കഴിഞ്ഞ 17 മുതൽ 23 വരെയായിരുന്നു ഞങ്ങളുടെ സന്ദർശനം. എന്നോടൊപ്പം സിഐടിയു അഖിലേന്ത്യ പ്രവർത്തകസമിതി അംഗങ്ങളായ അറുമുഖ നയനാർ (തമിഴ്‌നാട്), ഇന്ദ്രാണി മുഖർജി (ബംഗാൾ) എന്നിവരുണ്ടായിരുന്നു. 17ന് ഡൽഹിയിൽനിന്ന് ആംസ്റ്റർഡാം, പനാമ വിമാനത്താവളങ്ങൾവഴി ഹവാനയിൽ എത്തി. അതേ മാർഗത്തിൽത്തന്നെയായിരുന്നു മടക്കയാത്രയും. യാത്ര ചുവന്ന ക്യൂബയിലേക്കായതുകൊണ്ട് സുദീർഘയാത്രയുടെ ക്ഷീണം അനുഭവപ്പെട്ടില്ല.
വിപ്ലവാനന്തരം ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സോഷ്യലിസ്റ്റ് ഭരണകൂടം ജനങ്ങളെ സ്വതന്ത്രരാക്കി. എല്ലാവരും ഭൂമിക്ക് ഉടമകളായി. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ അവിശ്വസനീയനേട്ടങ്ങളാണ് ക്യൂബ കൈവരിച്ചത്. സ്‌ത്രീസംരക്ഷണത്തെക്കുറിച്ച് ക്യൂബക്കാർ നൽകുന്ന വിശദീകരണം ആവേശകരമാണ്.
സിടിസി ആസ്ഥാനത്തായിരുന്നു ഞങ്ങളുടെ ആദ്യത്തെ പരിപാടി. സിടിസി നേതൃസംഘം ഞങ്ങളുമായി ദീർഘനേരം ചർച്ച നടത്തി. ക്യൂബയിലെ ആനുകാലിക സാഹചര്യവും ഉപരോധം സൃഷ്ടിക്കുന്ന ആഘാതങ്ങളും അതിനെ നേരിടാൻ സർക്കാരും ട്രേഡ് യൂണിയനും വഹിക്കുന്ന പങ്കും സിടിസി നേതാക്കൾ വിശദീകരിച്ചു. അവരിൽ നിരാശയുടെ ലാഞ്ഛനപോലും കണ്ടില്ല. സോഷ്യലിസ്റ്റ് ക്യൂബയെ സംരക്ഷിക്കാൻ പോരാട്ടം തുടരുമെന്ന പ്രഖ്യാപനമാണ് അവർ നടത്തിയത്.
ക്യൂബയിലെ തൊഴിലാളികൾ രാജ്യരക്ഷയ്ക്കായി എന്തു ത്യാഗവും സഹിക്കാൻ സന്നദ്ധരാകുമെന്ന് നേതാക്കൾ വ്യക്തമാക്കി. അവശ്യമരുന്നുകൾക്ക് ക്ഷാമം നേരിടുന്ന ക്യൂബൻ ജനതയെ സഹായിക്കാൻ ജീവൻരക്ഷാമരുന്നുകൾ സിഐടിയു ശേഖരിച്ചത് ഹവാനയിലെ ഹൃദ്‌രോഗ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി സൂപ്രണ്ടും ജീവനക്കാരും ചേർന്ന് മരുന്നുകൾ ഏറ്റുവാങ്ങി.
ക്യൂബയിൽ വിദ്യാഭ്യാസം, ചികിത്സ എന്നിവ സൗജന്യമാണ്. ഉപരോധംമൂലം ഏർപ്പെടുത്തിയ വൈദ്യുതിനിയന്ത്രണവും മരുന്നുക്ഷാമവും ആശുപത്രികളുടെ നടത്തിപ്പിൽ പ്രയാസം സൃഷ്ടിക്കുന്നു. പ്രതിസന്ധികളെ അതിജീവിക്കാൻ ഇച്ഛാശക്തിയോടെ തീവ്രയത്നം നടത്തുന്നവരാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും.
ക്യൂബയിലെ വൈദ്യുതോൽപ്പാദനപദ്ധതികൾ പെട്രോളിയം ഉൽപ്പന്നങ്ങളെ ആശ്രയിച്ച് പ്രവർത്തിക്കുന്നവയാണ്. എണ്ണ ഇറക്കുമതിയിൽ ഭൂരിഭാഗവും റഷ്യ, വെനസ്വേല എന്നീ രാജ്യങ്ങളിൽനിന്നായിരുന്നു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധംമൂലം എണ്ണ ഇറക്കുമതി പൂർണമായി തടസ്സപ്പെട്ടു. ഈ ഗുരുതരസാഹചര്യത്തിൽ ചൈന നൽകിയ സോളാർ പാനലുകളാണ് ആശ്വാസം നൽകുന്നത്. ആശുപത്രികളിലും മറ്റ് അവശ്യസേവന മേഖലകളിലും സോളാർ പാനൽ സ്ഥാപിച്ച് പകൽ വൈദ്യുതി ലഭ്യമാക്കുന്നുണ്ട്. ടൂറിസംവഴി ഗണ്യമായ വരുമാനം നേടിയിരുന്ന രാജ്യമാണ് ക്യൂബ. വൈദ്യുതിക്ഷാമവും മറ്റു പ്രതിബന്ധങ്ങളും കാരണവും ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞു. വൈദ്യുതിക്ഷാമം വ്യവസായങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിച്ചു.
ക്യൂബ ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളെ മുഴുവൻ തങ്ങളുടെ കീഴിലാക്കലാണ് അമേരിക്കയുടെ ലക്ഷ്യം. 1959ലെ ക്യൂബൻ വിപ്ലവം അമേരിക്കൻ സാമ്രാജ്യത്വമോഹത്തിന് കടുത്ത തിരിച്ചടിയായിരുന്നു. അമേരിക്കൻ ഉപരോധംമൂലം 2025 മാർച്ചിനും 2026 ഫെബ്രുവരിക്കും ഇടയിൽ ക്യൂബയ്ക്കുണ്ടായ നഷ്ടം 800 കോടി ഡോളറാണ്. ഇത് തലേവർഷത്തേക്കാൾ ഏഴുശതമാനം ഉയർന്ന തുകയാണ്. കഴിഞ്ഞ 60 വർഷം 17,800 കോടി ഡോളർ ഉപരോധംവഴി ക്യൂബയ്ക്ക് നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി അമേരിക്ക സമ്പൂർണമായി തടഞ്ഞിരിക്കുകയാണ്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യത കുറഞ്ഞതിനാൽ ഗതാഗതമേഖല പ്രതിസന്ധിയിലായി. ക്യൂബൻ നാണയമായ "പെസോ’യുടെ മൂല്യം 90 ശതമാനം ഇടിഞ്ഞു. അമേരിക്കൻ ഉപരോധത്തിനെതിരായി ഐക്യരാഷ്ട്രസംഘടന പാസാക്കിയ എല്ലാ പ്രമേയങ്ങളും അമേരിക്ക വീറ്റോ ചെയ്‌തു. 33 വർഷങ്ങൾക്കിടയിൽ ക്യൂബയ്ക്ക് അനുകൂലമായി ഐക്യരാഷ്ട്രസംഘടന പാസാക്കിയ ഒരു പ്രമേയവും ഫലവത്തായില്ല. അവസാന പ്രമേയത്തെ 165 രാഷ്ട്രങ്ങൾ അനുകൂലിച്ചിരുന്നു. അതും അമേരിക്ക വീറ്റോ ചെയ്തു.
ചേരിചേരാ പ്രസ്ഥാനത്തിലുള്ള രാജ്യങ്ങൾ ക്യൂബൻ ഉപരോധത്തെ നിശിതമായി എതിർത്തു. വീറ്റോ അധികാരം ഉപയോഗിച്ച് അമേരിക്ക ഐക്യരാഷ്ട്രസംഘടനയെ നോക്കുകുത്തിയാക്കി.
എല്ലാ പ്രതിബന്ധങ്ങളെയും ധീരോദാത്തമായി ചെറുത്തുനിൽക്കുകയാണ് ക്യൂബൻ ജനത. അമേരിക്കൻ അതിക്രമങ്ങൾക്കെതിരെ "ജനങ്ങളുടെയാകെ യുദ്ധം’ എന്ന പേരിൽ 1980-കളിൽ ഫിദൽ കാസ്ട്രോ വികസിപ്പിച്ച പ്രതിരോധതന്ത്രം ഇപ്പോഴും തുടരുകയാണ്. സൈന്യത്തെ ഉപയോഗിച്ചുള്ള യുദ്ധതന്ത്രങ്ങൾക്ക് ബദലായി, ജനങ്ങളെയാകെ അണിനിരത്തി, ദേശീയപ്രതിരോധം പടുത്തുയർത്തുകയാണ് ക്യൂബ-. ഒരുതരത്തിലുള്ള അധിനിവേശവും എളുപ്പമല്ലെന്ന് സാമ്രാജ്യത്വശക്തികളെ ഓർമിപ്പിക്കുന്നു. ക്യൂബൻ ജനങ്ങളാകെ പ്രതിരോധത്തിന്റെ കാവൽഭടന്മാരായി മാറിയിരിക്കുന്നു.
സൈനികസേവനത്തിന് സന്നദ്ധത പ്രകടിപ്പിച്ച്, ദശലക്ഷക്കണക്കിന് ജനങ്ങൾ അണിനിരക്കുന്നു. "മാതൃരാജ്യം’ സംരക്ഷിക്കും എന്ന മുദ്രാവാക്യം രാജ്യം മുഴുവൻ മുഴങ്ങുന്നു. 1961ലെ യുദ്ധത്തിൽ, അമേരിക്കൻ സൈന്യം നേരിട്ട പരാജയം ഇപ്പോഴും ഓർമിക്കുന്നവരാണ് ക്യൂബൻ ജനത. ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന്, ക്യൂബൻ ജനത ഉറച്ച് വിശ്വസിക്കുന്നു. ക്യൂബൻ ഭരണ- രാഷ്ട്രീയ നേതൃത്വം, വിപ്ലവത്തെ സംരക്ഷിക്കാൻ പോരാടാനും മരണം വരിക്കാനും സന്നദ്ധരാണെന്ന് ഉറച്ച് പ്രഖ്യാപിക്കുന്നു. "ക്യൂബയ്ക്ക് സമാധാനം വേണം; എന്നാൽ ഭയപ്പെടാൻ ഞങ്ങൾക്കറിയില്ല’- ഇതാണ് ക്യൂബൻ ജനതയുടെ നിലപാട്.
ക്യൂബൻ ജനത "ആശയപരമായ ദാർഢ്യം, ഉയർന്ന ദേശീയബോധം’ എന്നിവയിൽ ഉറച്ചുനിൽക്കുന്നു. പൊരുതിനേടിയ നേട്ടങ്ങൾ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നാണ് ജനങ്ങളുടെ നിശ്ചയദാർഢ്യം. ജനങ്ങളെ രാഷ്ട്രീയസാഹചര്യം ബോധ്യപ്പെടുത്താൻ അയൽക്കൂട്ടങ്ങളുണ്ടാക്കി. അയൽക്കൂട്ടയോഗങ്ങൾ സംവാദങ്ങളിലൂടെ ആശയവ്യക്തത ഉണ്ടാക്കുന്നു. രാഷ്ട്രത്തിന് ജനപിന്തുണ ഉറപ്പിക്കാൻ ഇത്തരത്തിലുള്ള ഇടപെടലുകൾ സഹായിച്ചു. ഇക്കൊല്ലം സംഘടിപ്പിച്ച ക്യാമ്പയിൻ "മാതൃരാജ്യത്തിനായി എന്റെ ഒപ്പ്’ എന്നതായിരുന്നു. രാഷ്ട്രത്തെ പ്രതിരോധിക്കുന്നതിന് എന്തു ത്യാഗത്തിനും സന്നദ്ധരാണെന്ന മനോഭാവമാണ് ജനങ്ങളിൽ ഉയർന്നുവന്നിരിക്കുന്നത്.
ഈ പോരാട്ടങ്ങളിലെല്ലാം ക്യൂബൻ തൊഴിലാളിവർഗം ധീരോദാത്ത പങ്കുവഹിക്കുന്നു. സിടിസി ഇതിന് നേതൃത്വം നൽകുന്നു. തൊഴിലാളിവർഗം വിപ്ലവത്തിന്റെ ഗുണഭോക്താക്കൾമാത്രമല്ല, അതിന്റെ സംരക്ഷകരാണെന്നും അവർ പ്രഖ്യാപിക്കുന്നു. 1959ൽ ക്യൂബൻ തൊഴിലാളികളോട് പ്രസംഗിക്കുമ്പോൾ ഫിദൽ കാസ്ട്രോ പറഞ്ഞു: ‘വിപ്ലവത്തിന്റെ ഈ ഘട്ടത്തിൽ നിങ്ങളാണ് യഥാർഥ പടയാളികൾ. തൊഴിലാളികളും കർഷകരും ചേർന്ന അച്ചുതണ്ടാണ് വിപ്ലവത്തിന്റെ സംരക്ഷകർ. ഇപ്പോഴത്തെ സർക്കാർ ജനങ്ങളുടെ സർക്കാരാണ് ജനങ്ങൾതന്നെയാണ് അതിന്റെ സംരക്ഷകർ.’
തൊഴിലാളിവർഗം "മികച്ച പടയാളികളാ’കുമെന്നും അവർ അവരുടെ അവകാശങ്ങൾക്കായിമാത്രമല്ല, ജനങ്ങൾക്കാകെവേണ്ടി യത്നിക്കുന്നവരാണെന്നും ക്യൂബൻ ട്രേഡ് യൂണിയൻ പ്രഖ്യാപിച്ചു. ആ പാതയിലൂടെ അവർ തൊഴിലാളിവർഗത്തെ നയിച്ചു.
ഹവാന നഗരത്തിൽ ഞങ്ങൾ നേരിൽ കണ്ട് ദ്വിഭാഷി മുഖേന സംസാരിച്ചവരെല്ലാം ക്യൂബ ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആക്രമണോത്സുകനയങ്ങളാണെന്ന് ഉറച്ചുപറയുന്നു. ഫിദൽ കാസ്ട്രോയും സഖാക്കളും നേതൃത്വം നൽകിയ വിപ്ലവം മുന്നോട്ടുനയിക്കുമെന്ന നിശ്ചയദാർഢ്യം അവർക്കുണ്ട്. തൊഴിലാളിവർഗത്തെ മുന്നോട്ടുനയിക്കുന്നത് ശരിയായ രാഷ്ട്രീയകാഴ്‌ചപ്പാടും വർഗബോധവുമാണ്. താൽക്കാലിക സാമ്പത്തികനേട്ടങ്ങൾക്കായി ചാഞ്ചാടുന്ന എല്ലാ ചഞ്ചലമനസ്സുകാർക്കും "ക്യൂബ' നൽകുന്നത് ശരിയായ ഉത്തരമാണ്.
വീണ്ടും നമുക്ക് കാണാമെന്നു പറഞ്ഞ് ഞങ്ങൾ തിരികെയുള്ള യാത്ര പുറപ്പെടുമ്പോൾ ക്യൂബൻ ജനതയുടെ വിപ്ലവപാരമ്പര്യവും നിശ്ചയദാർഢ്യവും പോരാട്ടവീര്യവും ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകി. കുത്തക മുതലാളിവർഗ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണകൂടം, അമേരിക്കൻ സാമ്രാജ്യത്വവുമായി ചേർന്ന് തൊഴിലാളി കർഷക ജനതയെ കൊള്ളയടിക്കുന്ന നയത്തിനെതിരായ പോരാട്ടത്തിന് വർധിച്ച ആവേശം നേടിയാണ് മടക്കയാത്ര നടത്തിയത്.















