ചുവടുറപ്പുള്ള കേരളം


സുനില്‍ പി ഇളയിടം
Published on Feb 26, 2026, 12:05 AM | 3 min read
ആരോഗ്യമേഖലയെപ്പോലെ അടിസ്ഥാനതല വികസനം ഏറ്റവും അധികം അനുഭവവേദ്യമായ മറ്റൊരു രംഗം പൊതുവിദ്യാഭ്യാസത്തിന്റേതാണ്. മികവുറ്റ കെട്ടിടങ്ങളും അധ്യാപനസംവിധാനങ്ങളും കേരളത്തിന്റെ കണ്മുന്നില്‍ ഇക്കാലത്ത് തെളിഞ്ഞുവന്നു. സ്കൂള്‍തലത്തിലെ അടിസ്ഥാനസൗകര്യവികസനത്തിന് 5000 കോടി രൂപയിലധികമാണ് ഒരുപതിറ്റാണ്ടില്‍ ചെലവഴിച്ചത്. 5500ലധികം പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ പണിതീര്‍ത്തു. 55,000 ക്ലാസ്‌മുറികള്‍ ഹൈടെക്കായി. സ്വകാര്യ വിദ്യാലയങ്ങളില്‍മാത്രം ലഭ്യമായിരുന്ന സൗകര്യങ്ങളിലേറിയ പങ്കും പൊതുവിദ്യാലയങ്ങളിലുണ്ട്. ഇന്ത്യയില്‍ മറ്റൊരിടത്തും ലഭ്യമാകാത്ത ഗുണമേന്മയുള്ള വിദ്യാഭ്യാസവും പശ്ചാത്തലസൗകര്യവും കേരളത്തിന് സ്വന്തം. പൊതുവിദ്യാലയത്തിലേക്ക് ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ മടങ്ങിയെത്തിയതും അതുകൊണ്ടാണ്.
സാമൂഹികവളര്‍ച്ചയുടെ തലത്തിലെ വന്‍കുതിപ്പിന് അടിത്തറയൊരുക്കുന്ന നിലയില്‍ അടിസ്ഥാനവികസനത്തില്‍ സമാനതകളില്ലാത്ത പരിവര്‍ത്തനങ്ങളിലൂടെയാണ് കേരളം കടന്നുപോയത്. ഏറ്റെടുക്കാനോ പൂര്‍ത്തിയാക്കാനോ കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന വന്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി, ദേശീയപാതാ വികസനം, വിഴിഞ്ഞം തുറമുഖം, മലയോര–തീരദേശ ഹൈവേകള്‍ എന്നിങ്ങനെ മനുഷ്യജീവിതത്തെ മികവുറ്റതാക്കാന്‍പോന്ന എത്രയോ പദ്ധതികള്‍! ജനസാന്ദ്രതയുടെയും സ്ഥലലഭ്യതയില്ലായ്മയുടെയും പേരില്‍ കൈയൊഴിയുകയോ നീട്ടിവയ്ക്കുകയോ ചെയ്ത പദ്ധതികളാണിവ. ഇടതുപക്ഷഭരണത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ഭരണനിര്‍വഹണശേഷിയുടെയും വാചാലമായ തെളിവുകളായി അവ നമുക്കുമുന്നിലുണ്ട്.

ഒരുലക്ഷം കോടി രൂപയിലധികം ചെലവഴിച്ച് കിഫ്ബി മുഖേന നടപ്പാക്കിയ വികസനപദ്ധതികളാണ് ഒരുപതിറ്റാണ്ടില്‍ കേരളത്തിന്റെ വളര്‍ച്ചയുടെ ചാലകശക്തിയായത്. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 40,000 കോടി രൂപയിലധികമാണ് വിനിയോഗിച്ചത്. നഗര–ഗ്രാമ റോഡുകള്‍ നോക്കിയാല്‍ അത്ഭുതകരമായ നിലയില്‍ മെച്ചപ്പെട്ടതാണ്. വ്യവസായസൗഹൃദത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഒന്നാംനമ്പര്‍ സംസ്ഥാനത്തിന്റെ പദവിയിലേക്ക് കേരളം എത്തി. 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി ലോകോത്തര കമ്പനികള്‍ എത്തി. സ്റ്റാര്‍ട്ടപ് രംഗത്ത് ഇന്ത്യയുടെ ബെസ്റ്റ് പേര്‍ഫോമര്‍ എന്ന പദവിയിലേക്ക് കേരളം നടന്നടുത്ത കാലവും ഇതാണ്.
സമീപകാല ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ചുവടുവയ്പ്, ഹരിതകര്‍മസേനയും അതുവഴി നടപ്പാക്കിയ മാലിന്യസംസ്കരണവുമാണ്. സമ്പൂര്‍ണ സാക്ഷരതയും ജനകീയാസൂത്രണവും കുടുംബശ്രീയുംപോലെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാടിന്റെ മുഖച്ഛായ മാറ്റാന്‍പോന്ന കര്‍മപദ്ധതിയായി അതു മാറി. പൊതുസ്ഥലങ്ങളിലെയും വീടുകളിലെയും മാലിന്യനിര്‍മാര്‍ജനം വലിയൊരളവോളം പൂര്‍ത്തിയാക്കി. അതോടൊപ്പം അടിത്തട്ടുജനവിഭാഗങ്ങളിലെ ഏതാണ്ട് 40,000 പേര്‍ക്ക് ജീവിതവരുമാനം ഉറപ്പാക്കാനും ഈ പദ്ധതിക്ക് കഴിയുന്നുണ്ട്. തദ്ദേശഭരണമേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പുകളിലൊന്നായി വരുംകാലം ഇതിനെ രേഖപ്പെടുത്തും.
കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടയില്‍ നാലുലക്ഷത്തിലധികംപേര്‍ക്ക് 4,10,958 പേര്‍ക്ക് പട്ടയം നല്‍കാനായതും എടുത്തുപറയേണ്ടതാണ്. വര്‍ഗീയകലാപങ്ങളില്ലാത്ത, ലോഡ്ഷെഡിങ്ങില്ലാത്ത ഒരുപതിറ്റാണ്ടിന്റെ അനുഭവങ്ങളിലൂടെയാണ് കേരളം കടന്നുപോന്നത്. സമ്പൂര്‍ണനാശത്തിലേക്ക് മുങ്ങിത്താഴുന്നു എന്ന് എല്ലാവരും കരുതിയ കെഎസ്ആര്‍ടിസി ഇന്ന് സ്വയംപര്യാപ്തതയിലേക്കെത്തി.13,528 കോടി രൂപയാണ് ഒരുപതിറ്റാണ്ടിനിടയില്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറിയത്. 2011–16ലെ 1467 കോടിയുടെ പത്തിരട്ടിയോളം! മത്സ്യത്തൊഴിലാളികള്‍ക്ക് പുനര്‍ഗേഹപദ്ധതിയുടെ ഭാഗമായി 2625 വീടുകളും 780 ഫ്ലാറ്റുകളും ഇക്കാലത്ത് നിര്‍മിച്ചുനല്‍കി. അത്രത്തോളംതന്നെ എണ്ണത്തിന്റെ പണി പൂര്‍ത്തിയാകുന്നു.

ഇങ്ങനെ സാര്‍വത്രികമായ പശ്ചാത്തലവളര്‍ച്ചയുടെയും സാമൂഹ്യസുരക്ഷയുടെയും ഭരണനൈപുണ്യത്തിന്റെയും കഥയാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ കേരളത്തോടു പറയുന്നത്. വികസനമുന്നേറ്റത്തിന്റെ വിവരങ്ങള്‍ ഇനിയും വിവിധ മേഖലകളില്‍നിന്ന് കണ്ടെത്താന്‍ കഴിയും. എന്നാല്‍, ഇവയെ അപ്പാടെ തമസ്കരിക്കുന്ന മാധ്യമാന്തരീക്ഷവും അതിന് തുണനില്‍ക്കുന്ന വലതുപക്ഷബുദ്ധിജീവികളും കേരളത്തെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന കേന്ദ്രഭരണകൂടവും ചേര്‍ന്ന് ഈ വളര്‍ച്ചയെ തകര്‍ക്കാനും തമസ്കരിക്കാനുമുള്ള ശ്രമത്തിലാണ്. അത്തരം അട്ടിമറിശ്രമങ്ങളെക്കൂടി മറികടന്നാണ് കേരളം ഈ വിജയങ്ങളെല്ലാം കൈവരിച്ചതെന്ന കാര്യംകൂടി ഓര്‍ക്കേണ്ടതുണ്ട്.
കേരളം കൈവരിച്ച ഈ വിജയത്തിന്റെ മൗലികപ്രാധാന്യം കുടികൊള്ളുന്നത് അതിന്റെ ദ്വിമുഖ സ്വഭാവത്തിലാണ്. ഒരുഭാഗത്ത് അടിസ്ഥാന ജനവിഭാഗങ്ങളുടെ സംരക്ഷണവും സാമൂഹികക്ഷേമവും ഉറപ്പാക്കുന്ന ലൈഫ് മിഷനും സ്ത്രീസുരക്ഷാ പദ്ധതിയും വയനാട്ടിലെ പുനരധിവാസവും വിജ്ഞാനകേരളവും ഉള്‍പ്പെടെയുള്ള പദ്ധതികള്‍. മറുഭാഗത്ത് ദേശീയപാതാ വികസനവും വിഴിഞ്ഞം തുറമുഖവും ഉള്‍പ്പെടെ പശ്ചാത്തലസൗകര്യവികസനത്തിനായുള്ള വന്‍കിട പദ്ധതികള്‍. ജീവിതത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ തലങ്ങളെ ഒരേപോലെ അഭിസംബോധന ചെയ്യുന്നതും രണ്ടിടങ്ങളിലും ഒരുപോലെ വെളിച്ചം പടര്‍ത്തുന്നതുമായ പദ്ധതികളുടെ ഫലപ്രദമായ നിര്‍വഹണത്തിലൂടെയാണ് കേരളം മുന്നോട്ടുപോയത്. ആധുനികകേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വികസനോന്മുഖമായ കാലയളവായി കഴിഞ്ഞ ഒരുപതിറ്റാണ്ട് മാറിത്തീര്‍ന്നതും അതുകൊണ്ടാണ്.

ഭരണപരമായ ഇത്തരം മികവുകള്‍ക്കൊപ്പം സാമൂഹ്യാന്തരീക്ഷത്തിന്റെ അടിസ്ഥാനമികവിനെ പൂര്‍ണമായി പരിപാലിക്കാന്‍കൂടി പിന്നിട്ട ഒരുപതിറ്റാണ്ടില്‍ കഴിഞ്ഞു എന്നതും അത്യന്തം ശ്രദ്ധേയമാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ ചെറിയൊരു വര്‍ഗീയകലാപംപോലും ഇക്കാലയളവില്‍ ഉണ്ടായിട്ടില്ല. വര്‍ഗീയവിഭജനവും കലാപങ്ങളും ഇന്ത്യയിലെമ്പാടും പടര്‍ന്നുപിടിച്ച കാലത്താണ് കേരളം മതനിരപേക്ഷതയുടെ രക്ഷാകവചമായി നിലകൊള്ളുന്നത്. ഹൈന്ദവ വര്‍ഗീയവാദികള്‍മുതല്‍ മതരാഷ്ട്രവാദികള്‍വരെയുള്ള വിപുലവ്യൂഹം ഇക്കാലത്ത് കേരളീയജീവിതത്തിന്റെ സ്വച്ഛതയ്ക്കെതിരെ പടനയിക്കുകയുണ്ടായി. അതിനെയെല്ലാം പ്രതിരോധിക്കാനും കേരളീയജീവിതത്തിന്റെ അടിക്കല്ലായ മതനിരപേക്ഷതയെ കാത്തുസൂക്ഷിക്കാനും ഇടതുപക്ഷഭരണത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ വലിയ വിജയങ്ങളിലൊന്ന് ഇതുതന്നെയാണ്. ഇടതുപക്ഷഭരണവും ഇനിയങ്ങോട്ടുണ്ടാകേണ്ട അതിന്റെ തുടര്‍ച്ചയും എത്രമേല്‍ അനിവാര്യമായിരിക്കുന്നു എന്നതിന്റെ വാചാലമായ തെളിവുകള്‍കൂടിയാണ് ഈ ദ്വിമുഖതല വികാസവും മതനിരപേക്ഷകേരളത്തിന്റെ നിലനിൽപ്പും. ഇതിനെയെല്ലാം അപവദിക്കാനും ‘ഖേരളം' എന്ന് നിന്ദിക്കാനും വര്‍ഗീയവാദികള്‍മുതല്‍ വലതുപക്ഷ ബൗദ്ധികവൃന്ദംവരെയുള്ളവര്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. വാസ്തവത്തില്‍ അവര്‍ അണിനിരന്നിരിക്കുന്നത് കേരളത്തിനെതിരായ യുദ്ധമുഖത്താണ്.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കത്തില്‍ കമ്യൂണിസ്റ്റ് ഭൂതത്തെ ഉച്ചാടനം ചെയ്യാന്‍ യൂറോപ്പില്‍ രൂപപ്പെട്ട ഒരു ‘പാവനസഖ്യ'ത്തെക്കുറിച്ച് മാര്‍ക്സ് പറയുന്നുണ്ട്. സര്‍ ചക്രവര്‍ത്തിമുതല്‍ മാര്‍പാപ്പവരെയും രഹസ്യപൊലീസ് മുതല്‍ ഫ്രഞ്ച് റാഡിക്കല്‍ കക്ഷിക്കാര്‍വരെയും ഉള്‍പ്പെട്ട ഒരു ‘പാവനസഖ്യം!' അതുപോലെ ഇടതുപക്ഷഭരണത്തിനെതിരെ കേരളത്തിലും ഒരു ‘പാവനസഖ്യം' പിറവിയെടുത്തിട്ടുണ്ട്. ഹൈന്ദവ വര്‍ഗീയവാദികളും വലതുപക്ഷമുന്നണിയും ഇസ്ലാമിസ്റ്റ് മതരാഷ്ട്രവാദികളുംമുതല്‍ റിട്ടയേഡ് വിപ്ലവകാരികളും ലിബറല്‍ ബുദ്ധിജീവികളും സ്വത്വരാഷ്ട്രീയക്കാരുംവരെയുള്ളവര്‍ അണിനിരക്കുന്ന പ്രതിലോമരാഷ്ട്രീയത്തിന്റെ പാവനസഖ്യമാണത്. കമ്യൂണിസത്തെ നിര്‍മാര്‍ജനം ചെയ്യാന്‍ പിറവിയെടുത്ത പഴയ ‘പാവനസഖ്യ’ത്തെ യൂറോപ്പ് മറികടന്നതുപോലെ, വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തിന്റെ ഈ ‘പാവനസഖ്യ'ത്തെ കേരളവും മറികടക്കും. കേരളം ചുവടുറപ്പോടെ നീങ്ങുന്നതും അവിടേക്കാണ്. (അവസാനിച്ചു)















